സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

  ഓർമ്മ വെച്ച നാള് മുതൽ എന്ന ആവർത്തന വിരസമായ വാക്കിലേക്ക് കടക്കുന്നില്ല കാരണം എന്റെ കാര്യത്തിൽ മഞ്ജു ചേച്ചി മനസ്സിൽ കയറി കൂടുന്നത് ഓർമ്മ വെക്കുന്നതിനും മുൻപാണ്. അതിശയമായും, അത്ഭുതമായും, സ്നേഹമായും, ആരാധനയായുമെല്ലാം രൂപാന്തരം പ്രാപിച്ച് എന്റെ വളർച്ചയിൽ എന്നേക്കാൾ വേഗത്തിൽ വളർന്ന ആ വികാരത്തിന്റെ അളവും തൂക്കവും പറയാൻ എനിക്കറിയില്ല അല്ലേൽ അതിന് കഴിയില്ല. ഒരു കാര്യം പറയാം ഏകദേശം എന്റെ പ്രായത്തിന്റെ അത്ര തന്നെ മൂപ്പ് ഉണ്ട് മനസ്സിൽ കുടിയേറിയ ദിവ്യ രൂപത്തോടുള്ള ആ ഇഷ്ടത്തിന്.

മഞ്ജു ചേച്ചി എനിക്ക് ആരാണ് എന്താണ് എന്നുള്ളതൊക്കെ പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ളതാണ് ഇനിയും അത് ആവർത്തിച്ച് മറ്റുള്ളവരെ മുഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് ഇഷ്ടമുള്ളവരെപ്പറ്റി വാ തോരാതെയുള്ള നമ്മുടെ സംസാരം പലപ്പോഴും നമ്മൾ പോലുമറിയാതെ അവർക്ക് വിരോധികളെ ഉണ്ടാക്കി കൊടുക്കും. മനുഷ്യന്റെ ഒരു സ്വഭാവം അങ്ങനെ ആണല്ലോ..... ഞാൻ ഇഷ്ടപ്പെടുന്നവരോട് എന്റെ കാര്യം കൊണ്ട് മറ്റുള്ളവർക്ക് ഒരു ഇഷ്ടക്കേട് തോന്നരുത് എന്ന നിർബന്ധം എനിക്കുണ്ട്. മുൻപ് ഞാൻ പറഞ്ഞിട്ടുള്ളത് പോലെ മഞ്ജു വാര്യർ എന്ന അഭിനേത്രിയ്ക്ക് എന്റെ മനസ്സിൽ രണ്ടാം സ്ഥാനമാണ് മഞ്ജു വാര്യർ എന്ന സഹോദരിക്കാണ് ആദ്യം സ്ഥാനം അതുകൊണ്ട് തന്നെ പലപ്പോഴും മഞ്ജു വാര്യർ എന്ന സഹോദരിയെ പറ്റിയാണ് സംസാരിച്ചിട്ടുള്ളത് അപ്പൊ അത്തരം ഒരു ആവർത്തന വിരസതയിലേക്ക് കടക്കാതെ ഇത്തവണ മഞ്ജു വാര്യർ എന്ന അഭിനേത്രി വന്ന വഴികളിലൂടെ ഒരു യാത്ര നടത്താമെന്ന് വെച്ചു. (മുകളിൽ പറഞ്ഞ മഞ്ജു ചേച്ചിയോടുള്ള ആത്മബന്ധം എന്താണെന്ന് അറിയാത്തവർക്ക് വേണ്ടി കഴിഞ്ഞ വർഷം എഴുതിയ പോസ്റ്റിന്റെ ലിങ്ക് ഒപ്പം കൊടുക്കുന്നു )

(https://m.facebook.com/story.php?story_fbid=2674017066034978&id=100002801338701)

ജന്മനാ കിട്ടിയ കലാവാസനകളുടെ ഫലമായി യുവജനോത്സവ വേദികളിലെ മിന്നും പ്രകടനങ്ങൾ കലാതിലകപ്പട്ടം നേടികൊടുത്തത് വഴി പതിനാറാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ വെള്ളത്തിരയിൽ അരങ്ങേറ്റം കുറിച്ചു കൊണ്ട് മലയാള മനസ്സിലേക്ക് നടന്നു കയറിയ അഭിനേത്രി.

ചുരുങ്ങിയ കാലം കൊണ്ട് മലയാളി ഏറ്റവും കൂടുതൽ ആഘോഷമാക്കിയ നായികയാരാണ് എന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രം മഞ്ജു വാര്യർ. മഞ്ജുവിനേക്കാൾ ഏറെ കഴിവുകളുള്ള ഇതിഹാസമായ ഉർവശിയ്ക്ക് പോലും അവരുടെ ആയ കാലത്ത് കുടുംബ പ്രേക്ഷകരുടെ മനസ്സിൽ മഞ്ജുവിനോളം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നില്ല. വെറും ഇരുപത് സിനിമകൾ ചെയ്ത് കൊണ്ട് മഞ്ജു ഒരു വീട്ടമ്മയിലേക്ക് ചുരുങ്ങിയപ്പോൾ ആ ചുരുങ്ങിയ കാലയളവ് കൊണ്ട്..... കൃത്യമായി പറഞ്ഞാൽ വെറും അഞ്ച് വർഷം കൊണ്ട് അവർ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു. മറ്റൊരു നായികമാർക്കും മലയാളി ചാർത്തി കൊടുക്കാത്ത ഒരു വിശേഷണം അവർ മഞ്ജുവിന് നൽകി. "ലേഡി സൂപ്പർസ്റ്റാർ".

അതെ അവര് ഒരു സൂപ്പർസ്റ്റാർ തന്നെയാണ്. ഇരുപതാമത്തെ വയസ്സിനുള്ളിൽ അവര് ചെയ്ത് വെച്ച കഥാപാത്രങ്ങൾ നമുക്കൊന്ന് നോക്കാം....

ആറാം തമ്പുരാനിലെ ഉണ്ണിമായ.... സാക്ഷാൽ മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ അദ്ദേഹത്തോളം തന്നെ പ്രശംസകൾ ഒരാൾ ഏറ്റു വാങ്ങിയിട്ടുണ്ടേൽ ആ വ്യക്തിയുടെ പേര് മഞ്ജു വാര്യർ എന്നാണ്. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഒരു അഭിനയ കുലപതിക്കൊപ്പം നേർക്ക് നേർ നിന്ന് കൊണ്ട് മഞ്ജു സ്കോർ ചെയ്തത്. പ്രണയവർണ്ണങ്ങളിലെ ഒതുങ്ങിക്കൂടിയ ആരതിയിൽ നിന്നും ശക്തയായ ദയയിലേക്കുള്ള പരകാരയ പ്രവേശത്തിന് എടുത്തത് വെറും ദിവസങ്ങൾ ആണ്. അവിടെ നിന്നും നേരെ ലോഹിതദാസ് ഒരുക്കിയ കന്മദത്തിലെ തീക്കനലായ ഭാനുവായി മാറുമ്പോൾ പ്രായം വെറും പത്തൊൻപത്. മോഹൻലാലിനെപ്പോലൊരു നടനവിസ്മയം ചിത്രത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് പോലും പത്തൊൻപതുകാരിയുടെ ഭാനു ജ്വലിച്ചു നിന്നു. ഈയൊരു കാര്യത്തിൽ മറ്റൊരു വസ്തുത എടുത്ത് പറഞ്ഞില്ലേൽ അത്  ഒരു തെറ്റാവും മറ്റൊന്നുമല്ല ഇത്തരത്തിലുള്ള പ്രകടനങ്ങൾക്ക് മുന്നിൽ താരപരിവേഷം മാറ്റി നിർത്തി കൂടെ അഭിനയിക്കുന്നവർക്ക് ഏതറ്റം വരേയും പോകാൻ അനുവാദം കൊടുക്കുന്ന ശ്രീ മോഹൻലാലിന്റെ വലിയ മനസ്സ് ഏറെ പ്രശംസകൾ അർഹിക്കുന്നതാണ്. തിരിച്ച് മഞ്ജുവിലേക്ക് തന്നെ വരാം.... വീണ്ടും സൂപ്പർ സ്റ്റാറുകൾക്കൊപ്പം..... സുരേഷ് ഗോപി,ജയറാം തുടങ്ങിയവർ ആദ്യാവസാനം മത്സരിച്ച് അഭിനയിച്ച് ക്ലൈമാക്ക്സ്സിൽ മോഹൻലാൽ വന്ന് സ്കോർ ചെയ്ത ഒരു സിനിമയാണല്ലോ സമ്മർ ഇൻ ബത്‌ലഹേം പക്ഷേ അവിടേയും കുടുംബ പ്രേക്ഷകർക്ക് പ്രിയം ആമിയോട് ആണ്. വലിയ താരങ്ങൾ അവരുടെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ചിത്രമായിട്ട് കൂടെ അവർക്കൊപ്പം അല്ലേൽ അവർക്ക് മുകളിൽ ഒരു നായികയുടെ പേര് ഉയർന്നു കേൾക്കണേൽ എത്രത്തോളം മികച്ച പ്രകടനമായിരിക്കും മഞ്ജു ആ ചിത്രത്തിൽ പുറത്തെടുത്തിട്ടുണ്ടാകുക എന്ന് ഊഹിക്കാമല്ലോ അല്ലേ....

ജോഷി - രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഫയർ ബ്രാൻഡ് ഡയലോഗുകളാൽ സമ്പന്നമായ ചിത്രമാണ് പത്രം. സുരേഷ് ഗോപി നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ മുരളി, എൻ.എഫ് വർഗീസ് തുടങ്ങിയ അനശ്വര നടന്മാരും മികച്ച വേഷങ്ങളിൽ എത്തിയിരുന്നു.... പക്ഷേ ചിത്രത്തിൽ തീപ്പൊരി സംഭാഷണങ്ങൾ കൊണ്ട് കൈയ്യടി നേടിയത് നായികാ കഥാപാത്രമാണ്. അതെ ഒരേയൊരു മഞ്ജു വാര്യർ. ഇത്രയേറെ പ്രഗത്ഭർ ഉണ്ടായിട്ടും പത്രം അറിയപ്പെടുന്നത് ദേവിക ശേഖർ എന്ന കഥാപാത്രത്തിന്റെ പേരിലാണ്. സൂപ്പർ സ്റ്റാറുകൾക്ക് വേണ്ടി മാത്രം ഫയർ ബ്രാൻഡ് വേഷങ്ങൾ സൃഷ്ടിച്ചിരുന്ന.... തീപ്പൊരി സംഭാഷണങ്ങൾ എഴുതിയിരുന്ന രഞ്ജി പണിക്കർ ഒരു നായികയെ മുന്നിൽ കണ്ടു കൊണ്ട് അത്തരം ഒരു ഫയർ ബ്രാൻഡ് കഥാപാത്രം സൃഷ്ടിച്ചിട്ടുണ്ടേൽ ഓർക്കണം അതായിരുന്നു അന്ന് മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ റേഞ്ച്. ചിത്രത്തിലെ വാഴക്കാലി എന്ന കഥാപാത്രവുമായിട്ടുള്ള തീപ്പൊരി സംഭാഷണമൊക്കെ ഇന്നും രോമാഞ്ചത്തോടെയല്ലാത്ത കണ്ടു തീർക്കാൻ കഴിയില്ല.

അതിന് ശേഷം കരിയറിലെ ഏറ്റവും ശക്തമായ വേഷമാണ് മഞ്ജുവിനെ തേടിയെത്തിയത്. ചിത്രം കണ്ണെഴുതി പൊട്ടും തൊട്ട്. അടങ്ങാത്ത പകയുടെ എരിയുന്ന കനലുമായി നടക്കുന്ന ഭദ്ര എന്ന കേന്ദ്ര കഥാപാത്രത്തെ ആ ഇരുപതുകാരി അവിസ്മരണീയമാക്കി.

അപ്പോഴേക്കും മഞ്ജു മലയാളികളുടെ ഒരു വികാരമായി മാറിയിരുന്നു. സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജിലേക്ക് വളർന്ന അവരുടെ ചിത്രം കാണാൻ ജനസാഗരങ്ങൾ ആണ് തിയ്യേറ്ററുകളിലേക്ക് ഒഴുകി എത്തിയിരുന്നത്.

കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ എവരേയും ഞെട്ടിച്ചു കൊണ്ട്..... ആരാധകരെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് മലയാളത്തിലെ ഒരു പ്രമുഖ അഭിനേതാവുമായി മഞ്ജുവിന്റെ വിവാഹം നടന്നു.

മേല്പറഞ്ഞ ചിത്രങ്ങൾക്ക് പുറമെ തൂവൽകൊട്ടാരം, ദില്ലിവാല രാജകുമാരൻ,കളിവീട്, ഈ പുഴയും കടന്ന്,ഇരട്ടകുട്ടികളുടെ അച്ഛൻ,കളിയാട്ടം,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങിയ ഇരുപതോളം മനോഹരമായ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത് കൊണ്ട് എക്കാലവും മലയാളികൾക്ക് ഓർക്കാൻ പറ്റുന്ന ഏറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് മഞ്ജു ഒരു കുടുംബിനി റോളിലേക്ക് മറഞ്ഞു. ഇരുപതാം വയസ്സിൽ സിനിമയോട് വിടപറഞ്ഞ് മഞ്ജു പോകുമ്പോൾ ആ ഇരുപതുകാരിക്കൊപ്പം ഒരു ദേശീയ അവാർഡും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഏറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡുകളും അടക്കം ഒട്ടനവധി പുരസ്‌കാരങ്ങളും ഉണ്ടായിരുന്നു. ആ പ്രായത്തിൽ ആർക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത അത്രയും നേട്ടങ്ങൾ.

വർഷം 2014 ഒരു വാർത്ത പുറത്ത് വന്നു.... മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ സിനിമയിലേക്ക് തിരിച്ചു വരുന്നു. അങ്ങനൊരു വാർത്ത കേൾക്കാൻ മലയാളി കാത്തിരുന്നത് നീണ്ട പതിനഞ്ച് വർഷങ്ങളാണ്.

അങ്ങനെ 2014 മെയ് 17ന് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രം റിലീസ് ചെയ്തു. കുടുംബ പ്രേക്ഷകർ ഏറെ കാത്തിരുന്ന തങ്ങളുടെ പ്രിയ നായികയുടെ തിരിച്ചു വരവ് അവർ ഒരു ആഘോഷമാക്കിയപ്പോൾ ചിത്രം വലിയ വിജയമായി. അതിന് ശേഷം മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാൻ പലരും മത്സരിച്ചു. ഹൗ ഓൾഡ് ആർ യൂവിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും മറ്റുമായി മഞ്ജു നിറഞ്ഞു നിന്നു ഒപ്പം എഴോളം സിനിമകൾ അവരുടേതായി പുറത്തിറങ്ങിയെങ്കിലും വിരോധികളും മറ്റും പഴയ മഞ്ജുവിന്റെ നിഴല് പോലും കാണാനില്ല എന്ന വാധവുമായി അവരെ വേട്ടയാടിക്കൊണ്ടിരുന്നു. ഒപ്പം ബോഡിഷേമിങ്ങിന്റെ വലിയ വേർഷനുകളുമായി മറ്റൊരു കൂട്ടരും നിറഞ്ഞു നിന്നു. ഒരു ചിത്രത്തിൽ സംഭാഷണം പോലുമില്ലാത്ത ഒരു അഥിതി വേഷം ചെയ്തപ്പോൾ അവരുടെ മുഖം കാണുമ്പോൾ കൂവാൻ വേണ്ടി മാത്രം വലിയൊരു വിഭാഗം തിയ്യേറ്ററിൽ കയറി. ഇതൊന്നും കണ്ട് മഞ്ജു പതറിയില്ല.

തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് തന്റെ ആയുധമായ സിനിമ കൊണ്ട് ആണ് അവര് പകരം വീട്ടിയത്. 2017ൽ റിലീസ് ചെയ്ത ഉദാഹരണം സുജാത എന്ന ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് അവര് പറയാതെ പറഞ്ഞു തന്നിലെ കഴിവുകൾ ഒന്നും എവിടേയും പൊയ്പ്പോയിട്ടില്ല എന്ന്. ഒടിയനടക്കമുള്ള ഒന്ന് രണ്ട് ചിത്രങ്ങളുടെ പേരിൽ വീണ്ടും അവര് സോഷ്യൽ മീഡിയകളിൽ സ്ഥിരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നു.

മലയാളികൾ ഒരു വിഭാഗം മഞ്ജുവിനെ കരിവാരി തേച്ചുകൊണ്ടിരുന്നപ്പോഴും അവരുടെ ഖ്യാതി കേരളം കടന്ന് പോയ്‌ക്കഴിഞ്ഞിരുന്നു. ഇന്നത്തെ തമിഴ്സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തു അസുരൻ. പതിവുപോലെ ധനുഷ് നായകൻ.... നായിക പക്ഷേ ഒരു മലയാളിയായിരുന്നു ഒരു വിഭാഗം മലയാളികൾ പുച്ഛിച്ചു തള്ളിയ മഞ്ജു വാര്യർ. ചിത്രത്തിന്റെ റിലീസിന് മുൻപ് പറ്റാവുന്ന തരത്തിലൊക്കെ ഈ കൂട്ടർ അവരെ കളിയാക്കിക്കൊണ്ടിരുന്നു.

2019 ഒക്ടോബർ നാല് അസുരൻ റിലീസ് ചെയ്തു..... ഗംഭീര അഭിപ്രായം നേടി ചിത്രം അശ്വമേധം ആരംഭിച്ചു. തമിഴ്നാട്ടിൽ തരംഗമായ ചിത്രത്തിൽ.... ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ആ ചിത്രത്തിൽ ഏവരും വാഴ്ത്തിപ്പാടിയ ഒരു കഥാപാത്രം ഉണ്ടായിരുന്നു പച്ചയ്അമ്മാൾ. ശിവസാമി എന്ന ധനുഷിന്റെ കഥാപാത്രത്തിന്റെ ഭാര്യ കഥാപാത്രമായിരുന്നു അത്. ആ വേഷത്തിലാണ് മഞ്ജു വാര്യർ എത്തിയത്. മഞ്ജുവിന്റെ അഭിനയവും തിരുനൽവേലി സ്ലാങ്ങും അത്ഭുതത്തോടെയാണ് തമിഴ്നാട്ടുകാർ നോക്കി കണ്ടത്. ഒരു തമിഴ്നാട്ടുകാരിയല്ലാത്ത ഒരാൾ അവരെ വെല്ലുന്ന തരത്തിൽ സ്വയം ഡബ്ബ് ചെയ്ത് അഭിനയിച്ചപ്പോൾ യാതൊരു മടിയും കൂടാതെ അവർ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

അപ്പോഴും മഞ്ജു പറയാതെ പറഞ്ഞു എന്റെ കഴിവ് ഒന്നും എവിടേയും പോയിട്ടില്ല എന്റെ കഴിവിനൊത്ത കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ ആളുകൾ ഇല്ലാതെ പോയ്‌. അതെ ശരിയാണ്... പ്രമുഖ സംവിധായകർ ഉൾപ്പടെ പലരും മഞ്ജു വാര്യർ എന്ന താരത്തെ മാത്രം ഉപയോഗിക്കുമ്പോൾ മറഞ്ഞു പോകുന്നത് മഞ്ജു വാര്യർ എന്ന അഭിനേത്രിയാണ്. അവരുടെ കഴിവുകൾ പൊടി തട്ടി പുറത്ത് കൊണ്ട് വരാൻ ഒരു തമിഴ്നാട്ടുകാരൻ വേണ്ടി വന്നു.

മഞ്ജു വാര്യർ എന്ന വ്യക്തിയിലേക്ക് വന്നാൽ തൃശൂർ ജില്ലയിലെ പുള്ള് എന്ന ഗ്രാമത്തിലെ വാര്യത്ത് നിന്നും വന്ന മഞ്ജുവിന് എന്തിനേയും ഒരു നിഷ്കളങ്കമായ പുഞ്ചിരി കൊണ്ട് നേരിടുന്ന പ്രകൃതമാണ്. തന്റെ സിനിമയിലെ വരുമാനത്തിലെ വലിയൊരു ഭാഗവും പാവപ്പെട്ടവർക്ക് വേണ്ടി മാറ്റി വെക്കുന്ന മഞ്ജു ആരേയും അറിയിക്കാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം കൊടുക്കുന്നത്.

പലരും തകർക്കാൻ ശ്രമിച്ചപ്പോഴും കാലിടറാതെ ചാരത്തിൽ നിന്നും പറന്നുയർന്ന ഫീനിക്ക്സ്സ് പക്ഷിയെപ്പോലെ അവർ പറന്നുയർന്നു കൊണ്ടിരുന്നു. ജീവിതത്തിൽ പകച്ചു നിൽക്കുന്ന സ്ത്രീകൾക്ക് ഒരു റോൾ മോഡൽ ആയിക്കൊണ്ട് അവർ ഉയരങ്ങൾ കീഴടക്കി പറന്നു കൊണ്ടിരിക്കുന്നു.

പ്രായം നാൽപ്പത്തി മൂന്നിലേക്ക് കടക്കുമ്പോഴും ആ പഴയ ഇരുപതുകാരിയെപ്പോലെ തന്നെയാണ് മഞ്ജു ഇപ്പോഴും ഉള്ളത്. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്നൊക്കെ പറയാറില്ലേ അത് തന്നെ. ചെറുപ്പവും ചുറു ചുറുക്കും കാത്തു സൂക്ഷിച്ചു കൊണ്ട് തോൽക്കാൻ മനസ്സില്ലാതെ മഞ്ജു പൊരുതുമ്പോൾ അസൂയയോടെ നോക്കി നിൽക്കാൻ മാത്രേ വിരോധികൾക്ക് സാധിക്കൂ.  പതിനാറാം വയസ്സിൽ മലയാളികളുടെ മനസ്സിൽ ചേക്കേറി കൂട് കൂട്ടിയ മഞ്ജു ഇന്ന് സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്ക്നോഹൊറർ സിനിമയിലെ നായികയാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മുതൽ ഏറെ പ്രതീക്ഷയുള്ള ഒരു ഡസനിലേറെ ചിത്രങ്ങൾ അവരുടേതായി പുറത്തിറങ്ങാനിരിക്കുന്നു.മലയാളത്തിന്റെ അഭിമാനമായി അവർ വളർന്നു കൊണ്ടിരിക്കുകയാണ് പലർക്കും സ്വപ്നം കാണാൻ പറ്റാത്തത്രയും ഉയരത്തിൽ. അവരുടെ ഖ്യാതി കേരളവും കടന്ന് പോകുമ്പോൾ എല്ലാ മലയാളികളേയും പോലെ ഞാനും ഒരുപാട് അഭിമാനിക്കുന്നു.

മലയാളികളുടെ നായികാ സങ്കൽപ്പങ്ങളുടെ പൂർണ്ണ രൂപം..... മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ..... എന്റെ പ്രിയപ്പെട്ട മഞ്ജു ചേച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ❤️❤️

ചേച്ചിയുടെ ഒരു ജന്മദിനം കൂടെ കടന്ന് പോകുമ്പോഴും മുൻപ് പറഞ്ഞ ആ ആഗ്രഹം സഫലമാകാതെ ഞാൻ ഇന്നും കാത്തിരിക്കുന്നു. ഏറ്റവും മികച്ചത് തന്നെ ലഭിക്കാനുള്ളതിന്റെ കാത്തിരിപ്പാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ജീവിതത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ കളിയാക്കലുകൾ അനുഭവിച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടുള്ള ഇഷ്ടത്തിന്റെ പേരിൽ ആയിരിക്കും, ആരാധനയുടെ പേരിലായിരിക്കും. ഇപ്പോഴും ആ കളിയാക്കലുകൾ പല ഭാഗത്ത് നിന്നും തുടരുന്നുണ്ട് അവരോട് ഒക്കെ അന്നും ഇന്നും എന്നും പറഞ്ഞിട്ടുള്ളതും പറയാനുള്ളതും ഒന്ന് തന്നെയാണ്. നിങ്ങൾ ലാലേട്ടനെ ആരാധിക്കുന്നു മമ്മൂക്കയെ ആരാധിക്കുന്നു അവർക്ക് ഒക്കെ വേണ്ടി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു അവരുടെ സിനിമകൾക്ക് ആർപ്പ് വിളിക്കുന്നു. അവരെപ്പോലെ തന്നെ മഞ്ജു വാര്യരും ഒരു കലാകാരിയാണ് നിങ്ങൾക്ക് അവരോട് ഉള്ളത് പോലുള്ള ആരാധനയും ഇഷ്ടവും ചിലർക്ക് മഞ്ജു വാര്യരോട് തോന്നുന്നു അവരത് പ്രകടിപ്പിക്കുന്നു അതിന് എന്തിനാണ് അസഹിഷ്ണുത എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരു തമിഴ് സിനിമാ ഡയലോഗ് കടമെടുത്താൽ "ഉങ്കള്ക്ക് വന്താ മട്ടും രക്തം എങ്കള്ക്ക് വന്താ അത് തക്കാളി ചട്ട്ണിയാ..?"

എന്റെ വ്യക്തിപരമായ കാര്യത്തിലേക്ക് വന്നാൽ വീണ്ടും പറയുന്നു മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് എന്റെ മനസ്സിൽ രണ്ടാമതാണ് സ്ഥാനം ആദ്യത്തെ സ്ഥാനം മഞ്ജു വാര്യർ എന്ന സഹോദരിക്കാണ്. സഹോദരിയോട് സഹോദരന് സ്നേഹം പ്രകടിപ്പിക്കാൻ ഈ പറഞ്ഞവരുടെയൊന്നും സർട്ടിഫിക്കറ്റ് വേണ്ടല്ലോ അല്ലേ.

പറഞ്ഞു വന്നപ്പോൾ മാറ്ററീന്ന് പോയി അപ്പൊ ഒരിക്കൽ കൂടെ എന്റെ പ്രിയപ്പെട്ട ചേച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️

Happy Birthday Manju Warrier ചേച്ചീ..... ❤️❤️

-വൈശാഖ്.കെ.എം
സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ Reviewed by on 23:38 Rating: 5

No comments:

Powered by Blogger.