സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച
കുട്ടിക്കാലത്ത് എപ്പോഴോ മനസ്സിൽ കയറിക്കൂടി പിന്നീടൊരു വികാരമായി മാറിയ ഒന്നാണ് സിനിമ. അതിനോടുള്ള അത്ഭുതവും ആരാധനയുമെല്ലാം ദിനംപ്രതി കൂടി വന്ന് സിനിമയോട് അടങ്ങാത്ത പ്രണയമായി മാറി ആ പ്രണയമാണ് ഇന്ന് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും സന്തോഷവുമെല്ലാം.
സിനിമയോടുള്ള ഇഷ്ടം കൊണ്ട് കൗമാര പ്രായത്തിൽ ഒരിക്കൽ സ്കൂളിൽ നിന്ന് അദ്ധ്യാപകന്റെ ഭാവിയിൽ ആരാവണം എന്നുള്ള ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് സിനിമാക്കാരൻ ആവണം എന്നായിരുന്നു. അന്ന് ആഗ്രഹം പറഞ്ഞു എന്നല്ലാതെ സിനിമയിൽ എന്താവണമെന്നോ എങ്ങനെയാവണമെന്നോ തുടങ്ങിയ ഒരു അറിവും ബോധവും ഒന്നും ഇല്ലായിരുന്നു. എന്നാലും ആ ഉത്തരം ഉള്ളിൽ നിന്നും വന്ന ഒന്ന് തന്നെ ആയിരുന്നു കാരണം സിനിമ അത്രമേൽ എന്നെ കീഴടക്കിയ ഒരു വിസ്മയം തന്നെയായിരുന്നു. ആ ക്ലാസ്സ് റൂമിലേക്ക് തിരികെ പോയാൽ ഞാൻ പറഞ്ഞ ആ ഉത്തരത്തിന് ശേഷം ചോദ്യം ചോദിച്ച അദ്ധ്യാപകനും കൂടെ പഠിച്ചിരുന്ന ഓരോ സഹപാഠികളുമടക്കം വല്ലാത്തൊരു ചിരിയായിരുന്നു ചിരിച്ചത്. പുച്ഛം കലർന്ന ഭാവത്തിൽ അദ്ദേഹം ഇരിക്കാൻ പറഞ്ഞപ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു നീറ്റൽ ആയിരുന്നു. എഞ്ചിനീയറെന്നും, ഡോക്ടറെന്നും തുടങ്ങി പലരുടെ ആഗ്രഹങ്ങളേയും കരഘോഷങ്ങളോടെ വരവേറ്റ ആ ക്ലാസ്സ് റൂമിലെ നാല് വരി ചുവരിനുള്ളിൽ ഒരാളുടെ ആഗ്രഹത്തെ മാത്രം പുച്ഛിച്ചു ചിരിച്ചു തള്ളിയപ്പോൾ ആ ഒറ്റപ്പെടൽ ആ പ്രായത്തിൽ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അന്ന് തുടങ്ങിയതാണ് ഈ ആഗ്രഹത്തിന്റെ പേരിലുള്ള ഒറ്റപ്പെടലുകളും അവഗണനകളും കളിയാക്കലുകളുമെല്ലാം. പക്വതയെത്തിയ സമയത്തും ആ ആഗ്രഹത്തിന് ഒരു മാറ്റവും സംഭവിച്ചിരുന്നില്ല അല്പം കൂടെ അത് ദൃഢമായിരുന്നു എന്ന് വേണം പറയാൻ. അന്നൊരിക്കൽ ആ ക്ലാസ്സ് റൂമിൽ സിനിമാക്കാരനാവണം എന്ന് പറയുമ്പോൾ എന്താവണം എന്നുള്ളതിനെ പറ്റി ഒരു നിശ്ചയവും ഇല്ലായിരുന്നു. പിന്നീട് അതിൽ ഒരു വ്യക്തത വന്നു. അപ്പോഴേക്കും ജീവിതത്തിൽ ഏറെ പ്രിയപ്പെട്ട ഒന്നായി മാറിയ കാര്യമായിരുന്നു എഴുത്ത്.... സിനിമ കാണുന്നത് പോലെ തന്നെ ഏറെ സന്തോഷം തരുന്ന ഒന്നായി ജീവിതത്തിൽ എഴുത്തും മാറി. ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്ന ആ രണ്ട് കാര്യങ്ങളേയും കൂടെ ഒരുമിപ്പിക്കാനുള്ള തീരുമാനം അങ്ങനെയൊരിക്കൽ ഒരു പ്രതിജ്ഞ പോലെ എടുത്തു. ഒരു തിരക്കഥാകൃത്താവണം അതാണ് എന്റെ സ്വപ്നം അതാണ് എന്റെ ഭാവി എന്ന് ഞാൻ എന്നെ തന്നെ പലപ്പോഴും പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.
