മാറ്റങ്ങൾ

  ചെറുപ്പത്തിൽ ആസ്വദിച്ചിരുന്ന എന്നാൽ ഇപ്പൊ ഒട്ടും ആസ്വദിക്കാൻ പറ്റാതായ ഒരുപാട് കാര്യങ്ങളുണ്ട് ജീവിതത്തിൽ. അത്തരത്തിൽ ചിലതാണ് ഈ ഉത്സവങ്ങളും, പൂരങ്ങളും, വെടിക്കെട്ടും തുടങ്ങിയവയെല്ലാം.

ചെറുപ്പത്തിൽ ഈ ഉത്സവപ്പറമ്പുകളിലൊക്കെ പോകാൻ വലിയ താല്പര്യമായിരുന്നു വല്ലാത്തൊരു കൗതുകത്തോടെ നോക്കി നിന്നവയായിരുന്നു ക്ഷേത്രങ്ങളിലേയും മറ്റുമൊക്കെ ഉത്സവങ്ങളും മറ്റും. കോഴിക്കോട് ഭാഗത്തൊക്കെ വർഷത്തിൽ ഒരിക്കൽ ചില ക്ഷേത്രങ്ങളിൽ ഉണ്ടാവാറുള്ള ഒരു ഉത്സവമാണ് തിറ. അതൊക്കെ കുട്ടിക്കാലത്ത് ഒരുപാട് ആസ്വദിച്ചു കണ്ടു നിന്നവയായിരുന്നു പക്ഷേ ഇപ്പൊ അതൊന്നും ഒട്ടും ആസ്വദിക്കാൻ പറ്റാറില്ല. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവർക്കൊപ്പം മനസ്സില്ലാ മനസ്സോടെയാണ് ഇപ്പൊ അത്തരം പരിപാടികൾക്ക് ഒക്കെ പോകാറുള്ളത്. അവരൊക്കെ അതൊക്കെ അതിൽ ലയിച്ച് നിന്ന് ഭയങ്കരമായി ആസ്വദിക്കുമ്പോൾ ഞാൻ വല്ലാതെ ബോർ അടിച്ച് ആ തിരക്കിൽ നിന്നുമൊക്കെ മാറി എവിടേലും പോയി ഒറ്റയ്ക്ക് ഇരിക്കും. ഈ ചെണ്ടമേളങ്ങൾക്ക് അനുസരിച്ച് കൈകളും തലയും ചലിപ്പിച്ച് അതിൽ ലയിച്ചിരിക്കുന്ന കൂട്ടുകാരെയൊക്കെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് കാരണം എത്രയൊക്കെ മനസ്സ് ഏകാഗ്രമാക്കി ആ മേളം കേട്ട് ഇരുന്നാലും എനിക്ക് അത് ആസ്വദിക്കാൻ പറ്റാറില്ല. അതേപോലെ തന്നെയാണ് വെടിക്കെട്ടുകളും. ഉത്സവപ്പറമ്പുകളിലേക്ക് പോകുമ്പോൾ ഏറ്റവും അവസാനം ഉണ്ടാവുന്ന ഒരു പരിപാടിയാണ് വെടിക്കെട്ട് ഏകദേശം അർദ്ധരാത്രിയോട് അടുക്കുമ്പോൾ ആവും പല സ്ഥലങ്ങളിലും ഈ വെടിക്കെട്ട് ഉണ്ടാവാറ്. ഉറങ്ങി തൂങ്ങി ദേഷ്യം പിടിച്ച് കൂടെയുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി വെടിക്കെട്ട് കാണാൻ നിൽക്കും. പൊട്ടുന്നതിന്റെ ഏറ്റവും അടുത്ത് നിന്ന് വേണം പലർക്കും ഇത് ആസ്വദിക്കാൻ. സ്വതവെ നന്നായി പേടിയുള്ള എനിക്ക് അടുത്ത് പോയിട്ട് ആ ഏരിയയിൽ നിൽക്കാൻ ഇഷ്ടമല്ല. ഇത് പൊട്ടി തുടങ്ങുമ്പോൾ ഞാൻ പിന്നോട്ട് വലിയും. ഇവരൊക്കെ ആസ്വദിക്കുന്ന ആ ശബ്ദവും മറ്റും ഞാനും ഒരു കാലത്ത് ആസ്വദിച്ചിരുന്നു പക്ഷേ ഇപ്പൊ എനിക്കത് വല്ലാത്ത ഇറിറ്റേഷൻ ആയി മാറിയിരിക്കുന്നു. അപ്പൊ വിഷുവിന് വീട്ടിൽ ഇതൊക്കെ ചെയ്യാറുണ്ടല്ലോ എന്ന ചോദ്യം മനസ്സിൽ വരുന്നവരോട് ആയി പറയുന്നു. ഏറ്റവും പ്രിയപ്പെട്ടവരുടെ കൂടെ ഒരുമിക്കുമ്പോൾ ആ പൊട്ടുന്നതിലേക്കും ചീറ്റുന്നതിലേക്കും ഒരിക്കലും ശ്രദ്ധ പോകാറില്ല മറിച്ച് അവരുടെ ഒപ്പമുള്ള നിമിഷങ്ങളാണ് ആഘോഷമാക്കാറുള്ളത്.

ഉത്സവപ്പറമ്പുകളിലും, പൂരപ്പറമ്പുകളിലുമൊക്കെ ഇപ്പൊ കൂട്ടുകാർക്കും, സഹോദരങ്ങൾക്കുമൊപ്പമൊക്കെ പോകുമ്പോൾ സമയം പോകാൻ കൂടെയുള്ളവരോട് എന്തേലും തമാശകൾ ഒക്കെ പറഞ്ഞ് മിണ്ടിയും പറഞ്ഞും നിൽക്കാറാണ് പതിവ്. അല്ലേൽ അതിനടുത്തുള്ള വല്ല തട്ടുകടകളിലും പോയി ഭക്ഷണം കഴിച്ച് ഇരിക്കും. ഞാൻ പകുതി വെച്ച് പോയി അവരുടെ ആസ്വാദനത്തിനും സന്തോഷത്തിനും അതൊരു പ്രശ്നമാവരുതല്ലോ എന്നുള്ള ചിന്തയിൽ വിശക്കുന്നു എന്നോ ദാഹിക്കുന്നു എന്നോ ഒക്കെ പറഞ്ഞ് ഇപ്പൊ വരാം എന്നും പറഞ്ഞ് മെല്ലെ അവിടെ നിന്നും മാറി നിൽക്കും.

അന്നും ഇന്നും ഒട്ടും ബോറടിക്കാതെ അതേ ആവേശത്തോടും അത്ഭുതത്തോടും കൂടെ ആസ്വദിക്കുന്നത് സിനിമയും,ക്രിക്കറ്റും, യാത്രകളുമൊക്കെയാണ്. ഉത്സവങ്ങളും പൂരങ്ങളുമൊക്കെ ആഘോഷമാക്കുന്നവരോട് യാതൊരു എതിർപ്പുമില്ല മറിച്ച് അസൂയ മാത്രമേയുള്ളൂ, എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു സമയത്ത് ആസ്വദിച്ചിരുന്ന അവയൊന്നും ഇപ്പൊ എനിക്ക് ആസ്വദിക്കാൻ പറ്റുന്നില്ലല്ലോ എന്ന അസൂയ.

ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ ഒന്നാണ് ഈ പറഞ്ഞതും. മുൻപ് ആസ്വദിച്ചിരുന്ന പലതിനോടും ഇന്ന് തോന്നുന്ന വിരക്തി. അതുകൊണ്ട് തന്നെ കൂട്ടുകാരൊക്കെ അത്തരം സ്ഥലങ്ങളിലേക്ക് ക്ഷണിക്കുമ്പോൾ എന്തേലുമൊക്കെ കാരണങ്ങൾ ഉണ്ടാക്കി മാക്സിമം ഒഴിവാകാൻ ശ്രമിക്കും. എന്നിട്ടും നിർബന്ധിച്ച് കൂട്ടി കൊണ്ട് പോകുമ്പോൾ മേല്പറഞ്ഞത് പോലെ അതിൽ നിന്നുമൊക്കെ മാറി നടക്കും. എത്രയൊക്കെ അവ നോക്കി നിന്നാലും ഒരു വികാരവും തോന്നില്ല ആസ്വദിക്കാനും പറ്റില്ല. അപ്പൊ പിന്നെ ആ ആൾക്കൂട്ടത്തിലെ ചൂടും പുകയും കൊണ്ട് നിന്ന് കാല് കഴക്കുന്നതിലും നല്ലത് അവിടെ നിന്നും മാറി നിൽക്കുന്നത് ആണല്ലോ.... ആ സ്ഥലം ഇതൊക്കെ താല്പര്യം ഉള്ളവർക്ക് ഉപകാരം ആവട്ടെ എന്ന് കരുതും. എന്നിട്ട് നമുക്ക് താല്പര്യമുള്ള കാര്യങ്ങളിലേക്ക് കടക്കും. അതാണല്ലോ അതിന്റെയൊരു ശരി അല്ലേ..?

-വൈശാഖ്.കെ.എം
മാറ്റങ്ങൾ മാറ്റങ്ങൾ Reviewed by on 00:23 Rating: 5

No comments:

Powered by Blogger.