തനിച്ചുള്ള യാത്രകൾ

  ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മുടെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പിടി തരാതെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കും. ഒരു യുദ്ധഭൂമിയെപ്പോൽ കലുഷിതമായ ആ അശ്വത്തെ എത്രയൊക്കെ ശ്രമിച്ചാലും നമുക്ക് അടക്കി നിർത്താൻ കഴിഞ്ഞെന്ന് വരില്ല. അങ്ങനെ കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സ് എത്രത്തോളം നമ്മെ അസ്വസ്ഥമാക്കുമെന്നുള്ളത് പറഞ്ഞറിയിക്കാൻ പറ്റില്ല. ആ സമയത്തെ മാനസിക പിരിമുറുക്കം പല അവസ്ഥകളിലേക്കും ഓരോരുത്തരേയും കൊണ്ട് എത്തിക്കും. ഞാനും മേല്പറഞ്ഞ അവസ്ഥകളിലൂടെ പലപ്പോഴായി കടന്നു പോയിട്ടുണ്ട് ഈയിടെ അങ്ങനൊരു അവസ്ഥ വന്നപ്പോൾ എല്ലാത്തിൽ നിന്നും ഒന്ന് മാറി കുറച്ച് ദിവസം ഒറ്റയ്ക്ക് കഴിയണം എന്ന് തോന്നി. അപ്പോഴാണ് തനിച്ചൊരു യാത്ര പോയാലോ എന്നുള്ള ചിന്ത മനസ്സിൽ ഉദിക്കുന്നത്. ഉള്ളിലെ വീർപ്പു മുട്ടലുകൾ പുറത്തു കാണിക്കാതെ മറ്റുള്ളവരുടെ മുൻപിൽ ചിരിച്ചു കളിച്ച് അഭിനയിച്ച് നിൽക്കുന്നതിലും നല്ലതാണല്ലോ അത്തരമൊരു യാത്ര എന്നുള്ള ചിന്തയിൽ നിന്നും ഒറ്റയ്ക്ക് ഒരു യാത്ര പോകാൻ തീരുമാനിച്ചു. ജീവിതത്തിൽ എന്തിനും കൂടെ നിൽക്കുന്ന സഹോദരി സഹോദരന്മാരോട് അല്ലാതെ ആരോടും അതേ പറ്റി പറഞ്ഞില്ല. അവരിൽ തന്നെ ശബ്ദമൊന്ന് ഇടറിയാൽ മനസ്സിലാകുന്ന ചേട്ടനും ചേച്ചിയും തന്നെയായിരുന്നു ഏറ്റവും കൂടുതൽ അതിനെ പിന്തുണച്ചത് നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മാറ്റത്തിന് ഒരു യാത്ര നല്ലതാണ് എന്ന് പറഞ്ഞ് അവര് കൂടെ നിന്നു. യാത്ര തുടങ്ങിയത് മുതൽ ഞാൻ എവിടെയാണ് എന്ന് അറിയുന്നത് അവർക്ക് രണ്ട് പേർക്കും മാത്രമായിരുന്നു. കൃത്യമായ ഇടവേളകളിൽ രണ്ട് പേരും സുഖവിവരങ്ങൾ തിരക്കിയും ഓർമ്മപ്പെടുത്തലുകളായും വിളിച്ചു കൊണ്ടിരുന്നു. അവരുടെ കെയറിങ് പലപ്പോഴും ഏറെ സന്തോഷവും അത്ഭുതവും തരുന്നതാണ് സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് പലപ്പോഴും കണ്ണ് നിറയുന്ന അവസ്ഥയായിരുന്നു.

ജീവിതത്തിൽ നാനാ വിധത്തിലുള്ള ആളുകളുമായി നമുക്ക് ഇടപഴകേണ്ടി വരും അത്തരത്തിൽ ചിലരുണ്ട് നമുക്ക് ഇപ്പോ എന്തേലും ബാധ്യതകൾ ഉണ്ടേൽ അതിപ്പോ സാമ്പത്തികമോ എന്തോ ആയിക്കൊള്ളട്ടെ അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ നമ്മൾ ഒരിക്കലും സന്തോഷിക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നവർ. ഇതിപ്പോ ഈ സോഷ്യൽ മീഡിയകളുടെ കാലമായത് കൊണ്ട് അതിനെ തന്നെ ഉദാഹരണമാക്കി കൊണ്ട് പറയാം. ജീവിതത്തിൽ ഒരുപാട് സന്തോഷം തന്ന നിമിഷങ്ങളും മറ്റും മേല്പറഞ്ഞ നവമാധ്യമങ്ങളിൽ പങ്കു വെക്കുന്ന ആളുകൾ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. അത്തരം സന്തോഷ നിമിഷങ്ങൾ പങ്കു വെക്കുമ്പോൾ ആയിരിക്കും മേല്പറഞ്ഞ ആളുകളുടെ വരവ്..... അതിപ്പോ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് ആണേൽ അതിന് മറുപടി ആയിക്കൊണ്ട് അവര് നമ്മൾ ഏറ്റവും കൂടുതൽ വെറുക്കുന്ന അല്ലേൽ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളൊക്കെ കൊണ്ട് വരും എന്നിട്ട് അവര് നമ്മളോടുള്ള സ്നേഹം കൊണ്ട് പറയുന്നത് പോലെ ആ കാര്യം നമ്മളോട് ഒരു ഓർമ്മപ്പെടുത്തൽ പോലെ പറഞ്ഞു കൊണ്ട് എരി തീയിൽ എണ്ണയൊഴിച്ച് കൊണ്ട് അവര് ഉള്ളിൽ ചിരിച്ചു കൊണ്ട് മാറി നിൽക്കും. ആ നിമിഷത്തെ സന്തോഷം തല്ലി തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതായത് നമുക്ക് ഇന്ന പ്രശ്നങ്ങൾ ഉണ്ട് അല്ലേൽ ബാധ്യതകളുണ്ട് അതിനാൽ നമ്മൾ ആ സമയത്ത് ഒരു തരത്തിലും സന്തോഷിക്കാൻ പാടില്ല എന്നൊരു മനസ്സാണ് മേല്പറഞ്ഞവർക്ക്.

അങ്ങനെ അവര് ആ തീപ്പൊരി നമുക്കുള്ളിലേക്ക് വർഷിച്ചതിന് ശേഷം മാറി നിന്ന് ചിരിക്കും. ആ തീപ്പൊരിയെ ടെൻഷൻ എന്ന പേരിൽ നമ്മുടെ മനസ്സ് ഊതിയൂതി വലിയൊരു തീഗോളമാക്കി മാറ്റും അവിടെ തീരും മേല്പറഞ്ഞ സന്തോഷങ്ങളും മറ്റും.

പറഞ്ഞു വന്നത് ജീവിതത്തിൽ പല പ്രശ്നങ്ങളും ബാധ്യതകളും മറ്റുമുണ്ടാകും നമ്മുടെ സന്തോഷങ്ങൾ കണ്ടെത്താൻ അതൊന്നും കഴിയാൻ കാത്തു നിൽക്കരുത് അതൊക്കെ കഴിയാൻ കാത്തു നിന്നാൽ ജീവിതത്തിൽ ഒന്നും നടക്കില്ല. എത്രയൊക്കെ പ്രശ്നങ്ങൾക്ക് നടുവിൽ ആണെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയാണെങ്കിലും നമുക്ക് സന്തോഷവും ആശ്വാസവും കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ നാം സമയം കണ്ടെത്തണം അതിന് തടസ്സം നിൽക്കുന്ന മേല്പറഞ്ഞ വാരിക്കുഴികളിൽ വീഴാതെ അത് തരണം ചെയ്ത് അതിനെ അർഹിക്കുന്ന അവഗണനയോടെ ചവറ്റു കൊട്ടയിൽ എറിഞ്ഞ് മുന്നേറണം. അത്തരത്തിലുള്ള എന്റെ മുന്നേറ്റമാണ് ഈ യാത്ര. ജീവിതത്തിലെ എല്ലാ വീർപ്പു മുട്ടലുകളിൽ നിന്നും കുറച്ച് സമയത്തേക്ക് ഒരു ആശ്വാസം കിട്ടാൻ വേണ്ടി നടത്തിയ ഒരു കുഞ്ഞു യാത്ര.

ഏപ്രിൽ ഇരുപത്തിയഞ്ചാം തിയ്യതി ഉച്ചയ്ക്ക് 1.35 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ജനശദാബ്ദിയിൽ എറണാകുളത്തേക്ക് യാത്ര ആരംഭിച്ചു. ഒരു ഉറക്കമൊക്കെ കഴിഞ്ഞ് ഏകദേശം വൈകുന്നേരം അഞ്ചരയോടെ എറണാകുളം ജങ്ക്ഷനിൽ എത്തി അവിടെ നിന്നും ഒരു ജ്യൂസ് ഒക്കെ കഴിച്ച് ദാഹം മാറ്റി എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്നും 6.50 ന്റെ പാലരുവിക്ക് കോട്ടയത്തേക്ക് വെച്ച് പിടിച്ചു. ഏകദേശം 8.30 ഓടെ കോട്ടയത്ത് എത്തി. അവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ച് കോട്ടയം കെ. എസ്. ആർ. ടി. സി ബസ്സ്റ്റാൻഡിൽ 9.45നുള്ള മധുര സൂപ്പർഫാസ്റ്റിന് കാത്തു നിന്നു. ഒന്നൊന്നര മണിക്കൂർ വൈകിയെത്തിയ ബസ്സ്‌ ഏകദേശം പതിനൊന്ന് മണിയോടെ കോട്ടയത്ത് നിന്നും പുറപ്പെട്ടു.

പലരും പറയുന്നത് പോലെ സർവ്വവും മറന്ന് ആനവണ്ടിയുടെ വിൻഡോ സീറ്റിൽ ഇരുന്നു കൊണ്ട് കമ്പിയിൽ കൈ വെച്ച് അതിന് മുകളിൽ തലയും വെച്ചു കൊണ്ട് രാത്രി യാത്രയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് പുറത്തെ കാഴ്ചകളും കണ്ടു കൊണ്ട് ഇങ്ങനെ ഇരുന്നു. ഉള്ളിലെ ചൂടിനെ തണുപ്പിക്കാൻ തുടങ്ങിയ യാത്രയായത് കൊണ്ടാവണം പുറത്തെ ഉഷ്ണത്തിനും പ്രകൃതി ഒരു അയവ് വരുത്തി തന്നു. കാഞ്ഞിരപ്പള്ളിയൊക്കെ ആയപ്പോഴേക്കും അത്യാവശ്യം തണുത്ത കാറ്റ് ഒക്കെ കിട്ടി തുടങ്ങിയിരുന്നു. പിന്നീട് ഉള്ളിലെ ചൂടിന് പതിയെ ശമനം വരുത്തിയത് പോലെ തന്നെ പുറത്തെ ഉഷ്ണത്തിനും ഒരു തിരശീല വീണു മരം കോച്ചുന്ന തണുപ്പിലേക്ക് അത് വഴി മാറി.

ഹൈറേഞ്ച് യാത്രയുടെ രാത്രി സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ തണുപ്പകറ്റാൻ ഒരു ചായ കുടിക്കാമെന്നും പറഞ്ഞ് ഡ്രൈവർ കുട്ടിക്കാനത്ത് വണ്ടി നിർത്തി തന്നു. അവിടന്ന് ഒരു ചൂട് ചായ ഊതിക്കുടിച്ചു കൊണ്ട് അല്പ സമയം അവിടെ ചിലവഴിച്ച് വീണ്ടും യാത്ര തുടർന്നു. അർദ്ധരാത്രിയോടെ കുമളിയിൽ എത്തിച്ചേർന്നു അവിടന്ന് പിന്നെ മുന്തിരി തോട്ടങ്ങൾ വരവേൽപ്പ് നടത്തുന്ന കമ്പത്തേക്ക്. പുലർച്ചെയായത് കൊണ്ട് തന്നെ കമ്പത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിച്ചില്ല. അവിടെ നിന്നും തേനിയിലേക്ക് ആയിരുന്നു പിന്നീടുള്ള യാത്ര. പുലർച്ചെ 3 മണിയോടെ തേനി പുതിയ ബസ്സ്റ്റാൻഡിൽ എത്തി ചേർന്ന ആനവണ്ടിയോട് യാത്ര പറഞ്ഞ് അവിടെ ഇറങ്ങി.

ബസ്സ് സ്റ്റാൻഡിൽ തുറന്നു വെച്ച കടകളെ ലക്ഷ്യമാക്കി നടന്നു. ഒരു ടീ സ്റ്റാളിൽ കയറി ചായ ഓർഡർ ചെയ്തു. ഊതിയൂതി ചായ കുടിക്കുന്നതിനിടയിൽ ആ ചായക്കടക്കടയിലെ ചേട്ടനോട് ചോദിച്ചു "ണ്ണാ ഇങ്കെയിരുന്ത്‌ മേഘമലൈക്ക് ബസ്സ് കിടക്കുമാ..?""

""മേഘമലൈക്കാ..? ആ ഇരുക്ക് മൂണ്ട്ര മണിക്ക് ഒരു ബസ്സ് ഇരുക്ക്"" ഒരു സൈഡിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു ""അങ്കെ പോയി നില്ല് തമ്പി അങ്കെ താ ബസ്സ് വരും"

റൊമ്പ നന്ദ്രി ണ്ണാ എന്നും പറഞ്ഞ് കാശ് കൊടുത്ത് ഇറങ്ങാൻ നേരം അദ്ദേഹം ചോദിച്ചു കേരളാവിൽ എങ്കെ..? കോഴിക്കോട് എന്ന് മറുപടി പറഞ്ഞപ്പോൾ മലപ്പുറത്ത് ഒരു മിഠായി കടയിൽ അദ്ദേഹത്തിന്റെ ചേട്ടൻ ജോലി ചെയ്യുന്നുണ്ട് എന്നും അവിടെ വരാറുണ്ട് കേരളം വലിയ ഇഷ്ടമാണ് എന്നുമൊക്കെ പറഞ്ഞു. വിശേഷമൊക്കെ ചോദിച്ച് കഴിഞ്ഞ് അവിടെ നിന്നും അദ്ദേഹം പറഞ്ഞ സ്ഥലത്ത് പോയി ബസ്സ് കാത്തു നിന്നു. തമിഴ് വായിക്കാൻ അറിയാത്തത് കാരണം അവിടെ നിന്ന ആളുകളിൽ ഒരാളോട് മേഘമലൈ ബസ്സ് വന്നാൽ ബുദ്ധിമുട്ട് ആവില്ലേൽ ഒന്ന് പറഞ്ഞു തരാൻ പറഞ്ഞു. പക്ഷേ അവര് ആ സ്ഥലപ്പേര് അവര് ആദ്യമായി കേൾക്കുകയായിരുന്നു ശിവകാശിയിൽ നിന്നും തേനിയിൽ ഏതോ ഒരു ക്ഷേത്രത്തിൽ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കാൻ വന്ന ആളായിരുന്നു കക്ഷി. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം തമിഴ് നടൻ കാർത്തിക്കിന്റെ ഫിഗർ ഒക്കെ ചെയ്ത് ഉപജീവനം നടത്തുന്ന ഒരു കലാകാരൻ ആണ് എന്ന് പറഞ്ഞു. ഒന്ന് രണ്ട് സിനിമകളിൽ അദ്ദേഹത്തിന് വേണ്ടി ബോഡി ഡബിൾ ആയും വർക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു കുറേ ഫോട്ടോസ് ഒക്കെ കാണിച്ചു തന്നു. അദ്ദേഹവുമായി സിനിമാക്കാര്യമൊക്കെ സംസാരിച്ച് സമയം പോയത് അറിഞ്ഞിരുന്നില്ല. ഇടയ്ക്ക് അവിടെയുള്ള ഒരു ബസ്സ് കണ്ടക്ടറോട് മേഘമലൈക്കുള്ള ബസ്സ് വന്നാൽ പറഞ്ഞു തരണമെന്ന് പുള്ളി പറഞിരുന്നു. 3.45 ഓടെ മേഘമലൈ ബസ്സ് വന്നു. അങ്ങനെ അതിൽ കയറി ഇരുന്നു.

മേഘമലൈ.... ഏറെ നാളായി പോകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു സ്ഥലം. ആരോ എഴുതിയത് ഒരിക്കൽ വായിച്ചിരുന്നു തേക്കടിയും മൂന്നാറും വേരോടെ പറിച്ചെടുത്ത് വാഗമണ്ണിൽ പ്രതിഷ്ഠിച്ചത് പോലെയാണ് മേഘമലൈ എന്ന്. അങ്ങനെ ഒരുപാട് പ്രതീക്ഷകളുമായി ബസ്സിൽ ഇരുന്നു. കണ്ടക്ടർ വന്ന് എവിടേക്കാണ് എന്ന് ചോദിച്ചപ്പോൾ മേഘമലൈ എന്ന് പറഞ്ഞപ്പോൾ ബാഗ് ഒക്കെ കണ്ടിട്ട് ആവണം സുത്തി പാക്കരുത്ക്ക് വന്തിരിക്കിയാ..? അതെ എന്ന് പറഞ്ഞപ്പോൾ അത്ക്ക് ഹൈവീവിസ് താ പോണം എന്ന് പറഞ്ഞു. അങ്ങോട്ടേക്ക് ടിക്കറ്റ് തന്നു. "ഇടം വന്തിരിച്ചിനാ കൊഞ്ചം സൊല്ലി കൊട് ണ്ണാ" എന്ന് പറഞ്ഞപ്പോൾ ഓക്കേ എന്നും പറഞ്ഞ് അദ്ദേഹം പോയി.

തേനിയിൽ നിന്നും ഏകദേശം അറുപത് കിലോമീറ്റർ മാറിയാണ് മേഘമലൈ സ്ഥിതി ചെയ്യുന്നത്. ആ ബസ്സ് യാത്ര ഏകദേശം രണ്ട് മണിക്കൂറുകളോളം പിന്നിട്ടിരുന്നു. ഒരുപാട് ഹെയർപിന്നുകൾ എല്ലാം കയറി ഏകദേശം 6 മണിയോടെ ഹൈവീവിസ് എന്ന സ്ഥലത്ത് എത്തി. അവിടെ ഒരു വീട് കാണിച്ച് കണ്ടക്ടർ പറഞ്ഞു അത് ഒരു ചായക്കടയാണ് കുറച്ച് നേരം കഴിഞ്ഞാൽ അത് തുറക്കും അവിടെ നിന്ന് ഒരു ചായയൊക്കെ കുടിച്ച് നിങ്ങൾക്ക് സ്ഥലം കാണാൻ പോകാം എന്ന്. അവിടെ ഇറങ്ങി ചുറ്റും നടന്ന് നോക്കി സ്ഥലമൊക്കെ കണ്ട് തണുത്ത് വിറച്ച് റോഡ് സൈഡിലെ ഒരു കല്ലിൽ ഇരുന്നു. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ആ പറഞ്ഞ ചായക്കട തുറന്നു. അവിടെ നിന്ന് ഒരു കട്ടൻ കാപ്പി കുടിച്ചോണ്ട് ഇരിക്കുമ്പോൾ ഒരു ചേട്ടൻ വന്ന് സ്ഥലം കാണാൻ വന്നതാണോ എന്നൊക്കെ ചോദിച്ചു. മലയാളി ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു ബഹുമാനം ആയിരുന്നു അദ്ദേഹത്തിന്. കോഴിക്കോട് ഡ്രൈവർ ആയി വർക്ക് ചെയ്തിട്ടുണ്ട് എന്നും നിങ്ങടെ നാട് ഒരുപാട് ഇഷ്ടമാണ് എന്നുമൊക്കെ പറഞ്ഞു. ഇപ്പൊ അവിടെ ഒരു ഹോസ്പിറ്റലിൽ ആംബുലൻസ് ഡ്രൈവർ ആയി വർക്ക് ചെയ്യുകയാണ് എന്ന് പറഞ്ഞു. അദ്ദേഹവുമായി സംസാരിച്ച് ഇരുന്നപ്പോൾ ആണ് അദ്ദേഹം പറഞ്ഞത് വാഹനം ഇല്ലാതെ നിങ്ങൾക്ക് ഇവിടെ ചുറ്റി കാണാൻ കഴിയുകയില്ല ഒറ്റയ്ക്ക് നടക്കാൻ ഫോറസ്റ്റുകാർ സമ്മതിക്കില്ല പുലി, ആന, കരടി തുടങ്ങി വന്യ മൃഗങ്ങളുടെ ശല്ല്യം രൂക്ഷമാണ് അതുകൊണ്ട് തന്നെ വാഹനത്തിൽ നിന്നും പുറത്ത് ഇറങ്ങിയുള്ള യാത്രയൊന്നും ഇപ്പൊ ഇവിടെ സമ്മതിക്കില്ല എന്ന് പറഞ്ഞു. എന്റെ മുഖത്തെ നിരാശ കണ്ടിട്ടാവണം അദ്ദേഹം പറഞ്ഞു ഉച്ചയ്ക്ക് 12 മണിക്ക് ഒരു ബസ്സ് വരും അതിൽ കയറി ഇരുന്നാൽ ഇവിടെ മുഴുവൻ സ്ഥലങ്ങളും കാണാം ഏറ്റവും മുന്നിൽ ഡ്രൈവറുടെ സീറ്റിന് അടുത്ത് ഇരുന്നാൽ മതി അല്ലാതെ പോകണേൽ ഒരു ബൊലേറോ ഉണ്ട് ഒരുപാട് കാശ് വരും എന്ന് പറഞ്ഞു. തത്കാലം നിങ്ങൾ ദേ അവിടെ കാണുന്ന ഗവണ്മെന്റ് റസ്റ്റ്‌ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വരൂ അപ്പോഴേക്കും ഇവിടെ ബ്രേക്ക്ഫാസ്റ്റ് റെഡിയാകും അത് കഴിഞ്ഞ് ഇവിടെ അടുത്ത് ഒക്കെ നടന്ന് സ്ഥലം കാണൂ അപ്പോഴേക്കും ബസ്സ് വരും എന്നും പറഞ്ഞ് പുള്ളി ജോലിക്ക് പോയി.

ഗവണ്മെന്റ് റസ്റ്റ്‌ റൂമിലേക്ക് നടന്ന ഞാൻ അവിടെ മറ്റൊരു വീട് കണ്ടു ഉമ്മറത്ത് കോലം വരക്കുന്ന ഒരു അമ്മൂമ്മയുണ്ടായിരുന്നു അവിടെ. ന്നാ സർ എന്ന വേണം എന്ന് ചോദിച്ചു റസ്റ്റ്‌ റൂം ചോദിച്ചപ്പോൾ കാണിച്ചു തന്നു താമസിക്കാൻ ആണേൽ കുറേ കാശ് വേണ്ടി വരും എന്ന് പറഞ്ഞു. ജസ്റ്റ്‌ ഒന്ന് ഫ്രഷ് ആയാൽ മതി എന്ന് പറഞ്ഞപ്പോൾ അവിടെ ബാത്രൂം ഉണ്ട് പൊക്കോളൂ അത് ഫ്രീയാണ് എന്ന് പറഞ്ഞു. മൊബൈൽ ചാർജ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവരുടെ വീട്ടിൽ ചാർജ് ചെയ്തോളാൻ പറഞ്ഞു. അകത്ത് കയറിയപ്പോൾ അതും ഒരു ഹോട്ടൽ ആണെന്ന് മനസ്സിലായി. ബാഗും അവിടെ വെച്ച് ഐസ് വാട്ടർ പോലുള്ള വെള്ളത്തിൽ കുളിച്ച് ഫ്രഷ് ആയി വന്ന് അവിടെ നിന്നും ഇറങ്ങാൻനേരം ചാർജ് ചെയ്തതിന്റെ കാശ് എത്രയാ എന്ന് ചോദിച്ചപ്പോൾ ന്നാ സർ ഇത്ക്കെല്ലാം കാസാ എന്നും പറഞ്ഞ് അവർ മാറി നിന്നു. ചോദിച്ചു പോയല്ലോ എന്ന കുറ്റബോധത്തിൽ ഞാനും. പിന്നെ അവിടെ നിന്ന് ഇഡ്ഡലിയും ചായയും കഴിച്ച് അവിടത്തെ വിശേഷങ്ങളും ചോദിച്ച് കുറച്ച് നേരം അവിടെ ഇരുന്നു. പേച്ചിയമ്മ എന്നാണ് അവരുടെ പേര് അവരും അവരുടെ മകൻ അജിത്തും ആണ് ആ ഹോട്ടൽ നടത്തുന്നത്. "തേനിയിൽ നിന്നും ഏകദേശം 6500 അടി ഉയരത്തിൽ ആണ് മേഘമലൈ സ്ഥിതി ചെയ്യുന്നത് എന്നും ഹൈവീവിസ് എന്ന് ഈ സ്ഥലത്തിന് പേരിട്ടത് ബ്രിട്ടീഷുകാർ ആണെന്നും, രാവിലെ 3.30 ന് തേനിയിൽ നിന്നും എടുക്കുന്ന ബസ്സും ചിന്നമണ്ണൂർ എന്ന സ്ഥലത്ത് നിന്നും വരുന്ന ഒരു ബസ്സ് ഉച്ചയ്ക്ക് 12 മണിക്ക് ഇവിടെ എത്തുമെന്നും, പിന്നെ വൈകുന്നേരം 4.30 ന് തേനിക്ക് ഒരു ലാസ്റ്റ് ബസ്സ് ഇവിടന്ന് ഉണ്ട് അതാണ് ബസ്സ് സർവ്വീസ് എന്നുമൊക്കെയുള്ള വിവരങ്ങൾ അവർ തന്നു. അവിടെയുള്ള വണ്ടി വിളിച്ച് അവിടെ ചുറ്റി കാണണേൽ ഏകദേശം രണ്ടായിരം രൂപയോളം വേണം ഫ്രണ്ട്സ് ഒക്കെയായി വണ്ടിയിൽ വന്നാലേ ഇവിടെ ആസ്വദിക്കാൻ പറ്റൂ എന്ന് പറഞ്ഞു. സാരമില്ല ഏതേലും ടൂറിസ്റ്റ് വണ്ടി വന്നാൽ നിങ്ങളെ അതിൽ കയറ്റി വിട്ടു തരാം എന്ന് പറഞ്ഞപ്പോൾ ഒറ്റക്കുള്ള യാത്രയാണ് ഇഷ്ടം എന്ന് പറഞ്ഞു. അപ്പൊ ബസ്സിൽ തന്നെ പോകൂ എന്ന് പറഞ്ഞു. അവിടെ നിന്നും മേഘമലയുടെ സൗന്ദര്യം ആസ്വദിക്കാൻ ഇറങ്ങി.

ചുറ്റും തേയില തോട്ടങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലം.... അതിന് നടുക്ക് കൂടെ ഒരു അരുവി.... മേഘങ്ങളാൽ മൂടിയ ആകാശം. എപ്പോഴും മേഘങ്ങൾ കൂടു കൂട്ടുന്നത് കൊണ്ടാണത്രേ ആ സഥലത്തിന് മേഘമലൈ എന്ന പേരു വന്നത്. വളരെ കുറച്ച് വീടുകളും പ്ലസ് ടു വരെയുള്ള ഒരു പ്രൈവറ്റ് സ്‌കൂളും ചെറിയൊരു ആശുപത്രിയുമാണ് അവിടെ ആകെയുള്ളത്. തേയില തോട്ടങ്ങളിൽ നിന്ന് മാറി കുറച്ച് അകലെയായാണ് അവിടത്തെ വനമേഖല. രാവിലെ അതിമനോഹരമായ മേഘമലൈ കാഴ്ചകളും കണ്ട് ഒരുപാട് നേരം നടന്നു. പ്രതീക്ഷകൾക്ക് ഒരിക്കലും മങ്ങലേൽപ്പിക്കാത്ത ഒരു സ്ഥലം. കുറേ സമയം നടന്ന് വീണ്ടും തിരിച്ച് ആ ചായക്കടയിൽ എത്തിയപ്പോൾ അവിടെ ടൂറിസ്റ്റുകളുടെ ബഹളമായിരുന്നു. അവരൊക്കെ അവിടന്ന് പോകുന്നത് വരെ കുറച്ച് മാറി അവിടത്തെ തടാകത്തിന് അരികെ പോയി ഇരുന്നു. ശേഷം അവിടെ പോയി വീണ്ടും സക്കര ജാസ്തി പോട്ട് ഒരു ലൈറ്റ് ടീ കൊട് ണ്ണാ എന്നും പറഞ്ഞ് ഇരുന്നു. ചായയും കൊണ്ട് വന്ന് വീണ്ടും അവരുടെ വിശേഷങ്ങൾ കേട്ടു കൊണ്ട് ഇരിക്കുമ്പോൾ അവിടത്തെ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ വന്നു പിന്നെ അവരും കൂടെ ഇരുന്ന് ആയി വിശേഷം പറച്ചിൽ. നിങ്ങൾ ഇങ്ങനെ ആരെങ്കിലും വരുന്നതാണ് ഞങ്ങളുടെ സന്തോഷം. അല്ലാത്തപ്പോൾ ഞങ്ങൾ ഈ കുറച്ച് പേര് എന്നും മുഖത്തോട് മുഖം നോക്കി ഈച്ചയും ആട്ടി ഇരിക്കാറാണ് പതിവ് എന്ന് പറഞ്ഞു. 12 മണിയോടടുത്ത് ബസ്സ് കാത്ത് റോഡിൽ നിന്നു. ബസ്സ് വന്ന് അതിൽ കയറി ഇരുന്നു. സ്ഥലം മുഴുവൻ ചുറ്റിക്കാണണം തിരിച്ചു പോകുമ്പോൾ ചിന്നമണ്ണൂർ ആണ് ഇറങ്ങേണ്ടത് എന്നും പറഞ്ഞു ടിക്കറ്റ് ഒക്കെ വാങ്ങി മുൻ സീറ്റിൽ തന്നെ പോയി ഇരുന്നു.

ടീ എസ്റ്റേറ്റും,കാടുകളും അതിമനോഹരമായ പ്രകൃതിയുടെ കാഴ്ചകളും ആസ്വദിച്ച് കുറേ ദൂരം പോയി. പിന്നീട് ആ ബസ്സ്‌ സഞ്ചരിച്ച വഴികൾ ഒക്കെ അല്പം ഭീതി പരത്തുന്നത് ആയിരുന്നു. ഒരു ഓഫ് റോഡ് റൈഡ് എന്നൊക്കെ പറയാം. സൈഡിൽ അഗാധമായ ഗർത്തങ്ങൾ ഉള്ള ചെറിയ വഴികളിൽ കൂടെ ശരിക്കും റിസ്ക്ക് എടുത്തുള്ള ഒരു യാത്രയായിരുന്നു അത്. നെഞ്ചിടിപ്പോടെ ആ യാത്രയൊക്കെ കഴിഞ്ഞ് തിരിച്ച് ഇറങ്ങും വഴിയാണ് പുലർച്ചെ കാണാതെ പോയ ഹെയർ പിൻ കാഴ്ചകൾ ഞെട്ടിച്ചത്. മുഴുവൻ തേനി ജില്ലയും എന്തിന് കേരളത്തിലെ കുമളി വരെ അവിടെ നിന്ന് കാണാൻ പറ്റുമായിരുന്നു. മേഘമലൈ ശരിക്കും ഞെട്ടിച്ചൊരു അനുഭവമായിരുന്നു. പ്രകൃതി ഒരുക്കിയ അതിമനോഹര കാഴ്ചകൾക്ക് പുറമേ ഏറെ സ്‌നേഹമുള്ള നിഷ്കളങ്കരായ കുറച്ച് മനുഷ്യരേയും കാണാൻ സാധിച്ചു. സാഹസികമായ യാത്രകൾ ഇഷ്ടപ്പെടുന്നവരും അത്തരം ഡ്രൈവിങ്ങുകൾ ഇഷ്ടപ്പെടുന്നവരും ഇത്തരം ഹൈറേഞ്ച് സൗന്ദര്യങ്ങൾ ഇഷ്ടപ്പെടുന്നവരുമെല്ലാം തീർച്ചയായും ഒരിക്കലെങ്കിലും കാണേണ്ട ഒരു സ്ഥലമാണ് മേഘമലൈ. പോകുമ്പോൾ ഓർക്കേണ്ട ഒരു കാര്യം സ്വന്തം വാഹനം ഉണ്ടെങ്കിൽ ഏറ്റവും ഉചിതം അതാണ്. പിന്നെ അവിടെ പെട്രോൾ, എ. ടി. എം തുടങ്ങിയ സേവനങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല അതേപോലെ ബി. എസ്. എൻ. എൽ അല്ലാതെ മറ്റൊന്നിനും റേഞ്ചും കിട്ടില്ല. ഈ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചു പോയാൽ മേഘമലൈ യാത്ര മികച്ചൊരു അനുഭവം ആയിരിക്കും.

മേഘമമലയിൽ നിന്നും ഉച്ചയ്ക്ക് ഇറങ്ങി ഏകദേശം 4.30 ഓടെ ചിന്നമണ്ണൂർ എന്ന ടൗണിൽ എത്തി അവിടന്ന് മറ്റൊരു സ്റ്റേറ്റ് ബസ്സിൽ തേനിയിലേക്ക് തിരിച്ചു. തേനിയിൽ നിന്നും ഭക്ഷണമൊക്കെ കഴിച്ച് അവിടെയൊക്കെ കറങ്ങി തിരിഞ്ഞ് നേരെ ഉസിലാംപെട്ടിക്ക് ബസ്സ്‌ കയറി.

ഉസിലാംപെട്ടി മാർക്കറ്റും മറ്റുമൊക്കെ ചുറ്റി നടന്ന് കണ്ട് അല്പ നേരം അവിടെ ചിലവഴിച്ച് അവിടെ നിന്നും മധുരയ്ക്ക് ബസ്സ് കയറി. രാത്രിയോടെ മധുരയെത്തി അവിടെ ഒരു ചെറിയ ലോഡ്ജിൽ റൂം സംഘടിപ്പിച്ച് ക്ഷീണമൊക്കെ കിടന്നുറങ്ങി മാറ്റി രാവിലെ മധുര മുഴുവൻ കറങ്ങി നടന്ന് ഭക്ഷണവും കഴിച്ച് രാജാപാളയത്തേക്ക് ബസ്സ് കയറി ഉച്ചയോടെ രാജപാളയത്ത് എത്തി അവിടത്തെ ടൗൺ മുഴുവൻ വെറുതേ ചുറ്റിക്കറങ്ങി കണ്ടു കൊണ്ട് അവിടെ നിന്നും നേരെ തെങ്കാശിക്ക് തിരിച്ചു. ഏകദേശം വൈകുന്നേരം നാല് മണിയോടെ തെങ്കാശി എത്തി ചേർന്നു. മനോഹരമായ തെങ്കാശി റെയിൽവേ സ്റ്റേഷനിൽ അല്പ നേരം വിശ്രമിച്ച് അവിടെ നിന്നും പുറത്തിറങ്ങിയപ്പോൾ ഒരുപാട് സ്കൂൾ പിള്ളേരെ കണ്ടു. അവരോട് വിശേഷങ്ങൾ ഒക്കെ ചോദിച്ച് അവിടത്തെ സ്ഥലങ്ങളെ പറ്റിയൊക്കെ ചോദിച്ചു മനസ്സിലാക്കി അവർക്കൊപ്പം ഇങ്ങനെ നടന്നു. അതിൽ ഒരു കുട്ടി മലയാളിയാണോ എന്നും ചോദിച്ചു കൊണ്ട് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ കാര്യങ്ങൾ പറയാൻ തുടങ്ങി പുലിമുരുകൻ, ലൂസിഫർ ഒക്കെ അവിൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്നും അവന്റെ അച്ഛൻ ഒരുപാട് നാൾ കേരളത്തിൽ ജോലി ചെയ്തിരുന്നു അച്ഛന്റെ കൂടെ അവനും ഇടയ്ക്ക് വരുമായിരുന്നു എനിക്ക് നിങ്ങളുടെ നാട് വലിയ ഇഷ്ടമാണ് നിങ്ങളുടെ മാസ്സ് സിനിമകൾ വലിയ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് ഒരുപാട് ആ കുട്ടി സംസാരിച്ചു. അവന്റെ കൂടെയുള്ളവരും കേരളത്തെ പറ്റി ആകാംഷയോടെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. ഇഷ്ടപ്പെട്ട നടൻ ആരാണ് എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് എനിക്ക് എല്ലാവരേയും ഇഷ്ടമാണ് എല്ലാവരുടേയും നല്ല സിനിമകൾ ഇഷ്ടമാണ് ആരോടും ഇഷ്ടക്കൂടുതലോ കുറവോ ഇല്ല എന്നാണ്. കുറച്ച് ദൂരം നടന്നപ്പോൾ അവന്റെ കൂടെയുള്ളവർ മറ്റൊരു വഴിക്ക് നടന്നു. ഞാനും അവർക്ക് ഒപ്പം നടക്കാൻ പോയപ്പോൾ ആ കുട്ടി എന്നോട് പറഞ്ഞു അണ്ണാ നിങ്ങൾക്ക് പോകേണ്ടത് ഇങ്ങോട്ട് ആണ് ഇതിലേ വരൂ എന്ന്. അപ്പൊ അവന്റെ കൂടെയുള്ളവർ വീട്ടിൽ അന്വേഷിക്കില്ലേ നീ എങ്ങോട്ടാ എന്ന് ചോദിച്ചു. നിങ്ങൾ പൊക്കോ ഞാൻ അണ്ണനെ കൊണ്ട് ചെന്ന് ആക്കിയിട്ട് വന്നോളാം എന്ന് പറഞ്ഞു. വീണ്ടും അവനോട് സംസാരിച്ചു കൊണ്ട് നടന്നു. തെങ്കാശിയിൽ കാശി ക്ഷേത്രം ഉണ്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ വന്നിട്ടുണ്ട് എന്ന് അവനോട് പറഞ്ഞു. ആ നമ്മൾ ഇപ്പൊ പോകുന്നത് അങ്ങോട്ടേക്ക് ആണ് അത് കഴിഞ്ഞാൽ പിന്നെ ഇവിടെ കുട്രാലം ഉണ്ട് അവിടെ മെയിൻ ഫാൾസ്, അയ്ന്ത്‌ അരുവി ഒക്കെയുണ്ട് ഇവിടെ നിന്നും ബസ്സിന് പോയാൽ മതി അടുത്താണ് എന്നൊക്കെ പറഞ്ഞു. ഒപ്പം തെങ്കാശിയുടെ കുറേ ചരിത്രവും പറഞ്ഞു 2019-ലാണ് തെങ്കാശി ഒരു ജില്ലയാക്കി മാറ്റിയത് അതുവരെ തിരുനൽവേലി ജില്ലയിൽ ആയിരുന്നു തെങ്കാശി എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ ആ കുട്ടി പറഞ്ഞു. അങ്ങനെ നടന്ന് നടന്ന് ഏകദേശം കാശി ക്ഷേത്രത്തിന്റെ ഗോപുരത്തിന് അടുത്ത് എത്തിയപ്പോൾ ആ കുട്ടി പറഞ്ഞു ആ വളവ് തിരിഞ്ഞാൽ കോവിൽ കാണാം ഇനി ഞാൻ പൊക്കോട്ടെ എന്ന്. എനിക്ക് വേണ്ടി ബുദ്ധിമുട്ടി വന്ന അവനെ അങ്ങനെ ചുമ്മാ പറഞ്ഞയക്കാൻ തോന്നിയില്ല ഒരുപാട് നിർബന്ധിച്ചപ്പോൾ അവൻ ഒരു ചായ കുടിക്കാം എന്ന് സമ്മതിച്ചു ചായയുടെ കൂടെ ഒന്നും കഴിക്കാൻ ആ കുട്ടി കൂട്ടാക്കിയില്ല വീട്ടിൽ ആഹാരം ഉണ്ട് അത് വേസ്റ്റ് ആവും എന്ന് പറഞ്ഞു. എന്നാൽ വീട്ടിലേക്ക് പൊതിഞ്ഞു എടുത്തോളാൻ പറഞ്ഞപ്പോൾ നിങ്ങൾ ആണ് ഞങ്ങളുടെ അഥിതി നിങ്ങൾക്ക് ഞാനാണ് ഇതൊക്കെ വാങ്ങി തരേണ്ടത് എന്ന് പറഞ്ഞു. ചായ കുടിച്ച് ഇറങ്ങിയപ്പോൾ മിഠായി വാങ്ങിച്ചോ എന്നും പറഞ്ഞ് അവന്റെ കൈയ്യിൽ കാശ് കൊടുത്തപ്പോൾ അയ്യോ അതൊന്നും വേണ്ട ഞാൻ വാങ്ങില്ല എന്ന് പറഞ്ഞു. കുറേ നിർബന്ധിച്ചിട്ടും ആ കുട്ടി അത് വാങ്ങിയില്ല. പരിചയപ്പെട്ടതിൽ ഒരുപാട് സന്തോഷം എന്നും പറഞ്ഞ് അവൻ നടന്നു നീങ്ങി. ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ആ കുട്ടിയുടെ മനസ്സ് അത്രയ്ക്ക് നല്ലതാണ് എന്ന് തോന്നി അവന്റെ സംസാരം കേൾക്കാൻ തന്നെ ഭയങ്കര രസമാണ്. വിഘ്‌നേഷ് എന്നായിരുന്നു അവന്റെ പേര്.

ഞാൻ അങ്ങനെ അവിടെ നിന്ന് കാശി ക്ഷേത്രത്തിന് അടുത്തേക്ക് നടന്നു ഷൂ ഒക്കെ അവിടെ ഒരു സ്ഥലത്ത് ഏൽപ്പിച്ച് ആ ക്ഷേത്രത്തിലേക്ക് കയറിയപ്പോൾ ബാഗ് ഒക്കെ പരിശോധിച്ച് ഫോട്ടോ ഒന്നും എടുക്കരുത് എന്നും പറഞ്ഞ് സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടു. അതിനകം മുഴുവൻ ചുറ്റി കണ്ടുകൊണ്ട് ക്ഷേത്രത്തിന് അകത്ത് നിന്നും പുറത്തിറങ്ങി ആ കോമ്പൗണ്ടിനുള്ളിൽ കുറേ നേരം ഇരുന്നു. വളരെ ശാന്തമായ ആ അന്തരീക്ഷം നല്ലൊരു അനുഭവമായിരുന്നു സമ്മാനിച്ചത്. ശേഷം പുറത്തിറങ്ങിയപ്പോൾ ഷൂ എടുക്കാൻ പോയപ്പോൾ അവിടെ ഇരുന്ന അമ്മൂമ്മയുമായി കുറേ നേരം സംസാരിച്ചു അപ്പൊ അവരാണ് പറഞ്ഞത് ഇവിടെ വന്നിട്ട് ഞങ്ങളുടെ മാർക്കറ്റ് ഒന്നും കാണാതെ പോകരുത് അതൊക്കെ പോയി കാണണം എന്ന്. ഷൂ എടുത്ത് വെച്ചതിന് കാശ് ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് തന്നാൽ മതി എന്നായിരുന്നു മറുപടി. അങ്ങനെ അവിടെ നിന്നും നേരെ കുട്രാലത്തേക്ക് ബസ്സ് കയറി. കുട്രാലം മെയിൻ ഫാൾസും, ഫൈവ് ഫാൾസുമെല്ലാം കണ്ടു. വേനൽക്കാലം ആയതിനാൽ വെള്ളം നന്നേ കുറവ് ആയിരുന്നു അവിടെ. അങ്ങനെ അവിടെ നിന്നും വീണ്ടും തെങ്കാശിക്ക് ബസ്സ് കാത്ത് നിൽക്കുമ്പോൾ ഒരു പ്രായമായ ആളെ പരിചയപ്പെട്ടു അദ്ദേഹവുമായി കുറേ സംസാരിച്ചു നിന്നു. ബസ്സ് ഒന്നും കാണാതെ ആയപ്പോൾ ഷെയർ ഓട്ടോ പിടിച്ച് ഒരുപാട് പേരോടൊപ്പം തെങ്കാശിക്ക് പുറപ്പെട്ടു. എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്നും എന്തൊക്കെ അവിടെയൊക്കെ കാണാൻ ഉണ്ടാകുമെന്നുമൊക്കെ ആ മനുഷ്യൻ ഓട്ടോയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു തന്നു. തെങ്കാശിയിലെത്തി അദ്ദേഹത്തോട് യാത്ര പറഞ്ഞ് അവിടത്തെ ഏറ്റവും വലിയ മാർക്കറ്റ് കാണാൻ വേണ്ടി ബസ്സ് കയറി. അവിടെ ചെന്ന് ഇറങ്ങി അവരുടെ മാർക്കറ്റ് മുഴുവൻ ചുറ്റി കണ്ടുകൊണ്ട് നടന്നു. ഫോട്ടോയും വീഡിയോയും എല്ലാം എടുത്തോട്ടെയെന്ന് അതിനുള്ളിൽ നിന്നും അനുവാദം ചോദിച്ചപ്പോൾ അവർക്ക് ഒക്കെ ഒരുപാട് സന്തോഷമായിരുന്നു. അവിടെ ചുറ്റി കറങ്ങി അവര് തന്നെ കൃഷി ചെയ്ത് ഉണ്ടാക്കിയ പച്ചക്കറികളുടേയും മറ്റും വിവരമൊക്കെ ചോദിച്ചറിഞ്ഞ് ആ കാഴ്ചകളൊക്കെ കണ്ട് പുറത്ത് ഇറങ്ങി ബസ് സ്റ്റോപ്പിലേക്കുള്ള വഴി ചോദിച്ചത് ഒരു മലയാളിയോട് ആയിരുന്നു. അദ്ദേഹം അവിടെ നിന്നാണ് കല്ല്യാണം കഴിച്ചത് ഗൾഫിൽ ജോലി ചെയ്യുകയാണ് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ വന്നതാണ്. കേരളത്തിൽ കൊല്ലത്ത് ആണ് അദ്ദേഹത്തിന്റെ സ്ഥലം. പതിനെട്ട് വർഷമായി വിവാഹം കഴിഞ്ഞിട്ട് എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹവുമായി സംസാരിച്ച് നിന്നപ്പോൾ ഒറ്റയ്ക്ക് എങ്ങനെ ഇത്ര ദൂരം ബോറടിക്കാതെ യാത്ര ചെയ്യുന്നു എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ബസ്സ് സ്റ്റോപ്പ്‌ വീണ്ടും ചോദിച്ചപ്പോൾ ഒരു മിനുട്ട് ഇവിടെ നിൽക്കൂ എന്ന് പറഞ്ഞ് അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്ത് പോയി അവരേയും കൂട്ടി കൊണ്ട് വന്നു. ഇയാൾ മലയാളിയാണ് ഞാൻ പുള്ളിയെ ഒന്ന് തെങ്കാശി ബസ്സ്റ്റാൻഡിൽ ആക്കി കൊടുത്തിട്ട് വരാം നിങ്ങൾ സാധനം വാങ്ങി കഴിയുമ്പോഴേക്കും ഞാൻ എത്താം എന്ന് പറഞ്ഞു അവരെ പരിചയപ്പെടുത്തി പുള്ളി പുള്ളിയുടെ സ്‌കൂട്ടർ എടുത്ത് കൊണ്ട് വന്നു. അങ്ങനെ പുള്ളിയോട് കുറേ വിശേഷങ്ങൾ ഒക്കെ ചോദിച്ചും പങ്കു വെച്ചും തെങ്കാശി കാശി ക്ഷേത്രത്തിന് മുൻപിലേക്ക് തന്നെ എത്തി. എന്നെ ഇവിടെ ഇറക്കിയാൽ മതി എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അവിടെ ഇറക്കി കുറേ വീണ്ടും സംസാരിച്ചു നിന്നു. ഇവിടെ കാര്യമായിട്ട് കൃഷിയാണ് മെയിൻ. നെല്ല്,പച്ചക്കറിയൊക്കെയാണ് പ്രധാനമായും ഇവിടെ ഉള്ളത് നമ്മുടെ നാട്ടിലേക്ക് ഒക്കെ ചീപ്പ് റേറ്റിനാണ് ഇവിടെ നിന്നും ഇതൊക്കെ കൊണ്ട് പോകുന്നത്. പിന്നെ ധാരാളം മാമ്പഴം കിട്ടുന്ന സ്ഥലമാണ്. അതേപോലെ ഇവിടത്തെ പ്രധാന ഉപജീവന മാർഗ്ഗം കുടിൽ വ്യവസായമാണ് തുടങ്ങി തെങ്കാശിയെ പറ്റി അദ്ദേഹം കുറേ വിവരങ്ങൾ തന്നു. അങ്ങനെ കുറേ സംസാരിച്ച് യാത്ര പറഞ്ഞ് പുള്ളി തിരിച്ചു പോയി. അവിടെ നിന്ന് രാത്രി ഭക്ഷണവും കഴിച്ച് വീണ്ടും അവിടെ മുഴുവൻ കറങ്ങി നടന്ന് ആ ക്ഷേത്രത്തിന് പുറത്ത് ഒരുപാട് ആളുകൾ വിശ്രമിക്കുന്ന സ്ഥലത്ത് ചെന്ന് ഇരുന്ന് ക്ഷീണമൊക്കെ അകറ്റി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. രാത്രി 12.35ന് ആയിരുന്നു ട്രെയിൻ. ടിക്കറ്റ് ഒക്കെ എടുത്ത് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ കേരളത്തിലേക്ക് ജോലിക്ക് പോകുന്ന ഒരാളെ പരിചയപ്പെട്ടു അദ്ദേഹം ഒരു ടയ്‌ലർ ആയിരുന്നു. വർഷങ്ങളായി കേരളത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത് പത്തനംതിട്ടയിലും, മലപ്പുറത്തും, കോട്ടയത്തുമൊക്കെ ഒരുപാട് കാലം ജോലി ചെയ്ത എക്സ്പീരിയൻസ് ഒക്കെ പറഞ്ഞ് കുറേ സംസാരിച്ച് ഇരുന്നു. അദ്ദേഹം എഴുന്നേറ്റ് ചായ കുടിക്കാൻ പോയപ്പോൾ മറ്റൊരു ചെറുപ്പക്കാരൻ വന്നിരുന്ന് അദ്ദേഹത്തിന്റെ മൊബൈലിൽ റേഞ്ച് കിട്ടുന്നില്ല എന്താണ് എന്ന് നോക്കാവോ എന്ന് ചോദിച്ചു. അങ്ങനെ കുറേ നേരം പുള്ളിയുമായി സംസാരിച്ച് ഇരുന്നു. പാസ്പോർട്ട് തിരികെ വാങ്ങാൻ കൊച്ചിക്ക് പോകുകയാണ് പുറത്ത് ജോലിക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞ് അദ്ദേഹവും കുറേ നേരം സംസാരിച്ച് ഇരുന്നു. ട്രെയിൻ വരാൻ ആയപ്പോൾ പുള്ളി എഴുന്നേറ്റ് പോയി. അപ്പോഴാണ് രണ്ട് മൂന്ന് പോലീസുകാർ വന്ന് അവിടെ കിടന്നുറങ്ങിയ ഒരാളെ വിളിച്ച് എഴുന്നേൽപ്പിച്ച് എന്റെ മുൻപിലുള്ള സീറ്റിൽ കൊണ്ട് ഇരുത്തുന്നത്. ശേഷം അവര് ഒരു വീഡിയോ എടുക്കാൻ തുടങ്ങി ആദ്യം അയാളുടെ ബാഗ് പരിശോധിച്ചു പിന്നെ എന്റെ മുൻപിൽ ഇരിക്കുന്ന ഒരു മലയാളി ചേട്ടന്റെ ബാഗും പിന്നീട് എന്റെ ബാഗും പേരിന് എന്നോണം ഒന്ന് തൊട്ട് നോക്കി അവര് വീഡിയോ റെക്കോർഡ് ചെയ്ത് പുറത്തേക്ക് പോയി. ട്രെയിൻ വരാൻ അല്പം ലേറ്റ് ആയത് കാരണം വീണ്ടും കുറേ നേരം കൂടെ അവിടെ ഇരിക്കേണ്ടി വന്നു.

ട്രെയിൻ വന്ന് അതിൽ കയറി നേരെ കിടന്നു. ഏകദേശം ഉച്ചക്ക് പന്ത്രണ്ട് മണിയായപ്പോൾ വണ്ടി പാലക്കാട്‌ എത്തി. അവിടെ ഇറങ്ങി പുറത്തേക്ക് നടക്കുമ്പോൾ ഭയങ്കര ചൂട് ആയിരുന്നു. മൂന്നാല് ദിവസം എല്ലാം മറന്ന് ഉള്ളിലെ ചൂടിനെ ശമിപ്പിച്ച് നടന്ന എനിക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു ആ പാലക്കാടൻ ഉഷ്ണം. വീണ്ടും ചൂട് പിടിച്ച് കലങ്ങി മറയുന്ന ജീവിതത്തിലേക്ക് ആണ് പോകുന്നത് എന്നുള്ളതിന്റെ മുന്നറിയിപ്പ്.


വലിയ യാത്രാ വിവരണം ഒന്നുമല്ല പക്ഷേ ഈ പറഞ്ഞ മൂന്നാല് ദിവസം ഞാൻ ജീവിതം ഒരുപാട് ആസ്വദിച്ചു എന്ന് തന്നെ പറയാം. യാതൊരു വീർപ്പു മുട്ടലുകളോ ടെൻഷനോ ഇല്ലാതെ വളരെ ഫ്രീയായി നടന്ന ദിവസങ്ങൾ ആയിരുന്നു അത്. സ്ഥലങ്ങൾ കാണുക എന്നതിലുപരി ആ യാത്ര കൊണ്ട് ഉണ്ടായ ഒരു വലിയ സന്തോഷം എന്ന് പറയുന്നത് ഒരുപാട് ആളുകളെ പരിചയപ്പെടാൻ പറ്റി എന്നതാണ്. ഒരുപാട് പേരുടെ ജീവിതം കാണാൻ പറ്റി എന്നതാണ്. ഇത്തരം യാത്രകളാണ് എനിക്ക് ഏറെ പ്രിയം ലോക്കൽ ട്രെയിനുകളിൽ, ബസ്സുകളിൽ അതാത് നാട്ടുകാരുടെ കൂടെ അവരിൽ ഒരാളായി യാത്ര ചെയ്യുന്നത് വല്ലാത്തൊരു അനുഭവം തന്നെയാണ്.

തമിഴ് ഭാഷയോടും ആ നാടിനോടും എന്നും വല്ലാത്തൊരു ഇഷ്ടമാണ്. ഏതൊരു യാത്ര പ്ലാൻ ചെയ്യുമ്പോഴും ആദ്യം മനസ്സിൽ വരുന്നത് തമിഴ്നാട് മാത്രമാണ്. അത്രയ്ക്ക് ഇഷ്ടമാണ് ആ നാടും ആ ഭാഷയും. എന്നും അവര് അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.


ഈ തവണയും അതിനൊരു മാറ്റവും ഇല്ലായിരുന്നു. നിഷ്കളങ്കരായ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുപാട് മനുഷ്യരെ കണ്ടു. പരിചയപ്പെട്ട ഓരോ ആളുകളും പെരുമാറ്റം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. അവരിൽ നിന്നുമൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി ആ ചെറിയ കുട്ടിയിൽ നിന്ന് പോലും ഏറെ പഠിക്കാനുണ്ടായിരുന്നു. ഒന്നിനോടും പരാതിയോ പരിഭവമോ ഇല്ലാതെ അന്നന്നത്തെ തങ്ങളുടെ ജീവിതം ആഘോഷമാക്കുന്ന ഒരുപറ്റം മനുഷ്യർ. ഞെട്ടിച്ചു കളഞ്ഞു അവരൊക്കെ. പ്രത്യേകിച്ചും മേഘമലയിലും തെങ്കാശിയിലും ഉള്ളവർ. കാണാൻ ഏറെയൊന്നും ഇല്ലെങ്കിലും ഇവരുടെയൊക്കെ ഈ പെരുമാറ്റം വീണ്ടും വീണ്ടും അവിടേക്ക് ചെല്ലാൻ മനസ്സിനെ ഇങ്ങനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളും ഈ പറഞ്ഞ യാത്രാ രീതികളും എനിക്ക് ഏറെ പ്രിയമാണ്.

ഒരിക്കൽ കൂടെ പറയുന്നു നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കേണ്ടത് അതിന്റെ കടിഞ്ഞാൺ മറ്റാർക്കും വിട്ടു കൊടുക്കരുത്. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം അതിന് മറ്റാരും വരില്ല. ജീവിതത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബാധ്യതകളും തീരാൻ വേണ്ടി അവയെ മാറ്റി നിർത്തിയാൽ അത് ഒരിക്കലും നടന്നെന്ന് വരില്ല. അത്തരം സന്തോഷങ്ങൾക്ക് നമ്മൾ സമയം കണ്ടെത്തിയാൽ കിട്ടുന്ന ഊർജ്ജം ചെറുതല്ല അത് മുൻപോട്ട് ഉള്ള പ്രയാണത്തിന് കൂടുതൽ ശക്തി പകരുന്ന ഒന്നാണ്. മേല്പറഞ്ഞത് പോലെ നമ്മുടെ സന്തോഷങ്ങൾക്ക് വിലങ്ങു തടിയായി വരുന്നവരുടെ വാരിക്കുഴിയിൽ ഒന്നും വീഴാതെ നമ്മുടെ ജീവിതം മാക്സിമം ആസ്വദിക്കുക. മറ്റുള്ളവർ എന്ത് വേണേലും പറയട്ടെ അതിനെ അർഹിക്കുന്ന അവഗണനയോടെ തള്ളി കളയുക.

എന്നെ സംബന്ധിച്ച് ഇത്തരം മാനസിക സംഘർഷങ്ങൾ ഒക്കെ വരുമ്പോൾ അതിൽ നിന്നും ഒരു മാറ്റം കൊണ്ട് തരുന്ന മറുമരുന്ന് ആണ് ഈ തനിച്ചുള്ള യാത്രകൾ. അത്തരത്തിൽ ഓരോരുത്തർക്കും ഓരോന്ന് കാണും ഇത്തരം അവസ്ഥകൾ വരുമ്പോൾ അതിലേക്ക് ഇറങ്ങി ചെന്ന് ചൂടു പിടിച്ച മനസ്സിനെ തണുപ്പിക്കുക അതിന് ശേഷം ഒരുപാട് നല്ല തീരുമാനങ്ങൾ എടുക്കാൻ നമുക്ക് സാധിച്ചേക്കും. എന്നെ സംബന്ധിച്ച് ഈ തനിച്ചുള്ള യാത്രകൾ തരുന്നൊരു ധൈര്യം വളരെ വലുതാണ്. അറിയാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്ക് ഇങ്ങനെ പോകുന്നത് ഒക്കെ റിസ്ക്ക് ആണെങ്കിൽ പോലും ആ എടുക്കുന്ന റിസ്ക്ക് പലപ്പോഴും തരുന്ന ഊർജ്ജവും ധൈര്യവും വലുതാണ്. അപ്പൊ നമ്മുടെ സന്തോഷത്തെ ഒന്നിന് വേണ്ടിയും മാറ്റി വെക്കാതിരിക്കുക സമയം കണ്ടെത്തി അവയിലേക് ഇറങ്ങി ചെന്ന് ജീവിതം ആഘോഷമാക്കുക.

-വൈശാഖ്.കെ.എം
തനിച്ചുള്ള യാത്രകൾ തനിച്ചുള്ള യാത്രകൾ Reviewed by on 04:16 Rating: 5

No comments:

Powered by Blogger.