ഫുക്രു എന്ന ബുദ്ധി രാക്ഷസ്സനും മണ്ടന്മാരായ നിരവധി ആരാധകരും


ഇന്നത്തെ കാലത്ത് പെട്ടന്ന് ഫേമസ് ആവണേൽ യാതൊരുവിധ ബുദ്ധിമുട്ടുകളോ കഷ്ടപ്പാടുകളോ ഇല്ല അതിന് പറ്റിയ ഏറ്റവും നല്ല മാർഗ്ഗമാണല്ലോ സോഷ്യൽ മീഡിയ. മണിക്കൂറുകൾ കൊണ്ടാണ് ആരും അറിയാതിരുന്ന പലരും ഇന്ന് നാട് മൊത്തം അറിയപ്പെടുന്നവരായിട്ടുള്ളത്. ഇവരൊക്കെ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ പലതാണെന്ന് മാത്രം. ചിലർ പൊട്ടൻ കളിച്ചും ചിലര് കഷ്ടപ്പെട്ടും ചിലര് കുബുദ്ധിയിലൂടെയുമൊക്കെ പ്രസിദ്ധരാകുന്നു. 


ഇനി നമ്മുടെ കാര്യത്തിലേക്ക് വന്നാൽ നമ്മുടെ കക്ഷി ഈ ടിക്ക് ടോക്ക് എന്ന് പറയുന്ന ആപ്പ് ആണ്. അറിയപ്പെടാതെ പോകുന്ന ഒരുപാട് കലാകാരന്മാർക്ക് അവരുടെ കഴിവുകൾ ജനങ്ങൾക്ക് മുൻപിലെത്തിക്കാനുള്ള നല്ലൊരു പ്ലാറ്റ് ഫോം ആണ് ടിക്ക് ടോക്ക്. അങ്ങനെയുള്ള ടിക്ക് ടോക്ക് എങ്ങനെ വലിയൊരു വിഭാഗം ആളുകൾക്ക് വില കുറഞ്ഞൊരു ഏർപ്പാട് ആയി തോന്നി തുടങ്ങി..? ഉത്തരം സിമ്പിൾ.... "എള്ളോളം തരി പൊന്നും, തഞ്ചാവൂര് പട്ടും, കല്ലുമാല കമ്മലും, കണ്മഷിയും" ഒക്കെയായി വലിയൊരു വിഭാഗം ഈ ടിക്ക് ടോക്കിൽ കയറിയങ് താമസം തുടങ്ങി. വേറൊരു വിഭാഗമാണേൽ  ചായ കുടിക്കുന്നത്, ഊണ് കഴിക്കുന്നത്, ടോയ്‌ലറ്റിൽ പോകുന്നത് കുളിക്കുന്നത്, etc തുടങ്ങി ദിനചര്യകൾ വരെ ടിക്ക് ടോക്കിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. ഇത് ഏറ്റുപിടിച്ച് വലിയൊരു വിഭാഗം ഇറങ്ങി തിരിച്ചുവെന്ന് സാരം. ചുരുക്കി പറഞ്ഞാൽ ഇത്തരക്കാരുടെ വീട്ടിൽ ഉള്ളവർക്ക് വിശ്വസിച്ച് വസ്ത്രം മാറാൻ വയ്യാതായി. ഇത്തരത്തിലുള്ള നിലവാരമില്ലായ്മ കൂടുതലായതോടെ ആളുകൾ ടിക്ക് ടോക്ക് എന്ന സമ്പ്രദായത്തെ വെറുക്കാൻ തുടങ്ങി.... ടിക്ക് ടോക്ക് യൂസേഴ്സ് എന്നാൽ നിലവാരമില്ലാത്തവരാണ് എന്ന തരത്തിലൊരു തോന്നൽ ആളുകളിൽ ഉളവായി തുടങ്ങി.

ഇങ്ങനെയുള്ളവരെ കളിയാക്കി കൊണ്ട് അർജുൻ എന്നൊരു ചെറുപ്പക്കാരൻ.... ഒരു വ്ലോഗർ അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ ഒരു വീഡിയോ ഇറക്കി. വലിയൊരു വിഭാഗം ആളുകൾ പറയാൻ ആഗ്രഹിച്ച കാര്യമായത് കൊണ്ടാവണം നിമിഷ നേരം കൊണ്ട് ആ വീഡിയോ വൈറൽ ആയി.... ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടതും ഷെയർ ചെയ്തതും. അർജ്ജുന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ ആയി. അർജ്ജുൻ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ സ്റ്റാറുമായി. കുറച്ച് ദിവസമായ് സോഷ്യൽ മീഡിയ ഭരിക്കുന്നത് അർജ്ജുൻ ആണെന്ന് തന്നെ പറയാം. ന്യൂസ്‌ ചാനലുകളിൽ വരെ അർജുന്റെ പേര് വന്നു. വലിയൊരു വിഭാഗം ആളുകളാണ് അർജുൻ എന്ന യുവാവിന് പിന്തുണയും അഭിനന്ദനങ്ങളുമായ് എത്തിയത്. 

ഇനിയാണ് കളി..... അർജ്ജുന്റെ വീഡിയോ കണ്ട് ദേഷ്യം പിടിച്ച കുറേ ടിക്ക് ടോക്ക് കലിപ്പന്മാരും, കാന്താരികളും, കരയുന്നവരും, ചിരിക്കുന്നവരും, ഫ്രീക്കന്മാരും, അല്ലാത്തവരും പല രീതിയിൽ അർജ്ജുനെ വിമർശിച്ച് ടിക്ക് ടോക്ക് വീഡിയോകളുമായി എത്തി.... പക്ഷേ ഒരെണ്ണം പോലും പച്ച പിടിച്ചില്ല എന്നേ പറയാനൊക്കൂ. അപ്പോഴും നമ്മുടെ ഹീറോ പണിപ്പുരയിൽ ആയിരുന്നു. 

ഇന്നലെ അതായത് മെയ്‌ പതിനാറാം തിയ്യതി കക്ഷി താൻ ഒരുക്കിയ ചൂണ്ടയുമായി ഇര തേടിയിറങ്ങി.... സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന അർജ്ജുനെ കളിയാക്കി കൊണ്ട് ഫുക്രു തന്റേതായ ശൈലിയിൽ ഒരു വീഡിയോ ചെയ്ത് തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ്‌ ചെയ്തു. നിമിഷ നേരങ്ങൾ കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ഡിസ്‌ലൈക്കുമായി കടന്നു വന്നത്..... വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഒക്കെ തുറന്നാൽ ഫുക്രുവിന്റെ വീഡിയോയുടെ ഡിസ്‌ലൈക്കുകളുടെ സ്ക്രീൻ ഷോട്ട് മാത്രം. പലരും ഘോര ഘോരം പ്രസംഗമാണ് "ഇവൻ എന്തൊരു മണ്ടനാ, ഇവനാരാ അർജ്ജുനെ ചൊറിയാൻ, ഇവൻ വെറും പൊട്ടൻ തന്നെ ഡിസ്‌ലൈക്ക് കണ്ടില്ലേ റെക്കോർഡ് ആണ്, പമ്പര വിഡ്ഢി" തുടങ്ങി പല പേരുകളിലാണ് ഫുക്രുവിനെ വിശേഷിപ്പിക്കുന്നത്. 

ശരിക്കും ആരാണ് പമ്പര വിഡ്ഢികൾ..? കൃഷ്ണ ജീവ് എന്ന ഫുക്രുവാണോ..? അല്ല.... ഈ തെറി വിളിക്കാനും ഡിസ്‌ലൈക്ക് ചെയ്യാനും പോയവരാണ് ശരിക്കും പമ്പര വിഡ്ഢികൾ. ഫുക്രുവെന്ന അതിബുദ്ധിമാന്റെ കളികൾ വൻ വിജയമാക്കി തീർക്കുകയല്ലേ ശരിക്കും ഈ ആരാധകരെന്ന മണ്ടന്മാർ ചെയ്തത്..? അത് എങ്ങനെ എന്നല്ലേ..? 

ഒരു പന്തയത്തിൽ നാൽപ്പത് പേര് ശരിയായ ദിശയിലേക്കും ഒരാൾ തെറ്റായ ദിശയിലേക്കും നടന്നാൽ ആളുകൾ ആരെയാണ് ശ്രദ്ധിക്കുക..? ഒറ്റയ്ക്ക് പോകുന്ന ആളെയാണല്ലോ അല്ലേ..? അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്. സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന അർജ്ജുനെ അതിന്റെ പീക്ക് ടൈമിൽ തന്നെ അത്യാവശ്യം നാലാളറിയുന്ന അത്യാവശ്യം നല്ലത് പോലെ വിമർശകരുള്ള ഫുക്രു ഒന്ന് ചൊറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ..? ഫുക്രുവും വാർത്തകളിൽ നിറയുമല്ലോ അല്ലേ..? ഇത് കൊണ്ട് അയാൾക്ക് എന്ത് ഗുണം എന്നല്ലേ.... നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗം മണ്ടന്മാരും യുട്യൂബിൽ ഒരു വീഡിയോ കാണാൻ പോകുമ്പോൾ അതിപ്പോ തെറി വിളിക്കാൻ ആയിക്കൊള്ളട്ടെ ഡിസ്‌ലൈക്ക് ചെയ്യാൻ ആയിക്കൊള്ളട്ടെ ആ വീഡിയോ കാണുമല്ലോ അല്ലേ..? അപ്പൊ കൂടുന്നത് എന്താ..? വ്യൂസ് തന്നെ ആണല്ലോ അല്ലേ..? അവിടെ ലാഭം ആർക്കാ..? പിന്നെ അതിലും വലിയൊരു വിഭാഗം തിരുമണ്ടന്മാർ ഇനിയും വീഡിയോ വന്നാൽ അറിയാനും മറ്റും വേണ്ടി ആ ചാനൽ അങ്ങ് സബ്സ്ക്രൈബ് ചെയ്യും.... അവിടെ ലാഭം ആർക്കാ..? വളരെ കുറവ് സബ്സ്ക്രൈബേഴ്‌സ് മാത്രമുണ്ടായിരുന്ന ഫുക്രുവിന്റെ ചാനലിന് ആ ഒരു വീഡിയോ കാരണം കൂടിയത് എത്ര സബ്സ്ക്രൈബേഴ്സ് ആണെന്ന് നോക്കിയവർക്ക് അറിയാം. ഫുക്രുവിനെ തെറി വിളിക്കാനും കളിയാക്കാനും പോയിട്ട് അവന് നല്ലൊരു വരുമാനം ഉണ്ടാക്കി കൊടുത്ത മറ്റേ ഗ്രൂപ്പിന്റെ ആരാധകരാണോ ശരിക്കും മണ്ടന്മാർ അതോ വിഡ്ഢി എന്ന് തന്നെ വിളിപ്പിച്ചവരെക്കൊണ്ട് വരുമാനമുണ്ടാക്കുന്ന ഫുക്രുവാണോ മണ്ടൻ..? 

അവിടെ കൊണ്ടൊന്നും ഫുക്രുവിന്റെ പ്ലാനിങ് തീർന്നിട്ടില്ല.... അർജ്ജുനെ ചൊറിയാൻ ഉണ്ടാക്കിയ വീഡിയോയിൽ ഫുക്രു മറ്റൊരാളെക്കൂടെ ചൊറിഞ്ഞിട്ടുണ്ട്.... വിവാദങ്ങളും മറ്റും കൊണ്ട് നിറഞ്ഞ ബിഗ്ബോസ്സ് സീസൺ ടൂവിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ഉണ്ടായിരുന്ന കണ്ടസ്റ്റന്റ് ആയ രജിത് കുമാറിനെ. ഫുക്രുവിന്റെ ലക്ഷ്യം ചെറുതായിരുന്നില്ല വലുത് തന്നെയായിരുന്നു എന്നല്ലേ അതിന്റെയർത്ഥം.... രജിത് ആർമ്മിയേയും അവൻ ഉന്നം വെച്ചിരുന്നു... ലക്ഷക്കണക്കിന് വരുന്ന അവർക്ക് ഫുക്രുവിനോടുള്ള വിരോധം എത്രത്തോളം ആണെന്ന് പറയേണ്ടതില്ലല്ലോ അല്ലേ. വെട്ടുകിളികളെപ്പോലെ കൂട്ടമായി കൃത്യ സമയത്ത് അവരും കൂടെ പൊങ്കാലയും ഡിസ്‌ലൈക്കും ആയി വന്നപ്പോൾ ഫുക്രുവിന്റെ ഗെയിം പൂർണ്ണം. ഫുക്രുവെന്ന ബുദ്ധി രാക്ഷസൻ ഒരുക്കിയ വലയിൽ മണ്ടന്മാരായ ആരാധകർ നേരെ ചെന്ന് ചാടി കൊടുത്തപ്പോൾ അവന്റെ ജോലി വളരെ എളുപ്പമായി. എന്നാലും തെറി വിളിക്കാൻ പോയവരൊക്കെ എന്തിനാ ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് എന്നോർത്തിട്ടാണ് ചിരി നിൽക്കാത്തത് ഇത്രയ്ക്ക് മണ്ടന്മാരൊക്കെ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇതൊക്കെ മനസ്സിൽ കണ്ട ഫുക്രുവല്ലേ ശരിക്കും ഹീറോ.... അഞ്ച് പൈസ ചിലവില്ലാതെ നാട്ടുകാരെക്കൊണ്ട് അവൻ വരുമാനമുണ്ടാക്കി. ഫുക്രുവിന്റെ വീഡിയോകളോടും മറ്റുമൊന്നും യാതൊരുവിധ താല്പര്യവുമില്ലാത്ത ആളാണ് ഞാൻ, പക്ഷേ ഈയൊരു കാര്യത്തിൽ അവന്റെ ബുദ്ധിയെ അഭിനന്ദിച്ചേ മതിയാകൂ. ഇതൊന്നും കാണാത്തവരേയും അറിയാത്തവരേയും വരെ ട്രോൾ എന്ന പേരിൽ ഓരോന്ന് പടച്ച് ഉണ്ടാക്കി വേറൊരു വിഭാഗവും അറിയിക്കുന്നുണ്ട് അവിടേയും ലാഭം ഫുക്രുവിന് തന്നെ.  

ട്രോളന്മാരുടെ കാര്യത്തിലേക്ക് വന്നാലും ടിക്ക് ടോക്കിലെ അതേ അവസ്ഥയാണ്.... വിമർശിക്കാൻ പറ്റിയ ഏറ്റവും രസകരമായ രീതി.... പക്ഷേ പലരും അതിനെ വ്യക്തിഹത്യയായും മറ്റുമൊക്കെ മാറ്റി വികലമാക്കി കളഞ്ഞു എന്ന് വേണം പറയാൻ.... അനങ്ങിയാൽ ട്രോൾ എന്ന പേരിൽ ഇപ്പൊ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്... നല്ലത് ചെയ്താലും തുമ്മിയാലും ട്രോൾ. ഓരോരുത്തർ രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഇതിന് വേണ്ടിയാണ്. ട്രോളാൻ വിഷയം ഒന്നും കിട്ടിയില്ലേൽ ജന്മം കൊടുത്ത മാതാപിതാക്കളെ ജനിപ്പിച്ചതിന്റെ പേരിൽ വരെ ട്രോളുന്ന അവസ്ഥയെത്തി. 

പറഞ്ഞു വന്നത് ഫുക്രുവിന്റെ കാര്യമാണല്ലോ അല്ലേ.... ചൂണ്ടയിട്ട് കാത്തിരുന്ന ഫുക്രുവിന്റെ ചൂണ്ടയിൽ കൂട്ടത്തോടെ വന്ന് കൊത്തി അവന്റെ വലയിൽ വീണതും പോരാ അവൻ മണ്ടൻ എന്നല്ലേ... ബെസ്റ്റ്.... ഈ ട്രാപ്പ് പോലും മനസ്സിലാവാത്ത തിരുമണ്ടന്മാർ ആണല്ലോ വലിയ പ്ലാനിങ്ങും നടത്തി അത് വിജയിപ്പിച്ചവനെ വിഡ്ഢി എന്ന് വിളിക്കുന്നത് കഷ്ടം....  നിങ്ങളെക്കൊണ്ട് നിങ്ങളറിയാതെ അരിയ്ക്ക് വകയുണ്ടാക്കിയ അവനാണ് ഹീറോ നല്ല അസ്സല് ഹീറോ. പറയാനുള്ളതൊക്കെ പറയുകയും ചെയ്തു.... കൊട്ടാനുള്ളവരെയൊക്കെ കൊട്ടുകയും ചെയ്തു നല്ല ലാഭവും ഉണ്ടാക്കി. ഈ ത്രികാലജ്ഞ്യാനം ഉള്ള ഫുക്രു എങ്ങനാ മക്കളേ മണ്ടനും വിഡ്ഢിയും ആവുന്നത്..? ഇതൊന്നും മനസ്സിലാക്കാതെ അവനെ തെറി വിളിച്ചു എന്നും ഡിസ്‌ലൈക്ക് അടിച്ചു എന്നും പറഞ്ഞ് അത് വലിയ കാര്യമായിക്കണ്ട് ആഘോഷമാക്കി അവന്റെ ചാനലിന് റീച്ചും ഉണ്ടാക്കി കൊടുത്ത് അവനെ വാർത്തകളിലും നിറച്ച നിങ്ങളോളം വലിയ മണ്ടന്മാർ വേറെയേതാ..? കഷ്ടം തന്നെ. കെണിയൊരുക്കി കാത്തിരുന്നവന്റെ മുൻപിലൂടെ അതിനകത്തെ ഭക്ഷണം കണ്ട് അകത്ത് കയറി കുടുങ്ങിയിട്ട് എലി പറയുവാ കെണി വെച്ചവൻ മണ്ടൻ എനിക്ക് ഭക്ഷണം കിട്ടിയല്ലോ എന്ന്. 

ഇത്രേം ആളുകളെ ഒരുമിച്ച് വിഡ്ഢികളാക്കി വരുമാനമുണ്ടാക്കാൻ ഒരു റേഞ്ച് വേണം.... അഭിനന്ദനങ്ങൾ ഫുക്രു. 👏👏

- കേരളീയൻ
ഫുക്രു എന്ന ബുദ്ധി രാക്ഷസ്സനും മണ്ടന്മാരായ നിരവധി ആരാധകരും ഫുക്രു എന്ന ബുദ്ധി രാക്ഷസ്സനും മണ്ടന്മാരായ നിരവധി ആരാധകരും Reviewed by on 00:00 Rating: 5

2 comments:

Powered by Blogger.