മാക്രി ഗോപാലനെന്ന ലിവിങ് ലെജൻഡ്

  ദാമുവെന്ന ഇതിഹാസമായ ചട്ടമ്പിയുടെ കാലത്ത് ജനിച്ചു പോയി എന്നുള്ളത് കൊണ്ട് മാത്രം അണ്ടർറേറ്റഡ് ആയിപ്പോയ മറ്റൊരു ഇതിഹാസമായ ചട്ടമ്പിയാണ് മാക്രി ഗോപാലൻ.

ചെയ്ത് കൊണ്ടിരുന്ന തൊഴിൽ ഇല്ലാതായപ്പോൾ ജീവിക്കാൻ വേണ്ടിയാണ് ഗോപാലൻ ചട്ടമ്പിയാകുന്നത്.... സമൂഹം ചട്ടമ്പിയാക്കി മാറ്റിയ ഒരു വ്യക്തികൂടെയാണ് ഗോപാലൻ.

ഗോപാലനേക്കാൾ ആ നാടിനെ സ്‌നേഹിക്കുന്ന..... നാട്ടുകാരെ സ്നേഹിക്കുന്ന..... അഥിതികളെ ബഹുമാനിക്കുന്ന..... മറ്റൊരാൾ അവിടെ ഇല്ലെന്ന് തന്നെ പറയാം. ഗോപാലൻ നന്മയുടെ പര്യായവും അതിലുപരി ഒരു നിഷ്കളങ്കനുമാണ്.

വർത്തമാന ചട്ടമ്പിനാടിനെ പറ്റി പറയുമ്പോൾ ആദ്യം കാണിക്കുന്നത് ഗോപാലനെയാണ് അതിനേക്കാൾ വലിയ ബഹുമതിയൊന്നും ഗോപാലന് കിട്ടാനുമില്ല.

ഗോപാലന്റെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം.

ഗോപാലൻ ഒരിക്കലും തന്നിലെ ചട്ടമ്പിയെ സ്വയം പൊക്കിയടിച്ചു നടക്കുന്ന ഒരാൾ ആയിരുന്നില്ല.... മീഡിയാക്കാർ ചോദിക്കുമ്പോൾ വളരെ നിഷ്കളങ്കമായി ഗോപാലൻ പറയുന്ന ചില കാര്യങ്ങളുണ്ട്.

"എന്റെ പൊന്നു സാറേ അല്പം ചട്ടമ്പിത്തരം ഇല്ലാതെ ഇവിടെ ജീവിക്കാൻ പറ്റത്തില്ല" നോക്കണം സാറേ എന്ന് അഭിസംബോധന ചെയ്താണ് ഗോപാലൻ സംസാരം തുടങ്ങുന്നത്.... ആരോട് എങ്ങനെ പെരുമാറണം എന്ന് അയാൾക്ക് നന്നായി അറിയാം...

"ഗോപാലൻ തല്ലാറുണ്ട്.... അതുപോലെ തിരിച്ച് ഇഷ്ടം പോലെ കിട്ടാറുമുണ്ട്...."

താൻ വലിയ ചട്ടമ്പി ആണെങ്കിലും തല്ല് കൊടുക്കുന്നത് മാത്രമല്ല തിരിച്ചു കിട്ടുന്നതും ഒരു മടിയും കൂടാതെ ഗോപാലൻ പറയുകയാണ്.... അതാണ് അയാളുടെ വലിയ മനസ്സ്.

താൻ പറഞ്ഞു തീരുന്നതിന് മുൻപ് കട്ട് വിളിച്ച മീഡിയക്കാരോട് ആദ്യം ഗോപാലൻ മര്യാദക്ക് പറയുന്നുണ്ട് "സാറേ മുഴുവൻ തീർന്നിട്ടില്ല എന്റെ ഷംഭാഷണം" എന്ന്. അപ്പൊ അല്പം മൊടയോടെ ക്യാമറമാൻ ഇത്രയും മതി എന്ന് പറഞ്ഞപ്പോൾ മാത്രമാണ് ഗോപാലനിലെ ചട്ടമ്പി ഉണരുന്നത്.... ന്യായം അയാളുടെ ഭാഗത്താണ് ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി തടഞ്ഞാൽ ആർക്കായാലും ദേഷ്യം വരും. എന്നിട്ടും മര്യാദ കൈവിടാതെ ക്യാമറമാനെ തെറി ഒന്നും വിളിക്കാതെ അയാളുടെ പ്രൊഫഷനെ അങ്ങറ്റം ബഹുമാനിച്ച് കൊണ്ട് അയാൾ അവനെ വിളിക്കുന്നത് "എടാ സ്റ്റുഡിയോവേ" എന്നാണ്.

ഡോക്യുമെന്ററി എടുക്കാൻ വന്ന ശ്രീരാമനോട്‌ "നമ്മ സിനിമയിലൊക്കെ സാറിനെ കണ്ടിട്ടുണ്ട്" എന്ന് പറഞ്ഞ് അഭിനന്ദിക്കാനും ഗോപാലൻ മറക്കുന്നില്ല.

അതിന് ശേഷം അയാൾ സംസാരിക്കുന്നത് അന്നാട്ടിലെ മുഴുവൻ ചട്ടമ്പിമാർക്കും വേണ്ടിയാണ്....
"ചട്ടമ്പിമാരുടെ വിഷമത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞങ്ങൾക്ക് സർക്കാരിൽ നിന്നും യാതൊരു ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല.... സർക്കാർ ഞങ്ങളോട് ചിറ്റമ്മ നയമാണ് കാണിക്കുന്നത്."

തങ്ങളുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി സർക്കാരിനെതിരെ ഇത്രേം ധൈര്യത്തോടെ സംസാരിക്കാൻ ഗോപാലന് മാത്രേ കഴിഞ്ഞിട്ടുള്ളൂ. അയാളുടെ സമൂഹത്തെ അത്രയേറെ അയാൾ സ്നേഹിക്കുന്നുണ്ട്.

വന്ന വഴി മറക്കാത്തവനാണ് ഗോപാലൻ... കാരണം അതിന് ശേഷം അയാൾ സംസാരിക്കുന്നത് അയാളുടെ ആശാനെപ്പറ്റിയാണ്.

"എന്റെ ആശാനെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ അതൊരു നന്ദികേട് ആയിപ്പോകും" അതിന് ശേഷം ആശാനെ വാനോളം പുകഴ്ത്തുകയാണ് ഗോപാലൻ.

തങ്ങളുടെ നാട്ടിൽ ആദ്യമായ് എത്തുന്ന മല്ലയ്യയെ നെഞ്ചത്ത് കൈ വെച്ച് വണങ്ങി സ്വയം പരിചയപ്പെടുത്തുന്ന മാന്യനാണ് ഗോപാലൻ

കഴിവുള്ളവരെ പുകഴ്ത്താനും ഗോപാലന് യാതൊരു മടിയും ഇല്ല. മല്ലയ്യ കാട്ടാപ്പള്ളിയുമായി പോർവിളി നടത്തുമ്പോൾ "പണ്ഡിതനാണെന്ന് തോന്നുന്നു അർത്ഥം പറഞ്ഞത് കേട്ടില്ലേ" എന്ന് പറയുന്നുണ്ട് ഗോപാലൻ.

മല്ലയ്യയുടെ ബംഗ്ലാവിലേക്ക് ആശാന് ഒപ്പം പോകുമ്പോൾ ഗോപാലൻ പറയുന്നുണ്ട് "തിരിച്ചു വരുമ്പോൾ ചിലപ്പോൾ ആ കസേരക്ക് നാഥനില്ലാണ്ട് ആവും. നടുവും തളർന്ന് അടുത്ത അവകാശിയായി ഞാൻ ഇരിക്കേണ്ടി വരും പക്ഷേ ചുമക്കാൻ ഈ തെണ്ടികൾ ഉണ്ടാവോ എന്ന് എനിക്ക് അറിയില്ല എല്ലാം ഞാൻ നേരിടാൻ പോവാ" മല്ലയ്യയോട് ഏറ്റുമുട്ടാൻ പോകുന്ന തന്റെ ആശാൻ കസേര വാസുവിന് എന്തെങ്കിലും പറ്റിയാൽ തങ്ങളുടെ സമൂഹത്തിന് നേതാവ് ഇല്ലാണ്ട് ആയിപ്പോകും അത് പാടില്ല എന്ന് കരുതി സ്വയം നേതാവ് ആവാൻ ഗോപാലൻ മനസ്സ് കൊണ്ട് തയ്യാറെടുക്കുന്നുണ്ട്. കൂടെ ആരും കാണില്ല എന്നും ആരേം വിശ്വസിക്കാൻ പറ്റില്ല എന്നും ഗോപാലന് നന്നായി അറിയാം അത് കൊണ്ട് തന്നെ എല്ലാം ഒറ്റയ്ക്ക് നേരിടാൻ അയാൾ തീരുമാനിക്കുകയാണ്.

നിങ്ങളാണോ മല്ലയ്യ എന്ന് മുരുകനോട്‌ ഗൗരി ചോദിക്കുമ്പോൾ "ഇത് മല്ലയ്യയല്ല മല്ലയ്യയുടെ സെക്രട്ടറിയേറ്റ് ആണെന്ന് പറയുന്നുണ്ട് ഗോപാലൻ. സെക്രട്ടറിക്ക് സെക്രട്ടറിയേറ്റ് പദം കൊടുത്ത് അലങ്കരിച്ചു കൊണ്ട് വീണ്ടും ഗോപാലൻ വിനയം കൊണ്ട് നിറഞ്ഞു കവിയുകയാണ്.

ഇവിടെ പറയുന്ന കാര്യങ്ങൾ അവിടെ പോയി പറയും എന്ന് മുരുകൻ പറയുമ്പോൾ "ഹലോ ഇവിടെ പറയുന്ന കാര്യങ്ങൾ അവിടെ പോയി പറയുന്നത് അത്രയ്ക്ക് നല്ല സ്വഭാവമല്ല" എന്ന് പറഞ്ഞ് ഗോപാലൻ പ്രതികരിക്കുന്നുണ്ട്. തെറ്റ് കണ്ടാൽ ഗോപാലന് മല്ലയ്യ എന്നോ മുരുകൻ എന്നോ ഒന്നും ഇല്ല. ഗോപാലൻ മുഖം നോക്കാതെ പ്രതികരിച്ചിരിക്കും.

മല്ലയ്യ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടപ്പോൾ "സന്തോഷമായി മല്ലയ്യാ സന്തോഷമായി ഞാൻ ഇടപെട്ടിട്ട് ഒരു വലിയ പ്രശ്നം തീർന്നല്ലോ.... പിന്നെ മടക്കി കുത്ത് അഴിച്ചിടാത്തത് ബഹുമാനക്കുറവ് കൊണ്ടല്ല മുണ്ടിന്റെ മൂട് കീറിയിരിക്കുകയാ.... നിങ്ങൾ വലിയവനാണ് ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു ആ ചങ്കൂറ്റം,പിന്നെ അഹങ്കാരം, സംസാരിക്കുമ്പോൾ ഉള്ള അക്ഷരസ്ഫുടത എല്ലാം എനിക്കിഷ്ടമായി." എന്ന്.

മല്ലയ്യ ചെയ്ത നല്ല കാര്യത്തെ പുകഴ്ത്തുന്നതിന് ഒപ്പം തങ്ങളുടെ നാട്ടിൽ വന്ന അഥിതിയോട് മുണ്ട് മടക്കി കുത്തി ബഹുമാനം ഇല്ലാതെ സംസാരിക്കുകയാണെന്ന് തോന്നരുത് എന്ന് വെച്ച് മുണ്ടിന്റെ മൂട് കീറിയ കാര്യം ഗോപാലൻ തുറന്ന് പറയുകയാണ്. ഒപ്പം തന്റെ സാമ്പത്തികാവസ്ഥ അത്രയ്ക്ക് മോശം ആണെന്ന് കൂടെ അയാൾ കാണിച്ചു തരികയാണ്.


നിമിഷകവി കൂടെയാണ് ഗോപാലൻ... "മുത്തേ മുത്തേ കന്നഡ മുത്തേ കണ്ണട വെച്ചൊരു കന്നഡ മുത്തേ കാകാ കീകാ മല്ലയ്യാ.... മൗന ജാഥ സിന്ദാബാദ്.... വെള്ളരിപ്രാവേ മല്ലയ്യാ...." എന്ന പ്രശ്‌ത കവിത ഗോപാലൻ രചിച്ച് ആലപിച്ചതാണ്.


മല്ലയ്യയുടെ ലോറി തങ്ങളുടെ വീട്ടിൽ ഇടിച്ചു കയറിയത് കാണാൻ വന്ന മല്ലയ്യയോട് സംസാരിക്കുന്നത് മുഴുവൻ ഗോപാലനാണ് "ഇന്നലെ രാത്രി ആശാനും മക്കളും കാവിൽ കഥകളി കാണാൻ പോയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഇവരുടെ കഥാ..... എന്നും ഈ വരാന്തയിൽ കിടന്ന് ഉറങ്ങിയിരുന്ന ഞാൻ ഒരിറ്റ് സ്നേഹത്തിന് വേണ്ടി നടത്തറ വാസന്തിയുടെ വീട്ടിൽ പോയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്റെ കഥ... കാകാ കീകാ മല്ലയ്യാ എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞ ഞങ്ങളോട് ഇത് വേണ്ടായിരുന്നു മല്ലയ്യാ വേണ്ടായിരുന്നു." എന്ന് വളരെ ഇമോഷണൽ ആയിട്ടാണ് ഗോപാലൻ സംസാരിക്കുന്നത്.

നാടിന് വേണ്ടി ഇത്രയുമൊക്കെ ചെയ്തിട്ടും അയാളെ സ്നേഹിക്കാൻ ആരുമില്ല എന്ന് പറയാതെ പറയുകയാണ് ഗോപാലൻ.... ഒരിറ്റ് സ്നേഹത്തിന് പോലും അയാൾക്ക് കാശ് കൊടുക്കേണ്ടി വരുന്നു പാവം.


ലോറി തിരിച്ച് എടുക്കുമ്പോൾ ആർക്കും അപകടം വരാതിരിക്കാൻ വേണ്ടി തലയിൽ ഓട് വീണാൽ ആശുപത്രിയിൽ കൊണ്ട് പോകാൻ പറ്റില്ല എന്ന് പറഞ്ഞ് നേതൃത്വം കൊടുത്ത് ഓട് തലയിൽ വീണ് സ്വയം ബലിയാട് ആവുകയാണ് ഗോപാലൻ.

ലോറി കട്ട് കൊണ്ട് പോയ ദാമുവിനെ ആദ്യമായി സംശയിക്കുന്നതും അത് മുഖത്ത് നോക്കി ചോദിക്കുന്നതും ഗോപാലനാണ്. എല്ലാം മുൻകൂട്ടി കാണാൻ അയാൾക്ക് സാധിക്കുന്നുണ്ട്.

ഹോസ്പിറ്റലിൽ പെങ്ങൾക്ക് ജോലി ശരിയായി എന്ന് പറയുന്ന ശിവൻകുട്ടിയോട് ജോലി ശരിയാക്കി തന്നത് ആരാണ് എന്ന് അറിയാം "അത്ര വലിയ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടീ.... റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ" എന്ന് ചോദിച്ചു കൊണ്ട് നല്ലൊരു ഉപദേശം കൊടുക്കുന്നതും ഗോപാലനാണ്.


വീട് പണിക്കിടെ കോഴിത്തരം കാണിക്കുന്ന മുരുകനോട്‌ പോയി "ഈ മേൽനോട്ടം മേൽനോട്ടം എന്ന് പറയുന്നത് ഈ പെൺപിള്ളേരുടെ ദേഹത്തോട്ട് ഉള്ള നോട്ടമാണോ" എന്ന് ചോദിക്കുന്നുണ്ട് ഗോപാലൻ സ്റ്റോക്കിങ് ഒന്നും അയാൾ വെച്ച് പൊറുപ്പിക്കില്ല.


മല്ലയ്യയ്യുടെ വീട്ടിൽ താമസിക്കാൻ വന്നപ്പോൾ തന്റെ ബാത്‌റൂമിൽ ലൈറ്റ് കത്തുന്നില്ല എന്ന് പറഞ്ഞ് പെട്രോമാക്സ് വിളക്കും മെഴുകുതിരിയും ചിരട്ട കത്തിച്ചതും ഒക്കെ ചോദിക്കുന്നുണ്ട് ഗോപാലൻ.... ഏത് സാഹചര്യത്തിലും അയാൾ ജീവിക്കും എന്ന് കാണിച്ചു തരികയാണ് ആ രംഗം.


ചായക്കടക്കാരൻ ഉഴുന്ന് വടക്ക് തുള ഇടാത്തതിനും ചിരിക്കാതെ ചായ അടിക്കുന്നതിനും അയാളെ ഞെട്ടിക്കുന്നതും. മല്ലയ്യയെ കാണിച്ച് നമ്മുടെ കടം മുഴുവൻ പിരിക്കണം എന്ന് ഗൗരിക്ക് ഐഡിയ പറഞ്ഞു കൊടുക്കുന്നതും പണ്ട് തല്ലിയ ആളോട് കണക്ക് തീർക്കുന്നതുമെല്ലാം ഗോപാലൻ ഒറ്റയ്ക്ക് ആണ്.


അഞ്ചാറ് കൊല്ലമായി ഭർത്താവ് തളർന്നു കിടക്കുന്ന സ്ത്രീയോട് വീട്ടിലെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് ചോദിച്ചു കൊണ്ട് നാട്ടുകാരോടുള്ള തന്റെ കരുതൽ ഒരിക്കൽ കൂടെ ഗോപാലൻ തെളിയിക്കുകയാണ്.

ഭർത്താവ് ഉപേക്ഷിച്ചു പോയ ഇരിങ്ങാലക്കുട ജങ്ക്ഷനിൽ പാല് വിറ്റ് നടന്ന കാർത്ത്യായനിക്ക് താൻ തുണയായതും ഗോപാലൻ ഇടയ്ക്ക് പറയുന്നുണ്ട്.

ആളുകളുടെ ഉറക്കത്തിന്റെ ആഴം വരെ അളക്കാൻ അയാൾക്ക് കഴിവുണ്ട്. ആളുകളുടെ റൂമിൽ കയറി ചെല്ലുമ്പോൾ പുലർച്ചെ മൂന്ന് മണിക്ക് കയറണം എന്ന് മല്ലയ്യക്ക് ക്ലാസ്സ്‌ എടുക്കുന്നതിൽ നിന്നും അത് വ്യക്തമാണ്.


ഗൗരിയെ നശിപ്പിക്കും എന്ന് മല്ലയ്യ പറയുമ്പോൾ ഇരുമ്പിന്റെ ചുരിദാർ ഒരെണ്ണം വാങ്ങി ഇട്ടോളാൻ ഗൗരിയോട് പറയുന്നതും ഗോപാലനാണ്.


ജോലിയെടുത്ത ക്ഷീണം കൊണ്ട് ഉച്ചക്ക് കിടക്കുന്ന ജോലിക്കാരി അല്പം ഒന്ന് മയങ്ങിക്കോട്ടെ എന്ന് വിചാരിച്ച് ബോധം കെടുത്തുന്ന സ്പ്രേ അടിച്ചു കൊടുക്കുന്ന പരോപകാരികൂടെയാണ് ഗോപാലൻ.


താൻ ഒരു സിനിമാപ്രേമി കൂടെയാണെന്ന് ഗോപാലൻ തെളിയിക്കുന്നുണ്ട്. "ഞാൻ കാഴ്ചയിലുള്ള ഈ ഭ്രമരമാണ് ശ്രദ്ധിച്ചത് ഇങ്ങനെയൊക്കെയാണ് തന്മാത്രകൾ ഉണ്ടാകുന്നത് പളുങ്ക് കൊള്ളാല്ലോ" എന്നുള്ള ഡയലോഗ് അതിനെ സൂചിപ്പിക്കുന്നതാണ്.


ഞാൻ ഇങ്ങനെ നിന്റെ കൂടെ നടക്കുന്നതിന് നാട്ടുകാർ പലതും പറയുന്നുണ്ട് എന്ന് ഗൗരിയോട് പറഞ്ഞു കൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാനും പാവം മാക്രി ശ്രമിക്കുന്നുണ്ട്. ഗൗരിയുടെ പുച്ഛം കണ്ടിട്ട് നമുക്ക് ഇതൊന്നും വിധിച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് സ്വയം ആശ്വസിക്കുകയാണ് പാവം.

തന്റെ കല്യാണം നടന്നില്ലേലും മല്ലയ്യയുടെ വിവാഹം ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് താൻ നടത്തിക്കൊടുക്കും എന്നും മാക്രി പറയുന്നുണ്ട്.


മല്ലയ്യയുടേയും ഗൗരിയുടേയും പ്രണയം ആദ്യം കണ്ട് പിടിക്കുന്നതും രണ്ട് മസ്സില് പിടുത്തക്കാർ തമ്മിൽ സ്നേഹിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന ഡെഫനീഷൻ പറയുന്നതും ആദ്യമായ് ഒരാൾ ഗോപാലേട്ടാ എന്ന് വിളിക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്ന ഗോപാലനേയും നമുക്ക് കാണാം.

കുറച്ച് ചട്ടമ്പിമാർ കൂട്ടം കൂടി മുരുകനെ ചുംബിക്കുമ്പോൾ എന്ത് രതിവൈകൃതമാണ് ഇവര് ഈ കാണിക്കുന്നത് എന്നും ഇവന്റെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ കാണാൻ കൊള്ളാവുന്ന ഞാൻ എന്ത് വിശ്വസിച്ച് ഇവിടെ ജീവിക്കും എന്നും ഗോപാലൻ സ്വയം ചോദിക്കുന്നുണ്ട്. സ്വന്തം സൗന്ദര്യത്തിൽ ഇത്രയേറെ കോൺഫിഡൻസ് മല്ലയ്യക്ക് പോലും കാണില്ല.

ഗൗരിയുടെ പ്രണയം മനസ്സിൽ വെക്കാതെ തുറന്ന് പറയാൻ പ്രേരിപ്പിക്കുന്നതും മാക്രി തന്നെയാണ്. കണിയാൻ കല്യാണത്തിന് മുഹൂർത്തം ഇല്ലെന്ന് പറഞ്ഞ് മൊട കാണിച്ചപ്പോൾ കത്തി കാണിച്ച് മുഹൂർത്തം വാങ്ങിക്കുന്നതും ഗോപാലനാണ്.

മല്ലയ്യയെ നാട്ടുകാർ പഞ്ഞിക്കിടാൻ പോകുമ്പോൾ ഉണ്ണിത്താൻ സംസാരിക്കണം അയാൾക്ക് മാത്രമേ സത്യം അറിയൂ എന്ന് മുരുകനോട്‌ പറയുന്നതും ഉണ്ണിത്താൻ സംസാരിച്ചു എന്ന് പറഞ്ഞ് കൊല്ലാൻ വരുന്നവരിൽ നിന്നും മല്ലയ്യയെ രക്ഷിക്കുന്നതും മാക്രി ഗോപാലനാണ്.

സാക്ഷാൽ ദാമു പോലും നാഗേന്ദ്രനെ അടിക്കാൻ പോകുമ്പോൾ വിളിക്കുന്നത് ഗോപാലനെയാണ്. കേറി മെഴുകെടാ ഗോപാലാ എന്നാണ് ദാമു പറയുന്നത്. അതിന് ശേഷം ഗോപാലൻ രചിച്ച മുത്തേ മുത്തേ കന്നഡ മുത്തേ എന്ന കവിതയും ദാമു ആലപിക്കുന്നുണ്ട്.


വെട്ടത്തിൽ നായിക പറയുന്നത് പോലെ അയാൾ ഒരു ചട്ടമ്പിയൊന്നുമല്ല ഏറ്റവും നല്ല മനുഷ്യനാണ്.ചെമ്പട്ട്നാട്ടിലെ ഏറ്റവും നല്ല മനുഷ്യൻ.

നാട്ടുകാർക്ക് മാത്രമല്ല നാട് നന്നാക്കാൻ വന്ന ഹീറോയ്ക്ക് പോലും അയാളാണ് രക്ഷകനാകുന്നത്. ഇത്രയേറെ നന്മ മനസ്സിലുള്ള.... ഇത്രേം നിഷ്കളങ്കനായ.... നാട്ടുകാരുടെ കാര്യത്തിൽ ഇത്രേം ശ്രദ്ധയുള്ള.... നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന.... കല്യാണം പോലും കഴിക്കാതെ നാടിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മാക്രി ഗോപാലൻ ശരിക്കും ഒരു ഹീറോ തന്നെയല്ലേ.... ദാമു യുഗത്തിൽ ജനിച്ചു പോയി എന്നത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ലിവിങ് ലെജൻഡ് തന്നെയാണ് മാക്രി ഗോപാലൻ. ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ലാതെ സൈക്കിൾ ബുള്ളറ്റ് ആയി കണ്ടു കൊണ്ട് ആ നാട്ടുകാർക്ക് വേണ്ടി മാക്രി ഗോപാലൻ പറന്നു നടക്കുകയാണ്. എന്നിട്ടും അല്പം സ്നേഹം കിട്ടാൻ അയാൾക്ക് കാശ് കൊടുത്ത് നടത്തറയിലെ ഒരു വീട്ടിൽ പോകേണ്ടി വരുന്നു.... ഡോക്യുമെന്ററി എടുക്കാൻ വന്ന ക്യാമറമാൻ മുതൽ ഗൗരി വരെ അയാളെ പറ്റിക്കുന്നു.... ഇതാണ് സമൂഹം.... നന്മയുള്ളവർക്ക് ഇവിടെ പുല്ല് വിലയാണ്. ദാമുവിനെപ്പോലെ അനാവശ്യമായി നാട്ടുകാരുടെ മെക്കിട്ട് കയറാനോ ഗുണ്ടായിസം നടത്താനോ ഒന്നും അയാൾ പോകുന്നില്ല.... അയാളുടെ ഉള്ള് നിറയെ സ്നേഹമാണ് സ്നേഹം മാത്രം.

നീട്ടി ഒരു സല്യൂട്ട് തന്നെ കൊടുക്കാം മാക്രി ഗോപാലന്. മുത്തേ മുത്തേ ചെമ്പട്ട് മുത്തേ..... സൈക്കിളിൽ ബലൂൺ കെട്ടിയ മുത്തേ കാ കാ കീ കാ ഗോപാലാ.... വെള്ളരി പ്രാവേ ഗോപാലാ....


-വൈശാഖ്.കെ.എം
മാക്രി ഗോപാലനെന്ന ലിവിങ് ലെജൻഡ് മാക്രി ഗോപാലനെന്ന ലിവിങ് ലെജൻഡ് Reviewed by on 22:13 Rating: 5

No comments:

Powered by Blogger.