സിനിമയെന്ന വിസ്മയത്തിൽ എഴുത്തിലൂടെ എന്നെ ഞെട്ടിച്ച ഇതിഹാസങ്ങൾ രചിച്ച പല തിരക്കഥകളും തേടിപിടിച്ച് വാങ്ങിക്കാൻ തുടങ്ങി. മനസ്സിൽ അവർ ഓരോരുത്തരേയും ഗുരുവാക്കി സങ്കൽപ്പിച്ച് അതിലെ ഓരോ ബാലപാഠങ്ങളും ഞാൻ സായത്വമാക്കി തുടങ്ങി എം.ടി വാസുദേവൻ നായരും, പത്മരാജനും, ലോഹിതാദാസും, ശ്രീനിവാസനും, സത്യൻ അന്തിക്കാടും തുടങ്ങി ഇന്നിന്റെ ജീത്തു ജോസഫ് വരെ അങ്ങനെ ഗുരുക്കന്മാരായി മാറി.
ജീവിതം മുൻപോട്ട് കൊണ്ട് പോകാൻ ഓരോ ജോലികളിൽ പ്രവേശിക്കുമ്പോഴും ആ സ്വപ്നം മറ്റെല്ലാത്തിനും മുകളിൽ മനസ്സിൽ ജ്വലിച്ചു നിന്നു. മനസ്സിൽ വിരിയുന്ന ഓരോ ആശയങ്ങളേയും പേപ്പറിലേക്ക് പകർത്തി കൊണ്ടിരുന്നു പക്ഷേ ഒന്നും തൃപ്തി തന്നിരുന്നില്ല ആദ്യമായ് എഴുതുന്നതിന് അത്രയേറെ കാതലും കാമ്പും വേണമെന്നത് ഒരു വാശിയായിരുന്നു. മനസ്സിൽ വിരിയുന്ന ഓരോ ആശയങ്ങളും വലിയ ആവേശത്തോടെ കൂട്ടുകാരോടും മറ്റും പറയാൻ ഇരിക്കുമ്പോൾ പലരും ചെവി തരാൻ കൂട്ടാക്കിയിരുന്നില്ല ഇതൊന്നും നിന്നെക്കൊണ്ട് നടക്കില്ല,സിനിമയൊക്കെ കാണാൻ കൊള്ളാം അല്ലാതെ സിനിമയെഴുതാൻ നടക്കുന്നു നിനക്ക് വട്ടുണ്ടോ നല്ല ജോലിക്ക് വല്ലോം പോയി ഭാവി നോക്കെടാ തുടങ്ങിയുള്ള നിരുത്സാഹപ്പെടുത്തലായിരുന്നു അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. വീട്ടിൽ ആണേലും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. സിനിമയെന്നും പറഞ്ഞു നടന്ന് ഭാവി കളയാനാണോ തീരുമാനം എന്നൊക്കെ ചോദിച്ച് വീട്ടുകാരും, ബന്ധുക്കളും,നാട്ടുകാരുമെല്ലാം ഉപദേശങ്ങളുടെ ഭാണ്ഡം എനിക്ക് മുന്നിൽ തുറന്നിട്ടു.
പക്ഷേ അതിനൊന്നിനും എന്റെ ആ സ്വപ്നത്തെ തകർക്കാൻ കഴിഞ്ഞിരുന്നില്ല ഇതൊക്കെ കേട്ട് ഉപേക്ഷിക്കാൻ അത് വെറുമൊരു ആഗ്രഹമായിരുന്നില്ല എന്റെ ജീവിതം തന്നെയായിരുന്നു എനിക്ക് സിനിമ.
അതിന്റെ ആഴവും വ്യാപ്തിയുമൊക്കെ മനസ്സിലാക്കിയത് കൊണ്ടാവണം പിന്നീട് വീട്ടുകാരുടെ ഭാഗത്ത് നിന്നുമുള്ള എതിർപ്പുകൾ കുറഞ്ഞു തുടങ്ങി..... സിനിമയെ ജീവനായി കാണുന്ന അനേകം സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നു വന്നു. വാക്കുകൾ കൊണ്ടുള്ള അവരുടെ പിന്തുണ വല്ലാത്തൊരു ശക്തി തന്നെയായിരുന്നു.
ഏറ്റവും വലിയ ആ സ്വപ്നത്തിലേക്ക് ഓരോ പടിയും നടന്നടുക്കുന്തോറും ആ ലക്ഷ്യസ്ഥാനത്തിന് ദൂരം കൂടിക്കൊണ്ടിരുന്നു. ശാരീരികമായും, മാനസ്സികമായും, സാമ്പത്തികമായും തുടങ്ങി ഓരോ വില്ലന്മാർ അതിന് വിലങ്ങു തടിയായി വന്നു കൊണ്ടിരുന്നു. അപകടങ്ങളും, പ്രണയ നൈരാശ്യവും, വിഷാദവും തുടങ്ങി അല്ലാത്ത അനേകം വ്യക്തിപരമായ പ്രശ്നങ്ങളും തുടരെ തുടരെ എന്നെ കാർന്ന് തിന്നു കൊണ്ടിരുന്നു. വീഴ്ചയിൽ നിന്നും എഴുന്നേറ്റ് ഓരോ അടി വെക്കുന്തോറും ഒന്നിന് പുറകെ ഒന്നായി ഓരോ പ്രശ്നങ്ങളും വന്ന് വീണ്ടും വീണ്ടും തുടരെ തുടരെ തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് കൊണ്ടിരുന്നു. അപ്പോഴും ആശ്വാസം പകർന്നു തന്നിരുന്നത് സിനിമ തന്നെയായിരുന്നു. ആ ഇരുട്ടിൽ തപ്പി തടഞ്ഞിരുന്ന എനിക്ക് വെട്ടം പകർന്നു തന്നത് സിനിമ തന്നെയായിരുന്നു. അത്തരം വീഴ്ചകളിൽ പലരും തിരിഞ്ഞു നോക്കാതെ പോയപ്പോഴും പലതും ഉപേക്ഷിക്കേണ്ടി വന്നപ്പോഴും വിടാതെ മുറുക്കി പിടിച്ചിരുന്നത് ഏറ്റവും വലിയ ആ സ്വപ്നത്തെ മാത്രമായിരുന്നു. വീഴ്ചയുടെ പടുകുഴിയിൽ നിന്നും പലപ്പോഴും കൈ പിടിച്ചു കയറ്റിയതും ആ ആഗ്രഹം തന്നെയായിരുന്നു. പിന്നെ താങ്ങായി കുറച്ച് കൂട്ടുകാരും.
ഇത്രയൊക്കെ ഇപ്പൊ പറയാൻ കാരണം കഴിഞ്ഞ ദിവസങ്ങളിൽ യുട്യൂബിൽ റിലീസ് ചെയ്ത കരിക്ക് ടീമിന്റെ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ രണ്ട് എപ്പിസോഡുകൾ കണ്ടു തീർത്തിരുന്നു. അഭിനേതാവും സംവിധായകനും എഴുത്തുകാരനുമായ ആദിത്യൻ ചന്ദ്രശേഖർ രചന നിർവ്വഹിച്ച് കരിക്കിന്റെ മിക്ക വീഡിയോകളുടേയും ഛായാഗ്രാഹകനായിരുന്ന സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ആണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച. അനു.കെ.അനിയനും, അർജുൻ രത്തനും, ആദിത്യൻ ചന്ദ്രശേഖറും തുടങ്ങി ഒരുപാട് അഭിനേതാക്കളുണ്ട് ക്യാമറയ്ക്ക് മുൻപിൽ.
കാണാത്തവർ ആണേൽ ഇവിടന്ന് അങ്ങോട്ട് ഒരൊറ്റ പാരഗ്രാഫ് സ്‌കിപ്പ് ചെയ്ത് വായിച്ചാൽ മതി സ്പോയ്‌ലർ ഉണ്ടാവും.
അനേകം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സെബാസ്റ്റ്യൻ എന്ന യുവാവ് തന്റെ സ്വപ്നമായ സിനിമയെന്ന മോഹം സാക്ഷാത്കരിക്കാൻ വേണ്ടി പരിശ്രമിക്കുന്നതാണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച പറയുന്ന കഥ. തന്റെ സ്വപ്നത്തിന് വിലങ്ങു തടിയായി സെബാസ്റ്റ്യന്റെ ജീവിതത്തിൽ തുടരെ തുടരെ വരുന്ന പ്രശ്നങ്ങളെ ഓരോന്നായി അയാൾ തരണം ചെയ്ത് കൊണ്ടിരിക്കുമ്പോൾ വീണ്ടും ഉടലെടുക്കുന്ന ഓരോ പ്രശ്നങ്ങളും അയാളെ വല്ലാതെ തളർത്തി ഇരുട്ടിൽ തപ്പി തടഞ്ഞിരുന്ന ഒരു സമയത്ത് അയാളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ട് വരുന്നത് സുഹൃത്ത് മൂസിയാണ്. ഇത്തരത്തിൽ മുൻപോട്ട് പോകുന്നതാണ് സെബാസ്റ്റ്യന്റെ ജീവിതം.
ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവർ ഉണ്ടാവും. സെബാസ്റ്റ്യനായുള്ള അനു.കെ.അനിയന്റേയും, മൂസി ആയുള്ള അർജുൻ രത്തന്റെ പ്രകടനവുമെല്ലാം സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയുടെ പ്രത്യേകതകളാണ്. സിദ്ധാർഥിന്റെ മികച്ച മേക്കിങ്ങും ആദിത്യന്റെ ഗംഭീര രചനയും പ്രത്യേകതകളാണ്. പക്ഷേ എന്നെ സംബന്ധിച്ച് ഇതൊന്നുമല്ല പ്രത്യേകത ഞാൻ എന്റെ തന്നെ ജീവിതം പലപ്പോഴും സെബാസ്റ്റ്യനിലൂടെ കണ്ടു എന്നതാണ് എന്നെ സംബന്ധിച്ച് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.
അതെ പലപ്പോഴും സെബാസ്റ്റ്യനിലൂടെ ഞാൻ കണ്ടത് എന്നെ തന്നെയാണ്. അതുകൊണ്ട് തന്നെ വെറുമൊരു വെബ്സീരീസ് ആയി എനിക്ക് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയെ കാണാൻ പറ്റില്ല. പലപ്പോഴും പല രംഗങ്ങളും വല്ലാതെ കണ്ണ് നനയിച്ചു അനുവിന്റേയും അർജുന്റേയും അഭിനയം കൊണ്ട് മാത്രമല്ല നമ്മള് അനുഭവിച്ചത് ആരോ നമ്മൾ അറിയാതെ ഷൂട്ട് ചെയ്ത് നമുക്ക് കാണിച്ചു തന്നാൽ എങ്ങനെ ഇരിക്കും..? അതായിരുന്നു എന്റെ അവസ്ഥ. അവഗണനകളും മറ്റും എത്രത്തോളം അനുഭവിച്ചു എന്ന് മുകളിൽ ഞാൻ പറഞ്ഞല്ലോ.... അത്തരത്തിലൂടെ സെബാസ്റ്റ്യൻ കടന്നു പോകുമ്പോൾ വല്ലാത്തൊരു വിങ്ങൽ ആയിരുന്നു മനസ്സിന്. റൂമിന്റെ വാടക കൊടുക്കാൻ ഇല്ലാഞ്ഞിട്ട് അയാൾ ഇറങ്ങി നടക്കുമ്പോൾ എത്രത്തോളം ആ കാഴ്ച എന്റെ മനസ്സിനെ അലട്ടി എന്നുള്ളത് പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല. കാരണം അത്തരം ഒരു അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടിട്ടുണ്ട് അല്ലേൽ പൊക്കോണ്ടിരിക്കുന്നു. ചെറിയൊരു വ്യത്യാസം ഉണ്ടെന്ന് മാത്രം.... പകൽ ആയാലും രാത്രി ആയാലും വീട്ടിൽ ഒട്ടും പ്രൈവസി ഇല്ലാത്തോണ്ട് എഴുത്ത് മുഴുവനാക്കാൻ ഒരു റൂമിന് വേണ്ടി ഞാൻ ഒരുപാട് അലഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് എഴുതുമ്പോൾ ശാന്തമായ അന്തരീക്ഷവും മനസ്സും നിർബന്ധമാണ്. റൂമിന് വേണ്ടി നടന്നിരുന്ന സമയത്ത് അഡ്വാൻസും, വാടകയും, ചിലവും എല്ലാം കൂടെ താങ്ങില്ല എന്നൊരു ബോധം ഉള്ളത് കൊണ്ട് പല കൂട്ടുകാരോടും ഈ കാര്യം പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്നവരടക്കം പലരോടും പറഞ്ഞു. അവർക്ക് ഒരു ബുദ്ധിമുട്ട് ആവില്ലയെന്നും മറ്റുമൊക്കെ എങ്ങനെയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അതൊന്നും ഫലം കണ്ടില്ല. എല്ലാവർക്കും പണം തന്നെയായിരുന്നു മുഖ്യം. ഒരു പരിചയവുമില്ലാത്തവർ ചോദിക്കുന്നതിലും കൂടുതൽ വാടകയും അഡ്വാൻസും ഒപ്പം കഷ്ടപ്പാടും മറ്റുമൊക്കെ പലരും പറയുന്നത് കേട്ടപ്പോഴേ അവരുടെ മനസ്സിൽ എന്താണ് എന്നുള്ളത് അറിയാൻ പറ്റി. മറ്റു ചിലർ കുറേ വലിപ്പിച്ചു കൊണ്ടിരുന്നു നോക്കുന്നുണ്ട്, റെഡിയായി, ആവുന്നു എന്നൊക്കെ പറഞ്ഞ് അവസാനം കൈയ്യൊഴിഞ്ഞ ഒരുപാട് പേരുണ്ട്. അത്തരം അവസ്ഥകളിലൂടെ പോയത് കൊണ്ട് മേല്പറഞ്ഞ രംഗം വല്ലാതെ മനസ്സിനെ വേദനിപ്പിച്ചു.
എവിടേം എത്തുന്നില്ല ഒന്നും ആകുന്നില്ല ഇതൊക്കെ നിർത്തിയാലോ എന്ന് ആലോചിക്കുവാണ് മരിച്ചാലോ എന്ന് പോലും ചിന്തിച്ചു എന്ന് സെബാസ്റ്റ്യൻ മൂസിയോട് പറയുന്ന രംഗമൊക്കെ വല്ലാതെ മനസ്സിനെ സ്പർശിച്ചതാണ്. സെബാസ്റ്റ്യന് കെട്ടിപ്പിടിച്ചു കരയാൻ ഒരു മൂസി ഉണ്ടായിരുന്നു നമുക്ക് ഉണ്ടായിരുന്നത് ഒരു തലയിണയായിരുന്നു. ഏറ്റവും കൂടുതൽ എന്റെ കണ്ണീരൊപ്പിയിട്ടുള്ളത് ആ തലയിണ തന്നെയാവും.
ഇരുട്ട് മൂടിയിരുന്ന സെബാസ്റ്റ്യന്റെ ജീവിതത്തിലേക്ക് വെളിച്ചവും കൊണ്ട് വരാൻ ഒരു മൂസി ഉണ്ടായിരുന്നു നമുക്കൊന്നും ഇല്ലാത്തത് അത്തരത്തിലുള്ള മൂസിമാർ ആണ്. പക്ഷേ മൂസി എന്ന കഥാപാത്രം വല്ലാത്തൊരു ആശ്വാസവും പ്രതീക്ഷയുമാണ് തന്നത്. ഇരുട്ടിലായ നമ്മളിലേക്കും അത്തരത്തിൽ ഒരു വെളിച്ചം കടന്നു വരും എന്ന പ്രതീക്ഷ ഉടലെടുക്കാൻ സഹായിച്ചൊരു കഥാപാത്രമായിരുന്നു അത്.
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ പുറത്തിറങ്ങിയ രണ്ട് എപ്പിസോഡുകളും മനസ്സിനെ ഏറെ സ്പർശിച്ചവയാണ്. ജീവിതത്തോട് അത്രയേറെ അടുത്ത് നിന്ന ഒരു വെബ് സീരീസ്.
Sidharth Kt നിങ്ങൾ ഒരു നല്ല ഛായാഗ്രാഹകൻ മാത്രമല്ല മികച്ചൊരു സംവിധായകൻ കൂടെയാണ്.
Adithyan Pradeep Chandrashekar നിങ്ങൾ ഓരോ വരവിലും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ആവറേജ് അമ്പിളിയുമായി വന്ന് സംവിധാനം കൊണ്ടും ദേ ഇപ്പൊ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയിലൂടെ രചന കൊണ്ടും നിങ്ങൾ ഞെട്ടിച്ചു. ഒപ്പം ഒരുപാട് ഇഷ്ടമാണ് നിങ്ങളിലെ അഭിനേതാവിനേയും. ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ നിങ്ങള് പൊളിയാണ് കിടുവാണ്.
Anu K Aniyan നിങ്ങൾക്ക് അഭിനയിക്കാനറിയില്ല കഥാപാത്രമായി ജീവിക്കാനേ അറിയൂ. എന്തൊരു കലാകാരനാണ് മിസ്റ്റർ നിങ്ങൾ ആരാധനയും അസൂയയും ബഹുമാനവും തുടങ്ങി എന്തൊക്കെയോ ആണ് നിങ്ങളോട് ഏത് കഥാപാത്രത്തേയും അതിന്റെ പൂർണതയിൽ എത്തിക്കുന്ന നിങ്ങൾ സെബാസ്റ്റ്യനേയും അത്തരത്തിൽ അവിസ്മരണീയമാക്കിയിട്ടുണ്ട്.
Arjun Ratan മൂസി ഒരു സംഭവമാണ് ഒപ്പം നിങ്ങളും. ഓരോ ഭാവങ്ങൾ കൊണ്ട് പോലും ഞെട്ടിച്ചു എന്ന് തന്നെ പറയാം. പറഞ്ഞു മടുത്ത ക്ലീഷേ വാചകങ്ങൾ തന്നെയാണ് എന്നാലും പറയുന്നു നിങ്ങൾക്ക് ഒന്നും അഭിനയിക്കാൻ അറിയില്ല ജീവിച്ചു കാണിക്കാനേ അറിയൂ. നിങ്ങളിലൂടെയൊക്കെയാവും ഇനി മലയാള സിനിമയൊക്കെ അറിയപ്പെടാൻ പോകുന്നത്.
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നെപ്പോലെ സിനിമ സ്വപ്നം കാണുന്നവർക്ക് അവരുടെ ജീവിതം തന്നെ ആരോ അവർ അറിയാതെ ക്യാമറയിൽ പകർത്തി കാണിച്ചു കൊടുത്തത് പോലെയായിരിക്കും. അത്രയേറെ ഫീൽ ചെയ്തിട്ടുണ്ടാകും. എന്നാലും ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് പറഞ്ഞാൽ ആകെ തോന്നിയ ഒരു നെഗറ്റീവ് എല്ലാവരും വളരെ സ്വാഭാവിക പ്രകടനം നടത്തിയപ്പോൾ പറവയിലെ ആ കുട്ടിയുടെ പ്രകടനം മാത്രം ഒരു കല്ലുകടിയായി എന്നതാണ് പ്രത്യേകിച്ച് രണ്ടാമത്തെ എപ്പിസോഡിന്റെ അവസാനമൊക്കെ. മറ്റൊരു നെഗറ്റീവും ഫീൽ ചെയ്തില്ല എല്ലാം പെർഫെക്ട് ആയിരുന്നു.
ജീവിതത്തെ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തതിന്..... പ്രതീക്ഷകൾ തന്നതിന് പ്രചോദനമായതിന് സിദ്ധാർഥിനും ആദിത്യനും ഹൃദയം നിറഞ്ഞ നന്ദി.
മൂസി പറഞ്ഞത് പോലെ നിനക്കും അറിയാം എനിക്കും അറിയാം നീ ഇത് നിർത്താൻ പോണില്ല എന്ന് അതെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചു കൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തടസ്സങ്ങൾ എല്ലാം മാറി ഒരിക്കൽ സിനിമയെന്ന വിസ്മയത്തെ അടുത്തറിഞ്ഞ നാല് ചുവരുകൾക്കിടയിലെ ആ വലിയ സ്‌ക്രീനിൽ ഹർഷാരവങ്ങൾക്ക് നടുവിൽ "കഥ, തിരക്കഥ, സംഭാഷണം - വൈശാഖ്.കെ.എം എന്ന പേര് തെളിയും എന്ന്. ആ സ്വപ്നത്തിലേക്കുള്ള ഒരു ഊർജ്ജമാണ് എന്നെ സംബന്ധിച്ച് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച.
കണ്ണുകളെ ഈറനണിയിച്ച.... ഒരുപാട് സന്തോഷം സമ്മാനിച്ച.... ഏറെ ചിന്തിപ്പിച്ച.... പ്രചോദനമായ ഇത്തരം ഒരു അനുഭവം ഒരുക്കി തന്ന സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഏവർക്കും ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം കാത്തിരിക്കുന്നു സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചക്കായി. ❤️🙏🏻 Kiran Viyyath Shinu John Chacko Riju Rajeev Amina Nijam Nikhil Prasad Pinto Varkey Vishnu Varma
-വൈശാഖ്.കെ.എം
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച
Reviewed by
on
05:07
Rating:

No comments: