ആരാധന അതിരുകൾ താണ്ടുമ്പോൾ - (ഭാഗം ഒന്ന് )

  ജീവിതത്തിൽ നമുക്ക് ആരാധന തോന്നുന്ന ഒരുപാട് പേരുണ്ടാകും സമൂഹത്തിന്റെ നാനാ മേഖലയിലുള്ളവരും ആ ലിസ്റ്റിൽ ഉണ്ടായിരിക്കും,എനിക്കുമുണ്ട് അങ്ങനെ വലിയൊരു ലിസ്റ്റ്.

ഞാൻ ഏറെ ഇഷ്ടപ്പെടുന്ന.... പ്രണയിക്കുന്ന.... ഊണിലും ഉറക്കത്തിലും സ്വപ്നം കാണുന്ന.... ഒന്നാണ് സിനിമ. മാതാപിതാക്കളുടെ കാര്യം മാറ്റി നിർത്തിയാൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ഉച്ഛരിച്ചിട്ടുള്ള നാമവും സിനിമ എന്ന് തന്നെ ആയിരിക്കും. ഒരുപക്ഷേ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ആളുകൾ സിനിമാ മേഖലയിൽ ആയിരിക്കും. അപ്പൊ പറയാൻ വന്ന കാര്യത്തിലേക്ക് കടക്കാം.

ഒരിക്കൽ വീട്ടിൽ വെറുതേ ഇരിക്കുന്ന സമയത്ത് ഒരു ആഗ്രഹം തോന്നി (ഒരിക്കൽ എന്ന് പറയുമ്പോൾ കോവിഡ് ജനിക്കുന്നതിന് മുൻപ് ) ഒരുപാട് മാസ്സ് സിനിമകൾ സമ്മാനിച്ച് മനം കവർന്ന ഒരുപാട് ആരാധിക്കുന്ന സംവിധായകൻ ഷാജി കൈലാസ് സാറിനെ ഒന്ന് നേരിൽ കാണണമെന്ന്. കാലങ്ങളായുള്ള ഒരു ആഗ്രഹമായിരുന്നു അത്, ആ ഒരു നിമിഷത്തിൽ ആ ആഗ്രഹം വീണ്ടും മനസ്സിന്റെ ഏതോ കോണിൽ നിന്നും പൊങ്ങി വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഒരു ബാഗിൽ കുറച്ച് ഡ്രസ്സും കുത്തി നിറച്ച് വീട്ടിൽ നിന്നും ഇറങ്ങി. അല്ലെങ്കിലും ഒരുപാട് പ്ലാൻ ചെയ്‌താൽ ഒന്നും നടക്കില്ല അതിലും നല്ലത് ആണല്ലോ ഈ പെട്ടന്നുള്ള തീരുമാനങ്ങൾ. അങ്ങനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറി ബുക്ക്‌ ചെയ്യാതെ അപ്പൊ ടിക്കറ്റ് എടുത്തുള്ള യാത്രയായത് കൊണ്ട് സീറ്റ് ഒന്നും കിട്ടിയില്ല ഏകദേശം എറണാകുളം വരെ ഒരേ നിൽപ്പ് ആയിരുന്നു. അങ്ങനെ തിരുവനന്തപുരത്ത് എത്തി.... യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ തലസ്ഥാനത്തേക്ക് ട്രെയിൻ കയറുമ്പോൾ മനസ്സിൽ ഉണ്ടാവറുള്ള ധൈര്യം എന്ന് പറയുന്നത് കൂട്ടുകാർ ആണ്. കോഴിക്കോടിനെ മാറ്റിനിർത്തിയാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ ഉള്ള ജില്ല തിരുവനന്തപുരമാണ്. അതുകൊണ്ട് അവിടേക്കുള്ള യാത്രകളിൽ യാതൊരു ടെൻഷനും ഉണ്ടാകാറില്ല. അങ്ങനെ അവിടെ നിന്ന് ഒരു കൂട്ടുകാരനെ വിളിച്ചു ഒന്ന് ഫ്രഷ് ആയി അവനൊപ്പം ഭക്ഷണമൊക്കെ കഴിച്ച് തിരുവനന്തപുരം സിറ്റിയൊക്കെ ഒന്ന് കറങ്ങി കനകക്കുന്നിൽ ഇരിക്കുമ്പോൾ അവനോട് ഞാൻ വന്ന ഉദ്ദേശം പറഞ്ഞു. "അളിയാ ഡേയ് അവരൊക്കെ വലിയ ആൾക്കാർ ആണ് അങ്ങനെ ഒന്നും കാണാൻ പറ്റൂല്ല നീ ഇത്രയൊക്കെ ആഗ്രഹിച്ച് വന്നിട്ട് ലാസ്റ്റ് കണ്ടില്ലേൽ ഒരുപാട് വിഷമം ആവും അളിയാ. നീ നേരെത്തെ പറഞ്ഞിരുന്നേൽ ഞാൻ ഇതിനായിട്ട് വരണ്ട എന്ന് പറഞ്ഞേനെ. അളിയാ നിന്നെ എനിക്ക് നന്നായി അറിയാം കാണാൻ പറ്റിയില്ലേൽ അത് നിനക്ക് വല്ലാത്ത വിഷമം ആവും വേണ്ടളിയാ നമുക്ക് പിന്നെ എങ്ങനേലും ആരെങ്കിലും ഒക്കെ വഴി ചാൻസ് ഒപ്പിക്കാം"
നീ കൊണ്ട് പോകുന്നേൽ കൊണ്ട് പോ അല്ലേൽ ഞാൻ ഒറ്റയ്ക്ക് പോകും എന്ന് പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു കൂടെ വരാം എന്ന് പിന്നെ ഒരു ഉറപ്പും വാങ്ങി പുള്ളിയെ കാണാൻ പറ്റിയില്ലേൽ വിഷമിച്ച് ഇരിക്കരുത് എന്ന്. അങ്ങനെ ഞങ്ങൾ അങ്ങോട്ടുള്ള യാത്ര ആരംഭിച്ചു.... ആ എങ്ങോട്ടാണ് കൊണ്ട് പോകാനാണ് അവനോട് ഞാൻ പറഞ്ഞത് എന്നൊരു ഡൗട്ട് ഉണ്ടാകുമല്ലോ അല്ലേ..? പറയാം.... "അളിയാ ഷാജി സാറിന്റെ വൈഫ്‌ ആനി ചേച്ചി തുടങ്ങിയ ഒരു റെസ്റ്റോറന്റ് ഇല്ലേ അങ്ങോട്ട്‌ എന്നെ കൊണ്ട് പോകാമോ..?" ഇതായിരുന്നു എന്റെ ചോദ്യം. അപ്പൊ ഞങ്ങളുടെ യാത്ര കവടിയാർ എന്ന സ്ഥലത്തേക്ക് ആണ് എന്ന് മനസ്സിലായി കാണുമല്ലോ അല്ലേ.... അങ്ങനെ അവന്റെ ബൈക്കിൽ ഈ പറഞ്ഞ സ്ഥലത്ത് ലാൻഡ് ചെയ്തു.

