ഓൺലൈൻ മീഡിയാസിന്റെ ആഭാസങ്ങൾ
സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പൊ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ഓൺലൈൻ മീഡിയകളുടെ സെലിബ്രിറ്റി ഇന്റർവ്യൂസ്. ദിനംപ്രതി വർദ്ധിക്കുന്ന ഓൺലൈൻ മീഡിയകളുടെ മത്സരമാണ് സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുന്നത്.
പറഞ്ഞു വന്ന കാര്യം അവരുടെ സെലിബ്രിറ്റി ഇന്റർവ്യൂസിനെ പറ്റിയാണ്. വിളിച്ചു വരുത്തുന്ന അതിഥികൾക്ക് യാതൊരു മര്യാദയും നൽകാത്ത ഇന്റർവ്യൂ എന്ന് അവര് പേരിട്ട് വിളിക്കുന്ന കാണുന്നവർക്ക് ആഭാസമായി തോന്നുന്ന അവരുടെ പ്രഹസനങ്ങളെ പറ്റിയാണ്.
ഒരു അവതാരകന് വേണ്ട ഏറ്റവും വലിയ ക്വാളിറ്റിയാണ് ഏറ്റവും നല്ല ശ്രോതാവ് ആകുക എന്നത്. ഇവിടെ ഓൺലൈൻ മീഡിയകളിലെ പല അവതാരകർക്കും ഇല്ലാത്ത ക്വാളിറ്റിയും അതാണ്. ഒരു ചോദ്യം ചോദിക്കുമ്പോൾ ഓപ്പോസിറ്റ് ഇരിക്കുന്നയാൾ ഉത്തരം പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് അയാൾക്ക് ഒരു വിലയും നൽകാതെ അതിൽ കയറി ഇടപെട്ട് അനാവശ്യ സംസാരങ്ങളും മറ്റുമായി അങ്ങറ്റം വെറുപ്പിക്കുന്നവരാണ് ഇവിടത്തെ പല അവതാരകരും. അതിൽ അവര് പറയുന്ന തമാശയെന്ന് അവർക്ക് തോന്നുന്ന ചില കാട്ടിക്കൂട്ടലുകൾക്ക് പുട്ടിന് പീരയെന്നോണം അവര് തന്നെ ആർത്ത് ചിരിക്കുന്നതാണ് ഏറ്റവും അസഹനീയം.
അടുത്തത് ചോദ്യങ്ങളാണ്.....
പലരും പ്രത്യേകിച്ച് സിനിമാ മേഖലയിൽ നിന്നുള്ളവർ ഇന്റർവ്യൂ കൊടുക്കുന്നത് അവരുടെ അടുത്ത് ഇറങ്ങാനിരിക്കുന്ന സിനിമകളുടെ പ്രമോഷന് വേണ്ടിയാകും. അത്തരം ഒരു ഇന്റർവ്യൂ എടുക്കുമ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വേണ്ടത് ആ സിനിമയെ പറ്റി തന്നെയാവണമല്ലോ അല്ലേ.... എന്നാൽ ഇവിടത്തെ പല ഇന്റർവ്യൂകളിലും അത് നമുക്ക് കാണാൻ സാധിക്കില്ല. ഇന്റർവ്യൂ അവസാനിപ്പിക്കാൻ നേരം അവതാരകൻ അല്ലേൽ അവതാരിക ഔതാര്യമെന്നോണം "സിനിമയെ പറ്റി പ്രേക്ഷകരോട് രണ്ട് വാക്ക് സംസാരിക്കൂ" എന്ന് പറയുന്നതാവും ആ ഇന്റർവ്യൂവിൽ ആ സിനിമയെ പറ്റി ചോദിക്കുന്ന ഏക കാര്യം. ബാക്കി ചോദ്യങ്ങൾ ഇവയായിരിക്കും.
ഇന്റർവ്യൂ എടുക്കുന്നത് നടനെയാണേൽ : ചേട്ടന്റെ വീട്ടിൽ എത്ര ബൈക്ക് /കാർ ഉണ്ട്, ഭാര്യയുമായി വഴക്ക് കൂടാറുണ്ടോ, സ്നേഹം വരുമ്പോൾ ഭാര്യയെ /കാമുകിയെ വിളിക്കുന്ന പേര് എന്താണ്, ചേട്ടന്റെ പട്ടിയുടെ ചെല്ലപ്പേര് എന്താണ്, ചേട്ടൻ തുണ്ട് കാണാറുണ്ടോ, ചേട്ടന്റെ ഫോണിൽ അവസാനം വിളിച്ചത് ആരെയാണ്, ഗൂഗിൾ അവസാനം സെർച്ച് ചെയ്തത് എന്താണ്, കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ, കോൺടാക്റ്റിലുള്ള ഏറ്റവും വലിയ സെലിബ്രിറ്റി ആരാണ്, ഒരാളെ വിളിച്ച് ഞങ്ങളുടെ ചാനലിന്റെ പേര് പറയിപ്പിക്കാവോ, Etc.
ഇന്റർവ്യൂ എടുക്കുന്നത് നടിയെ ആണേൽ : ചേച്ചിയുടെ ലിപ്സ്റ്റിക്ക് ഏത് കമ്പനിയാണ്, ബാഗിൽ എന്തൊക്കെയാണ് കൊണ്ട് നടക്കുന്നത് എന്ന് കാണിക്കൂ, പാഡ് കൊണ്ട് നടക്കാൻ മടിയില്ലേ, സ്ക്യൂട്ടെക്ക്സ് എത്ര കളർ ഉണ്ട്, വീട്ടിലെ പട്ടിയെ കുളിപ്പിക്കാറുണ്ടോ, അമ്മയെ അടുക്കളയിൽ സഹായിക്കാറുണ്ടോ, ദിവസം ദോശ കഴിക്കും, വെർജിൻ ആണോ, ഞെട്ടില്ലാ വട്ടയില എന്താണ് ഉത്തരം, ഉമ്മ വെക്കുമ്പോൾ നാണം തോന്നാറുണ്ടോ, വീട്ടിൽ അമ്മയെ അമ്മേ എന്നാണോ അതോ തള്ളേ എന്നാണോ വിളിക്കാറ്,ഇഷ്ടപ്പെട്ട പോൺ സ്റ്റാർ ആരാണ്,തെറി വിളിക്കാറുണ്ടോ, ആരെയെങ്കിലും വിളിച്ച് ഞങ്ങളുടെ ചാനലിന്റെ പേര് പറയാൻ പറയൂ,Etc.
ഇതൊക്കെ ചോദിച്ച് പുട്ടിന് പീര പോലെ ഇടയ്ക്ക് സ്വയം ഒരു പത്ത് അട്ടഹാസവും പാസ്സ് ആക്കിയാൽ ഇന്റർവ്യൂ ആയി.
ഈയിടെ നിഖില വിമലിന്റെ ഒരു ഇന്റർവ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ആ ഇന്റർവ്യൂ നടക്കുമ്പോൾ അവര് എത്രമാത്രം അസ്വസ്ഥയായിരുന്നു എന്നത് അവരുടെ ഭാവങ്ങളിൽ നിന്നും വ്യക്തമാണ് എങ്ങനെയെങ്കിലും ഇതൊന്ന് തീർന്നു കിട്ടിയാൽ മതി എന്നായിരുന്നിരിക്കണം ആ സമയത്ത് അവരുടെ മനസ്സിൽ ഉണ്ടായിരുന്നത്. അതിലെ ചോദ്യങ്ങളാണ് ഇവ
അന്താരാഷ്ട്ര കുറ്റവാളികളെ പിടിക്കാൻ സഹായിക്കുന്ന സത്യ സന്ധനായ ക്രിസ്ത്യാനി ആരാണ്..? എനിക്കറിയില്ല എന്ന് ഉത്തരം പറഞ്ഞ നിഖിലയോട് ഇന്റർപോൾ എന്ന ഉത്തരം പറയുന്ന അവതാരകൻ
മലയാളികൾ എനിക്ക് മനസ്സിലായില്ല എന്ന് പറയുന്നതിന് ഒറ്റ ഇംഗ്ലീഷ് വേഡ് ആണ് യൂസ് ചെയ്യാറ് അത് ഏതാണ്..? എനിക്കറിയില്ല എന്ന് പറയുന്ന നിഖിലയോട് അവതാരകൻ ഉത്തരം A എന്ന് പറയുന്നു. A എന്നല്ല ങേ എന്നാണ് മലയാളത്തിൽ എഴുതുക എന്ന് നിഖില പറയുമ്പോൾ അല്ല എന്ന് തർക്കിക്കുന്ന അവതാരകൻ
കല്ല്യാണ ചെക്കന്റെ കൈയ്യിലും കല്ല്യാണ പെണ്ണിന്റെ കൈയ്യിലും ബൊക്കെ കൊടുക്കുന്നത് എന്തിനാണ്..? വീണ്ടും അറിയില്ല എന്ന് പറയുന്ന നിഖിലയോട് അവതാരകൻ പറയുന്ന ഉത്തരം അവര് വിറച്ച് ഇരിക്കുകയാവും എന്തേലും പിടിക്കാൻ കൊടുക്കണ്ടേ എന്നാണ്.
കാ കാ എന്ന് കരയുന്നത് കാക്കയാണെങ്കിൽ കീ കീ എന്ന് കരയുന്നത് ആരാണ്..? എനിക്ക് അറിയില്ല എനിക്ക് ഇങ്ങനത്തെ സാധനങ്ങൾ ഒന്നും അറിയില്ല എന്ന് നിഖിലയുടെ മറുപടി. അവതാരകന്റെ ഉത്തരം കീ നഷ്ടപ്പെട്ട ആരെങ്കിലും കീ കീ എന്ന് പറയുന്നത്.
ഹീയിൽ ആരംഭിച്ച് ഹീയിൽ അവസാനിക്കുന്ന അസുഖം..? വീണ്ടും അറിയില്ല എന്ന നിഖിലയുടെ മറുപടി. അവതാരകന്റെ ഉത്തരം തലവേദന,Headache.
ചെസ്സ് കളിയിൽ ജയിക്കാൻ എന്ത് ചെയ്യണം..? ചെസ്സ് കളിക്കണം എന്ന് നിഖിലയുടെ മറുപടി. അവതാരകന്റെ മറുപടി മൂവ് ചെയ്യണം ആ മൂവ്മെന്റിൽ ഒരു മൂവ് നമുക്കൊന്ന് മാറ്റി ചിന്തിക്കാം. കുതിരയെ വെട്ടുന്നതിന് പകരം നമുക്ക് പശുവിനെ വെട്ടാം. പശുവിനെ വെട്ടാൻ പറ്റില്ലല്ലോ.....
അവിടന്നങ്ങോട്ട് പിന്നെ എല്ലാവരും ഏറ്റെടുത്ത നിഖിലയുടെ സംസാരമാണ് എന്ന് അറിയാല്ലോ അല്ലേ.....
അപ്പൊ പറഞ്ഞു വന്നത് ഒരു സിനിമയുടെ പ്രമോഷന് വേണ്ടി സമയം കളഞ്ഞ് വന്നിരിക്കുന്നവരോട് ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്ന ചോദ്യങ്ങൾ ആണിവ. കുസൃതി ചോദ്യങ്ങൾ ആണത്രേ.... സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഒക്കെയാണ് ചോദിക്കുക എന്ന് മാത്രമല്ല ഇമ്മാതിരി അവരാതം ഒക്കെയാണ് ചോദിക്കുന്നതും. സിനിമയുടെ കാര്യമായത് കൊണ്ട് മാത്രം ഉള്ളിലെ ദേഷ്യം അടക്കി പിടിച്ച് ഇരിക്കുന്നവർ ആവും പലരും. അല്ലേൽ തന്നെ തിരക്കിനിടയിൽ ഒരു ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ലേൽ ഇവർക്ക് ഒക്കെ ജാഡയാണ് ഞങ്ങള് കാരണമാണ് ഇവരൊക്കെ ഉണ്ടായത് തുലച്ച് കളയും എന്നൊക്കെ പറഞ്ഞു നടക്കുന്ന നാട്ടുകാരുടെ മുൻപിൽ നിന്ന് എല്ലാം കടിച്ചമർത്തി ജീവിതത്തിലും അഭിനയിക്കാനേ പാവത്തുങ്ങൾക്ക് നിർവ്വാഹമുള്ളൂ. പലപ്പോഴും അവരും മനുഷ്യരാണ് എന്ന് പലരും മറക്കും.
ഈയടുത്ത കാലത്ത് ഇന്റർവ്യൂ കൊണ്ട് മാത്രം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ഓടി നടന്ന് ഇന്റർവ്യൂ കൊടുക്കുന്നതിനിടയ്ക്ക് വായിൽ നിന്നും വീണു പോയ ഒരു മോശം കാര്യത്തെ കുറിച്ച് ദി ക്യൂ എന്ന ചാനലിൽ അനുപ്രിയ രാജുമായുള്ള ഇന്റർവ്യൂവിൽ ധ്യാൻ മനസ്സ് തുറക്കുന്നുണ്ട്. മീ ടു മൂവ്മെന്റിനെ ധ്യാൻ വിലകുറച്ച് കാണിച്ചു എന്നതായിരുന്നു ആ ഇന്റർവ്യൂവിന്റെ ആധാരം. അനേകം ഓൺലൈൻ മീഡിയകളുടെ ഇന്റർവ്യൂവിൽ തമാശ പറഞ്ഞും ചളി പറഞ്ഞും ചിരിച്ചു നടന്നിരുന്ന ധ്യാൻ വളരെ പക്വതയോടെ ഇരുന്ന് സംസാരിച്ച ഏക ഇന്റർവ്യൂ ആയിരുന്നു അനുപ്രിയ ആയിട്ടുള്ളത്. അതിൽ അവര് ചോദിക്കുന്ന ചോദ്യങ്ങൾക്ക് പലതിനും ധ്യാൻ വ്യക്തമായ ഉത്തരം നൽകുന്നുണ്ട് എല്ലാം തികഞ്ഞ ഉത്തരങ്ങളൊന്നുമല്ല ഒരുപാട് പൊരുത്തപ്പെടാൻ സാധിക്കാത്ത കാര്യങ്ങളും അതിലുണ്ടായിരുന്നു എന്നാലും ധ്യാനിന്റെ മറ്റുള്ള ഇന്റർവ്യൂകളിൽ നിന്നും എത്രയോ ബെറ്റർ ആയിരുന്നു ആ ഇന്റർവ്യൂ.
അതിൽ ധ്യാൻ പറയുന്നൊരു കാര്യമുണ്ട്
ഒരു പ്ലാറ്റ് ഫോമിൽ ഇരുന്ന് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത് എന്ന്. ചേട്ടൻ ആരെയെങ്കിലും തേച്ചിട്ടുണ്ടോ..? ഇത്തരം സബ്സ്റ്റാൻഡേർഡ് ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ആങ്കേഴ്സ് നിർത്തണം. ഇത് ആങ്കറിനോട് അപ്പോൾ തന്നെ പറയാമായിരുന്നല്ലോ എന്ന് അനുപ്രിയ ചോദിക്കുമ്പോൾ ധ്യാൻ പറയുന്നത് അത് അവര് മനസ്സിലാക്കണം എന്നാണ്. ഇത്തരം സബ്സ്റ്റാൻഡേർഡ് ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനേക്കാൾ സബ്സ്റ്റാൻഡേർഡ് ആയിട്ടുള്ള ഉത്തരങ്ങൾ എനിക്ക് പറയാൻ അറിയാം എന്നേയുള്ളൂ. ആങ്കറിന് ഒരു ലൈൻ ഉണ്ട് അത് അവര് ലിമിറ്റ് ചെയ്യണം. ഞാനൊരു പ്രമോഷന് ആണ് വന്നിരിക്കുന്നത് അവിടെ വന്നിരിക്കുമ്പോൾ എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾ എന്താണ് എന്നുള്ളതും അതിനെ അവര് ക്യാപ്ഷൻ ആക്കിയിട്ട് എഴുതി മാർക്കറ്റ് ചെയ്യുന്നത് എന്താണ് എന്നുള്ളതും ഒക്കെ കണ്ടതല്ലേ ഇതൊക്കെ ഭയങ്കര മോശമല്ലേ.
ശരിയാണ് ധ്യാൻ ഈ പറഞ്ഞതിൽ കുറേയൊക്കെ കാര്യമുണ്ട്. ഇവര് വന്നിരിക്കുന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് അവിടെയാണ് ഇത്തരം നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അവരെ ബുദ്ധിമുട്ടിക്കുന്നത്. ഓരോരുത്തരുടേയും സ്വഭാവങ്ങൾ വ്യത്യസ്തമായത് കൊണ്ട് അവര് പല രീതിയിൽ മറുപടി നൽകുന്നു. ചിലര് സ്‌കിപ്പ് ചെയ്യുമ്പോൾ ചിലര് എന്തേലുമൊക്കെ പറഞ്ഞു ഒപ്പിക്കുന്നു ചിലര് ധ്യാനിനെപ്പോലെ മറുപടി കൊടുക്കുന്നു.
പൃഥ്വിരാജിനോട് ഈയിടെ ഒരു ഇന്റർവ്യൂവിൽ അവതാരിക ചോദിച്ച ഒരു ചോദ്യമാണ്
പലപ്പോഴും സിനിമയിൽ ടെററിസ്റ്റുകൾ ആയിട്ട് പോർട്രൈ ചെയ്യുന്നത് മുസ്ലിം സമുദായത്തിൽപ്പെട്ട ആൾക്കാരെയാണ്. രാജുവേട്ടന് അങ്ങനെ തോന്നിയിട്ടുണ്ടോ അല്ലെങ്കിൽ അത് എന്ത് കൊണ്ടായിരിക്കും..?
പൃഥ്വിരാജ് : How's this remotely even related to the film that we are speaking about..? ഇപ്പൊ ഞാനിതിന് ഉത്തരം പറഞ്ഞാൽ നിങ്ങടെ ചാനലിന്റെ തമ്പ്നൈലിൽ ഞങ്ങടെ മൂന്ന് പേരുടേം ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തിനെക്കുറിച്ച് എന്ന് പറഞ്ഞായിരിക്കും ഇതിന്റെ ഡിസ്ക്രിപ്പ്ഷൻ. ഇവര് ഇടും ഉറപ്പായിരിക്കും. എന്നിട്ട് അത് ഓപ്പൺ ചെയ്യുമ്പോൾ ജന ഗണ മനയുടെ ഇന്റർവ്യൂ ആയിരിക്കും പക്ഷേ അതായിരിക്കും തമ്പ്നൈലും ഡിസ്ക്രിപ്പ്ഷനും. അതിന്റെ താഴെ ഒരു അയ്യായിരം കമന്റും. മനസ്സിലായില്ലേ.... എന്തിന് ഞാൻ നിങ്ങൾക്ക് ആ ക്ലിപ്പ് ബൈറ്റ് തരണം..? നിങ്ങടെ കമ്പനിയിൽ എനിക്ക് ഇൻവെസ്റ്റ്‌മെന്റ് ഉണ്ടോ..? നിങ്ങടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ..? ഇല്ലല്ലോ..?
അദ്ദേഹം പറഞ്ഞത് തന്നെയാണ് ഇവിടെ നടക്കാറുള്ളത് ഇന്റർവ്യൂവുമായി യാതൊരു ബന്ധവുമില്ലാത്ത തലക്കെട്ടും കൊടുത്ത് പലരും തമ്മിൽ തല്ലുന്നത് കണ്ട് തങ്ങളുടെ റീച്ച് കൂട്ടി ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇവിടെയുള്ളത് മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളെപ്പോലെ. എന്താണ് അതിന്റെ ഉള്ളിൽ എന്നുള്ള സത്യാവസ്ഥ പോലും നോക്കാതെ തലക്കെട്ട് കണ്ടപാട് വൃണപ്പെട്ട് വാളെടുക്കാൻ കുറേ വിവരദോഷികളായ ആളുകളും ഉണ്ടല്ലോ ഇവിടെ. അപ്പോ പിന്നെ സംഘാടകർക്ക് ജോലി എളുപ്പമായല്ലോ. ഇന്റർവ്യൂ എന്നല്ല ഓൺലൈൻ മീഡിയകളുടെ പല വാർത്തകളുടേയും മറ്റും തലക്കെട്ട് ഈ പറഞ്ഞത് പോലെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റുമാണ്. റീച്ചിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ആളുകൾ ആണ് അവരിൽ പലരും. ഇത്തരം നാറിയ സ്വഭാവം കൊണ്ട് തന്നെയാണ് സോഷ്യൽമീഡിയകളിൽ പല അനാവശ്യ യുദ്ധങ്ങളും ഉണ്ടാവുന്നതും. പലരും അറിയാത്ത കാര്യങ്ങൾക്ക് തെറി കേൾക്കുന്നത് ഈ പറഞ്ഞവരുടെ പ്രവർത്തികൾ കാരണമാണ്.
തുറന്നു പറയാൻ ഒന്നോ രണ്ടോ പൃഥ്വിരാജുമാർ മാത്രമാവും ഉണ്ടാവുക അവർക്ക് ഈ പറഞ്ഞവർ തന്നെ ഒരു അഹങ്കാരിപ്പട്ടവും ചാർത്തി നൽകും.
ഓൺലൈൻ ഇന്റർവ്യൂസും മറ്റും ഇപ്പൊ വന്നു വന്ന് ഭയങ്കര അസഹനീയവും ആഭാസവും ആയിട്ടുണ്ട് ഒരുമാതിരി വ്യഭിചാരം പോലെ. അതിനിടയ്ക്ക് മനീഷ് നാരായണനേയും , R.J ശാലിനിയേയും, വിനു ജനാർദ്ദനേയും, അനുപ്രിയ രാജിനേയും, ധന്യ വർമ്മയേയും, Etc.... പോലുള്ളവരാണ് ആശ്വാസങ്ങൾ. എന്താണ് ഇന്റർവ്യൂ എന്നതിനെ പറ്റിയും അതിൽ പാലിക്കേണ്ട മര്യാദകളെ പറ്റിയും അതിഥിക്ക് കൊടുക്കേണ്ട ബഹുമാനത്തെ പറ്റിയും ഉത്തമ ബോധ്യമുള്ളവർ ആണ് ഇവരൊക്കെ. അതിലെല്ലാമുപരി നല്ല കേൾവിക്കാരുമാണ്. ഈ പറഞ്ഞ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇവരുടെയൊക്കെ ഇന്റർവ്യൂസിന് അതിന്റേതായ ക്വാളിറ്റിയുമുണ്ട്.
വിരലിൽ എണ്ണാവുന്ന ഇവരെപ്പോലുള്ളവരെ ഒഴിച്ച് നിർത്തിയാൽ ഓൺലൈൻ മീഡിയകൾക്കും അവരുടെ ഇന്റർവ്യൂസിനുമെല്ലാം യാതൊരു നിലവാരവുമില്ല എന്ന് മാത്രമല്ല തമ്മിൽ തല്ലിക്കാൻ വേണ്ടി നടക്കുന്ന കഴുകന്മാരുടെ സ്വഭാവവുമാണ്. റീച്ചിന് വേണ്ടി എന്ത് തോന്ന്യാസങ്ങളും ചോദിക്കാനും എഴുതി പിടിപ്പിക്കാനും നടക്കുന്നവർ. അത്രയ്ക്ക് അസഹനീയമായിട്ടുണ്ട് ഇവരുടെ പല പ്രവർത്തികളും.
ഓൺലൈൻ മീഡിയാസിന്റെ ആഭാസങ്ങൾ
Reviewed by
on
00:45
Rating:
Reviewed by
on
00:45
Rating:
No comments: