കളങ്കമില്ലാത്ത പ്രായത്തിൽ മനസ്സിനെ കീഴടക്കിയ കളങ്കമില്ലാതെ വളർന്നൊരു പവിത്രമായ ഇഷ്ടം.
വാക്കുകൾക്കും വർണ്ണനകൾക്കും അതീതമായ ചിലതുണ്ട് ജീവിതത്തിൽ,അങ്ങനെയുള്ളവയെ വിവരിക്കാൻ അനുഭവങ്ങൾക്കേ സാധിക്കൂ.
കുഞ്ഞായിരുക്കുമ്പോൾ മനസ്സിൽ വിരിയുന്ന.... ഉടലെടുക്കുന്ന ചില ഇഷ്ടങ്ങളുണ്ട് ഒട്ടും കളങ്കമില്ലാത്ത.... പവിത്രമായ ചില ഇഷ്ടങ്ങൾ. അതിൽ ചിലത് നമുക്കൊപ്പം വളരും ചിലത് വാടിപ്പോകും. ആ വളരുന്നവയിൽ അപൂർവ്വം ചിലത് നമ്മളേക്കാൾ വേഗത്തിൽ വളരും. അങ്ങനെ വളർന്നൊരു കളങ്കമില്ലാത്ത ഒരു ഇഷ്ടമുണ്ട് ഈ എനിക്കും. ഓർമ്മ വെക്കുന്നതിന് മുൻപ് എപ്പോഴോ മനസ്സിൽ പതിഞ്ഞു കിടന്നൊരു രൂപം, ഓർമ്മ വെച്ച കാലം മുതൽ മനസ്സിൽ കുടിയേറിയൊരു രൂപം. വീട്ടിലെ ടീവി സ്ക്രീനിലും തിയ്യേറ്ററുകളിലെ വലിയ സ്ക്രീനിലും അടക്കം എവിടെ ആണേലും അയാൾ ചിരിക്കുമ്പോൾ ഞാനും ചിരിച്ചു,അയാള് കരയുമ്പോൾ ഞാനും കരഞ്ഞു, അയാൾക്ക് അടി കൊള്ളുമ്പോൾ കണ്ണ് പൊത്തി ഇരുന്നു, അയാൾ മറ്റുള്ളവരെ കായികമായി കീഴടക്കുമ്പോൾ എന്നിലെ ആവേശം അണപൊട്ടി ഒഴുകി പതിയെ പതിയെ ആ മനുഷ്യൻ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. അയാളെ അനുകരിച്ചു തുടങ്ങിയ ബാല്യത്തിന്റെ തുടർച്ചയാണ് അയാളിലേക്ക് മാത്രം ചുരുങ്ങിയ കൗമാരം എന്ന് വേണം പറയാൻ. പൊതുവേ നാണം കുണുങ്ങിയും പേടിത്തൊണ്ടനുമായ ഞാൻ സ്കൂളിൽ പരിസരം പോലും മറന്ന് അയാൾക്ക് വേണ്ടി വാദിച്ചു തുടങ്ങി, അടി എന്ന് എഴുതി കാണിച്ചാൽ ആ പഞ്ചായത്തിൽ നിൽക്കാതെ ഓടിയിരുന്ന ഞാൻ അയാൾക്ക് വേണ്ടി പലരോടും മൽപ്പിടുത്തം തുടങ്ങി പലതും ഒടുവിൽ കലാശിച്ചത് ശരീരത്തിൽ ചോരപ്പാടുകൾ കാണുമ്പോഴോ അധ്യാപകരോ മറ്റോ പിടിച്ചു മാറ്റുമ്പോഴോ ആയിരുന്നു എന്ന് വേണം പറയാൻ. നോട്ട്ബുക്കും,ടെസ്റ്റ് ബുക്കും,ബാഗും, ഡെസ്ക്കും ബെഞ്ചും ക്ലാസ്സ് റൂമിന്റെ ചുവരുകളും അടക്കം അയാളുടെ പേരുകൾ കൊണ്ട് നിറച്ചു. കിടപ്പ് മുറിയിൽ അയാളുടെ ചിത്രങ്ങൾ കൊണ്ട് മറഞ്ഞു പോയത് ചുവരുകൾ ആയിരുന്നു. ഭ്രാന്തമായ ഒരു ആവേശമായി മാറിയ ആ മനുഷ്യനോട് പിന്നീട് അടങ്ങാത്ത ആരാധനയായി അത് രൂപാന്തരപ്പെട്ട് അന്ധമായ ആരാധനയായി. ഒരിക്കൽ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ എന്റെ ബാഗ് പരിശോധിച്ചിട്ട് തമാശ രൂപേണ പറഞ്ഞത് "ആ മനുഷ്യനെ പറ്റി അദ്ദേഹത്തിനുള്ള അറിവിനേക്കാൾ അയാളെക്കുറിച്ചുള്ള അറിവ് നിനക്കുണ്ടല്ലോ" എന്നാണ്. ആ മനുഷ്യനോടുള്ള ഇഷ്ടവും, ആവേശവും, ആരാധനയും കൗമാര പ്രായത്തിൽ പല കുഴപ്പങ്ങളിലും കൊണ്ട് ചെന്ന് ചാടിച്ചിട്ടുണ്ട്. വീട്ടുകാർക്കൊപ്പം മാത്രം സിനിമയ്ക്ക് പോയിരുന്ന ഞാൻ കള്ളം പറഞ്ഞും ക്ലാസ്സ് കട്ട് ചെയ്തും സ്കൂളിന്റെ മതില് ചാടിയുമെല്ലാം ആ മനുഷ്യനെ കാണാൻ തിയ്യേറ്ററുകളിലേക്ക് ഓടി തുടങ്ങി. പിന്നീട് പരീക്ഷകൾ വരെ ഒഴിവാക്കി ആ മനുഷ്യന് വേണ്ടി ഓടാൻ തുടങ്ങി. വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ അടിയും, വഴക്കും കൊണ്ടിട്ടും കേട്ടിട്ടുമുള്ളത് ഈ മനുഷ്യന് വേണ്ടിയാണ്. എന്തിന് ആ സമയത്ത് പ്രേമിച്ചിരുന്ന കുട്ടിയോട് ആദ്യം ചോദിച്ചത് നിനക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ആരാണ് എന്നാണ്. അത്രയ്ക്ക് ആ മനുഷ്യൻ മനസ്സിനെ സ്വാധീനിച്ചിരുന്നു. ഞാൻ പോലും അറിയാതെ ആ മനുഷ്യനോടുള്ള എന്റെ ഇഷ്ടം എന്നേക്കാൾ എത്രയോ പതിന്മടങ്ങ് വേഗത്തിൽ വളർന്നു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമ റിലീസ് ഉള്ള ദിവസം അന്നത്തെ പൊട്ട ബുദ്ധിയിൽ SSLC എക്സാം വരെ എഴുതാതെ പോകാൻ ഒരുങ്ങിയിട്ടുണ്ട് അച്ഛന്റെ തല്ല് പേടിച്ച് മാത്രം മാറ്റി നിർത്തിയൊരു ഉദ്യമമായിരുന്നു അത്. ഈയൊരു കാര്യത്തിന് മുൻപും ഇറങ്ങിപ്പുറപ്പെട്ട് മോഡൽ എക്സാമുകൾ പലതും എഴുതാതിരുന്നിട്ടുണ്ട്. ആ മനുഷ്യന് വേണ്ടി ആ പ്രായത്തിൽ കാണിച്ചു കൂട്ടിയ കാര്യങ്ങളുടെ കണക്കെടുത്താൽ ഒരുപക്ഷേ ദിവസങ്ങൾ പോരാതെ വരും. പിന്നീട് അങ്ങോട്ടും കുറച്ച് കാലം ഇതുപോലെ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ വേണ്ടിയെടുത്ത റിസ്ക്ക് ഒന്നും മറ്റൊന്നിന് വേണ്ടിയും എടുത്തിട്ടില്ല.
യൗവ്വനത്തിന്റെ തുടക്കത്തിലും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥയെങ്കിലും ആ മനുഷ്യനിൽ നിന്നും തുടങ്ങിയ ഒരു ക്രേസ് പതിയെ സിനിമകളിലേക്ക് മാറി.... എന്താണ് സിനിമയെന്നും എന്താണ് അഭിനയമെന്നും എന്താണ് സ്വാഭാവികമായ പ്രകടനമെന്നുമൊക്കെ മനസ്സിലാക്കി തുടങ്ങി. സിനിമ എന്നത് ഒരു ഭ്രാന്ത് ആയി മാറി. പണ്ട് ക്ലാസ്സ് ആയിരുന്നു കട്ട് ചെയ്തിരുന്നത് എങ്കിൽ പിന്നീട് അത് ജോലിയായി മാറി. വെള്ളിയാഴ്ചകളിൽ പലപ്പോഴും ലീവ് ആയിരുന്നു. പലതരം മാറ്റങ്ങളും ജീവിതത്തിൽ വന്നു തുടങ്ങി പക്ഷേ അപ്പോഴും ആ മനുഷ്യനോടുള്ള അടങ്ങാത്ത ആരാധന മാത്രം മാറിയില്ല അദ്ദേഹത്തോടുള്ള ഇഷ്ടം കൂടുക എന്നല്ലാതെ ഒരു തരി പോലും കുറഞ്ഞില്ല. എന്താണ് സിനിമ എന്ന് അറിയാത്ത കാലത്തും എന്താണ് സിനിമ എന്ന് അറിഞ്ഞു തുടങ്ങിയ കാലത്തും ഒരേപോലെയാണ് ആ മനുഷ്യൻ വിസ്മയിപ്പിച്ചിട്ടുള്ളത്. സിനിമയെ പറ്റി അറിയാത്ത കാലത്ത് ആക്ഷനും,ഡാൻസും മറ്റും കൊണ്ടാണ് ആ മനുഷ്യൻ വിസ്മയിപ്പിച്ചിരുന്നത് എങ്കിൽ സിനിമയെന്താണ് എന്ന് അറിഞ്ഞു തുടങ്ങിയ കാലം മുതൽ പ്രകടനം കൊണ്ട് ആ മനുഷ്യൻ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. പല ഭാഷകളിൽ പല സിനിമകളും നിരന്തരം കണ്ടു കൊണ്ടിരുന്നപ്പോഴും ഈ മനുഷ്യനെ വെല്ലുന്ന ഒരാളെ മാത്രം കാണാനായില്ല.
ഇനി കുറച്ച് പിന്നോട്ട് തന്നെ സഞ്ചരിക്കാം.... സോഷ്യൽ മീഡിയയുടെ തുടക്കക്കാലം.... അന്ന് വരെ ഈ മനുഷ്യന് വേണ്ടി ഏറ്റവും കൂടുതൽ വഴക്ക് ഉണ്ടാക്കിയത് നേരിട്ട് അറിയാവുന്നവരോട് മാത്രമായിരുന്നു പക്ഷേ സോഷ്യൽ മീഡിയയുടെ വരവോടെ യാതൊരു പരിചയവും ഇല്ലാത്തവരോട് ആയി ഈ പറഞ്ഞ ഘോരമായ യുദ്ധങ്ങൾ.
ഇനി മുന്നോട്ട് തന്നെ സഞ്ചരിക്കാം അല്ലേ.... ജീവിതത്തിൽ ആ മനുഷ്യൻ കാരണമുണ്ടായ ഒരുപാട് നേട്ടങ്ങളുണ്ട് അതിലേക്ക് ആവാം ഇനിയുള്ള യാത്ര... അതിൽ ഏറ്റവും വലുത് സിനിമയോടുള്ള അടങ്ങാത്ത പ്രണയം തന്നെയാണ്. സിനിമയെന്ന മായാലോകത്തെ ഏറ്റവും വലിയ കാമുകിയാക്കി മാറ്റിയത് ആ മനുഷ്യനാണ്. അദ്ദേഹത്തിന്റെ സിനിമാ ഡയലോഗ് കടമെടുത്താൽ അദ്ദേഹമാണ് ഈ കാര്യത്തിൽ നമ്മുടെ ഹെഡ്മാസ്റ്റർ എന്ന് നിസ്സംശയം പറയാം. പിന്നീട് കിട്ടിയ സൗഭാഗ്യങ്ങൾ ഒരുപാട് സൗഹൃദങ്ങളാണ്. ഇന്ന് ജീവിതത്തിൽ ഏറ്റവും അമൂല്യം എന്ന് പറയാവുന്ന കുറച്ച് ജീവനും ജീവന്റെ ജീവനുമായ കൂട്ടുകാരുണ്ട് അവരെയൊക്കെ തന്നത് ഈ മനുഷ്യനാണ്.... ആ വിസ്മയത്തിന്റെ ശിക്ഷണത്തിൽ പ്രണയിച്ചു തുടങ്ങിയ സിനിമയെന്ന വിസ്മയമാണ്. അന്നും ഇന്നും ഒരുപോലെ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് അയാൾ നിനക്ക് എന്ത് തന്നു സിനിമ നിനക്ക് എന്ത് തന്നു എന്ന്. അവരോട് ഒക്കെ പറയാറുള്ള ഒരേയൊരു ഉത്തരമാണ് ഈ പറഞ്ഞ അമൂല്യമായ ജീവനായ വിസ്മയമായ സൗഹൃദങ്ങൾ.
സന്തോഷകരമായ ബാല്യവും ആവേശകരമായ കൗമാരവും ആഘോഷമായി നീങ്ങുന്ന യൗവ്വനവും ഇത്രയേറെ മനോഹരമാക്കിയതിൽ ഈ മനുഷ്യൻ വഹിച്ച പങ്ക് വളരെ വലുതാണ്. വിഷമ ഘട്ടങ്ങളിൽ ഒറ്റപ്പെട്ടു പോയപ്പോൾ പലപ്പോഴും അന്നും ഇന്നും സഹായകമായത് ഈ മനുഷ്യൻ വെള്ളിത്തിരയിൽ തീർത്ത വിസ്മയങ്ങളാണ്. ഏത് വിഷമ ഘട്ടത്തിലും ആശ്വാസം തരുന്ന ഒന്നാണ് അദ്ദേഹത്തിന്റെ സിനിമകൾ.
ആദ്യമായി ആ മനുഷ്യനെ അകലെ നിന്ന് കണ്ടപ്പോഴും അടുത്ത് നിന്ന് കണ്ടപ്പോഴും പിന്നീട് അദ്ദേഹത്തെ സ്പർശിച്ച് ആ കൈകൾ ചേർത്ത് പിടിച്ച് അദ്ദേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തപ്പോഴും ഉണ്ടായൊരു അവസ്ഥയുണ്ട് അത് എങ്ങനെ വിവരിക്കണം എന്ന് എനിക്കറിയില്ല. ആ സമയത്ത് കടന്നു പോയൊരു അനുഭൂതി അനിർവചനീയമാണ്.
എട്ടും പൊട്ടും തിരിയാത്ത ബാല്യത്തിലും നെല്ലും പതിരും തിരിച്ചറിഞ്ഞു തുടങ്ങിയ കൗമാരത്തിലും ജീവിതമെന്തെന്ന് മനസ്സിലാക്കിയ യൗവ്വനത്തിലും ഒരുപോലെ വിസ്മയിപ്പിച്ച.... വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ചുരുക്കം ചിലരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മനുഷ്യൻ.
ബാല്യത്തിൽ ആവേശം അതിരുകടന്നിരുന്നത് വീട്ടിൽ നിന്നും കൗമാരത്തിൽ അത് സ്കൂളിൽ നിന്നും ആയിരുന്നെങ്കിൽ ഇന്നത് തിയ്യേറ്ററുകളിൽ നിന്നാണ്.... പരിസരം മറന്നുള്ള ആർപ്പ് വിളികളും ആഘോഷങ്ങളും നാല് ചുവരുകൾക്കുള്ളിൽ നിന്നും തുടങ്ങിയത് ഇന്ന് അതിനൊക്കെ പുറത്തേക്ക് വളർന്നിരിക്കുന്നു.
അല്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ആ കള്ളപുഞ്ചിരിയിലും അഴകേറെയുള്ള ആ തോള് ചരിച്ചുള്ള നടത്തത്തിലും നാണം കുണുങ്ങിയ സംസാരത്തിലും രൗദ്രമേറിയ മീശപിരിക്കലിലും അഴകോടെയുള്ള മുണ്ട് മടക്കിക്കുത്തലുമൊക്കെ ഇഷ്ടപ്പെടാത്ത.... അതിലൊക്കെ മയങ്ങി പോകാത്ത ആരാ ഉള്ളത്.
കളങ്കമില്ലാത്ത പ്രായത്തിൽ മനസ്സിനെ കീഴടക്കിയ കളങ്കമില്ലാതെ വളർന്നൊരു പവിത്രമായ ഇഷ്ടം.
സ്വഭാവികാഭിനയത്തിന്റെ ചക്രവർത്തി.... മലയാള സിനിമാ സാമ്രാജ്യത്തിൽ കിരീടവും ചെങ്കോലും ചൂടിയിരിക്കുന്ന ഒരേയൊരു രാജാവ്..... ഇന്ത്യൻ സിനിമയുടെ വിസ്മയം..... വാക്കുകൾക്കും വർണ്ണനകൾക്കും അതീതമായ അഭിനേതാവ്...... മലയാളികളുടെ അഭിമാനം, അഹങ്കാരം, പ്രചോദനം,ആദർശ മാതൃക, നടനവിസ്മയം പത്മഭൂഷൺ, ലെഫ്റ്റനന്റ് കേണൽ, പത്മശ്രീ, ഭരത്, Dr മോഹൻലാൽ.
എന്നെപ്പോലുള്ള ലക്ഷക്കണക്കിന് ആളുകളുടെ വികാരവും അഭിമാനവും അഹങ്കാരവുമായ ഞങ്ങളുടെ സ്വന്തം ലാലേട്ടൻ. അന്നും ഇന്നും എന്നും ഇവിടത്തെ ഒന്നാമൻ. ഒരു ക്ലീഷേ വാചകം കടമെടുത്താൽ.... ഇന്ത്യയിൽ ക്രിക്കറ്റിനെ ജനകീയമാക്കിയത് സച്ചിൻ ആണേൽ കേരളത്തിൽ സിനിമയെ ജനകീയമാക്കിയത് മോഹൻലാൽ ആണ്.
വാക്കുകളും വർണ്ണനകളും പോരാതെ വരുന്നതും അതിനെല്ലാം അതീതമാകുന്നതും ഇതുപോലെ ചിലരുടെ കാര്യത്തിൽ മാത്രമാണ്. ഒരു മലയാള ഗാനം പോലെ "ഞാൻ ജനിച്ചന്ന് കേട്ടൊരു പേര്.... പിന്നെ ആഘോഷമായൊരു പേര് ഇടം തോളൊന്നു മെല്ലെ ചെരിച്ച് കള്ള കണ്ണൊന്നിറുക്കി ചിരിച്ച് വില്ലനായ് അവതരിച്ചേ.... മഞ്ഞിൽ വിരിഞ്ഞ പൂവേ.... അന്നു തൊട്ടിന്നുവരെ നമ്മുടെ മനസ്സാകെ കവർന്നെടുത്തേ..... വിസ്മയമെന്നതിന് നമ്മൾ നൽകുന്ന മറുപേര്.... ലാലേട്ടാ...."
സ്വാഭാവികാഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും വിസ്മയത്തെപ്പോലും വിസ്മയിപ്പിച്ച നടനവിസ്മയത്തിന്.....ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന്.... ഏട്ടന്.... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️
Happy Birthday ലാലേട്ടാ.....❤️❤️
#HappyBirthdayLaletta
കളങ്കമില്ലാത്ത പ്രായത്തിൽ മനസ്സിനെ കീഴടക്കിയ കളങ്കമില്ലാതെ വളർന്നൊരു പവിത്രമായ ഇഷ്ടം.
Reviewed by
on
14:19
Rating:

👌👌❤️
ReplyDeleteThank you ❤️❤️
Delete