"റിങ്സ് ബൈ ആനി" റെസ്റ്റോറന്റിന്റെ പേരൊക്കെ വായിച്ച് അതിന്റെ സൗന്ദര്യം ഒക്കെ ആസ്വദിച്ച് ഒരുപാട് സമയം റെസ്റ്റോറന്റിന് പുറത്ത് നിന്നു.

സുഹൃത്ത് : അളിയാ ഡേയ് നീ വന്ന കാര്യം എന്ത് നോക്കാത്തത് അകത്ത് കയറി ചോദിച്ചു നോക്കടെ 

ഞാൻ :അളിയാ ഇവിടെ നല്ല സമൂസ കിട്ടും എന്ന് കേട്ടിട്ടുണ്ട് നമുക്ക് കഴിച്ചാലോ..?

സുഹൃത്ത് : എടാ മൈ #%#% നീ സമൂസ കഴിക്കാൻ ആണോ കോഴിക്കോട് നിന്ന് ഇതുവരെ വന്നത് നിനക്ക് വയ്യേ....

ഞാൻ : അതല്ല അളിയാ ഒരു പരിചയവും ഇല്ലാത്ത ഞാൻ എങ്ങനാടെ അവിടെ കേറി ഷാജി സാർ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത്.... അതും ഒരു റെസ്റ്റോറന്റ് അല്ലേ മോശമല്ലേ....

സുഹൃത്ത് : ഈ ബോധം ഇങ്ങോട്ട് വരുന്നത് വരെ ഇല്ലായിരുന്നോ നിനക്ക് ഇതൊക്കെ തന്നെ അല്ലേ ഞാൻ പറഞ്ഞു തന്നത്.

ഞാൻ : അല്ലടെ അപ്പൊ ധൈര്യം ഉണ്ടായിരുന്നു ഇപ്പൊ ഒരു പേടി

സുഹൃത്ത് : നിനക്ക് പേടിയാണേൽ ഞാൻ ചോദിക്കാം

ഞാൻ : അളിയാ നമുക്ക് ആദ്യം കയറി എന്തേലും കഴിക്കാം എന്നിട്ട് നൈസ് ആയിട്ട് ചോദിക്കാം അതല്ലേ നല്ലത് എന്നാൽ മോശം ആവുകയുമില്ല കഴിക്കാൻ വരുന്നവർ കുശലം ചോദിച്ചത് പോലല്ലേ കരുതൂ....

സുഹൃത്ത് : എന്നാൽ വാ

അകത്ത് കയറി അല്പം വിളർച്ചയോടെ ഞാൻ ഇരിക്കുമ്പോൾ ഓർഡർ എടുക്കാൻ ആള് വന്നു താഴെ വന്ന് ഇരിക്കാവോ ഇവിടെ സർവ്വീസ് ഇല്ലെന്ന് പറഞ്ഞു അങ്ങനെ താഴെ വന്നിരുന്ന് സമൂസയും ചായയും ഒക്കെ കഴിച്ച് കഴിഞ്ഞപ്പോൾ കൂട്ടുകാരൻ പറഞ്ഞു വാ അളിയാ ഇനി എഴുന്നേൽക്കാം പോയി ചോദിക്കാം വാ....

ഞാൻ : അല്ലളിയാ സമൂസയും ചായയും മാത്രം കഴിച്ച് എങ്ങനാടെ ഇതൊക്കെ പോയി ചോദിക്കുന്നത് നമുക്ക് വേറെ വല്ലോം കൂടെ കഴിക്കാം

സുഹൃത്ത് : നിനക്ക് വട്ട് തന്നടെ.... എനിക്ക് കുഴപ്പമില്ല നീയാണല്ലോ ബില്ല് കൊടുക്കുന്നത്

അങ്ങനെ ഞങ്ങൾ ദോശയും മറ്റുമൊക്കെയായി എന്തൊക്കെയോ വാങ്ങി കഴിച്ച് എഴുന്നേറ്റു. ബില്ല് കൊടുക്കാൻ നടക്കുമ്പോൾ ക്യാഷിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ പറഞ്ഞു അത് ഷാജി സാറിന്റെ ഇളയ മകനാണ് എന്റെ ഫേസ്ബുക്ക്‌ ഫ്രണ്ട് ആണ്. അപ്പൊ കൂട്ടുകാരൻ പറഞ്ഞു ആഹാ എന്നിട്ടാണോ എന്നാൽ എളുപ്പമായല്ലോ.... അതിന് ആ കുട്ടിക്ക് എന്നെ യാതൊരു പരിചയവുമില്ലെടാ പിന്നെ എന്ത് എളുപ്പം.

അങ്ങനെ ഞാൻ ബില്ല് ഒക്കെ എടുത്ത് ക്യാഷും സെറ്റ് ആക്കി പുള്ളിക്ക് കൊടുത്തു.
ഞാൻ : റൂഷിൻ അല്ലേ...? പുള്ളി ചിരിച്ചു കൊണ്ട് അതെ എന്ന് പറഞ്ഞു
ഞാൻ : ഷാജി സർ ഇവിടെ വരാറില്ലേ..?
പുള്ളി : ഇടയ്ക്ക് ഒക്കെ വരും എന്ന് പറഞ്ഞു
അടുത്ത വാക്ക് ചോദിക്കുന്നതിന് മുൻപ് ബാക്കി കാശും തന്ന് തലയാട്ടിയപ്പോൾ ബാക്കി ചോദിക്കാൻ വന്നത് ഒക്കെ ഏതോ വഴിക്ക് സല്യൂട്ട് അടിച്ച് കടന്നു പോയി. ഇളിഭ്യനായ മുഖവുമായി പുറത്തേക്ക് വന്നപ്പോൾ കൂട്ടുകാരൻ ചോദിച്ചു അളിയാ എന്തായി സാറിനെ കാണാൻ പറ്റ്വോ..? എവിടാന്ന് പറഞ്ഞോ..?
ഞാൻ പറഞ്ഞു ഇല്ലളിയാ ചോദിച്ചില്ല ആ കുട്ടി തിരക്കിലാണ് വെറുതേ ബുദ്ധിമുട്ടിക്കണ്ടല്ലോ
സുഹൃത്ത് : ഡേയ് ആവശ്യം നിന്റെയാണ് അപ്പൊ ഇതുപോലെ ചമ്മേണ്ടിയൊക്കെ വരും ഇതൊക്കെ പറഞ്ഞിട്ടല്ലേ ഞാൻ കൂട്ടി കൊണ്ട് വന്നത് നീ മാറി നില്ല് ഞാൻ ചോദിച്ചു വരാം

ഞാൻ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു വേണ്ടളിയാ പിന്നെ എപ്പോഴേലും എന്തേലും വഴിയൊക്കെ തെളിയുമായിരിക്കും. നമുക്ക് ഇവിടെ കുറച്ച് നേരം കാത്ത് നിന്ന് നോക്കാം കട അടയ്ക്കാൻ നേരത്ത് എങ്ങാനും സാറ് വന്നാലോ.... അങ്ങനെ കുറേ നേരം ആ റോഡിൽ പോസ്റ്റ്‌ ആയി നിന്നിട്ടും യാതൊരു പുരോഗതിയും ഇല്ലാതായപ്പോൾ അവൻ പറഞ്ഞു അളിയാ ഇനിയും നിന്നാൽ ട്രെയിൻ കിട്ടണേൽ രാവിലെ ആവും നീ പെടും. അങ്ങനെ അവന്റെ നിർബന്ധം കൊണ്ട് അവിടെ നിന്ന് മനസ്സില്ലാ മനസ്സോടെ തിരിച്ചു പോന്നു. ഞങ്ങൾ എത്തുമ്പോഴേക്കും തിങ്ങി നിറഞ്ഞ ട്രെയിനിൽ ബാത്‌റൂമിന്റെ അടുത്ത് വൃത്തികെട്ട വാസനയും സഹിച്ച് ഒരേ നിൽപ്പ് നിന്ന് കൊണ്ട് കോഴിക്കോട് വരെ യാത്ര ചെയ്യേണ്ടി വന്നു അതും നട്ടപാതിരായ്ക്ക് ഉറക്കം തൂങ്ങിക്കൊണ്ട്.

ചില ആഗ്രഹങ്ങൾ അങ്ങനെയാണ് പിടിച്ചു നിർത്താൻ നമുക്ക് പറ്റിയെന്ന് വരില്ല അവിടെ വരും വരായ്കകളും മറ്റുമൊന്നും ചിന്തിക്കാൻ പറ്റിയെന്ന് വരില്ല. ഏതോ സിനിമയിൽ പറഞ്ഞത് പോലെ അത്തരം യാത്രകളിൽ ദൂരം പോലും ഇല്ലാതാകും. അല്ലേൽ നമുക്ക് മുന്നിൽ അതൊന്നും ഒന്നും അല്ലാതാകും. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ആരാധിക്കുന്നവരെ കാണണമെന്ന ആഗ്രഹമാകുമ്പോൾ ഇതുപോലെ പല റിസ്‌ക്കുകളും യാന്ത്രികമായി നമ്മൾ എടുക്കും.

ഇത്തരം ചില ആരാധനകളുടേയും ആഗ്രഹങ്ങളുടേയും മുൻപിൽ ദൂരവും അതിരും എല്ലാം ഇല്ലാതാവും ദുർലഭം ചിലത് ലക്ഷ്യത്തിൽ എത്തും അല്ലാത്തവയിൽ ദേ ഇതുപോലെ എടുത്ത കഷ്ടപ്പാടുകൾ മാത്രം ബാക്കിയാകും. സിനിമയോടുള്ള അടങ്ങാത്ത പ്രണയവും ചില സിനിമാക്കാരോടുള്ള വലിയ ആരാധനയും പലപ്പോഴും അറിഞ്ഞും അറിയാതേയുമൊക്കെ പല കുഴികളിലും കൊണ്ട് ചാടിച്ചിട്ടുണ്ട്, പറ്റിക്കപ്പെട്ടിട്ടുണ്ട്. അറിഞ്ഞു കൊണ്ട് എങ്ങനെ എന്ന ചോദ്യം ആണ് നിങ്ങളുടെ മനസ്സിൽ എങ്കിൽ വൺമാൻഷോയിൽ സലിം കുമാർ ചേട്ടൻ പറയുന്നത് പോലെ അഥവാ ബിരിയാണി കൊടുത്താലോ എന്ന മറുപടി മാത്രേ പറയാനുള്ളൂ.

ഷാജി കൈലാസ് സാറിനെ കാണാൻ പറ്റാത്ത വിഷമം ഒക്കെ ഉണ്ടേലും ഇപ്പൊ ആലോചിച്ചു നോക്കുമ്പോൾ അതൊക്കെ വല്ലാത്തൊരു അനുഭവം ആയിരുന്നു ആരാധനയുടെ മുൻപിൽ ഇല്ലാതായ അതിരുകളും ദൂരങ്ങളുമൊക്കെ ജീവിതത്തിൽ വേറേയും ഒരുപാട് ഉണ്ടായിട്ടുണ്ട് മഞ്ജു ചേച്ചിയെ കാണാൻ വേണ്ടി പുള്ളിലെ വാര്യത്തെ ഗേറ്റിന് മുൻപിൽ എത്തിയത് വരെ അതിൽപ്പെടുന്നു അതൊക്കെ പിന്നീട് ഒരിക്കൽ പറയാം.

കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ ട്രെയിനിൽ മണിക്കൂറുകളോളം നിന്നും കുറച്ച് നേരം ഇരുന്നും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ പാതിരാത്രി ഒരേ നിൽപ്പ് നിന്നും കൂറ കപ്പലിൽ പോയ യാത്ര എന്ന് പലരും ഉപമിക്കുന്ന ഈയൊരു യാത്രയെപ്പറ്റി കേട്ടപ്പോൾ നിങ്ങളിൽ ചിലർക്ക് എങ്കിലും തോന്നിയിരിക്കാം ഇതൊക്കെ എന്ത് ഭ്രാന്ത് ആണ് എന്ന്..... മറ്റൊരാളുടെ ആഗ്രഹങ്ങളും അത് പൂർത്തിക്കരിക്കാൻ അയാൾ എടുക്കുന്ന കഷ്ടപ്പാടുകളും കാണുന്ന പലർക്കും ഈ പറഞ്ഞ തമാശയും, ഭ്രാന്തും, പുച്ഛവും മറ്റുമൊക്കെയാണേലും അത് അയാൾക്ക് അയാളുടെ ജീവിതം തന്നെ ആയിരിക്കും അതുകൊണ്ട് മറ്റുള്ളവന്റെ വികാരങ്ങളെ ഒരിക്കലും വില കുറച്ച് കാണരുത്.

എന്റെ Shaji Kailas സാറേ സാറ് ഇത് വല്ലതും അറിയുന്നുണ്ടോ.... സാറിനെ കാണാൻ ഒരുപാട് കഷ്ടപ്പെട്ട് കേരളത്തിന്റെ ഇങ്ങറ്റത്ത് നിന്ന് അങ്ങറ്റം വരെ വന്ന് കൈയ്യും വീശി തിരിച്ചു പോരേണ്ടി വന്ന ഒരു കടുത്ത ആരാധകന്റെ കദന കഥ 😃

സിനിമയോടും സിനിമാക്കാരോടുമുള്ള അടങ്ങാത്ത പ്രണയവും ആരാധനയും കാരണം ഇതിലേറെ കഷ്ടപ്പെട്ട അനുഭവങ്ങൾ പലർക്കും ഉണ്ടാവും എന്നറിയാം അതിൽ ചെറിയ കുറച്ച് അനുഭവങ്ങൾ എനിക്കും ഉണ്ട്. അതിൽ ഒന്നാണ് ഇത്.

പിന്നെ പറയാൻ മറന്നൊരു കാര്യം ഈയൊരു വെപ്രാളത്തിനിടയിലും വളരെയേറെ ആസ്വദിച്ചു കഴിച്ചതായിരുന്നു റിങ്സ് ബൈ ആനിയിലെ സമൂസയും ദോശയും മറ്റുമൊക്കെ (ബാക്കിയുള്ളത് എന്തായിരുന്നു എന്ന് മറന്നു ) തിരുവനന്തപുരത്ത് പോകുന്നവർ പ്രത്യേകിച്ച് ഭക്ഷണപ്രിയർ അവിടെ കൂടെ കയറുന്നത് നന്നായിരിക്കും. നല്ല രുചിയുള്ള ഭക്ഷണമാണ് അവിടെ,ഒപ്പം നല്ല പെരുമാറ്റവുമാണ് അവിടെ ഉള്ളവർക്ക്.

ആരാധന അതിരുകൾ താണ്ടുമ്പോൾ..... ആഗ്രഹങ്ങളിൽ ഇല്ലാതാവുന്ന ദൂരം......

-വൈശാഖ്.കെ.എം
ആരാധന അതിരുകൾ താണ്ടുമ്പോൾ - (ഭാഗം ഒന്ന് ) ആരാധന അതിരുകൾ താണ്ടുമ്പോൾ - (ഭാഗം ഒന്ന് ) Reviewed by on 22:43 Rating: 5

No comments:

Powered by Blogger.