ബോഡി ഷേമിങ് ആഘോഷമാക്കുമ്പോൾ

  ലവ് ടുഡേ എന്ന സിനിമയുടെ ക്ലൈമാക്സ്സിനോട്‌ അടുപ്പിച്ച് യോഗി ബാബുവിന്റെ ഒരു രംഗമുണ്ട്. വല്ലാതെ മനസ്സിനെ സ്പർശിച്ച ഒരു രംഗം. 

"യോഗി ബാബു : നിന്റെ ചേച്ചി എന്നെ എന്താ വിളിക്കുന്നത് എന്ന് അറിയോ..?
ഡാർക്ക് ചോക്ലേറ്റ്....

(പ്രദീപ്‌ ചിരിക്കുന്നു)

യോഗി ബാബു : കണ്ടില്ലേ ഞാൻ നല്ലത് എന്ന് കരുതുന്നത് നിങ്ങൾക്ക് തമാശയായിട്ട് തോന്നുന്നല്ലേ.... ഇതുപോലെ തന്നെ ഫോണിൽ കുറേയുണ്ട്.... നിങ്ങൾ ഈ സെൽഫി ടിക്ക് ടോക്ക് ഒക്കെ മുൻപ് ചെയ്തിട്ടുണ്ടോ..?

(പ്രദീപ്‌ ഉണ്ടെന്ന് തലയാട്ടുന്നു)

യോഗി ബാബു : അതൊക്കെ കണ്ടിട്ട് നിങ്ങളുടെ കൂട്ടുകാർ എന്താ പറഞ്ഞത്..?

രവീണ : ലൈക്ക് ചെയ്തിട്ട് പോകും

യോഗി ബാബു : പക്ഷേ എന്നോട്.....

(അയ്യോ അവന്റെ മോന്ത കണ്ടില്ലേ,മുഖം ചാണകം പുരണ്ടത് പോലുണ്ട്,ഓരോരുത്തരുടെ മുഖം ഓരോ ഷേപ്പിൽ ആയിരിക്കും പക്ഷേ ഇവന്റെ മുഖം എന്ത് ഷേപ്പ് ആണെന്ന് അറിയില്ല,നിന്റെ ഫോട്ടോ എടുത്തപ്പോൾ ക്യാമറയുടെ ഫിൽട്ടർ കരിഞ്ഞു പോയി,എല്ലാവർക്കും വയറിൽ ആണ് കുടവയർ ഉള്ളത് നിനക്ക് മുഖത്ത് കുടവയർ ആണല്ലോടാ....)

യോഗി ബാബു : ഒരു കാര്യം ശ്രദ്ധിച്ചോ.... എല്ലാ ഫോണിലും ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാവും അതിൽ ആരും ആക്റ്റീവ് ആയിരിക്കുകയില്ല പക്ഷേ ആ ഗ്രൂപ്പിൽ ഉള്ള ഒരുത്തൻ ഉണ്ടാവും അവനെ കളിയാക്കിയാൽ എല്ലാവരും ആക്റ്റീവ് ആവും. ആ ഒരുത്തൻ ഞാനാണ്. എന്റെ ഫോട്ടോ സ്ക്രീൻ ഷോട്ട് എടുത്ത് മീംസ് ഉണ്ടാക്കി വെറുതേ കളിയാക്കും,ഇവനെ കളിയാക്കിയാ എല്ലാരും ചിരിക്കും എന്നോർത്ത് അത് തന്നെയിടും. അത് പേടിച്ചിട്ടാ ഫോട്ടോ എഡിറ്റ്‌ ഞാൻ നടത്തിയത്. കഴിഞ്ഞ ആഴ്ച എന്റെ കല്യാണക്കുറി എന്റെ ഫ്രണ്ടിന് അയച്ചിരുന്നു അവൻ ഉടനെ അത് ഗ്രൂപ്പിൽ ഇട്ടു.... പിന്നെ എന്താ നടന്നത് എന്ന് അറിയോ..?

(ഇവന് ഇവളോ..? ചെരുപ്പൂരി അടിക്കണം പെണ്ണിനെ,എന്ത് പാവാടാ കല്യാണപ്പെണ്ണ്,ഇവനെ കെട്ടിയിട്ട് ഒരു കാര്യവും ഇല്ല വല്ല റെയിൽ പാളത്തിലും കൊണ്ട് തല വെക്കുന്നത് ആണ് നല്ലത്.)

യോഗി ബാബു : എന്റെ കല്യാണ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് എന്താന്ന് അറിയോ..? കിളി വെഡ്സ് കിങ് കോങ്. കിളി നിന്റെ ചേച്ചി കിങ് കോങ് ഞാൻ.

യോഗി ബാബു : നാല് പേര് എന്നെ നോക്കി കളിയാക്കി ചിരിക്കുമ്പോൾ അവരുടെ മനസ്സിൽ എന്ത് ആനന്ദമാണോ എന്ത് സന്തോഷമാണോ.... അല്ല നമ്മൾ വലിയ ജോക്കർ ആണെന്ന് കരുതിയേക്കുവാണോ എന്ന് അറിയില്ല. പക്ഷേ എനിക്ക് എന്താ തോന്നുന്നത് എന്ന് അവർക്ക് അറിയില്ല അല്ലേ....."

ഇതാണ് ആ രംഗം.

ശരിക്കും ഈയൊരു അവസ്ഥ അനുഭവിച്ചവർക്ക് അറിയാം അത് എത്രത്തോളം ഭീകരമാണെന്ന്.

ഇത് ഇപ്പൊ പറയാൻ കാരണം പുതിയ സിനിമയുടെ പ്രമോഷന് വന്നിരുന്ന പ്രമുഖ നടനോട് ബോഡി ഷേമിങ് ജോക്കുകളെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി കാരണമാണ്.

"നടൻ : ബോഡി ഷേമിങ്ങിന്റെ കാര്യം പറഞ്ഞിട്ട് ആണേൽ അയ്യോ അത് പറയണ്ട അത് ബോഡി ഷേമിങ് ആവും, അപ്പൊ ഞാൻ ചോദിച്ചു അത് നിയമമാണോ..? നിയമം ഉണ്ടെങ്കിൽ നമ്മൾ അത് പാലിക്കണം. അത് കുറച്ച് ആൾക്കാർ ഉണ്ടാക്കിയേക്കുന്ന വിഷയം അല്ലേ..? അത് അതിന്റെ വഴിക്ക് വിടൂ അത് അവര് പറഞ്ഞോട്ടെ നമുക്ക് എന്താ..... നിങ്ങൾക്ക് കുഴപ്പമില്ലല്ലോ.... എന്നെ ഒരാൾ കളിയാക്കുന്നതിൽ എനിക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എന്താ കുഴപ്പം..? നമ്മൾ ഒരുപാട് സിനിമകളിൽ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയാണ്..... ഇപ്പൊ കുഞ്ഞിക്കൂനൻ ചെയ്യുമ്പോൾ തന്നെ ഓപ്പോസിറ്റ് ഒരു ചെറിയ മുടന്ത് ഉള്ള ആള് വന്നപ്പോ ഇയാള് പെണ്ണ് കാണാൻ പോകുമ്പോൾ അവനെ കണ്ടതിന്റെ പ്രശ്നമാണ്. അത് കളിയാക്കലിന്റെ ഒരു രീതിയാണ്."

ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി ഇതൊക്കെ പറഞ്ഞ് അദ്ദേഹം ചിരിക്കുന്നുമുണ്ട്.

ബോഡി ഷേമിങ് ജോക്കുകളും,റേപ്പ് ജോക്കുകളും മറ്റും സിനിമയുടെ ഭാഗമാക്കി നായകൻ അതിനെ ഗ്ലോറിഫൈ ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നം ഇവര് മനസ്സിലാക്കുന്നില്ല എന്നത് സങ്കടമാണ്. അതിലും വിഷമം ഇത്തരം കാര്യങ്ങളിലെ ഇവരുടെ ചിന്താഗതിയാണ്.

ചാനലുകളിലെ കോമഡി ഷോകളിൽ ഇത്തരം രംഗങ്ങൾ വരുന്നതിനെ പറ്റി ചോദിച്ചപ്പോൾ അതിലെ കലാകാരൻ പറഞ്ഞത് ഇതൊക്കെ ഞങ്ങൾ ജീവിക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നാണ്.

ഒരു കമ്മ്യൂണിറ്റിയെ വികലമാക്കി ഒരു സിനിമ വന്നതിന്റെ പേരിൽ ആ സിനിമയുടെ ടൈറ്റിൽ വെച്ച് ഇപ്പോഴും അവരെ കളിയാക്കുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. സിനിമ ആളുകളെ വല്ലാതെ സ്വാധീനിക്കുന്ന ഒരു മീഡിയമാണ്. പ്രത്യേകിച്ച് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള താരങ്ങൾ ഇതൊക്കെ കാണിക്കുമ്പോൾ വലിയൊരു വിഭാഗവും അത് ഏറ്റെടുക്കും എന്നതാണ് പ്രശ്നം.

മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തിൽ എത്രത്തോളം കോമഡി ഉണ്ടാക്കാം.... എന്നാലും ഇതൊക്കെ ചെയ്തേ പറ്റൂ എന്നാണ് പലർക്കും. 

നീ വെറും പെണ്ണാണ് എന്ന് പറയുമ്പോഴും,കാല് മടക്കി തൊഴിക്കാൻ ഒരു പെണ്ണിനെ വേണം എന്ന് പറയുമ്പോഴുമെല്ലാം കൈയ്യടി വീഴുന്നത് അത് പറയുന്നത് നായകൻ ആയത് കൊണ്ട് ആണ്. അയാൾ അതിനെ അവിടെ ഗ്ലോറിഫൈ ചെയ്യുകയാണ്. അതേപോലെ തന്നെയാണ് കിടക്കുന്ന കിടപ്പ് കണ്ടില്ലേ ഒരു റേപ്പ് അങ്ങ് വെച്ച് തന്നാലുണ്ടല്ലോ എന്ന് പറയുമ്പോഴും നിന്നെ കൊണ്ട് പച്ചമാങ്ങ തീറ്റിക്കും എന്ന് പറയുമ്പോഴും ആളുകൾ ചിരിക്കുന്നത്. അവിടേയും നായകൻ അത് പറയുന്നത് ആണ് പ്രശ്നം. അത് ആളുകളുടെ മനസ്സിൽ അവര് പോലും അറിയാതെ ഒരു ആഘോഷം പോലെ പതിഞ്ഞു പോവുകയാണ്. ഇതൊക്കെ പണ്ടത്തെ സിനിമയല്ലേ അന്ന് കാലം അങ്ങനെയല്ലേ എന്നൊക്കെ പറയുന്നവർ ഉണ്ട്.... ശരിയാണ് പണ്ടത്തെ സിനിമയാണ്.... സിനിമ അതാത് കാലങ്ങളിലെ കണ്ണാടിയാണ്. എല്ലാം ശരിയാണ് പക്ഷേ അതൊക്കെ വലിയൊരു വിഭാഗം ഇന്നും ആഘോഷമാക്കുന്നുണ്ട് എന്നതാണ് പ്രശ്നം. അതാണ് സിനിമയുടെ പവർ.

അംഗവൈകല്യമുള്ള ഒരു കഥാപാത്രത്തെ കളിയാക്കുമ്പോൾ കൊള്ളുന്നത് അത്തരത്തിൽ ഉള്ള എല്ലാവർക്കും ആയിരിക്കും.

അതേപോലെ ചെറുപ്പം മുതലേ കറുപ്പ് എന്നാൽ മോശം എന്ന് പറഞ്ഞാണ് വലിയൊരു വിഭാഗം ആളുകളും കുട്ടികളെ വളർത്തുന്നത്. സിനിമയിലും അത് തന്നെയാണ് പലപ്പോഴും വരുന്നത്. കറുത്ത നിറം ഉള്ളവനെ എന്നും തമാശയെന്ന പേരിൽ കളിയാക്കി കൊണ്ടേയിരിക്കും. ഇതൊക്കെ കണ്ട് കൈയ്യടിക്കുന്ന ആളുകൾക്ക് ഒപ്പം കുട്ടികളും കാണും. അവര് അത് സ്കൂളിൽ ചെന്ന് ഒരാളുടെ നേരെ നോക്കി പ്രയോഗിച്ചാൽ അത് പിന്നെ എത്ര കാലം കഴിഞ്ഞാലും മാറില്ല എന്നതാണ് സത്യം. നിറത്തിന്റെ പേരിൽ വണ്ണത്തിന്റെ പേരിൽ,ഉയരത്തിന്റെ പേരിൽ തുടങ്ങി പല രീതിയിൽ ഉണ്ട് അത്തരം കളിയാക്കലുകൾ.

ഇതൊക്കെ സിനിമയിൽ ഒരു നായകൻ പറഞ്ഞു കൈയ്യടി നേടുമ്പോൾ അത് സമൂഹത്തിൽ പ്രതിഫലിക്കുന്നത് മറ്റൊരു തരത്തിൽ ആണ്.

മഞ്ഞുമ്മൽ ബോയ്സ് കണ്ട് ഗുണ കേവിൽ പോയി അബദ്ധം കാണിക്കാതിരിക്കുക എന്നല്ല മറിച്ച് അവിടെ പോയി ഹീറോയിസം കാണിക്കാൻ ആയിരിക്കും വലിയൊരു വിഭാഗവും ചിന്തിക്കുക.... എന്തിന് സ്പിരിറ്റ്‌ എന്ന സിനിമ കണ്ടിട്ട് ആ സിനിമ ഉദ്ദേശിച്ചത് മനസ്സിലാക്കാതെ കട്ടൻകാപ്പിയിൽ മദ്യം ഒഴിച്ച് കഴിക്കാൻ നോക്കിയ ആളുകൾ ഉള്ള നാടാണ് ഇത്.സിനിമയിലൂടെ നല്ലത് പറയാൻ ശ്രമിച്ചാൽ പോലും അതിലെ മോശം മാത്രം ആഘോഷമാക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട് അങ്ങനെ ഉള്ളപ്പോൾ ഇത്തരം നെഗറ്റീവ് കാര്യങ്ങളെ അവർ അതിലും വലിയ രീതിയിൽ ആഘോഷമാക്കുകയല്ലേ ചെയ്യുന്നത്..?

എല്ലാത്തിലും പൊളിറ്റിക്കൽ കറക്റ്റ്നസ്സ് നോക്കണം എന്നല്ല ഇത്തരം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യരുത് എന്നാണ് പറഞ്ഞു വരുന്നത്. മുൻപ് അതൊക്കെ ചെയ്തത് കൊണ്ട് ഇപ്പോഴും ഒരു വിഭാഗം അതൊക്കെ ആഘോഷമാക്കുന്നുണ്ട് എന്ന് ഓർക്കണം.

സിനിമ നന്നായാൽ നാട് നന്നാവും എന്നും സിനിമ നാട് നന്നാക്കാൻ ഉള്ള മീഡിയം ആണ് എന്ന അഭിപ്രായം ഒന്നും ഇല്ല. പക്ഷേ ആളുകളെ ഏറ്റവും കൂടുതലും വളരെ പെട്ടന്നും സ്വാധീനിക്കുന്ന ഒന്നാണ് സിനിമ. അപ്പൊ അതിൽ ജനങ്ങൾ ആഘോഷമാക്കുന്നവർ ഇതൊക്കെ ശ്രദ്ധിക്കണം എന്നാണ് പറഞ്ഞു വരുന്നത്.

വ്യക്തിപരമായ കാര്യമെടുത്താൽ.... എന്റെ പല്ലുകൾ തമ്മിൽ ഒരു കാലത്ത് വലിയ ഗ്യാപ്പ് ഉണ്ടായിരുന്നു. അത് എനിക്ക് ഒരു പ്രശ്നമായി തോന്നുന്നത് സ്കൂളിൽ നിന്നാണ്. പഠിപ്പിക്കുന്ന ഒരു അധ്യാപകൻ ഒരിക്കൽ പറഞ്ഞു നീ ചിരിക്കരുത് നിന്റെ പല്ലിന്റെ ഗ്യാപ്പ് വഴി ഒരു ഫുട്ബോൾ പോകും എന്ന്. അപ്പൊ ക്ലാസ്സ്‌ റൂം മൊത്തം ആർത്ത് ചിരിച്ചു അത് അന്നത്തെ പ്രായത്തിൽ എനിക്ക് ഉണ്ടാക്കിയ വിഷമം ചെറുത് ഒന്നും അല്ലായിരുന്നു. പിന്നെ അത് സ്ഥിരമായി.... പല്ലിന്റെ പേരിൽ കളിയാക്കലുകൾ ഒരുപാട് കേട്ടു.

ചിരിക്കാൻ ഏറെ ഇഷ്ടമുള്ള ഞാൻ ചിരിക്കാതെയായി. ഏറെ ആസ്വദിക്കുന്ന തമാശകൾക്ക് പോലും കൈ കൊണ്ട് മുഖം മറച്ച് ആയിരുന്നു ചിരിച്ചിരുന്നത്. അതിന്റെ പേരിൽ മുഖത്ത് ഭാവം വരാത്തവൻ എന്ന മറ്റൊരു പട്ടവും ചാർത്തി കിട്ടി.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ ഉണ്ട്. സിനിമയും ക്രിക്കറ്റും. ദിവസം എന്നോണം ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു. ഒരു ക്ലബ്‌ ഒക്കെ ഉണ്ടായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റ് നടക്കുന്ന സമയത്ത് പുറത്ത് നിന്ന് വന്ന ടീമുകൾ അടക്കം ചർച്ച നടത്തുന്നതിന്റെ ഇടയ്ക്ക് ആരോ എന്തോ തമാശ പറഞ്ഞപ്പോൾ എല്ലാവർക്കും ഒപ്പം ഞാനും ആർത്ത് ചിരിച്ചു. അപ്പൊ സ്വന്തം ടീമിൽ ഉള്ള ഒരു കൂട്ടുകാരൻ പറഞ്ഞു "വൈശാഖ് ഏട്ടാ നിങ്ങൾ വാ തുറക്കരുത് വാ തുറന്നാൽ ക്ലോസറ്റ് പോലെയാണ് അല്ലേൽ നിങ്ങളുടെ മുഖം ok യാണ്." അവൻ വല്ലാതെ ആസ്വദിച്ച് അങ്ങറ്റം സന്തോഷത്തോടെ വലിയ എന്തോ കാര്യം നേടിയെടുത്തത് പോലെയാണ് അത് പറഞ്ഞു ചിരിച്ചത്. ഒപ്പം ആ ആൾകൂട്ടം മുഴുവൻ ചിരിച്ചു. അതിന് ശേഷം എനിക്ക് അങ്ങോട്ട്‌ പോകാൻ തോന്നിയിട്ടില്ല.... ഭയങ്കര ചടപ്പ് ആയിരുന്നു. ആ ക്ലബ്ബിനോടുള്ള ടച്ച് പോലും വിട്ടു പോയി. കാരണം അത്രയ്ക്ക് ആ സമയത്ത് ഞാൻ വേദനിച്ചിട്ടുണ്ട്. ഇപ്പൊ ക്ലിപ്പ് ഒക്കെ ഇട്ട് ആ പ്രശ്നം നേരെയായി.

പറഞ്ഞു വന്നത് എനിക്ക് അത് ക്ലിപ്പ് ഇട്ടപ്പോൾ മാറി പക്ഷേ ചികിത്സ പോലും ഇല്ലാത്ത വൈകല്യങ്ങളെപ്പോലും തമാശയെന്ന പേരിൽ കളിയാക്കുന്ന ഒരു പ്രവണതയുള്ള നാടാണ് നമ്മുടേത്. ജീവിതകാലം മൊത്തം അതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. പല്ലിന്റെ കേസിൽ ആണേൽപ്പോലും അതിൽ ഒരു ചെറിയ തരി ഞാനും അനുഭവിച്ചിട്ടുള്ളത് കൊണ്ട് ആധികാരികമായി തന്നെ പറയാൻ സാധിക്കും അത് എത്രത്തോളം ഭീകരമായ അവസ്ഥയാണെന്ന്.

ഇത്തരം തമാശകൾ ആഘോഷിക്കപ്പെടുമ്പോൾ നീറുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് എന്നത് മനസ്സിലാക്കിയാൽ മതി.

ശരീരം വിൽക്കുന്ന ഒരു സ്ത്രീ റേപ്പ് ചെയ്യപ്പെട്ടാൽ അവള് എല്ലാവർക്കും കിടന്ന് കൊടുക്കുന്നവൾ അല്ലേ പിന്നെ ഇപ്പൊ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്ന സമൂഹം ആണ് നമ്മുടേത്..... അവിടെ സമ്മതം ഇല്ലാതെ സ്വന്തം ഭാര്യയുടെ പോലും ദേഹത്ത് തൊടരുത് എന്ന് അറിയാത്ത ആളുകൾ ആയി മാറുന്നു അവർ. റേപ്പ് ചെയ്ത അപ്പോൾ തന്നെ എന്ത് കൊണ്ട് പ്രതികരിച്ചില്ല അതുകൊണ്ട് അത് ഫേക്ക് ആണ് എന്ന് പറയുന്ന സമൂഹം ആണ് നമ്മുടേത്. അവരുടെ മനസികാവസ്ഥ പോലും അറിയാത്ത ആളുകൾ ആയി മാറുന്നു അവർ....

തടിച്ചാലും മെലിഞ്ഞാലും കറുത്താലും വെളുത്താലും ഉയരം കൂടിയാലും കുറഞ്ഞാലും എല്ലാം അതൊക്കെ തന്നെയാണ് മനുഷ്യൻ എന്ന് മനസ്സിലാക്കാതെ അതിനെ കളിയാക്കുന്നവരാണ് വലിയൊരു വിഭാഗം സമൂഹവും.....

മുടന്ത് ഉള്ളവരേയും വിക്ക് ഉള്ളവരേയും തുടങ്ങി അത്തരത്തിൽ വൈകല്യങ്ങൾ ഉള്ളവരെയെല്ലാം അതിന്റെ പേരിൽ കളിയാക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.... ഇതിന്റെയൊക്കെ പേരിൽ ഒരു ജീവിതം ഇല്ലാതെ കഴിയുന്ന ഒരുപാട് ആളുകൾ ഉണ്ട്.... ഇവരെയൊക്കെ വേർതിരിച്ചു കാണുന്നവർ ഉണ്ട്....

അത്തരത്തിൽ ഉള്ള ഒരു സമൂഹത്തിലേക്ക് അവരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവർ ഇത്തരം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്ത് ഇറങ്ങിത്തിരിക്കുമ്പോൾ അതൊക്കെ അവര് വീണ്ടും അതിനെയൊക്കെ എത്രത്തോളം ആഘോഷമാക്കും എന്ന് ഓർത്ത് നോക്കിയാൽ മതി.

ഇത്തരം കാര്യങ്ങളാൽ വേദനിക്കുന്ന വലിയൊരു സമൂഹത്തിനെ ഓർത്തെങ്കിലും ബോഡി ഷെയ്മിങ് ജോക്കുകളും റേപ്പ് ജോക്കുകളുമൊക്കെ ഒഴിവാക്കിക്കൂടെ..... അത് കേട്ട് ചിരിക്കാതിരുന്നൂടെ.....

അനുഭവിച്ചവർക്ക് അല്ലേൽ അനുഭവിക്കുന്നവർക്ക് അത് വലിയ സുഖമുള്ള ഒന്നല്ല. സഹിക്കാൻ പറ്റാത്ത ഒരു വേദനയാണത്. മുറിവിൽ എരിവ് പുരട്ടുന്നത് പോലെ.

-വൈശാഖ്.കെ.എം
ബോഡി ഷേമിങ് ആഘോഷമാക്കുമ്പോൾ ബോഡി ഷേമിങ് ആഘോഷമാക്കുമ്പോൾ Reviewed by on 23:17 Rating: 5

No comments:

Powered by Blogger.