ഗിരീഷ് പുത്തഞ്ചേരി : ശാന്തമായൊരു രാത്രിയിൽ വാദ്യഘോഷങ്ങളുമായി പടികടന്നെത്തിയൊരു പദനിസ്വനം
പ്രണയവും, വിരഹവും, രക്ത - സ്നേഹ ബന്ധങ്ങളുമെല്ലാം ഇത്രമേൽ ലളിത മനോഹരമായി വർണ്ണിക്കുന്ന മറ്റൊരു ഗാനരചയിതാവില്ല. കാലങ്ങളോളം മലയാളികളുടെ ചുണ്ടുകളിൽ പാറി പറന്നു നടന്നിരുന്ന.. ഇപ്പോഴും നടക്കുന്ന അനവധി മധുരമനോഹര ഗാനങ്ങളുടെ സൃഷ്ടാവ്. ഇന്നത്തെ പാട്ടെഴുത്തുകാരെല്ലാം പിന്തുടരുന്നത് അദ്ദേഹത്തിന്റെ പദനിസ്വനം തന്നെയാവും. 1990-ൽ എൻക്വയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഗാനരചയിതാവ്. മലയാള മനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിന് അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല 1992-ൽ മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്‌ത ജോണി വാക്കർ എന്ന ചിത്രത്തിൽ അദ്ദേഹം രചിച്ച ശാന്തമീ രാത്രിയിൽ എന്ന ഗാനം മലയാളികൾ ഏറ്റെടുത്തു..... ശാന്തമായ ഒരു രാത്രിയിൽ വാദ്യഘോഷദികളുമായാണ് ആ മനുഷ്യൻ മലയാളി മനസ്സിലേക്ക് ചേക്കേറിയത്. പിന്നീടങ്ങോട്ട് ഗാനരചന ഗിരീഷ് പുത്തഞ്ചേരി എന്ന് കണ്ടാൽ മലയാളികൾക്ക് അതിരില്ലാത്ത സന്തോഷമാണ്, കാരണം അവർക്ക് ഹൃദയത്തിലേറ്റി മൂളിക്കൊണ്ട് നടക്കാൻ മികച്ച ഗാനങ്ങൾ ചിത്രത്തിലുണ്ടാവും എന്നൊരു വിശ്വാസമാണ്. ആ വിശ്വാസം അദ്ദേഹം ഒരിക്കലും തെറ്റിച്ചിട്ടുമില്ല.
മായാമയൂരത്തിൽ കൈക്കുടന്ന നിറയെ തിരുമധുരവും, ദേവാസുരത്തിൽ സൂര്യകിരീടം വീണുടഞ്ഞു, മേടപ്പൊന്നണിയും. കിന്നരിപ്പുഴയോരത്തിൽ ഓലച്ചങ്ങാലി, തേന്മാവിൻ കൊമ്പത്തിൽ നിലാ പൊങ്കൽ, കറുത്ത പെണ്ണേ, മാനം തെളിഞ്ഞേ, കളിപ്പൂങ്കുയിലേ, എന്തേ മനസ്സിനൊരു.മാനത്തെ കൊട്ടാരത്തിൽ പൂനിലാമഴ.കാശ്മീരത്തിൽ പോരു നീ വാരിളം. മിന്നാരത്തിൽ ചിങ്കാര കിന്നാരം, നിലാവേ മായുമോ, ഒരു വല്ലം പൊന്നും പൂവും. രഥോത്സവത്തിൽ തെച്ചിപ്പൂവേ. അഗ്നിദേവനിൽ ഒരു പൂവിതളിൽ, നിലാവിന്റെ നീല ഭസ്മ. തച്ചോളി വർഗ്ഗീസ് ചേകവരിൽ മാലേയം, സൂര്യനാളം.നമ്പർ വൺ ബാംഗ്ലൂർ നോർത്തിൽ പൊന്നമ്പിളി പൊട്ടും തൊട്ട്.കുസൃതിക്കാറ്റിൽ മെല്ലെയെൻ കണ്ണിലെ.മംഗല്യസൂത്രത്തിൽ വെള്ളാരം കിളികൾ. ഈ പുഴയും കടന്നിൽ പാതിരാ പുള്ളുണർന്നു, ദേവകന്യക, രാത്തിങ്കൾ പൂത്താലി, കാക്കക്കറുമ്പൻ, വൈടൂര്യകമ്മലണിഞ്ഞ്. കലാപാനിയിലെ തരംഗമായ ആറ്റിരമ്പിലെ കൊമ്പിലെ, ചെമ്പൂവേ, കൊട്ടും കുഴൽ വിളി, മാരിക്കൂടിനുള്ളിൽ. ഇന്ത്രപ്രസ്ഥത്തിൽ തങ്ക തിങ്കൾ, മഴവില്ലിൻ കൊട്ടാരത്തിൽ. ഹിറ്റ്‌ലറിലെ തരംഗമായ കിതച്ചെത്തും കാറ്റേ, നീയുറങ്ങിയോ. കളിവീടിലെ മനസ്സ് ഒരു മാന്ത്രികക്കൂട്. ലേലത്തിലെ ഉരുകിയിരുകി, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ എവെർഗ്രീൻ ഹിറ്റുകളായ പിന്നേയും പിന്നേയും, കാത്തിരിപ്പൂ കണ്മണീ. പൂനിലാമഴയിലെ ആട്ടുതൊട്ടിലിൽ. ഒരു യാത്രമൊഴിയിൽ തൈമാവിൻ തണലിൽ, കാക്കാല കണ്ണമ്മ. വർണ്ണപ്പകിട്ടിൽ മാണിക്യകല്ലാൽ, വെള്ളിനിലാ തുള്ളികളോ, ദൂരെ മാമരക്കൊമ്പിൽ. ചന്ദ്രലേഖയിൽ അപ്പുക്കുട്ടാ തൊപ്പിക്കാരാ, അമ്മൂമ്മക്കിളി വായാടി, മാനത്തെ ചന്ദിരനൊത്തൊരു, ഇന്നലെ മയങ്ങുന്ന, താമരപ്പൂവിൽ. ആറാംതമ്പുരാനിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നായ ഹരിമുരളീരവം, പാടി തൊടിയിലേതോ. കൈക്കുടന്ന നിലാവിൽ ഇനിയും പരിഭവമരുതേ, മലയണ്ണാർ കണ്ണൻ, മംഗള ദീപവുമായ്, വാലിട്ടു കണ്ണെഴുതും, കാവേരി തീരത്തെ. മണിരത്നം ഒരുക്കിയ ഷാരൂഖ് ഖാൻ ചിത്രം ദിൽസേയിലെ ജിയാജലെ എന്ന ഗാനത്തിലെ പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ എന്ന മലയാളം വരികൾ. എവർഗ്രീൻ ഹിറ്റ് ആയ സമ്മർ ഇൻ ബത്‌ലഹേമിലെ എവർഗ്രീൻ ഗാനങ്ങളായ എത്രയോ ജന്മമായ്, ഒരു രാത്രി കൂടി, മാരിവില്ലിൻ, ചൂളമടിച്ചു, കൺഫ്യൂഷൻ തീർക്കണമേ, കുന്നിമണി കൂട്ടിൽ. ചിന്താവിഷ്ടയായ ശ്യാമളയിലെ ആരോടും മിണ്ടാതെ, മീനത്തിൽ താലികെട്ടിലെ ദൂരേയൊരു താരം. കന്മദത്തിലെ മഞ്ഞക്കിളിയുടെ, മൂവന്തി താഴ്‌വരയിൽ. രക്തസാക്ഷികൾ സിന്ദാബാധിലെ പൊന്നാര്യൻ പാടം, വൈകാശി തെന്നലോ. ഒരു മറവത്തൂർ കനവിലെ സുന്ദരിയേ സുന്ദരിയേ. പ്രണയവർണ്ണങ്ങളിലെ എവർഗ്രീൻ ഹിറ്റുകളായ ആരോ വിരൽ, വരമഞ്ഞളാടിയ, കണ്ണാടി കൂടും കൂട്ടി, ഒത്തിരി ഒത്തിരി. ഉസ്താദിലെ വെണ്ണിലാ കൊമ്പിലെ, നാടോടിപൂത്തിങ്കൾ. മേഘത്തിലെ മഞ്ഞു കാലം നോൽക്കും, വിളക്കു വെക്കും, തുമ്പയും തുളസിയും, മാർഗ്ഗഴിയെ മല്ലികയെ, ഞാനൊരു പാട്ടു പാടാം. ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഹേയ് ചുമ്മാ ചുമ്മാ, കൊക്കി കുറുകിയും, നിലാ പൈതലേ, നിറത്തിലെ മിന്നി തെന്നും, യാത്രയായ്, ശുക്രിയാ. ശ്രദ്ധയിലെ ചോലമലങ്കാറ്റടിക്കണ്. മില്ലേനിയം സ്റ്റാർസിലെ മഹാ ഗണപതിം, കൃഷ്ണ കൃഷ്ണ, ഓ മുംബൈ, ശ്രാവൺ ഗംഗേ, പറയാൻ ഞാൻ മറന്നു. ഡ്രീംസിലെ കണ്ണിൽ കാശി തുമ്പകൾ, മണിമുറ്റത്താവണിപന്തൽ, പക്കാല പാടാൻ വാ, വാർത്തിങ്കൾ തെല്ലല്ലേ. നരസിംഹത്തിലെ പഴനിമല മുരുകന്. വല്ല്യേട്ടനിലെ അറുപത് തിരിയിട്ട, നിറനാഴി പൊന്നിൽ, നെറ്റിമേലെ പൊട്ടിട്ടാലും, ശിവമല്ലി പൂപൊഴിക്കും. അരയന്നങ്ങളുടെ വീടിലെ കാക്കപ്പൂ. മിസ്റ്റർ ബട്ട്ലറിലെ രാര വേണു. രാവണപ്രഭുവിലെ അറിയാതെ, പൊട്ടുകുത്തെടി, ആക്ഷദീപങ്ങൾ സാക്ഷി, തകില് പുകില്. ഈ പറക്കും തളികയിലെ കാ കാറ്റിലെ, പറക്കും തളിക, കുടമുല്ല കമ്മലണിഞ്ഞാൽ. രണ്ടാം ഭാവത്തിൽ മറന്നിട്ടുമെന്തിനോ. ദുബായിലെ ഒരു പാട്ടിൻ. പ്രജയിലെ ചന്ദനമണി. ഷാർജാ ടു ഷാർജയിലെ ചന്ദനതെന്നലായ്. കാക്കക്കുയിലിലെ ആരാരും കണ്ടില്ലല്ലോ, പാടാം വനമാലി, മേഘരാഗം, ആലാരെ ഗോവിന്ദ. ഫാന്റത്തിലെ വിരൽ തൊട്ടാൽ. കഥയിലെ മഴയുള്ള രാത്രിയിൽ. കുബേരനിലെ കന്നിവസന്തം, മണിമുകിലേ, ഒരു മഴ പക്ഷി പാടുന്നു. നന്ദനത്തിന്റെ നട്ടെല്ലായ ശ്രീലവസന്തം, മൗലിയിൽ, കാർമുകിൽ, മനസ്സിൽ മിഥുനമഴ. മീശമാധവനിലെ എന്റെ എല്ലാമെല്ലാമല്ലേ, കരിമിഴി കുരുവിയെ, പെണ്ണേ പെണ്ണേ, ചിങ്ങമാസം, എല്ലാവത്തൂര്, വാളെടുത്താൽ. ചതുരംഗത്തിലെ വലുതായൊരു. മനസ്സിനക്കരെയിലെ ചെണ്ടയ്ക്കൊരു കൊലുണ്ടെടാ, മറക്കുടയാൽ, മെല്ലെയൊന്നു പാടി നിന്നെ. സി.ഐ.ഡി മൂസയിലെ ചിലമ്പൊലി കാറ്റേ. പട്ടാളത്തിലെ ആരൊരാൾ, ആലിലക്കാവിലെ, പമ്പാ ഗണപതി, വെണ്ണക്കല്ലിൽ. ഗ്രാമഫോണിലെ എന്തേ ഇന്നും വന്നീലാ, നിനക്കെന്റെ, പൈക്കുറുമ്പിയെ, വിളിച്ചതെന്തിന്. മുള്ളവള്ളിയും തേന്മാവിൽ താമരനൂലിനാൽ. എന്റെ വീട് അപ്പൂന്റേമിലെ വാവാവോ വാവേ. മിസ്റ്റർ ബ്രഹ്മചാരിയിലെ കാനനക്കുയിലിന്, നിന്നെ കണ്ടാൽ. ഗൗരീശങ്കരത്തിലെ കണ്ണിൽ കണ്ണിൽ. ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ, ചോലക്കിളിയേ, കറു കറു കറുത്തൊരു, ചിലു ചിലും, മയിലാട്ടത്തിലെ മാമഴയിലെ. നമ്മൾ തമ്മിലിൽ ജൂണിലെ നിലാമഴയിൽ. ചതിക്കാത്ത ചന്തുവിലെ കാക്കോത്തി കാവിലെ, ഹോസൈന ഹോസൈന, മഴമീട്ടും, ലവ് ലെറ്റർ. മാമ്പഴക്കാലത്തിലെ കണ്ടു കണ്ടു. കഥാവശേഷനിലെ കണ്ണു നട്ടു കാത്തിരുന്നിട്ടും. അകലെയിലെ നീ ജനുവരിയിൽ, അകലെ. രസികനിലെ തൊട്ടുരുമ്മി. റൺവേയിലെ പുലരിയിലൊരു, നാട്ടുരാജാവിലെ മെയ് മാസം, ചിങ്കപ്പടയുടെ, കുട്ടുവാൽ കുറുമ്പി. വാമനപുരം ബസ്റൂട്ടിലെ എണ്ണിയെണ്ണി. അച്ചുവിന്റെ അമ്മയിലെ എന്തു പറഞ്ഞാലും, താമരക്കുരുവിക്ക്. കൊച്ചീരാജാവിലെ മുന്തിരിപ്പാടം. ചന്ദ്രോത്സവത്തിലെ മുറ്റത്തെത്തും, ആരാരും. പൊന്മുടിപ്പുഴയോരത്തിലെ ഒരു ചിരി കണ്ടാൽ. അനന്തഭദ്രത്തിലെ ശിവമല്ലിക്കാവിൽ, പിണക്കമാണോ. ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി. രാജമാണിക്യത്തിലെ പാണ്ടിമേളം. ആലീസ് ഇൻ വണ്ടർ ലാൻഡിലെ കണ്ണിലുമ്മ വെച്ചു. ബസ് കണ്ടക്ടറിലെ ഏതോ രാത്രി മഴ. രസതന്ത്രത്തിലെ പൂ കുങ്കുമപ്പൂ, ആറ്റിൻകരയോരത്തെ, തേവാരം നോക്കുന്നുണ്ടേ, പൊന്നാവണിപ്പാടം. വടക്കുംനാഥനിലെ ഗംഗേ, ഒരു കിളി, കളഭം തരാം, തത്തക തത്തക. ബൽറാം vs താരാദാസിലെ മത്താപൂവേ. പ്രജാപതിയിലെ പ്രജാപതി. കീർത്തീചക്രയിലെ കാവേരി നദിയെ, മുകിലേ മുകിലേ, പൂഞ്ചോലയ് കിളിയേ. വാസ്തവത്തിലെ അരപ്പവൻ, നാഥാ നീ വരുമ്പോൾ. ചക്കരമുത്തിലെ മറന്നുവോ, കരിനീല കണ്ണിലെന്തെടി. സ്പീഡ് ട്രാക്കിലെ ഒരു കിന്നരഗാനം, പാട്ടും പാടി. രാക്കിളിപ്പാട്ടിലെ ധും ധും ധും ധും, ശാരികെ നിന്നെ കാണാൻ, ഗോളിലെ എന്താണിന്നെന്നോടൊന്നും. അലിഭായിലെ പുഞ്ചിരിക്കണ പഞ്ചമി. റോക്ക് N റോളിലെ രാവേറെയായ്. കഥ പറയുമ്പോഴിലെ മാമ്പുള്ളി കാവിൽ. ഇന്നത്തെ ചിന്താവിഷയത്തിലെ കണ്ടോ കണ്ടോ, കസ്തൂരിപ്പൊട്ടും, മനസ്സിലൊരു. മാടമ്പിയിലെ അമ്മ മഴക്കാറിന്, കല്ല്യാണ കച്ചേരി, എന്റെ ശാരികേ. ട്വന്റി ട്വന്റിയിലെ ഓ പ്രിയാ. കുരുക്ഷേത്രയിലെ ഒരു യാത്രാ മൊഴിയോടെ. കേരള വർമ്മ പഴശ്ശിരാജയിലെ ഓടതണ്ടിൽ. ഓർക്കുക വല്ലപ്പോഴുമിലെ നല്ല മാമ്പൂപാടം. ബനാറാസിലെ ചാന്തു തൊട്ടില്ലേ, മധുരം ഗായതി, കൂവരം കിളി. ഇവർ വിവാഹതിരായാലിൽ എനിക്ക് പാടാനൊരു. ഈ പട്ടണത്തിൽ ഭൂതത്തിൽ മാമരങ്ങളെ. വൈരത്തിലെ നാട്ടു പാട്ടു കേട്ടോ. ജനകനിലെ ഒളിച്ചിരുന്നേ. പാപ്പി അപ്പച്ചയിലെ തമ്മിൽ തമ്മിൽ. ശിക്കാറിലെ എന്തെടി എന്തെടി, സെമ്പകമേ, പിന്നെ എന്നോടൊന്നും പറയാതെ. കാസനോവയിലെ ഓമനിച്ചുമ്മവെക്കുന്ന, Etc തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ ആയിരത്തി അഞ്ഞൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
കേൾക്കുന്നവർക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പറ്റുന്ന.... ആസ്വദിക്കാൻ പറ്റുന്ന.... ലളിതമായ വരികളാണ് അദ്ദേഹത്തിന്റെ ചില ഗാനങ്ങളുടെ പ്രത്യേകത, പക്ഷേ വരികളിലെ ലാളിത്യമല്ല അവയുടെ അർത്ഥങ്ങൾക്ക് എന്നത് മറ്റൊരു കാര്യം. ചില ഗാനങ്ങളുടെ വരികളാവട്ടെ കേൾക്കുന്നവരേയും ആലപിക്കുന്നവരേയും നക്ഷത്രമെണ്ണിക്കും താനും.
നമ്മുടെയൊക്കെ പുലരികളും സായാഹ്നങ്ങളും പ്രണയാർദ്രമാക്കി മാറ്റുന്ന പ്രിയ ഗാനങ്ങളിൽ മിക്കതിന്റേയും സൃഷ്ടാവ് ആ മനുഷ്യനാണ്. കാത്തിരിപ്പിന്റെ സുഖവും വിരഹത്തിന്റെ വേദനയും പകർന്നു തരുന്നവയിൽ മിക്കതും ആ തൂലികയിൽ നിന്ന് പിറന്നതാണ്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വരികളുടെ ശക്തിയും കാതലും.
"പിന്നേയും പിന്നേയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം..... പിന്നേയും പിന്നേയും ആരോ നിലാവത്ത് പൊൻവേണുവൂതുന്നു മൃദു മന്ത്രണം"
"കാത്തിരിപ്പൂ കണ്മണീ ...
കാത്തിരിപ്പൂ കണ്മണീ ...
ഉറങ്ങാത്ത മനമോടേ നിറമാർന്ന
നിനവോടെ മോഹാർദ്രമീ മൺ തോണിയിൽ.
കാത്തിരിപ്പൂ മൂകമായ്.
കാത്തിരിപ്പൂ മൂകമായ്."
"വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളി ഉറങ്ങി,
നിമിനേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി,
പുലരി തൻ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി അവളേ,
പനിനീർ മലരാക്കി,"
"ആരോ വിരൽ മീട്ടി മനസ്സിൻ മൺവീണയിൽ
ഏതോ മിഴിനീരിൽ ശ്രുതിമീട്ടുന്നു മൂകം
തളരും തനുവോടെ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിരഹാർദ്രയായ സന്ധ്യേ"
"ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണ് നീ "
"മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..."
"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ.... അത്രമേലിഷ്ടമായി നിന്നെയെൻ പുണ്ണ്യമേ..... ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികൾ".
ബന്ധങ്ങളെ അതിമനോഹരമായ വരികളിൽ ചാലിക്കുന്നതിലും ആ മനുഷ്യൻ ആഗ്രകണ്യനാണ്.
"അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ "
"ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിള്‍
ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിൽ
മറയുകയായി നീയാ ജ്വാലാമുഖം"
"ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ കാറ്റെൻ മൺവിളക്കൂതിയില്ലേ
കൂരിരുൾ കാവിന്റെ മുറ്റത്തെ മുല്ലപോലൊറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ"
"വെണ്ണിലാ കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരി
മഞ്ഞുനീർ തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ"
നൊസ്റ്റാൾജിയ ഉണർത്തുന്ന എത്രയെത്ര ഗാനങ്ങൾ
"തുമ്പയും തുളസിയും കുടമുല്ല പൂവും
തൊഴു കൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കോടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് "
"ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു"
ഇപ്പോഴും ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന എത്രയെത്ര ഗാനങ്ങൾ
"പഴനിമല മുരുകനു പള്ളി വേലായുധം
പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം
മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം
വരിക വരിക വടിവേലാ ഹരഹരോ ഹര ഹര
ഹരഹരോ ഹര"
"ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ ..ഹേയ്
ആലാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ ..
ആലാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ ..
ഇനി മിന്നലടിക്കും മേഘത്തിൽ
മിന്നി മിനുങ്ങും ഗോവിന്ദാ
തങ്കരഥത്തിൽ പാഞ്ഞെത്തീ
മംഗളമരുളും ഗോവിന്ദാ"
"തകിലു പുകില് കുരവ കുഴല് തന്തന തനം പാടി വാ
സടക്ക് സടക്ക് "
"ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും ആഹാ
മിന്നൽ വിളിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും"
വരികൾ കൊണ്ട് വിസ്മയം തീർത്ത
"ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം"
"ഗംഗേ.....
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളമൊരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ഗംഗേ"
ഗായകർക്ക് ഏറ്റവും എളുപ്പവും ഏറ്റവും ബുദ്ധിമുട്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കാനായിരിക്കും.
സൂര്യ കിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിലും, കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേയും, ചിങ്കാര കിന്നാരവും, നിലാവിന്റെ നീല ഭസ്മക്കുറിയും, കരിമിഴിക്കുരുവിയെ കണ്ടീലായും, എന്റെയെല്ലാമെല്ലാമല്ലേയും രചിച്ച ആ മനുഷ്യൻ തന്നെയാണ് ഗായകനെ അങ്ങറ്റം വെട്ടിലാക്കുന്ന
ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം
ഹെയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ
ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ തിരകടകമൊരിടിയും തടയും
താളം ...ഓ...കടകൻ താളമെന്നും,
കാവിനകത്തൊരു കാര്‍ത്തിക സന്ധ്യയിലന്നൊരു
കൈത്തിരി വച്ചു മടങ്ങി വരുംവഴി
പിന്നിമെടഞ്ഞിടുമാമുടിയൊന്നു തലോടിയോരുമ്മ
കൊടുത്തു കടന്നു കളഞ്ഞൊരു കള്ളനെ
നുള്ളിയതിന്നലെ എന്നതു പോലെ മനസ്സില്‍ തെളിയുന്നുവെന്നും,
വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ
ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ
ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് എന്നും,
കുതിര ചിതറുമൊരു പടരുമരിഗജം
അലറുമിവിടെയൊരു കഥയുടെ കനൽ വഴി
കടലു കടലിനൊരു അടവു പണിയുമിതു
യുദിര മുതിരുമൊരു കഥയുടെ പുതുമൊഴി
വാൾത്തല കോർത്തൊരു വൻപട പടയുടെ
ആൾബലമറിയുമൊരക്ക്ഷൗഹിനികളും
അഗ്നി കൊളുത്തിയ ചക്രവ്യൂഹവും
അവരുടെ കൈനില തകരും തന്ത്രവും
അഭിനവ പാണ്ഡവ കൗരവ നിരയുടെ
കഠിന കുരുക്ഷേത്രം
പ്രജാപതി ഈ മണ്ണിൻ പ്രജാപതി
പ്രജാപതി ഈ വിണ്ണിൻ പ്രജാപതി എന്നും,
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനവുമെല്ലാം രചിച്ചത്.
മൂന്ന് പതിറ്റാണ്ടുകളോളം ആ മനുഷ്യൻ മലയാളികളുടെ സുഖത്തിലും, ദുഃഖത്തിലും, പ്രണയത്തിലും, വിരഹത്തിലും, ആഘോഷത്തിലുമെല്ലാം അലിഞ്ഞു ചേർന്ന അനേകം ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചു. ജീവിതത്തിലെ പല ഘട്ടങ്ങളിലും പലർക്കും സാന്ത്വനമായതും ആ മനുഷ്യന്റെ വരികളായിരിക്കും. മലയാളി ഇത്രമേൽ ആരാധിക്കുന്ന.... ആഘോഷമാക്കിയ മറ്റൊരു ഗാനരചയിതാവില്ല എന്ന് നിസ്സംശയം പറയാം. ക്രിക്കറ്റ് എന്താണെന്ന് അറിയാത്തവർക്ക് പോലും സച്ചിൻ ആരാണെന്ന് അറിയാമെന്നത് പോലെ ഗാനരചയിതാക്കളെക്കുറിച്ച് വലിയ ധാരണയില്ലാത്തവരോട് പോലും ഗിരീഷ് പുത്തഞ്ചേരി ആരാണെന്ന് ചോദിച്ചാൽ അറിയും. കാരണം നമ്മുടെയൊക്കെ ഊണിലും ഉറക്കത്തിലും മൂളി നടക്കുന്ന വരികൾ നമുക്ക് വെറും സിനിമാ പാട്ടുകൾ മാത്രമല്ല ജീവിതം തന്നെയാണ്.... അത്രയ്ക്ക് നമ്മുടെയൊക്കെയുള്ളിൽ അലിഞ്ഞു ചേർന്നിട്ടുണ്ട് ആ മനുഷ്യന്റെ തൂലികയിൽ നിന്നും പിറന്നു വീണ മധുരമനോഹരമായ വരികൾ.
അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും മലയാള സിനിമയിൽ നികത്താനാവാത്ത ഒരു വിടവാണ്. ആ മനുഷ്യൻ മറ്റൊരു ലോകത്തേക് യാത്രയായപ്പോൾ മലയാള സിനിമക്കതൊരു തീരാ നഷ്ടമായി. എത്രയൊക്കെ തലമുറകൾ മാറി മറിഞ്ഞു വന്നാലും എന്നും പുതുമയോടെ തേജസ്സോടെ നില നിൽക്കുന്നതാണ് അദ്ദേഹമൊരുക്കിയ ഗാനങ്ങൾ.
സിനിമയിൽ പ്രിയദർശൻ - മോഹൻലാൽ എന്ന പോലെ സംഗീതത്തിൽ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ട്. അവരൊന്നിച്ചപ്പോഴെല്ലാം നമുക്ക് ലഭിച്ചത് അത്രയേറെ മികവുറ്റ ഗാനങ്ങളായിരുന്നു. പല സിനിമകളുടേയും നട്ടെല്ലും ആ ഗാനങ്ങളായിരുന്നു.
ഗാനരചനയ്ക്കൊപ്പം തന്നെ തിരക്കഥാകൃത്തായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ് കിന്നരിപ്പുഴയോരവും, വടക്കുംനാഥനുമെല്ലാം അദ്ദേഹത്തിന്റെ രചനകളാണ്.
അനേകം കവിതകളും ആ മനുഷ്യന്റെ തൂലികയിൽ നിന്നും പിറന്നിട്ടുണ്ട്.
ശാന്തമായ ഒരു രാത്രിയിൽ വാദ്യഘോഷങ്ങളുമായി നമുക്കിടയിലേക്ക് ഇറങ്ങി വന്ന് എന്നെന്നും ഓർത്തിരിക്കാൻ.... ആഘോഷമാക്കാൻ അനേകം മധുരമനോഹര ഗാനങ്ങൾ സമ്മാനിച്ച് 2010ൽ ആകാശദീപങ്ങളെ സാക്ഷിയാക്കി അകാലത്തിൽ ആ മൺവിളക്ക് എന്നന്നേക്കുമായി അണഞ്ഞു. ഹൃദയം കൊണ്ട് എഴുതിയ ഒരുപാട് ഗാനങ്ങൾ നമ്മുടെയൊക്കെ ഹൃദയത്തിലേക്ക് അലിച്ചു ചേർത്ത് കൊണ്ട് ആ മനുഷ്യൻ ഇപ്പോഴും ആദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളിലൂടെ മരണമില്ലാതെ ജ്വലിച്ചു നിൽക്കുന്നു.
പ്രണയത്തിന് മാറ്റു കൂട്ടിയും വർണ്ണമേറിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചും ആഘോഷങ്ങളിൽ അതിരില്ലാത്ത ആവേശമുണർത്തിയും ഇപ്പോഴും ആ മനുഷ്യന്റെ തൂലികയിൽ നിന്നും പിറന്നു വീണ ഗാനങ്ങൾ നമ്മെ ഭരിക്കുന്നു. പല യുവ ഗാനരചയിതാക്കൾക്കും പാഠപുസ്തകമായും, ആവേശമായും, പ്രചോദനമായും, ആത്മവിശ്വാസമായും, ധൈര്യമായും അദ്ദേഹത്തിന്റെ വരികൾ തെളിഞ്ഞു നിൽക്കുന്നു.
ഏഴ് തവണ കേരള സർക്കാരിന്റെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. മറ്റുള്ള അനവധി പുരസ്‌കാരങ്ങളും ആ അതുല്യ കലാകാരന് മുന്നിൽ പലപ്പോഴായി മുട്ടു മടക്കി.
"നിന്‍റെ നന്ദനവൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍
വരും ജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍"
"ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം
പിന്നേയും പിന്നേയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം. പിന്നേയും പിന്നേയും ആരോ നിലാവത്ത് പൊൻവേണുവൂതുന്ന മൃദു മന്ത്രണം."
ഒരു വയലാറോ ഭാസ്ക്കരൻ മാഷോ ഒന്നും ആവാൻ അദ്ദേഹത്തിന് പറ്റിയില്ലെങ്കിലും അവരേക്കാളേറെ ജനപ്രീതി ഈ മനുഷ്യൻ നേടിയിട്ടുണ്ടേൽ അതിന് കാരണം അദ്ദേഹത്തിന്റെ വരികളുടെ മനോഹാരിത കൊണ്ട് തന്നെയാണ്. അതിനിപ്പോ ആരൊക്കെ എന്തൊക്കെ കുറ്റങ്ങൾ കൊണ്ട് വന്ന് നിരത്തിയാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാവ് പുളിക്കൂൽ കൃഷ്ണ പണിക്കരുടേയും മീനാക്ഷി അമ്മയുടേയും മകൻ, ബീനയുടെ പതി, ജിതിന്റേയും ദിൻനാഥിന്റേയും അച്ഛൻ, കൂട്ടുകാരുടെ പുത്തൻ, ഞങ്ങൾ കോഴിക്കോട്ടുകാരുടെ അഭിമാനങ്ങളിൽ ഒന്നായ ഗിരീഷ് പുത്തഞ്ചേരിയെന്ന ഇതിഹാസം തന്നെയാണ്. വരികളിലെ ഒഴുക്ക് വാക്കുകളിൽപ്പോലും സൂക്ഷിച്ചിരുന്ന അതുല്യ പ്രതിഭ. ❤️❤️
ഗിരീഷ് പുത്തഞ്ചേരി ശാന്തമായൊരു രാത്രിയിൽ വാദ്യഘോഷങ്ങളുമായി പടികടന്നെത്തിയൊരു പദനിസ്വനം.
-വൈശാഖ്.കെ.എം
ഗിരീഷ് പുത്തഞ്ചേരി : ശാന്തമായൊരു രാത്രിയിൽ വാദ്യഘോഷങ്ങളുമായി പടികടന്നെത്തിയൊരു പദനിസ്വനം
Reviewed by
on
13:24
Rating:

No comments: