ആടുജീവിതം.... The Goat Life.....

  ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ ഏകദേശം ഒരു മാസത്തോളം സമയം എടുക്കുന്നത്. കാരണം ആ സിനിമ തന്ന ഒരു മെന്റൽ ട്രോമ അത്രയ്ക്ക് വലുതാണ്. പറഞ്ഞു വന്നത് ആടുജീവിതത്തിനെ പറ്റിയാണ്. ബ്ലസ്സി സാറിന്റെ പല സിനിമകളും ഏറ്റവും പ്രിയപ്പെട്ടവയാണെങ്കിലും അതൊന്നും രണ്ടാമത് കാണാൻ തോന്നാറില്ല. തന്മാത്രയൊക്കെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അതുപോലെ തന്നെ ഒരു അനുഭവമാണ് ആടുജീവിതവും. ഒരിക്കൽപ്പോലും രണ്ടാമത് ഒരു തവണ കൂടെ ഈ ചിത്രം കാണാൻ സാധിക്കില്ല. 

മറ്റുള്ള സിനിമകൾ അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞവയായിരുന്നു എങ്കിൽ ഇത് ഒരു സംഭവ കഥയാണ് അതുകൊണ്ട് തന്നെ നജീബ് എന്ന യഥാർത്ഥ വ്യക്തിയുടെ ജീവിതം മനസ്സിൽ വല്ലാത്ത ഒരു മുറിവ് ആയി ഉണങ്ങാതെ തുടരുകയാണ്. ഒരു സിനിമയെന്ന നിലയ്ക്ക് ഒരിക്കലും ആടുജീവിതത്തെ കാണാൻ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. അത്തരത്തിലാണ് ബ്ലസ്സിയും കൂട്ടരും ആടുജീവിതം ഒരുക്കി വെച്ചിരിക്കുന്നത്.

ബെന്യാമിന്റെ ആടുജീവിതം വായിച്ചപ്പോൾ കിട്ടിയ ഫീൽ തന്നെ ബ്ലസിയുടെ ചലച്ചിത്ര ഭാഷ്യത്തിനും തരാൻ സാധിച്ചിട്ടുണ്ട്. ഒരു ഇരുട്ടുമുറിയിൽ അല്ലേൽ ഒരു ലിഫ്റ്റിൽ പത്ത് മിനുട്ട് കുടുങ്ങിയാൽ പോലും പ്രാണൻ പോകുന്ന അവസ്ഥയാണ് നമുക്ക് എല്ലാം അപ്പോഴാണ് വർഷങ്ങളോളം ഒരാൾ ഇത്രേം വലിയ ദുരിതം അനുഭവിച്ചിരിക്കുന്നത്. മാനസികമായും ശാരീരികമായും അദ്ദേഹം കടന്നു പോയ അവസ്ഥകളെ ഇമാജിൻ ചെയ്യാൻ പോലും സാധിക്കുന്നില്ല.

സിനിമയെന്ന യാഥാർഥ്യത്തിലേക്ക് വന്നാൽ ബ്ലസ്സി എന്ന അതികായൻ മറ്റാർക്കും ചിന്തിക്കാൻ പറ്റാത്ത വിധത്തിലാണ് ആടുജീവിതം ഒരുക്കി വെച്ചിരിക്കുന്നത്. എഴുത്തിലും സംവിധാനത്തിലും പെർഫെക്ഷന്റെ അങ്ങറ്റമാണ് അദ്ദേഹം ചെയ്ത് വെച്ചിരിക്കുന്നത്. ഒന്നര പതിറ്റാണ്ട് ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ച ആ മനുഷ്യന്റെ അർപ്പണബോധത്തേയും ആത്മസമർപ്പണത്തേയും നമിക്കാതെ വയ്യ. അദ്ദേഹത്തിനെപ്പോലൊരു സംവിധായകൻ മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവും അസറ്റും ഒക്കെയാണ്. ബ്ലസ്സി സർ നിങ്ങൾ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ തന്നെയാണ്. ഒരുപാട് ഏടുകൾ ഉള്ള അത്രയേറെ പഠിക്കാനുള്ള ഒരു ടെക്സ്റ്റ്‌ ബുക്ക്‌.


