ജാൻ. എ. മൻ
ഏറെ കാലങ്ങൾക്ക് ശേഷം മനസ്സറിഞ്ഞ് ആസ്വദിച്ച് ചിരിച്ച് കണ്ടൊരു സിനിമയാണ് ചിദംബരം ഒരുക്കിയ ജാൻ.എ.മൻ. സംവിധാനവും, രചനയും, ഛായാഗ്രഹണവും, സംഗീതവും, എഡിറ്റിങ്ങുമെല്ലാം മികച്ചു നിൽക്കുന്നവയാണെങ്കിലും ചിത്രത്തെ താങ്ങി നിർത്തുന്നത് അഭിനേതാക്കളുടെ പ്രകടനം തന്നെയാണെന്ന് നിസ്സംശയം പറയാം.
സമ്പത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അർജുൻ അശോകനും, ഏറെ നാളുകൾക്ക് ശേഷം മികച്ച പ്രകടനവുമായി ഡോക്ടർ ഫൈസൽ എന്ന കഥാപാത്രമായെത്തിയ ഗണപതിയും, കൊച്ചു കുഞ്ഞിനെ അവതരിപ്പിച്ച ലാലും,സജിയായെത്തിയ സജിൻ ഗോപുവും, ഏറെ ചിരിപ്പിച്ച അപ്രന്റീസ് ഗുണ്ട കണ്ണനെ അവതരിപ്പിച്ച ശരത് സഭയും,ശ്രുതി സത്യൻ,അഭിറാം രാധാകൃഷ്ണൻ,ഗംഗ മീര,ഗിലു ജോസഫ്,പ്രാപ്തി. ബി. എലിസബത്ത്, റിയ സൈറ തുടങ്ങിയവരുമെല്ലാം തങ്ങളുടേതായ സംഭാവനകൾ ചിത്രത്തിൽ മികച്ച രീതിയിൽ നൽകിയിട്ടുണ്ട്. എന്തിന് ആലാപനത്തിലെ മികവ് ഇതുവരെ അഭിനയത്തിൽ കൊണ്ട് വരാൻ സാധിക്കാതിരുന്ന സിദ്ധാർഥ് മേനോൻ അടക്കം പ്രകടനം കൊണ്ട് മികവ് പുലർത്തിയിട്ടുണ്ട്.
ഇനി പറയേണ്ടത് മോനിച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലു വർഗീസിന്റേയും,ചാക്കോ എന്ന കഥാപാത്രമായെത്തിയ പ്രശാന്ത് മുരളിയുടേയും ജോയ് മോനെ ഗംഭീരമാക്കിയ ബേസിൽ ജോസഫിന്റേയും പ്രകടനങ്ങളെപ്പറ്റിയാണ്.
വികാരഭരിതവും, മാസ്സുമെല്ലാം ഇഴകലർന്ന മോനിച്ചനെന്ന കഥാപാത്രത്തെ ബാലു ഗംഭീരമായാണ് കൈകാര്യം ചെയ്തിട്ടുള്ളത്. നിൽപ്പിലും നടത്തത്തിലും ഭാവത്തിലുമെല്ലാം ആ കഥാപാത്രത്തെ അത്രമേൽ ഉൾക്കൊണ്ട് കൊണ്ട് അദ്ദേഹം ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ബാലുവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് തന്നെയാണ് മോനിച്ചൻ.
ലഹരിക്ക് അടിമപ്പെട്ട് നടക്കുന്ന ഒരു കഥാപാത്രമാണ് പ്രശാന്ത് മുരളി അവതരിപ്പിച്ച ചാക്കോ. നാടൻ ഭാഷയിൽ പറഞ്ഞാൽ തനി അലമ്പൻ. പ്രേക്ഷകന് ദേഷ്യം തോന്നത്തക്ക വിധം ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരിൽ ആ കഥാപാത്രത്തോട് തോന്നിയ അനിഷ്ടം തന്നെയാണ് അയാളുടെ വിജയവും.
ജോയ്മോനെന്ന പ്രധാന കഥാപാത്രത്തെ ആദ്യാവസാനം പ്രേക്ഷക പ്രിയമാക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. ഏകാന്തതയനുഭവിക്കുന്ന വിഷാദത്തിന് അടിമപ്പെട്ട ജോയ്മോൻ അതിൽ നിന്നും പുറത്ത് വരാൻ കാണിച്ചു കൂട്ടുന്നതെല്ലാം ബേസിൽ അത്രമേൽ മികവോടെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. തമാശയിലൂടെ മാത്രം മുൻപോട്ട് പോയിരുന്ന ആ കഥാപാത്രം ക്ലൈമാക്സ്സിനോടടുക്കുമ്പോൾ അയാളുടെ മനസ്സ് തുറക്കുന്നത് അതുവരെ കണ്ടതിൽ നിന്നും നേരെ വിപരീതമായിട്ടാണ്. വികാരഭരിതമായ ആ രംഗങ്ങളും ബേസിലിന്റെ കൈകളിൽ ഭദ്രമായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ അയാള് മാത്രമുള്ള നീളം കൂടിയ രംഗങ്ങൾ എല്ലാം ബേസിലിന്റെ പ്രകടന മികവ് കൊണ്ട് മാത്രമാണ് മുഷിപ്പ് ഇല്ലാതെ ആസ്വദിക്കാൻ പറ്റുന്നത്. മുൻപ് ഒരിക്കൽ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. ബേസിൽ ഒരു മികച്ച സംവിധായകൻ മാത്രമല്ല ഒരു മികച്ച അഭിനേതാവ് കൂടെയാണ്. സംവിധായകരായ അഭിനേതാക്കളിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ.
അരങ്ങിൽ നിന്നും തിരിച്ച് അണിയറയിലേക്ക് തന്നെ വന്നാൽ നവാഗതനായ ചിദംബരം പ്രതീക്ഷ നൽകുന്നൊരു സംവിധായകനാണ്. അഭിനേതാക്കളുടെ പ്രകടനത്തിൽ മുങ്ങിപ്പോയെങ്കിലും വിഷ്ണു തണ്ടാശ്ശേരി യുടെ ഛായാഗ്രഹണവും,കിരൺ ദാസിന്റെ എഡിറ്റിങ്ങും, ബിജിബാലിന്റ പശ്ചാത്തല സംഗീതവുമെല്ലാം മികച്ചു നിന്നവ തന്നെയാണ്. ഒപ്പം മസ്ഹർ ഹംസയുടെ വസ്ത്രാലങ്കാരവും എടുത്ത് പറയേണ്ട ഒന്നാണ്.
പ്രണയവും, ജന്മദിനാഘോഷവും, മരണവും,ഏകാന്തതയുമെല്ലാം നർമ്മത്തിൽ ചാലിച്ചാണ് ചിത്രത്തിൽ പറഞ്ഞു പോകുന്നത് എങ്കിലും വിഷാദത്തിന് അടിമപ്പെട്ട ഏതൊരാൾക്കും പെട്ടന്ന് ഉൾക്കൊള്ളാൻ പറ്റുന്ന രണ്ട് കഥാപാത്രങ്ങളാണ് ജോയ് മോനും, മോനിച്ചനും. ഏകാന്തതയും, വിഷാദവും അനുഭവിച്ചവൻ ഒരിക്കലും അത്തരമൊരു അവസ്ഥ മറ്റൊരാൾക്കും വരരുത് എന്നേ പ്രാർത്ഥിക്കൂ. അത്രയ്ക്ക് ഭയാനകമാണത്. അങ്ങനെയുള്ള അവസ്ഥകളിൽ കൂടെ പലപ്പോഴും കടന്നു പോയിട്ടുള്ളത് കൊണ്ടും പൊക്കോണ്ടിരിക്കുന്നത് കൊണ്ടും ഈ രണ്ട് കഥാപാത്രങ്ങളും ഏറെ അടുത്ത് നിൽക്കുന്നവയാണ്.
ചിത്രത്തിലേക്ക് തിരിച്ചു വന്നാൽ കൊറോണയ്ക്ക് ശേഷം ഒരുപാട് മലയാള സിനിമകൾ തിയ്യേറ്ററുകളിൽ നിന്നും കണ്ടെങ്കിലും ഇത്രയേറെ ചിരിപ്പിച്ച ഒരെണ്ണം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ഒരുപാട് ആസ്വദിച്ച് ആർത്ത് ചിരിച്ച് കണ്ടൊരു ദൃശ്യാനുഭവമാണ് ജാൻ. എ. മൻ. ധ്വയാർത്ഥങ്ങൾ അടങ്ങിയ തമാശകളോ, തല പെരുപ്പിക്കുന്ന വലിയ ബ്രില്ല്യൻസുകളോ, കോടികളുടെ കിലുക്കമോ ഇല്ലാത്ത ഒരു കൊച്ച് മനോഹര നിഷ്കളങ്ക ചിത്രം.
ഇത്തരമൊരു അനുഭവം ഒരുക്കി തന്നതിന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി. ❤️🙏🏻
(അഭിപ്രായം തികച്ചും വ്യക്തിപരം)
ജാൻ. എ. മൻ
Reviewed by
on
01:22
Rating:
No comments: