Mookuthi Amman

  RJ ബാലാജിയും കൂട്ടരും ചേർന്നൊരുക്കിയ മൂക്കുത്തി അമ്മൻ PK എന്ന ആമിർഖാൻ ചിത്രത്തിന്റെ ഒരു ലൈറ്റ് വേർഷൻ ആയിട്ടാണ് തോന്നിയത്. നമ്മുടെ നാട്ടിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം തന്നെയാണ് ചിത്രം പറയുന്നത്. കുറേയൊക്കെ അതിൽ അവര് വിജയിച്ചിട്ടുമുണ്ട്. ചില സീനുകൾ മികച്ചു നിന്നപ്പോൾ ചിലത് കല്ലുകടിയായി.

ഒരു ഉർവ്വശി ഷോയാണ് ചിത്രം.... സൂരാറൈ പോട്ട്റു എന്ന ചിത്രത്തിന് ശേഷം ഉർവ്വശിയുടെ മറ്റൊരു ഗംഭീര പ്രകടനം. ആദ്യ പകുതിയിൽ അവര് ചിരിപ്പിച്ചതിന് കണക്കില്ല. രണ്ടാം പകുതിയിലെ ഒരു ഇമോഷണൽ രംഗത്തിലും ഉർവ്വശി ഞെട്ടിച്ചു കളഞ്ഞു. ആദ്യാവസാനം ഒരു ഉർവ്വശി ഷോ തന്നെയാണ് ചിത്രം.പാൽതങ്കം എന്ന കഥാപാത്രമായുള്ള ഉർവ്വശിയുടെ ഗംഭീര പെർഫോമൻസ്.

പിന്നീട് എടുത്ത് പറയാനുള്ളത് ദെയ്വാമൃതം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്മൃതി വെങ്കട്ട് എന്ന അഭിനേത്രിയെ പറ്റിയാണ്. ഉർവ്വശിക്ക് ശേഷം ചിത്രത്തിൽ അഭിനയം കൊണ്ട് സ്കോർ ചെയ്തത് സ്മൃതിയാണ്. "എനക്ക് ഒരു നാൾ ലീവ് കെടക്കുമാ" ഈയൊരു സീൻ ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നാണ്. ചിത്രത്തിലുടനീളം സ്മൃതി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

നയൻ‌താരയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും അവരുടെ സ്ക്രീൻ പ്രസൻസ് മാരകമായിരുന്നു. ഭയങ്കര തേജസ്സ് ആയിരുന്നു കാണാൻ. മൂക്കുത്തി അമ്മന്റെ വേഷം അവരിൽ ഭദ്രമായിരുന്നു.

RJ ബാലാജി ചില സ്ഥലങ്ങളിൽ മികച്ചു നിന്നപ്പോൾ ചില സ്ഥലങ്ങളിൽ കല്ലുകടിയായി മാറി എന്ന് വേണം പറയാൻ പ്രത്യേകിച്ചും ഡയലോഗ് ഡെലിവറി.

മറ്റുള്ള അഭിനേതാക്കളും അവരുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.

നമ്മുടെ നാട്ടിൽ പ്രത്യേകിച്ചും ഇപ്പൊ വളരെയധികം പ്രാധാന്യം അർഹിക്കുന്നൊരു വിഷയത്തെ നർമ്മത്തിൽ ചാലിച്ച് കൊള്ളിക്കേണ്ടവരെയൊക്കെ നല്ലോണം കൊള്ളിച്ച് തന്നെ പറഞ്ഞു പോകുന്നൊരു ചിത്രമാണ് മൂക്കുത്തി അമ്മൻ. പറഞ്ഞ കാര്യങ്ങളിൽ ഒരു പൂർണ്ണത അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും ഒരു എന്റർടൈനർ എന്ന നിലയ്ക്ക് നീതിപുലർത്തിയിട്ടുണ്ട്. മുഷിപ്പില്ലാതെ കണ്ടിരിക്കാം. ചില സംഭാഷണങ്ങൾ ഒക്കെ കൈയ്യടി അർഹിക്കുന്നുണ്ട് മികച്ച രീതിയിൽ തന്നെയാണ് അത്തരം കാര്യങ്ങൾ ബാലാജിയും കൂട്ടരും ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ചും ക്ലൈമാക്സ്‌ രംഗങ്ങളിലെയടക്കം ചില ഡയലോഗുകളും മറ്റും.

ബോറടിക്കാതെ ഒറ്റ തവണ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് മൂക്കുത്തി അമ്മൻ. പ്രത്യേകിച്ചും ഉർവ്വശിയുടെ ഗംഭീര പ്രകടനം കൊണ്ട് തന്നെ പൈസ വസൂൽ എന്ന് പറയാം. 

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
Mookuthi Amman Mookuthi Amman Reviewed by on 05:24 Rating: 5

No comments:

Powered by Blogger.