മരുഭൂമിയുടെ ഭീകരതയും മനോഹാരിതയും നജീബിന്റെ ജീവിതത്തിലെ വെളിച്ചവും ഇരുട്ടും ഒരുപോലെ ഗംഭീരമായി ക്യാമറയിൽ പകർത്തിയ സുനിൽ കെ.എസ് എന്ന ഛായാഗ്രാഹകനാണ് ഗോട്ട് ലൈഫിലെ മറ്റൊരു അത്ഭുതം. എന്തൊരു വർക്ക് ആയിരുന്നു അദ്ദേഹത്തിന്റേത്. അടുത്ത കാലത്ത് മലയാളത്തിൽ കണ്ട ഏറ്റവും മനോഹരമായ ഫ്രേമുകൾ ആടുജീവിതത്തിലാണ്.


ഏ ആർ റഹ്മാനെന്ന വിസ്മയത്തിന് കുറച്ച് നാളായി ശോഭിക്കാൻ പറ്റാത്ത ഒരു അവസ്ഥയുണ്ടായിരുന്നു അതിനും ഒരു അറുതി വരുത്തുന്നുണ്ട് ആടുജീവിതം. റഹ്മാന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമെല്ലാം അത്രയ്ക്ക് മികവ് പുലർത്തിയിട്ടുണ്ട്.


ശ്രീകർ പ്രസാദ് എന്ന മാന്ത്രികൻ എഡിറ്റിങ് ടേബിളിൽ കാണിച്ച മാജിക് കൊണ്ട് തന്നെയാണ് ആടുജീവിതം ഭംഗിയോടെ ആസ്വദിക്കാൻ പറ്റുന്നത്. 

ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ് ടീമും വലിയ കൈയ്യടികൾ അർഹിക്കുന്നവരാണ്.


അരങ്ങിലേക്ക് വന്നാൽ അഭിനയം കൊണ്ട് ഞെട്ടിച്ച ഒരാളാണ് ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുൽ. എത്ര ഗംഭീരമായാണ് അദ്ദേഹം ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഞെട്ടിച്ച പ്രകടനം എന്ന് തന്നെ പറയാം. 

ഇബ്രാഹിം കാദിരി ആയി എത്തിയ ജിമ്മിയും,സൈനുവായി എത്തിയ അമല പോളുമടക്കം പ്രകടനം കൊണ്ട് മികവ് കാണിച്ചവരാണ്.


ഇനി പറയാനുള്ളത് ഗോട്ട് ലൈഫിലെ GOAT പെർഫോമറെ പറ്റിയാണ്. പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ കരിയർ ആടുജീവിതത്തിന് മുൻപും ശേഷവും എന്ന് തന്നെ വിശേഷപ്പിക്കാം. അത്തരത്തിൽ ഒരു വേഷം ആർക്കും ചെയ്യാൻ പറ്റാത്ത വിധത്തിൽ പൃഥ്വി ചെയ്ത് വെച്ചിട്ടുണ്ട്. ഒരുപക്ഷേ ഇനി അത്തരത്തിൽ അങ്ങനൊരു കഥാപാത്രമാകാൻ പൃഥ്വിക്ക് പോലും കഴിയില്ല. അഭിനേതാവ് എന്ന നിലയ്ക്ക് ഒരു പാഠപുസ്തകം തന്നെയാണ് ആടുജീവിതത്തിലെ പൃഥ്വിരാജ്. ഒരു നടന്റെ ആത്മസമർപ്പണവും അർപ്പണബോധവുമൊക്കെ അതിന്റെ പീക്കിൽ ആണ് പൃഥ്വിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും ശാരീരികമായ കഷ്ടപ്പാടുകൾ ആരും അനുഭവിച്ചു കാണില്ല എന്ന് ഉറപ്പിച്ചു പറയാം. 

കഥ പറഞ്ഞു പോകുമ്പോൾ ശരീരം മെലിയുന്ന ഓരോ അവസ്ഥയിലും ശബ്ദത്തിൽ അദ്ദേഹം കൊണ്ട് വരുന്ന വ്യത്യാസമൊക്കെ ശരിക്കും അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. പൃഥ്വിരാജ് എന്ന നടനെ ഒരു സ്ഥലത്തും കാണാൻ സാധിച്ചിരുന്നില്ല എന്ന് മാത്രമല്ല എല്ലാ അർത്ഥത്തിലും ഭയങ്കര പുതുമയുള്ള ഒരു രാജുവിനെയായിരുന്നു ആടുജീവിതത്തിൽ കണ്ടത്. രണ്ട് പതിറ്റാണ്ടിന് മുകളിൽ നീണ്ട സിനിമാ ജീവിതത്തിൽ അയാൾ ചെയ്ത കഥാപാത്രങ്ങളിൽ നിന്നുമൊക്കെ ഒരുപാട് വ്യത്യസ്തമായി..... അയാളിൽ നിന്നും വന്ന ഒരു ഭാവം പോലും വരാതെ എല്ലാ അർത്ഥത്തിലും പുതുമ കൊണ്ട് വന്നാണ് അയാൾ നജീബ് ആയി പരകായ പ്രവേശം നടത്തിയിരിക്കുന്നത്. പറയുന്നത് ക്ലീഷേ ആണേലും അവിടെ പൃഥ്വിരാജ് എന്ന നടന്റെ നിഴൽ പോലും കാണാൻ സാധിച്ചില്ല എന്ന് തന്നെ പറയാം.

പൃഥ്വി സ്‌ക്രീനിൽ അത്ഭുതങ്ങൾ കാണിക്കുമ്പോൾ ഒരു കടുത്ത ആരാധകൻ എന്ന നിലയ്ക്ക് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കണം എന്നൊക്കെയുണ്ടായിരുന്നു.... പക്ഷേ അതിനെല്ലാം മുകളിൽ നജീബ് എന്ന വ്യക്തിയുടെ ജീവിതം കണ്മുന്നിൽ തെളിഞ്ഞു വരുമ്പോൾ ഒരിക്കൽപ്പോലും അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം. 

പ്രിയപ്പെട്ട രാജുവേട്ടാ നിങ്ങളുടെ ആരാധകൻ ആയതിൽ നിങ്ങളുടെ അഭിനയത്തിന്റെ പേരിൽ കേട്ട പഴികൾക്കും കളിയാക്കലുകൾക്കും കണക്ക് ഇല്ലായിരുന്നു. ഇഹ് ഇഹ് എന്ന് കളിയാക്കി നടന്നിരുന്ന വലിയൊരു വിഭാഗം ആളുകൾ കൂടെയിലേയും,അയ്യപ്പനും കോശിയിലേയുമൊക്കെ മികച്ച പ്രകടനങ്ങൾ മനഃപൂർവം മറന്നിരുന്ന സമയത്ത് ഒരുപാട് വിഷമം തോന്നിയിരുന്നു. പക്ഷേ ആടുജീവിതത്തിന് ശേഷം അഭിനയത്തിന്റെ പേരിൽ നിങ്ങളെ ഇനി ഒരിക്കലും ആരും കളിയാക്കില്ല എന്നുള്ളത് ഒരു ആരാധകൻ എന്ന നിലയ്ക്ക് ഉണ്ടാക്കിയ സന്തോഷം ചെറുതല്ല.... അഭിമാനം ചെറുതല്ല....

ആക്ടർ പൃഥ്വിരാജ് എന്ന് അടിവരയിട്ട് അവരൊക്കെ പറയുമ്പോൾ എന്തൊക്കെയോ കീഴടക്കിയ സന്തോഷമാണ്. അഭിനയത്തിന്റെ പേരിലുള്ള കളിയാക്കലുകൾക്കുള്ള മറുപടി GOAT പെർഫോമൻസ് കൊണ്ട് ആവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. 

ആടുജീവിതത്തിന് വേണ്ടി നിങ്ങൾ എടുത്ത കഷ്ടപ്പാടുകളും ആ പ്രകടനത്തിന്റെ മഹിമയും എത്ര പറഞ്ഞാലും മതിവരില്ല..... നിങ്ങളെ നേരിൽ കാണുന്ന നിമിഷം പരിസരം മറന്ന് ഒന്ന് കെട്ടിപ്പിടിക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്. അത്രയേറെ നജീബ് എന്റെ മനസ്സ് കീഴടക്കിയിട്ടുണ്ട്. മലയാളത്തിന്റെ അഭിമാനം തന്നെയാണ് ആടുജീവിതം എന്ന ചിത്രവും അതിലെ നിങ്ങളുടെ പ്രകടനവും.


സൈനുവിനെ വിട്ട് നജീബ് പോകുന്നത് മുതൽ തുടങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ എന്ന നടന്റെ വിസ്മയ പ്രകടനം..... അത് തിരിച്ച് നജീബ് നാട്ടിലേക്ക് കയറുന്നത് വരെ തുടരുകയാണ്. ശരീരഭാരം ഓരോ സീനിലും കുറയുമ്പോഴും പൃഥ്വി സംസാരത്തിലും നടത്തത്തിലും ഭാവത്തിലുമെല്ലാം കൊണ്ട് വരുന്ന ഓരോ മാറ്റങ്ങൾ ഉണ്ട് മൈന്യൂട്ട് ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്... അതിലുണ്ട് എത്രയേറെ ഉൾക്കൊണ്ടു കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രത്തെ സ്വീകരിച്ചിരിക്കുന്നത് എന്ന്. ഒരു നടന്റെ ഏറ്റവും വലിയ സ്വപ്നമായിരിക്കും ഇത്തരത്തിൽ ഒരു വേഷവും അതിനെ എഴുതി വെച്ചതിന് മുകളിൽ പ്രകടനം കൊണ്ട് എത്തിക്കുന്നതും. 

പ്രിയപ്പെട്ട ബ്ലസ്സി സർ ആടുജീവിതമെന്ന സിനിമ നിങ്ങൾ ലോക സിനിമയക്ക് നൽകിയ മലയാളത്തിന്റെ ഒരു വലിയ സമ്മാനം തന്നെയാണ്. എങ്ങനെ ഏറ്റവും നന്നായി ഒരു സിനിമ എടുക്കാം എന്നുള്ളതിന്റെ പര്യായമാണ്.

പ്രിയപ്പെട്ട രാജുവേട്ടാ ആടുജീവിതത്തിലെ നജീബ് ആയിട്ടുള്ള നിങ്ങളുടെ പ്രകടനം കൊണ്ട് നിങ്ങൾ വിളിച്ചു പറയുന്നത് പൃഥ്വിരാജ് സുകുമാരനെന്ന കലാകാരനെ ഒരിക്കലും അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത് എന്നാണ്..... ഒപ്പം ആ GOAT പെർഫോമൻസ് കൊണ്ട് സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും നിങ്ങള് പകർന്ന് കൊടുക്കുന്നത് ഒരു വലിയ പാഠം മാത്രമല്ല അതിലെല്ലാമുപരി വലിയ പ്രചോദനം കൂടെയാവുകയാണ് താങ്കൾ.

ഒരു അഭിനേതാവ് എങ്ങനെയാവണമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണം എന്ന് തന്നെ വിശേഷിപ്പിക്കാം. മലയാള സിനിമ ഒരിക്കൽ പൃഥ്വിരാജ് സുകുമാരന്റെ പേരിലും കൂടെ അറിയപ്പെടും എന്ന് പറയുമ്പോൾ പുച്ഛിച്ച ഒരുപാട് പേർക്കുള്ള മറുപടി കൂടെയാണ് ആടുജീവിതം.


ഒരു GOAT സിനിമയും GOAT പെർഫോമൻസും കണ്ടതിന്റെ സംതൃപ്തി മാത്രമല്ല അത് ഒരു മലയാള സിനിമ കൂടെയായതും ഏറെ ഇഷ്ടപ്പെട്ട കലാകാരന്റെ ഏറ്റവും ഗംഭീര പ്രകടനം കൂടെയായതും അതിന്റെ മാറ്റ് ഇരട്ടിയാക്കുന്നുണ്ട്. ആടുജീവിതത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.


ആക്ടർ പൃഥ്വിരാജ് സുകുമാരന്റെ GOAT പെർഫോമൻസ് അതിൽ തന്നെയുണ്ട് ഒരു ആരാധകന് എന്നും ഓർത്തിരിക്കാൻ വേണ്ട എല്ലാം. ഒരിക്കൽ കൂടെ ഏറ്റവും പ്രിയപ്പെട്ട രാജുവേട്ടന് ഹൃദയം നിറഞ്ഞ നന്ദിയും ഒപ്പം അതിലേറെ സ്നേഹവും.

സിനിമ കണ്ട് ഉണ്ടായ ട്രോമയേക്കാൾ വലുത് ആയിരുന്നു കൂടെ വന്ന പ്രിയ സുഹൃത്തിന്റെ കരച്ചിൽ അടക്കുക എന്നുള്ളത്. ഒരിക്കൽപ്പോലും കരഞ്ഞു കണ്ടിട്ടില്ലാത്ത കക്ഷി ഏങ്ങലടിച്ചു കരയുമ്പോൾ ആടുജീവിതം എത്രമാത്രം ഞാനടക്കമുള്ള പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി എന്നുള്ളത് മനസ്സിലാക്കുകയായിരുന്നു.....

ആടുജീവിതം ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു വിസ്മയം.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
ആടുജീവിതം.... The Goat Life..... ആടുജീവിതം.... The Goat Life..... Reviewed by on 01:46 Rating: 5

No comments:

Powered by Blogger.