സംസ്ഥാന അവാർഡുകളും വിവാദങ്ങളും

  ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന അവാർഡുകളെ പറ്റിയാണല്ലോ ഇപ്പൊ ചൂടു പിടിച്ച ചർച്ചകൾ നടക്കുന്നത് അതിൽ ഒരു വിഭാഗം ഹൃദയം എന്ന സിനിമയ്ക്ക് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനെ വല്ലാതെ വിമർശിക്കുന്നത് കണ്ടു. വിമർശനം എന്ന് പറയാമോ എന്നറിയില്ല ഒരു തരം കീറിമുറിക്കൽ ആയിട്ടാണ് അത് കണ്ടപ്പോൾ തോന്നിയത്.

എന്റെ അഭിപ്രായത്തിൽ ഹൃദയം ഒരു ജനപ്രിയ സിനിമ തന്നെയാണ്. ഒരിക്കലും അതൊരു അർഹിക്കാത്ത അവാർഡ് ആയിട്ട് തോന്നിയിട്ടില്ല. ഹൃദയം കേരളത്തിൽ റിലീസ് ചെയ്യുന്നത് വളരെ മോശം സമയത്താണ്. കോവിഡ് അതിന്റെ പീക്കിൽ നിൽക്കുന്ന സമയം, അഞ്ചോളം ജില്ലകൾ മുഴുവനായും അടച്ചിട്ട സമയം, ഒരു സിനിമയ്ക്ക് ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ദിവസമായ ഞായറാഴ്ച കേരളം മുഴുവൻ ലോക്ക്ഡൗൺ ആയിരുന്ന സമയം.... അത്തരത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് അത് ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. അത്തരം ഒരു സമയത്ത് മനുഷ്യൻ പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന ഒരു സമയത്ത് റിലീസ് ചെയ്ത ആ സിനിമ അത്തരമൊരു വലിയ വിജയം നേടിയിട്ടുണ്ടേൽ അത് ജനങ്ങൾ കണ്ടത് കൊണ്ട് തന്നെയാണല്ലോ അല്ലേ..? ഒരു സിനിമ വിജയമാകുന്നത് ഭൂരിപക്ഷം പ്രേക്ഷകർക്കും ഇഷ്ടപ്പെടുമ്പോൾ ആണല്ലോ. അത്തരമൊരു മോശം സമയത്തും ഫാമിലിയടക്കമുള്ള പ്രേക്ഷകർ തിയ്യേറ്ററുകളിലേക്ക് ഒഴുകിയെത്തിയത് കൊണ്ട് തന്നെയാണല്ലോ ആ സിനിമ വലിയ വിജയമായത്. യുവത്വത്തിനിടയിലടക്കം ആ സിനിമ ഒരു തരംഗവുമായിരുന്നു. ഒരു സിനിമ ജനപ്രിയമാകുന്നത് അതിലെ എല്ലാ വശങ്ങളും കണക്കിലെടുത്താണല്ലോ.... ഹൃദയത്തിലെ ഗാനങ്ങൾ വലിയ തരംഗമായിരുന്നു മലയാളികൾ ഈയിടെ ഇത്രത്തോളം ആഘോഷമാക്കിയ പാട്ടുകൾ ഇല്ല എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിലെ നാല് ഗ്രൂപ്പുകളിൽ ക്രിഞ്ച് ഫെസ്റ്റ് എന്നും (അത് അവരുടെ അഭിപ്രായം അതിനെ മാനിക്കുന്നു ) അത് കണ്ട് ഇഷ്ടപ്പെട്ടവർ മുഴുവൻ വിഡ്ഢികൾ ആണെന്നും ആസ്വാദന നിലവാരം ഇല്ലാത്തവർ ആണെന്നും (അതിനെ അംഗീകരിക്കാൻ പറ്റില്ല ) ചിലര് വിധിയെഴുതിയത് കൊണ്ട് മാത്രം ആ സിനിമ മോശമാവുകയും ജനപ്രിയമല്ലാതാകുകയുമില്ലല്ലോ.... ഭൂരിപക്ഷം പ്രേക്ഷകരും അംഗീകരിച്ചത് കൊണ്ടും ഏറെ റിപ്പീറ്റഡ് ഓഡിയൻസ് വന്നത് കൊണ്ടുമൊക്കെ തന്നെയാണ് ഹൃദയം ഇന്നീ കാണുന്ന കോടികളുടെ കിലുക്കം സ്വന്തമാക്കിയതും പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടി വലിയ വിജയമായതും. ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്ത് തന്നെയാകണം ഹൃദയം ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തതും. മറ്റുള്ള സിനിമകൾക്ക് കൊടുക്കാമായിരുന്നു എന്ന് പറയുന്നതിൽ അല്ല മറിച്ച് ഹൃദയം അത് അർഹിക്കുന്നില്ല എന്ന് പറയുന്നതിനോട് മാത്രം എതിർപ്പുണ്ട്. ഹൃദയം ഒരു ജനപ്രിയ സിനിമ തന്നെയാണ്. അതിനുള്ള ഏറ്റവും വലിയ തെളിവ് ഏറ്റവും മോശം സമയത്ത് റിലീസ് ചെയ്തിട്ട് പോലും ആ സിനിമ നേടിയ വലിയ വിജയം തന്നെയാണ്.

ഇനി മറ്റുള്ള അവാർഡുകളിലേക്ക് വന്നാൽ അവാർഡ് നേടിയവരോട് ഒന്നും ഒരു വിരോധവുമില്ല. വ്യക്തിപരമായ അഭിപ്രായം ഹോം എന്ന സിനിമയിലെ പ്രകടനങ്ങൾക്ക് ഇന്ദ്രൻസ് ചേട്ടനും മഞ്ജു പിള്ള ചേച്ചിയും അംഗീകാരങ്ങൾ അർഹിച്ചിരുന്നു എന്നതാണ്. അവർക്ക് ആ മികവിനുള്ള പുരസ്‌കാരങ്ങൾ ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.

ഒരുപാട് മാറ്റങ്ങൾ പല കാര്യങ്ങളിലും സംഭവിക്കുമ്പോൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒന്നായി തോന്നിയ ഒരു കാര്യം ഈ അവാർഡുകൾക്ക് പരിഗണിക്കുമ്പോൾ ഓഫ്‌ബീറ്റ് സിനിമകളെ അല്ലേൽ അത്തരം കാറ്റഗറികളിൽപ്പെടുന്ന സിനിമകളെ അതായത് വലിയൊരു വിഭാഗം അവാർഡ് സിനിമകൾ എന്ന് പേരിട്ട് വിളിക്കുന്ന സിനിമകളെ കൂടുതൽ ആയി തിരഞ്ഞെടുത്ത് എന്റർടൈനറുകളെ അവഗണിക്കുന്നതിനെ പറ്റിയാണ്. സിനിമ നന്മ മാത്രം പറയാനോ അല്ലേൽ സമൂഹം നന്നാക്കാനോ ഉള്ള കണ്ണാടിയോ ഉപദേശം നൽകാനുള്ള ക്ലാസ്സോ ഒന്നും അല്ലല്ലോ സിനിമ 99 ശതമാനം പ്രേക്ഷകർക്കും ഒരു വിനോദോപാദി മാത്രമാണ്. അപ്പൊ അവരെ കൂടുതൽ രസിപ്പിക്കുന്ന സിനിമകളെ ഇത്തരം പുരസ്‌കാരങ്ങളിലേക്ക് കൂടുതൽ തിരഞ്ഞെടുത്തുകൂടെ. മസാല സിനിമകളിൽ അല്ലേൽ എന്റർടൈനറുകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെക്കുന്ന എത്ര അഭിനേതാക്കളുണ്ട്.... ചന്ദ്രലേഖയെന്ന സിനിമയൊക്കെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പക്ഷേ പലപ്പോഴും അവരെ അല്ലേൽ അത്തരം സിനിമകളെ തഴയുന്ന കാഴ്ചകളാണ് കൂടുതൽ കാണുന്നത്. അവാർഡ് എന്നാൽ കരഞ്ഞ് അഭിനയിക്കുന്നതിന് മാത്രമാണ് എന്നുള്ള ധാരണയുള്ള ഒരുപാട് ആളുകൾ ഉണ്ട് മാറി മാറി വരുന്ന ജൂറികളിൽ അടക്കം അത്തരം ഒരുപാട് പേരുണ്ട്. ഓഫ്ബീറ്റ് സിനിമകൾക്കും മറ്റും അവാർഡ് നൽകുന്നതിൽ അല്ല എന്റർടൈനറുകൾക്ക് നേരെ മുഖം തിരിക്കുന്നതിനോട്‌ ആണ് എതിർപ്പുള്ളത്. ചിലപ്പോൾ ഈ ചിന്ത തെറ്റാവാം അതിന് പിന്നിൽ മറ്റു കാരണങ്ങൾ വല്ലോം ഉണ്ടാവാം എന്നാലും വ്യക്തിപരമായ അഭിപ്രായം അത്തരം സിനിമകളേയും അതിലെ പ്രകടനങ്ങളേയും തഴയാതെ ഇത്തരം പുരസ്‌കാരങ്ങളിലേക്ക് പരിഗണിക്കണം എന്നാണ്. അതാണ് ആഗ്രഹം. കരയുന്നതും വിഷാദ ഭാവത്തിൽ നടക്കുന്നതും മാത്രമല്ലല്ലോ അഭിനയം, ചിരിക്കുന്നതും ചിരിപ്പിക്കുന്നതും അഭിനയം തന്നെയാണ് അതും കഴിവ് തന്നെയാണ് അവരും മികച്ച അഭിനേതാക്കൾ തന്നെയാണ്. എന്റർടൈനറുകളിലും മികച്ച സിനിമകൾ വരുന്നുണ്ട് (ഈ വർഷം ഉണ്ടായിരുന്നു എന്നൊന്നുമല്ല പൊതുവായി പറഞ്ഞതാണ്) അർഹിച്ച പല അംഗീകാരങ്ങളും നഷ്ടമായ അത്തരം ഒരുപാട് സിനിമകളും, കലാകാരന്മാരുമുണ്ട് അപ്പൊ അത്തരം സിനിമകളെ കൂടെ അയിത്തം കൽപ്പിക്കാതെ ഒരുപോലെ ഇത്തരം സർക്കാർ നൽകുന്ന പുരസ്‌കാരങ്ങൾക്ക് പരിഗണിക്കണം എന്നുള്ളത് ഒരു ആഗ്രഹമാണ്,അത് വലിയൊരു വിഭാഗം പ്രേക്ഷകർക്ക് വിലകൽപ്പിക്കുന്നതിന് തുല്ല്യവുമാണ്.

-വൈശാഖ്.കെ.എം
സംസ്ഥാന അവാർഡുകളും വിവാദങ്ങളും സംസ്ഥാന അവാർഡുകളും വിവാദങ്ങളും Reviewed by on 08:46 Rating: 5

No comments:

Powered by Blogger.