ഗംഗുഭായ് കാത്ത്യാവാഡി

  കാണാൻ ഏറെ വൈകിപ്പോയ ഒരു ഗംഭീര ദൃശ്യാനുഭവം. ഗംഗുഭായ് കാത്ത്യാവാഡിയുടെ ജീവിതം മനസ്സിനെ അങ്ങറ്റം സ്പർശിച്ചു. ആലിയ ഭട്ട് എന്ന അഭിനേത്രിയോട് ഇതുവരെ ഒരു താല്പര്യവും ഇല്ലായിരുന്നു എന്നാൽ ഗംഗുഭായ് കാത്ത്യാവാഡിയെന്ന കഥാപാത്രമായ് അവര് ജീവിച്ചു കാണിച്ചപ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു അവരോട്. ഈയിടെ കണ്ട സിനിമകളിൽ അഭിനയം കൊണ്ട് ഞെട്ടിച്ച അഭിനേത്രികളുടെ ലിസ്റ്റിൽ ആലിയ ആദ്യ അഞ്ചിൽ തന്നെ കാണും. അത്രയ്ക്ക് ഗംഭീര പ്രകടനമാണ് ആലിയ കാഴ്ച വെച്ചിട്ടുള്ളത്. ഈയിടെ കണ്ട സിനിമകളിൽ മനസ്സിനെ ഏറെ സ്പർശിച്ച സിനിമകളുടെ ലിസ്റ്റിലും മുൻപന്തിയിലുണ്ടാവും ഗംഗുഭായ് കാത്ത്യാവാഡി.

ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് നഷ്ടമായതിൽ ഒരുപാട് സങ്കടമുണ്ട്. സഞ്ജയ്‌ ലീല ബൻസാലി അത്രയ്ക്ക് മികച്ചൊരു ദൃശ്യാനുഭവമാണ് ഒരുക്കി വെച്ചിട്ടുള്ളത്.

വലിയൊരു വിഭാഗം ആളുകളും പുച്ഛത്തോടും അറപ്പോടും കൂടെ മാത്രം കാണുന്ന കാമാത്തിപുരയിലെ ജീവിതങ്ങൾക്കും പറയാനുണ്ട് വലിയൊരു ജീവിതകഥ, ഒരു പോരാട്ടത്തിന്റെ കഥ. ചിത്രത്തിലെ പല സംഭാഷണങ്ങൾക്കും വല്ലാത്തൊരു ശക്തിയുണ്ട്. "അവളുടെ കാലുകൾ മുറുക്കെ കെട്ടിക്കോ ഒരൊറ്റ ആണിനേയും വിശ്വസിക്കാൻ പറ്റില്ല" എന്ന ഡയലോഗിലുണ്ട് അവര് അനുഭവിക്കുന്ന യാതനകൾ എത്രത്തോളമാണെന്ന്. ജീവിതത്തെ പറ്റി അനേകം സ്വപ്നങ്ങളുള്ള ആയിരക്കണക്കിന് പെൺകുട്ടികളെയാണ് പലരും അവിടെ കൊണ്ട് പോയി തള്ളുന്നത്. ഇരുട്ടിലായ അതിന് ശേഷമുള്ള അവരുടെ ജീവിതത്തിലേക്ക് വിരളമായി മാത്രം എത്തുന്ന വെളിച്ചമാണ് ഗംഗുഭായിയെപ്പോലുള്ളവർ. നിങ്ങടെയൊക്കെ അമ്മയും പെങ്ങളും മനസമാധാനത്തോടെ തെരുവിൽ ഇറങ്ങി നടക്കുന്നതും കിടന്ന് ഉറങ്ങുന്നതും ഞങ്ങളെപ്പോലുള്ളവർ ജീവിതം ഇങ്ങനെ ഹോമിച്ചത് കൊണ്ടാണ് എന്ന് അവര് പറയുമ്പോൾ.... പെൺകുട്ടികളെ വിൽക്കുന്നവർക്കും ഇവിടെ കൊണ്ട് തള്ളുന്നവർക്കുമെതിരെ കേസ് ഇല്ല ഇരയായ അവർക്ക് എതിരെയാണ് കേസ് അത് എന്ത് നിയമം എന്ന് അവര് വാദിക്കുമ്പോൾ.... ഞങ്ങളും ചെയ്യുന്നത് ജോലിയാണ് ഞങ്ങൾക്കും വേണം ബഹുമാനമെന്നും, ഞങ്ങൾക്കും കുട്ടികളുണ്ട് അവർക്കും വേണം വിദ്യാഭ്യാസമെന്നും അത് ഞങ്ങളുടെ അവകാശമാണ് അത് എന്ത് കൊണ്ട് തരുന്നില്ല എന്ന് അവര് ചോദിക്കുമ്പോൾ അടഞ്ഞു പോകുന്നത് അവർക്കെതിരെ വാളോങ്ങുന്ന പലരുടേം വായാണ്.

ചെറുപ്പം മുതൽ പലരുടേം അറപ്പോടെയുള്ള സംസാരത്തിൽ നിന്നും വായിച്ചതിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെയായി നെറ്റി ചുളിച്ചു കൊണ്ട് മാത്രം കണ്ടും കേട്ടും അറിഞ്ഞ ഒരു കാമാത്തിപുരയെയാണ് മനസ്സിൽ നിന്നും സഞ്ജയ്‌ ലീല ബൻസാലി വേരോടെ പിഴുത് എറിഞ്ഞത്. അവരും മനുഷ്യരാണ് ഓരോ ജീവിതങ്ങൾക്ക് പിന്നിലും ഇത്തരം പോരാട്ടങ്ങളും കഥകളും ഉണ്ടാവും അറപ്പോടും വെറുപ്പോടും മാത്രം കണ്ടിരുന്ന ആ ജീവിതങ്ങളോടും അല്പം ബഹുമാനം കാണിക്കണമെന്നും ഇരുട്ടിലായ ജീവിതത്തിൽ നിന്നും വെളിച്ചം കണ്ടെത്തി അനേകം സ്വപ്നങ്ങളുമായാണ് അവരും ജീവിക്കുന്നത് എന്നും അവരുടെ നീതിക്കായി അവർക്ക് വേണ്ടി പോരാടുന്ന ഗംഗുഭായിമാരും നായികമാരും താരങ്ങളും തന്നെയാണ് എന്നും ഒപ്പം ആരേയും മുൻവിധിയോടെ കാണരുത് എന്നും പറഞ്ഞു വെക്കുന്നു സഞ്ജയ്‌ ലീല ബൻസാലിയുടെ..... ആലിയ ഭട്ടിന്റെ.... കാമാത്തിപുരയുടെ.... ഗംഗുഭായ് കാത്ത്യാവാഡി.

അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവർ ഒരുപോലെ ഗംഭീര മികവ് കാണിച്ചപ്പോൾ ഏറെ ആസ്വദിച്ച് കണ്ട മനസ്സിനെ ഒരുപാട് സ്പർശിച്ച ഒരു അതിമനോഹര ദൃശ്യാനുഭവമാണ് ഗംഗുഭായ് കാത്ത്യാവാഡി.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
ഗംഗുഭായ് കാത്ത്യാവാഡി ഗംഗുഭായ് കാത്ത്യാവാഡി Reviewed by on 00:21 Rating: 5

No comments:

Powered by Blogger.