പ്രേമലു
ഒരു സിനിമയിൽ പറയുന്ന കൗണ്ടറുകൾ എല്ലാം തന്നെ വർക്ക് ആവുന്നത് ഒക്കെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ ഒരു അപൂർവ സംഭവം തന്നെയാണ് എന്നെ സംബന്ധിച്ച് പ്രേമലു.
ആദ്യാവസാനം പരിസരം മറന്ന് ആർത്തു ചിരിച്ചു കൊണ്ട് വളരെയേറെ ആസ്വദിച്ചു കണ്ട ഒരു ഗംഭീര എന്റർടൈനർ.
Girish AD .... താങ്കൾ ഒരിക്കൽ കൂടെ മുടക്കിയ കാശിന്റെ ഇരട്ടിക്ക് ഇരട്ടി തിരിച്ചു തന്നിരിക്കുകയാണ്. നിങ്ങളുടെ പേരിന് ഒരു മിനിമം ഗ്യാരണ്ടിയുണ്ട് എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ്.
ഗിരീഷും,കിരൺ ജോസിയും കൂടെ എഴുതിയ സ്ക്രിപ്റ്റിനെ അതിനും ഒരു പടി മുകളിൽ ഗിരീഷ് എടുത്ത് വെച്ചിട്ടുണ്ട്.
അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും, ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റ് വേണ്ടുവോളം കൂട്ടിയിട്ടുണ്ട്.
വിഷ്ണു വിജയ്.... ഈ മനുഷ്യനെ പറ്റി എന്താ പറയാ.... തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു ജിന്ന് തന്നെയാണ് വിഷ്ണു. തല്ലുമാലക്കും, സുലൈഖ മൻസിലിനുമൊക്കെ ശേഷം വീണ്ടുമൊരു ട്രെൻഡ് സെറ്റർ ആൽബം കൂടെ വിഷ്ണു ഒരുക്കി വെച്ചിട്ടുണ്ട്. കിടിലൻ വൈബ് ഉള്ള ഗാനങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്ന പശ്ചാത്തല സംഗീതവുമൊക്കെയൊരുക്കി വിഷ്ണു ഇവിടേം സ്റ്റാർ ആവുന്നുണ്ട്.
നസ്ലിൻ.... ഒരു കാലത്ത് ദിലീപും അതിന് ശേഷം നിവിൻ പോളിയുമൊക്കെ അലങ്കരിച്ചിരുന്ന ഒരു കസേരയുണ്ട് അതിലേക്ക് ആണ് നസ്ലിൻ നടന്ന് അടുത്തുകൊണ്ടിരിക്കുന്നത്. അപാരമായ കോമഡി ടൈമിങ്ങും വളരെ നാച്ചുറൽ ആയിട്ടുള്ള ആക്ടിങ് ശൈലിയുമൊക്കെ തന്നെയാണ് നസ്ലിന്റെ പ്രത്യേകത. കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളിലും അദ്ദേഹം കാണിക്കുന്ന മിതത്വം എടുത്ത് പറയേണ്ടതാണ്. ആദ്യ സിനിമയായ തണ്ണീർമത്തൻ ദിനങ്ങളിൽ തന്നെ ചെയ്ത് ഫലിപ്പിക്കാൻ ബുദ്ധിമുട്ട് ആയ ഒരു കഥാപാത്രത്തെ അതിമനോഹരമായി ചെയ്ത് ഫലിപ്പിച്ചയാളാണ് നസ്ലിൻ. ചെയ്യുന്ന ഒരോ കഥാപാത്രങ്ങളേയും അത്രയേറെ ഉൾക്കൊണ്ട് കൊണ്ട് അവതരിപ്പിക്കാൻ നസ്ലിന് സാധിക്കുന്നുണ്ട്. നസ്ലിന്റെ പ്രകടനം കണ്ടിരിക്കാൻ ഭയങ്കര രസമാണ് മടുക്കില്ല അത്. അതുകൊണ്ട് ഒക്കെ തന്നെ ഒരു സിനിമ ഒറ്റയ്ക്ക് തോളിൽ ഏറ്റി കൊണ്ട് പോകാൻ നസ്ലിന് സാധിക്കും. പ്രേമലുവിലെ സച്ചിൻ എന്ന കഥാപാത്രവും നസ്ലിൻ ഗംഭീരമാക്കിയിട്ടുണ്ട്.
മമിത ബൈജു.... സൂപ്പർ ശരണ്യയിലെ സോനാരേക്ക് ശേഷം മമിത തകർത്തടുക്കിയ മറ്റൊരു വേഷം.... മമിതയുടെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് എന്ന് തന്നെ പറയാം. റീനു എന്ന കഥാപാത്രം മമിതയിലെ അത്രെയേറെ ഭദ്രമായിരുന്നു. കോമഡി ടൈമിംഗ് മാത്രമല്ല നസ്ലിന്റെ കേസിൽ പറഞ്ഞത് പോലെ തന്നെ മമിതയും ഇമോഷണൽ രംഗങ്ങളിൽ ഏറെ മികച്ചു നിന്ന ഒരു സിനിമ കൂടെയാണ് പ്രേമലു. തന്നിലെ അഭിനേത്രിയെ വിമർശിച്ചവർക്കുള്ള അവരുടെ ഒരു മറുപടി കൂടെയാണ് റീനു എന്ന കഥാപാത്രം.
സംഗീത് പ്രതാപ്.... സംഗീത് ഹൃദയത്തിൽ ചെയ്ത വില്ലൻ കഥാപാത്രത്തെയല്ല ഒട്ടും ഇഷ്ടപ്പെടാതെ പോയ ലിറ്റിൽ മിസ്സ് റാവ്ത്തറിലെ അദ്ദേഹത്തിലെ കഥാപാത്രത്തെയാണ് ആദ്യം ശ്രദ്ധിക്കുന്നത്. അരോചകമായി തോന്നിയ ആ ചിത്രത്തിലെ ഏക ആശ്വാസമായിരുന്നു സംഗീത്. അവസാനം ഒരു പത്ത് മിനുട്ട് വന്ന് തകർത്തടുക്കി പോകുന്ന ഒരു കഥാപാത്രമായിരുന്നത്. അതിൽ നിന്നും പ്രേമലുവിലെ അമൽ ഡേവിസിലേക്ക് വരുമ്പോൾ സംഗീത് അഴിഞ്ഞാട്ടം നടത്തുകയാണ് ഇവിടെ എന്ന് തന്നെ പറയാം. പലപ്പോഴും നസ്ലിന് മുകളിൽ കൈയ്യടി വാങ്ങിയ കഥാപാത്രം. ഒരോ എക്സ്പ്രെഷൻസ് കൊണ്ട് പോലും ചിരി പടർത്തിയ പ്രകടനം. സംഗീത് നിറഞ്ഞാടിയ ചിത്രം കൂടെയാണ് പ്രേമലു.
ശ്യാം മോഹൻ.... പ്രേമലുവിനെ വിഴുങ്ങിയ ആദി. ശ്യാം മോഹനെ ആദ്യം ശ്രദ്ധിക്കുന്നത് ഇൻസ്റ്റ റീൽസുകളിലൂടെയാണ്.... പാട്ടുകളുടെ സാമ്യമുള്ള ടൂണുകളെ കോർത്തിണക്കി ശ്യാം അവതരിപ്പിക്കുന്ന പരിപാടിയുടെ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ. പിന്നീട് അദ്ദേഹത്തിലെ ആക്ടറെ വെബ്സീരീസുകളിലൂടെയും ഷോർട് ഫിലിമുകളിലൂടെയുമൊക്കെ തിരിച്ചറിഞ്ഞു. പ്രേമലുവിലേക്ക് വരുമ്പോൾ സിനിമയെ അപ്പാടെ വിഴുങ്ങിയ പ്രകടനമാണ് ശ്യാമിന്റേത്. മുഖത്ത് നിന്ന് കൈയ്യെടുക്കാൻ തോന്നാത്ത ചൊറിയൻ സ്വഭാവമുള്ള ആദിയെ നർമ്മത്തിലൂടെ അവതരിപ്പിച്ചപ്പോൾ പ്രകടനം കൊണ്ട് മറ്റുള്ളവരേക്കാൾ ഒരുപടി മുൻപിൽ സ്കോർ ചെയ്തിട്ടുണ്ട് ശ്യാം.
കാർത്തികയെന്ന കഥാപാത്രമായെത്തിയ അഖില ഭാർഗവനും സിനിമയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
മീനാക്ഷി രവീന്ദ്രന്റെ നീഹാരിക aka വണ്ടർലസ്റ്റ് എന്ന കഥാപാത്രവും ഒരുപാട് ഇഷ്ടപ്പെട്ടു. ടെറസിന്റെ മുകളിൽ നിന്നുള്ള സീനുകളും,ക്ലൈമാക്സ് അടുക്കുമ്പോൾ ഉള്ള സീനുകളിലുമെല്ലാം മീനാക്ഷി നന്നായി സ്കോർ ചെയ്തിട്ടുണ്ട്.
അൽത്താഫ് എന്ത് പറഞ്ഞാലും ചിരി വരുന്ന ഒരു അവസ്ഥയാണ് അതുപോലെ തന്നെയാണ് ഷമീർ ഖാനും. ഇരുവരും തങ്ങളുടെ വേഷങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.
അഥിതികളായി വന്ന താരങ്ങളും ഏറെ ചിരിപ്പിച്ചവരാണ്.
എന്റെ ജനറേഷനിൽ നിന്നും ഒരു പതിറ്റാണ്ട് വ്യത്യാസം ഉള്ളവരുടെ കഥ എൻജോയ് ചെയ്യാൻ പറ്റുന്നു എന്നത് ഒരു വലിയ അഹങ്കാരമായി കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട് അപ്പുറത്തെ സീറ്റിൽ ഇരുന്ന് അമ്മയും മേമയുമൊക്കെ പൊട്ടി ചിരിക്കുന്നു. ഗിരീഷിന്റെ മൂന്ന് സിനിമകളും ഇന്നത്തെ ജനറേഷന്റെ കഥയാണ് പറയുന്നത് എങ്കിലും ഇന്നിന്റെ തമാശകളിലൂടെയാണ് സഞ്ചരിക്കുന്നത് എങ്കിലും എല്ലാവർക്കും അത് ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.
എന്തായാലും ഒരുപാട് ഒരുപാട് ആസ്വദിച്ചു കണ്ട.... മനവും പരിസരവും മറന്ന് പൊട്ടിച്ചിരിച്ച.... പൊട്ടിച്ചിരിപ്പിച്ച ഒരു കിടിലൻ എന്റർടൈനറാണ് പ്രേമലു. ഗിരീഷിന്റെ കരിയർ ബെസ്റ്റ് വർക്ക്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
പ്രേമലു
Reviewed by
on
10:13
Rating:
No comments: