ജെൻഡർ ന്യൂട്രൽ യൂണിഫോം
ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയത്തെ ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത അല്ലേൽ അത്തരമൊരു മാറ്റത്തിന് നേരെ കണ്ണടക്കുന്ന ഒരുപാട് പേരെ കണ്ടു. പല വികല ന്യായങ്ങളും നിരത്തിക്കൊണ്ടാണ് ഈ പറഞ്ഞവർ മുൻപോട്ട് വരുന്നത്.
ഇങ്ങനെയാണേൽ ആൺകുട്ടികൾ പാവാടയിടണോ അല്ലേൽ പെൺകുട്ടികൾക്ക് ചുരിദാർ ഇടാനുള്ള സ്വാതന്ത്ര്യം കൊടുത്തൂടെ തുടങ്ങിയ ചോദ്യങ്ങളൊക്കെയാണ് ഈ പറഞ്ഞവർ നിരത്തുന്നത്. ശരിക്കും ഈ കൂട്ടർക്ക് ഈയൊരു ആശയം ഉൾക്കൊള്ളാൻ ഒട്ടും താല്പര്യമില്ല അല്ലേൽ അതേ പറ്റി ഒട്ടും ബോധവാന്മാരല്ല.
യൂണിഫോം എന്ന സിസ്റ്റത്തിന് പിന്നിൽ വലിയ ഉദ്ദേശങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഡിസിപ്ലിൻ എന്നത്. അതിലേക്ക് എന്തായാലും ഇപ്പൊ കടക്കുന്നില്ല കാരണം പറയാൻ ഉദ്ദേശിച്ച കാര്യം അതല്ലല്ലോ.
യൂണിഫോം എന്നാൽ ഒരേപോലെ എന്നാണ് അർത്ഥം വരുന്നത്. പണ്ട് പോലീസ് സേനയിൽ സ്ത്രീകൾക്ക് സാരിയായിരുന്നു. പക്ഷേ സാരി ധരിച്ചു കൊണ്ട് അവർക്ക് കായികമായ അഭ്യാസങ്ങൾക്ക് ഒന്നും പറ്റിയിരുന്നില്ല. ഒന്നൂടെ വ്യക്തമായി പറഞ്ഞാൽ സൗകര്യപ്രദം പോലെ ഓടാനും മറ്റുമൊന്നും പറ്റിയിരുന്നില്ല. അങ്ങനെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് അവർക്ക് സുഖപ്രദമായ രീതിയിലുള്ള ഇന്ന് കാണുന്ന പാന്റ്സും ഷർട്ടും അവര് നേടിയെടുത്തത്. അതുപോലെ തന്നെയാണ് ഓടിച്ചാടി നടക്കേണ്ട പ്രായത്തിലുള്ള കുട്ടികൾക്ക് പാന്റ്സ് കൊടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ഇത്തരത്തിലുള്ള മാറ്റങ്ങൾ എല്ലാം നല്ല മാറ്റങ്ങൾ ആയി കണ്ടു കൊണ്ട് തന്നെ വേണം ഉൾക്കൊള്ളാൻ. പെൺകുട്ടികൾക്ക് പാവാട എന്ന് പറയുന്നത് അത്ര സുഖപ്രദമായിട്ടുള്ള വേഷമായിട്ട് തോന്നിയിട്ടില്ല. പ്രത്യേകിച്ച് ഓടിച്ചാടി നടക്കുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് എക്സ്പോഷർ ആകാനുള്ള സാധ്യത കൂടുതലായിട്ടാണ് തോന്നിയിട്ടുള്ളത്. അതേസമയം ഇത്തരം അവസ്ഥകളിൽ നിന്നെല്ലാം പാന്റ്സ് അവരെ കൂടുതൽ കംഫർട്ടബിൾ ആക്കുകയാണ് ചെയ്യുന്നത്. അപ്പൊ ചുരിദാറും പാന്റ്സ് അല്ലേ എന്നൊക്കെ ചോദിക്കുന്നത് വികല വാദം മാത്രമാണ്.
വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ ചുരിദാർ ഇടുന്നതിനെ എതിർത്ത ആളുകൾ ഉണ്ടായിരുന്നു. സാരിയാണ് സ്ത്രീകളുടെ യഥാർത്ഥ വേഷമെന്നും ചുരിദാർ പുറത്ത് നിന്ന് എവിടന്നോ വന്ന പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് ധരിക്കരുത് എന്നുമൊക്കെ ഒരു കാലത്ത് ഒരുപാട് ആളുകൾ പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്തിന് ജീൻസ് ഇട്ട് നടന്നിരുന്ന സ്ത്രീകളെ മോശം പേര് വിളിച്ചൊരു കാലം ഉണ്ടായിരുന്നു. അതൊക്കെ ഇപ്പൊ വലിയ രീതിയിൽ മാറി അത്തരത്തിലുള്ള മാറ്റങ്ങൾ നമ്മുടെ വരും തലമുറയിലേക്ക് എത്തുമ്പോൾ അതിനെതിരെ വാളെടുക്കുന്നത് എന്തിനാണെന്ന് ഒരു പിടിയുമില്ല.
ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളെ പറ്റി പറയുമ്പോൾ ചിലര് പറയുന്നത് കേട്ടു അങ്ങനെയാണേൽ ആൺകുട്ടികൾക്ക് പാവാടയാക്കിയാൽ പോരെ എന്ന് അവരോട്.... പാവാട, ചുരിദാർ എന്നൊക്കെയുള്ളത് സ്ത്രീകൾക്കായിട്ട് ഇറങ്ങിയ വസ്ത്രങ്ങളാണ് യൂണിഫോം മാറ്റി നിർത്തിയാലും പുരുഷന്മാർ ആരും ഈ പറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് നടക്കാറില്ല. പക്ഷേ പാന്റ്സ്, ഷർട്ട് എന്നത് അങ്ങനെയല്ല അത് ഒരു ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളാണ് ഇരു കൂട്ടരും ഒരുപോലെ കൈകാര്യം ചെയ്യുന്ന വസ്ത്രങ്ങൾ. അത്തരത്തിലൊരു വസ്ത്രം യൂണിഫോം ആക്കുന്നതിൽ പാവാട വാദം കൊണ്ട് വരുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്..?
പെൺകുട്ടികൾ പാന്റ്സ് ഇടുന്നു അല്ലെങ്കിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ വസ്ത്രം ധരിക്കുന്നു എന്ന് കാണുമ്പോഴുണ്ടാകുന്ന ഒരു തരം വെറിയിൽ നിന്നാണ് ഇത്തരം ഛർദിക്കലുകൾ സംഭവിക്കുന്നത് അല്ലാതെ പെൺകുട്ടികൾ ആ വസ്ത്രം ധരിക്കുന്നതിൽ യുക്തിപരമായ ഒരു മറുപടി പറയാൻ ഈ പറഞ്ഞവർക്കൊന്നും സാധിച്ചിട്ടില്ല. വെറുതേ വായിൽ തോന്നിയത് ഓരോന്ന് വിളിച്ചു പറഞ്ഞ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.
ഇനി പാൻ്റിട്ട പെണ്ണുങ്ങൾ എങ്ങനെ മൂത്രമൊഴിക്കും എന്ന ചിലരുടെ ചോദ്യങ്ങളോട്.... "മാർക്കറ്റിൽ പീ ബഡ്ഡി എന്നൊരു സാധനമുണ്ട്. മെൻസ്ട്രൽ കപ്പ് പോലെ പ്രചാരമായി വരുന്നതേയുള്ളൂ ഇത്. ഒരു പാക്കറ്റിൽ പത്തു തവണ മൂത്രമൊഴിക്കാൻ സഹായിക്കുന്ന ബഡ്ഡികളുണ്ടാവും. ദൂരയാത്രകളിൽ സ്ത്രീകൾ ഉപയോഗിക്കുന്നതാണ്. വൃത്തിയായി നിന്ന് മൂത്രമൊഴിക്കാം. ഡിസ്പോസിബിൾ ആണ്." ഇത് ഞാൻ പറഞ്ഞതല്ല ഒരു സ്ത്രീ തന്നെ പറഞ്ഞതാണ്. അപ്പൊ ആ ചൊറിച്ചിലിനും ഒരു പരിഹാരമായല്ലോ അല്ലേ.....
യൂണിഫോം കാര്യത്തിൽ വ്യക്തി സ്വാതന്ത്ര്യം അല്ലേൽ ലിംഗസമത്വം എന്നതിന് അപ്പുറം ഇതിനകത്ത് പെൺകുട്ടികൾ ഇന്ന ഡ്രസ്സ് ധരിക്കണം എന്ന് പറയുന്നിടത്ത് ആണ് പ്രശ്നം കിടക്കുന്നത്. ഒന്നൂടെ വ്യക്തമാക്കിയാൽ പെൺകുട്ടി ആയത് കൊണ്ട് ഇന്നത് ധരിക്കണം എന്നുള്ളത്. അതായത് പെൺകുട്ടി ആയത് കൊണ്ട് ഓവർ കോട്ട് ഇടണം എന്നുള്ളതൊക്കെ. അവിടെയാണ് ഈ ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രസക്തമാകുന്നത്. അത് വലിയൊരു ആശയത്തിന്റെ പ്രായോഗികതയാണ്. അങ്ങനെ കണ്ടാൽ മേല്പറഞ്ഞ ചോദ്യങ്ങൾ ഉയരില്ല.
കുട്ടികൾ ആയിരിക്കുന്ന സമയത്ത് അവർ അവർക്കിഷ്ടമുള്ളത് കഴിച്ചോട്ടെ എന്ന് പറയുന്നത് പോലെ യൂണിഫോമിറ്റിയുടെ കാര്യത്തിൽ പറയാൻ പറ്റില്ല. യൂണിഫോം എന്ന് പറയുമ്പോൾ ഉള്ള ആശയത്തിന് ഒരു ദൃഢത വരുന്നത് അല്ലേൽ പൂർണത വരുന്നത് ഒരുപോലെ വരുമ്പോൾ തന്നെയാണ്.
വളരെ നെഗറ്റീവ് ആയിട്ടുള്ള ചിന്താഗതിയിൽ എടുക്കുന്നത് കൊണ്ടാണ് യൂണിഫോം ഒരുപോലെ ആക്കിയാൽ സമത്വം നടപ്പിലാക്കുമോ എന്ന ചോദ്യം തന്നെ ഉയരുന്നത്. സമത്വം നടപ്പിലാക്കുന്നത് ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളിലൂടെയാണ് എന്ന് ചിന്ത ഉത്ഭവിച്ചാൽ പ്രശ്നം അവിടെ തീരും. ഒരുപാട് കാര്യങ്ങൾ പ്രാവർത്തികമാക്കിയാണ് സമത്വം നടപ്പിലാകുന്നത്. അത് ഏത് തരത്തിലുള്ള സമത്വം ആണെങ്കിലും. അതിപ്പോ ലിംഗ സമത്വമായാലും, ജാതി സമത്വമായാലും അങ്ങനെ തുടങ്ങി എല്ലാ തരം സമത്വങ്ങളും നടപ്പിലാക്കുന്നത് ഇങ്ങനെ ഓരോ കാര്യങ്ങൾ പ്രായോഗിക വത്കരിച്ചു കൊണ്ട് തന്നെയാണ്.
യൂണിഫോം എന്ന നിയമം നടപ്പിലാക്കുന്ന സ്ഥലങ്ങളിൽ ആൺപെൺ വേർതിരിവ് പാടില്ല എന്നുള്ളതാണ് ഇതിലെ മെയിൻ പോയിന്റ്. അല്ലാതെ എല്ലാവരും ഇന്ന ഡ്രസ്സ് തന്നെ ധരിച്ചു കൊണ്ടിരിക്കണം എന്ന് ആരും എവിടേം പറയുന്നില്ല. യൂണിഫോം നടപ്പിലാക്കുന്നുണ്ടെങ്കിൽ അത് ആൺ പെൺ വ്യത്യാസം ഇല്ലാതെ നടപ്പിലാക്കണം. അല്ലാതെ ആണുങ്ങൾ ധരിക്കുന്നത് തന്നെ പെണ്ണുങ്ങൾ ധരിക്കണമെന്നോ പെണ്ണുങ്ങൾ ധരിക്കുന്നത് തന്നെ ആണുങ്ങൾ ധരിക്കണമെന്നോ എന്നൊന്നും അല്ല പറയുന്നത്.
യൂണിഫോം സിസ്റ്റത്തിന് വലിയ വലിയ ഉദ്ദേശങ്ങൾ ഉണ്ട്. അതിൽ ഒന്ന് മേല്പറഞ്ഞത് പോലെ ഡിസിപ്ലിൻ ആണ്. ശരിക്കും ഇന്ത്യ പോലൊരു രാജ്യത്ത് ഒക്കെ അതിന്റെ ഒരു പർപ്പസ് അല്ലെങ്കിൽ അതിന്റെ ഒരു അഡ്വാന്റേജ് എന്ന് പറയുന്നത് ഇന്ത്യയുടെ ഒക്കെ ബേസിക്ക് സ്വഭാവം നോക്കിയാൽ അറിയാം ഫിനാൻഷ്യലി ഇൻ ഈക്വാളിറ്റിയാണ്. എക്കണോമിക്കലി ഇൻ ഈക്വലാണ് നമ്മുടെ രാജ്യത്തുള്ള ജനങ്ങൾ എന്ന് നമുക്ക് അറിയാം അതും വലിയ രീതിയിൽ. അപ്പൊ സ്വാഭാവികമായിട്ടും അത്തരം അവസ്ഥ നില നിൽക്കുന്നത് കൊണ്ട് തന്നെ യൂണിഫോമിന് അതിനെ എലിമിനേറ്റ് ചെയ്യാം. സ്കൂൾ സമ്പ്രദായത്തിൽ തന്നെ അതിനെ എലിമിനേറ്റ് ചെയ്യാം. അത് ഒരു തരത്തിൽ വലിയ കാര്യമാണ്.
ഒരു മാറ്റമുണ്ടാകുന്നത് അതിന്റെ A 2 Z മാറിയിട്ടല്ല ചെറിയ തുടക്കങ്ങളിൽ നിന്ന് തന്നെയാണ്. അതൊക്കെ കാണുമ്പോൾ തന്നെ അതിന്റെ മുഖമടച്ച് ആക്ഷേപിക്കുന്നത് എന്ത് തരം അസുഖം ആണെന്ന് മനസ്സിലാകുന്നില്ല. മാറ്റങ്ങൾ എപ്പോഴും ചെറുതിൽ നിന്നും തന്നെയാണ്. സ്വാതന്ത്ര്യ സമരം ഉൾപ്പടെ അങ്ങനെ തന്നെയാണ്.
വലിയൊരു ആശയത്തിന്റെ ചെറിയൊരു തുടക്കമാണ് ഇതൊക്കെ. ഇങ്ങനെ തന്നെയാണ് വലിയ മാറ്റങ്ങൾ വരുന്നത്.
വളർന്നു വരുന്ന കുട്ടികളുടെ മനസ്സിലേക്ക് ചെറുപ്പത്തിൽ തന്നെ ജാതിയുടേയും മതത്തിന്റേയും വിത്തുകൾ പാകി മറ്റുള്ളവരിൽ നിന്നും അവരെ ഒരു മുൾവേലി കെട്ടി അകറ്റി നിർത്തുന്ന വിഭാഗങ്ങൾ തന്നെയാണ് ഇത്തരം ആശയങ്ങൾക്ക് എതിരെ കൊടി പിടിച്ചു രംഗത്ത് വരുന്നത്. ജാതി - മത ഭിന്നത മാത്രമല്ല സ്ത്രീകൾ പുരുഷന്മാരുടെ അടിമകൾ ആണെന്നും സ്ത്രീകൾ അടുക്കളയിൽ കരി പിടിച്ചു പുകഞ്ഞു പോകേണ്ടവരാണെന്നുമുള്ള ചിന്ത കൂടെ ഉള്ളവരാണ് ഈ കൂട്ടർ. സ്ത്രീ എന്നാൽ പുരുഷന് താഴെ എന്ന ചിന്തയുള്ളവർ. എല്ലാ അർത്ഥത്തിലും വിഷം നിറഞ്ഞ മനസ്സിനുടമകൾ.
ആലോചിച്ചു നോക്കിയാൽ അറിയാം പരസ്പരം സ്നേഹിക്കാൻ പോലും വലിയൊരു വിഭാഗം ആളുകൾ മതവും -ജാതിയും നോക്കുന്ന നാടാണ് ഇത്. അല്ലാതെ നൂറിൽ ഒരു ശതമാനം മാറി ചിന്തിച്ചാൽ പല പേരുമിട്ട് അവരെ ജീവിക്കാൻ അനുവദിക്കാതെ ദ്രോഹിക്കുന്ന ഒരു ജനത തന്നെയുണ്ട് ഇവിടെ. സ്നേഹിക്കാൻ പോലും മതത്തേയും, ജാതിയേയും പേടിക്കേണ്ട അവസ്ഥയുള്ളവർ. കൂട്ടുകൂടാൻ പോലും മതവും ജാതിയും നോക്കി പഠിപ്പിക്കുന്ന വലിയ തലമുറയുള്ള നാട്. അത്തരത്തിൽ വിഷാംശം നിറഞ്ഞ ആളുകളിൽ നിന്നും വരും തലമുറയെയെങ്കിലും പുറത്ത് കൊണ്ട് വരണേൽ ഇത്തരത്തിൽ ഒരുപാട് മാറ്റങ്ങൾ വരണം. ജാതിയും, മതവും മറന്ന് മനുഷ്യൻ എന്ന രീതിയിൽ ചിന്തിക്കാൻ അല്ലേൽ സ്നേഹിക്കാൻ വരും തലമുറയെയെങ്കിലും പ്രാപ്തരാക്കണം. അതിന് ജാതിയും മതവും വിറ്റ് വോട്ട് പിടിക്കുന്നവർ മുതൽ അത് കൊണ്ട് ആളെ പറ്റിച്ച് തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കി ജീവിക്കുന്നവർ അടക്കം എതിർപ്പുകളുമായി എത്തും അതിനെയെല്ലാം അതിജീവിച്ചിട്ട് തന്നെയാണ് പല മാറ്റങ്ങളും ഇവിടെ ഉണ്ടായിട്ടുള്ളത്.
ചിന്തിക്കുക നിങ്ങളുടെ മക്കൾ എങ്കിലും ഈ പറഞ്ഞ ഭിന്നിപ്പ് ഇല്ലാതെ ജീവിക്കാൻ പഠിക്കട്ടെ. അല്ലേൽ അവരെ പഠിപ്പിക്കൂ. അവൻ /അവൾ ഹിന്ദുവാണ്, മുസ്ലിം ആണ്, ക്രിസ്ത്യൻ ആണ് മറ്റുള്ളത് ആണ് എന്ന് പഠിപ്പിക്കാതെ അവരും മനുഷ്യരാണ് എന്ന് പഠിപ്പിക്കാൻ നോക്കണം. ഈ പറഞ്ഞവയുടെ പേരിൽ നടത്തുന്ന യുദ്ധങ്ങളും അക്രമങ്ങളും വരും തലമുറയിലെങ്കിലും ഇല്ലാതാകട്ടെ. വർഗീയത ഇല്ലാതാകട്ടെ.
ആണിന് താഴെയാണ് പെണ്ണ് എന്ന കാഴ്ചപ്പാട് ഉള്ളവരുടെ കണ്ണിൽ നിന്ന് ആ തിമിരം മാറ്റിയെടുക്കാനും സാധിക്കട്ടെ.
മേല്പറഞ്ഞത് പോലെ യൂണിഫോമിന്റെ കാര്യത്തിലേക്ക് തന്നെ തിരിച്ചു വന്നാൽ ഇതിൽ മാത്രം സമത്വം കൊണ്ട് വന്നാൽ എല്ലാം തികയുമോ എന്ന് ചോദിക്കുന്നവരോട് ഒരിക്കൽ കൂടെ പറയുന്നു ഒരു രാത്രി കൊണ്ട് എല്ലാം മാറ്റാൻ പറ്റില്ല, ഒറ്റയടിക്ക് എല്ലാത്തിലും സമത്വമോ മാറ്റമോ ഒന്നും വരുത്താൻ കഴിയില്ല. സ്വാതന്ത്ര്യം മുതൽ എല്ലാം ഒരുപാട് നാളത്തെ പ്രയത്നത്തിന്റെ ഫലമാണ്. യൂണിഫോമിന്റെ കാര്യമെടുത്താൽ വളരെ നല്ലൊരു തുടക്കം തന്നെയാണത്. വലിയ മാറ്റങ്ങൾക്കുള്ള നല്ല തുടക്കം. അതിനൊപ്പം ചേർന്ന് ഒറ്റക്കെട്ടായി നിൽക്കുക എന്നത് തന്നെയാണ് ശരി. അത് തന്നെയാണ് ശരി.
എന്തായാലും ഈ കാര്യത്തെ എതിർക്കുന്നവർ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയതിന് എതിരേയും പ്രകടനങ്ങളുമായി എത്തും എന്നതിൽ സംശയമൊന്നുമില്ല. അവരെപ്പോലുള്ളവർ നൂറ് വർഷം പിന്നോട്ട് നടക്കാൻ ആളുകളെ പ്രേരിപ്പിക്കുമ്പോൾ അത്തരത്തിലുള്ള കുഴികളിൽ വീഴാതെ മുൻപോട്ട് തന്നെ നടക്കാൻ പഠിക്കുക മക്കളെ പഠിപ്പിക്കുക.
ജെൻഡർ ന്യൂട്രൽ യൂണിഫോം
Reviewed by
on
00:56
Rating:

No comments: