"ഹൃദയം" ഓരോ കാഴ്ചയിലും അത്ഭുതമാകുന്ന കാവ്യം

  മൂന്ന് മണിക്കൂറിനടുത്തുള്ള സിനിമ മൂന്ന് തവണ കണ്ടിട്ടും യാതൊരു മടുപ്പും തോന്നുന്നില്ല എന്നത് എന്നെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെയാണ്. ഇതിലേറെ തവണ ഒരുപാട് സിനിമകൾ അടുത്തടുത്ത ദിവസങ്ങളിൽ റിപ്പീറ്റ് കണ്ടിട്ടുണ്ടേൽപ്പോലും എവിടെയെങ്കിലുമൊക്കെ ഒരു മുഷിപ്പ് അതിപ്പോ ഏതെങ്കിലും ഒരു സീനിൽ ആയാലും തോന്നിയിട്ടുണ്ട്. അവിടെയാണ് ഹൃദയം വേറിട്ട് നിൽക്കുന്നത്. മൂന്ന് തവണ കണ്ടിട്ടും ഒരൊറ്റ നിമിഷം പോലും ചിത്രം ബോറടിപ്പിച്ചില്ല എന്ന് മാത്രമല്ല വീണ്ടും കാണാൻ തോന്നിപ്പിക്കുക കൂടെ ചെയ്യുകയാണ്. ഓരോ കാഴ്ചയിലും ആദ്യം കാണുന്ന അതേ ഫീലോടെ ഒട്ടും പുതുമ നഷ്ടപ്പെടാതെ ആസ്വദിക്കാൻ പറ്റുന്നുണ്ട്.... വിനീത് ശ്രീനിവാസൻ ഒളിപ്പിച്ചു വെച്ച എന്തോ ഒരു മാജിക്ക് ഉണ്ട് ചിത്രത്തിൽ. അദ്ദേഹം ഹൃദയം കൊണ്ട് ഒരുക്കിയ സിനിമയ്ക്ക് അത്രയ്ക്ക് ആത്മാവ് ഉണ്ട്. ഓരോ തവണയും തെളിഞ്ഞു വരുന്ന ഓരോ പുതിയ കാര്യങ്ങളുണ്ട് ഹൃദയത്തിൽ.... അതൊക്കെ തന്നെയാണ് ഫ്രഷ്നെസ്സ് നഷ്ടപ്പെടാത്തതിന്റെ പ്രധാന കാരണവും.

പ്രണവിലെ മോഹനഭാവങ്ങൾ

ആദ്യ കാഴ്ചയിലും രണ്ടാം കാഴ്ചയിലും പ്രണവിൽ കാണാത്ത അല്ലേൽ ശ്രദ്ധിക്കാതെ പോയ ഒരുപാട് മോഹന ഭാവങ്ങൾ മൂന്നാം തവണ കണ്ടപ്പോൾ തെളിഞ്ഞു വന്നു. അതിൽ ഒരു ഉദാഹരണമാണ് ഉണക്ക മുന്തിരി ഗാനത്തിന്റ ആദ്യ ഭാഗത്തിൽ കല്യാണി ഫോട്ടോ എടുത്ത് നടക്കുന്ന സീനിൽ പ്രണവ് നോക്കുന്ന ഒരു നോട്ടമുണ്ട് കിലുക്കത്തിലും, തേന്മാവിൻ കൊമ്പത്തിലുമെല്ലാം മോഹൻലാലിൽ നിന്നും പുറത്ത് വന്നിട്ടുള്ള മോഹന ഭാവങ്ങൾ ഒരു പുരികം മുകളിലേക്ക് വെച്ച് അദ്ദേഹം അത്ഭുതത്തോടെ നോക്കി പ്രേക്ഷകനിൽ ചിരി പടർത്തുന്ന കണ്ടാൽ മടുക്കാത്ത ആ വിസ്മയ ഭാവം മേല്പറഞ്ഞ രംഗത്തിൽ പ്രണവിൽ മിന്നി മായുന്നുണ്ട്. അതേപോലെ അദ്ദേഹത്തെ ഓർമ്മിപ്പിക്കും വിധം നിരവധി രംഗങ്ങളുണ്ട് ഹൃദയത്തിൽ.... കാണാൻ ഏറെ ഭംഗിയായിരുന്നു അവയ്ക്ക്. പല അഭിനേതാക്കളും കൊണ്ട് വരുന്ന താരാനുകരണമല്ലാതെ ഉള്ളിൽ നിന്നും വരുന്ന പ്രണവിലെ മോഹൻലാൽ മാനറിസങ്ങളും ദുൽഖറിലെ മമ്മൂട്ടി മാനറിസങ്ങളും ഗോകുലിലെ സുരേഷ് ഗോപി മാനറിസങ്ങളുമൊക്കെ കണ്ടിരിക്കാൻ വല്ലാത്തൊരു ഭംഗിയാണ്. അച്ഛന്റെ ഭാവങ്ങൾ ഒക്കെ മാറ്റി നിർത്തി പ്രണവിലേക്ക് വന്നാൽ തുടക്കക്കാരനെന്ന നിലയിൽ ഞെട്ടിച്ച ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ട് ഹൃദയത്തിൽ..... അതിൽ ഒന്നാണ് അച്ഛനായി എന്ന് ദർശനയെ അറിയിക്കുന്ന രംഗം എന്ത് മനോഹരമായാണ് അദ്ദേഹം ആ വൈകാരിക രംഗം കൈകാര്യം ചെയ്തിരിക്കുന്നത്.... അല്പം പാളിയാൽ അങ്ങറ്റം നാടകീയമായി മാറുമായിരുന്ന ആ സീൻ എത്ര പെർഫെക്ട് ആയാണ് പ്രണവ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്. അതേപോലെ തന്നെയാണ് ജോയെ തല്ലുന്ന രംഗവും..... ഒരേ സമയം അയാളിൽ ക്രൂരതയും നിസ്സഹായതയും പേടിയും കുറ്റബോധവുമെല്ലാം മിന്നിമറിയുന്ന ഒരു രംഗമാണത് അതിമനോഹരമായിരുന്നു അവിടെ അയാളുടെ പ്രകടനം. അതേപോലെ നെഗറ്റീവ് ടച്ച് വരുന്ന സ്ഥലങ്ങളിൽ അയാളിൽ ഒരു പ്രത്യേക ഊർജ്ജം തന്നെ ഉണ്ടായിരുന്നു, അത്തരം രംഗങ്ങൾ ചെയ്യാൻ താല്പര്യക്കൂടുതൽ ഉള്ളത് പോലെ ഒരു തോന്നൽ. പിന്നീട് എടുത്ത് പറയേണ്ടത് അയാളുടെ പുഞ്ചിരി തന്നെയാണ് എന്ത് ഭംഗിയാണ് അദ്ദേഹത്തെ സ്‌ക്രീനിൽ കണ്ടോണ്ട് ഇരിക്കാൻ.

സിനിമ അധികം കാണാത്ത ഭയങ്കര സെലക്ടീവ് ആയിട്ടുള്ളൊരു ആളാണ് എന്റെ സഹോദരൻ അവൻ ഹൃദയം കണ്ടതിനു ശേഷം വാതോരാതെയുള്ള സംസാരമാണ്. ഹൃദയവും ഹൃദയത്തിലെ പ്രണവിന്റെ പ്രകടനവും അവനെ അത്രമേൽ ആകർഷിച്ചിട്ടുണ്ട് സിനിമ എത്രയൊക്കെ ഇഷ്ടപ്പെട്ടാലും അതേ പറ്റി അവൻ കൂടുതൽ സംസാരിക്കാറില്ല പക്ഷേ ഹൃദയത്തിന്റെ കാര്യത്തിൽ നേരെ വിപരീതമാണ് കക്ഷി. അവനും പ്രണവിന്റെ പുഞ്ചിരിയെ പറ്റി ഒരുപാട് തവണ പറഞ്ഞു.... എന്ത് ഭംഗിയാടാ പ്രണവിന്റെ ചിരി കാണാൻ അയാൾ സ്‌ക്രീനിൽ ഉണ്ടേൽ മറ്റാരേം നോക്കാതെ അയാളെ തന്നെ നോക്കിയിരുന്ന് പോകും അത്രയ്ക്ക് മനോഹരമാണത് എന്ന് തുടങ്ങി വാതോരാതെയുള്ള പുകഴ്ത്തൽ ആയിരുന്നു.

പ്രണവ് മോഹൻലാൽ എന്ന വ്യക്തിയോട് ഭയങ്കര ആരാധനയായിരുന്നു.... ഇത്രയും വലിയ ചുറ്റുപാടിൽ വളർന്ന അയാളുടെ ജീവിത ശൈലിയും വ്യക്തിത്വവുമെല്ലാം ഏറെ ആകർഷിച്ച ഒന്നാണ്. ഇപ്പൊ പ്രണവിലെ അഭിനേതാവിനേയും ഇഷ്ടപ്പെട്ട് തുടങ്ങുന്നു. അയാളിൽ ഒരുപാട് കഴിവുകളുണ്ട് വിനീത് ശ്രീനിവാസനെപ്പോലെ അതൊക്കെ പുറത്ത് കൊണ്ട് വരാൻ കഴിയുന്ന സംവിധായകർ അയാളിലേക്ക് എത്തിപ്പെട്ടാൽ അനേകം ഗംഭീര പ്രകടനങ്ങൾ അദ്ദേഹത്തിൽ നിന്നും കാണാനാകും. മോഹൻലാലിന്റെ മകൻ എന്ന ലേബലിൽ..... താരപുത്രൻ എന്ന ലേബലിൽ അയാളിലെ സ്വീകാര്യത വിറ്റു കാശാക്കാൻ മാത്രം ഇറങ്ങിപ്പുറപ്പെടുന്നവരിൽ നിന്നും മാറി നടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഒപ്പം അദ്ദേഹത്തോടുള്ള ഒരു അപേക്ഷ ഇരിക്കുന്നതിന് മുൻപ് കാല് നീട്ടിയത് പോലെ തുടങ്ങിയ ഫാൻസ്‌ അസോസിയേഷനുകൾ പിരിച്ചു വിടണം എന്നാണ്. അച്ഛന്റെ ആരാധകരെയല്ല തന്റെ പ്രകടനം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന സപ്പോർട്ടേഴ്സിനെയാണ് പ്രണവിന് വേണ്ടത് അതിന് അയാൾക്ക് ഒരുപാട് സമയമുണ്ട് ഇപ്പൊ ഈ കാണുന്നത് ഒക്കെ പുറത്ത് നിന്ന് നോക്കുന്നവർക്ക് നോക്കി ചിരിക്കാനുള്ള വകയാണ്. (തികച്ചും വ്യക്തിപരമായ അഭിപ്രായം)

തിരിച്ച് ഹൃദയത്തിലേയ്ക്ക് തന്നെ വന്നാൽ....

പ്രണവിന്റെ ദർശനയും കല്യാണിയുമായിട്ടുള്ള കെമിസ്ട്രി സിനിമയുടെ സൗന്ദര്യങ്ങളിൽ ഒന്നാണ്. പ്രണവിന് ഒപ്പം തന്നെ രണ്ടു പേരും ഏറെ മികവോടെ തന്നെ തങ്ങളുടെ കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ഒപ്പം അശ്വിത് ലാൽ അവതരിപ്പിച്ച ആന്റണി താടിക്കാരന്റെ പ്രകടനവും എടുത്ത് പറയണം..... ചിരിപ്പിക്കാനും കണ്ണ് നനയിക്കാനും അയാൾക്ക് വല്ലാത്തൊരു കഴിവുണ്ട്. വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ മലയാള സിനിമയുടെ ഒരു അവിഭാജ്യ ഘടകമായി മാറാൻ കെൽപ്പുള്ള ഒരു അഭിനേതാവ് ആണ് അദ്ദേഹം. മുൻപ് പറഞ്ഞത് പോലെ തന്നെ പേരെടുത്ത് പറയാൻ നിന്നാൽ എഴുത്തിന്റെ നീട്ടം ഒരുപാട് കൂടും അല്ലേൽ തന്നെ ഈ നീട്ടത്തിന്റെ പേരിൽ ഒരു ചീത്തപ്പേര് നില നിൽക്കുന്നുണ്ട് അതുകൊണ്ട് ആ സാഹസത്തിന് മുതിരുന്നില്ല.

ഹൃദയത്തിന്റെ ആത്മാവ്

മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ഹൃദയത്തിന്റെ ആത്മാവ് ഹിഷാം അബ്‌ദുൾ വഹാബിന്റെ സംഗീതം തന്നെയാണ്. ഈയടുത്ത കാലത്തൊന്നും ഇത്രയ്ക്കും അഡിക്ട് ആയ ഗാനങ്ങൾ ഇല്ല എന്ന് തന്നെ പറയാം. എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത എന്തെന്നാൽ ഹൃദയത്തിലെ ജ്യൂക്ക്ബോക്ക്സ് ഇറങ്ങിയതിന് ശേഷം ദാ ഇപ്പൊ വരെ അത് തന്നെ റിപ്പീറ്റ് കേട്ടു കൊണ്ടിരിക്കുന്നു എന്നത് മാത്രമല്ല മറ്റൊരു ഗാനവും കേൾക്കാറില്ല എന്നതുമാണ്. ഇതിന് മുൻപ് ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാനാകും. ഏകദേശം ഇരുപത് ദിവസത്തിന് മുകളിലായിക്കാണും ഹൃദയത്തിലെ ഗാനങ്ങൾ പുറത്തിറങ്ങിയിട്ട്.... അത്രയും ദിവസങ്ങളായി എന്റെ മൊബൈൽ ഫോണിൽ മറ്റൊരു പാട്ടും പ്ലേ ചെയ്തിട്ടില്ല ഇത് തന്നെ റിപ്പീറ്റ് ആണ്. ദിവസവും ഡോക്ടർ എഴുതി തരുന്ന മരുന്ന് കഴിക്കുന്നത് പോലെ കേൾക്കുന്ന ഒന്നായിട്ടുണ്ട് ഹൃദയം ജ്യൂക്ക്ബോക്ക്സ്സ്. റിങ്ടോണും അവയൊക്കെ തന്നെ. ഹിഷാമിന്റെ സംഗീതം വല്ലാത്തൊരു തരം വിസ്മയം തന്നെയാണ്. അരവിന്ദ് വേണുഗോപാൽ ആലപിച്ച നഗുമോയുടെ രണ്ട് വേർഷനും വല്ലാത്തൊരു തരം മാജിക്ക് ആണ്. വല്ലാത്തൊരു പോസിറ്റീവ് എനർജി പകർന്നു തരുന്ന പാട്ടാണ് പുതിയൊരു ലോകം എന്നത്. അണ്ടർ റേറ്റഡ് ആയിട്ടുള്ള ഒരു ഗംഭീര ഗാനമാണ് അരികെ നിന്ന എന്ന് തുടങ്ങുന്ന ഗാനം. അതിന്റെ ഇടയ്ക്ക് വരുന്ന ചില സംഭവങ്ങൾ ഒക്കെ അതിമനോഹരമാണ്. ചിത്ര ചേച്ചി പാടിയ മുകിലിന്റെ,മക്ബൂൽ മൻസൂർ ആലപിച്ച മിന്നൽക്കൊടി തുടങ്ങിയ പാട്ടുകളും മനോഹരമാണ് പ്രത്യേകിച്ച് അതിൽ ചിത്ര ചേച്ചിയുടെ ആ പോർഷൻ. ഉണക്ക മുന്തിരിയും ദർശനയും പിന്നെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായത് പോലെയാണ്. പൊട്ടു തൊട്ട പൗർണമി, കുരൽ കേക്ക്താ,ബസ്ക്കർ ജി ഇവയ്ക്ക് ഒക്കെ വല്ലാത്തൊരു തരം സൗന്ദര്യവും മാധുര്യവുമുണ്ട്. അതേപോലെ തന്നെയാണ് ചിത്രത്തിൽ പലപ്പോഴായി കയറി വരുന്ന സർവ്വം സദായെന്ന ഗാനവും. പൃഥ്വിരാജ് ആലപിച്ച താതക തെയ്താരെ എന്ന പാട്ടും കേട്ട് കേട്ട് ഇഷ്ടപ്പെട്ട ഒന്നാണ്. ഇനി പറയാനുള്ളത് വിനീത് ശ്രീനിവാസൻ ആലപിച്ച മനസ്സേ എന്ന് തുടങ്ങുന്ന ഹൃദയത്തിന്റെ ആത്മാവിനെപ്പറ്റിയാണ്. ഓരോ തവണ ചിത്രം കാണുമ്പോഴും ക്ലൈമാക്സ്‌ അടുക്കാറാകുമ്പോൾ വരുന്ന മനസ്സേ വേർഷൻ തരുന്നൊരു രോമാഞ്ചമുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതിയാണത്. വിനീത് ശ്രീനിവാസന്റെ ശബ്ദം തുളച്ചു കയറും മനസ്സിലേക്ക്. ഹൃദയം തീം അത് വല്ലാത്തൊരു ലഹരിയാണ്. ഹിഷാം മലയാള സിനിമയ്ക്ക് വൈകി ലഭിച്ച ഒരു രത്നം തന്നെയാണ് നിങ്ങൾ. ഒപ്പം കൈതപ്രം ദാമോദരൻ നമ്പൂതിരി,അരുൺ ആലാട്ട്,ഗുണ ബാലസുബ്രഹ്മണ്യൻ,ബുല്ലെഷാ,വിനീത് ശ്രീനിവാസൻ തുടങ്ങിയ ഗാനരചയിതാക്കളും ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് അതിമനോഹരമായ ചിത്രത്തോട് ഏറെ ചേർന്നു നിൽക്കുന്ന വരികൾ ഒരുക്കിയതിന്. സിനിമ കണ്ടവർക്ക് അറിയാം ആ വരികളുടെ പ്രത്യേകതകൾ. അതിൽ ഒരു ഉദാഹരണമാണ് മുകിലിന്റെ എന്ന ഗാനത്തിലെ മുന്നാലേ നീയില്ലേ പിന്നാലെ ഞാനല്ലേ സ്നേഹിതാ എൻ സ്നേഹിതാ എന്ന് തുടങ്ങുന്ന ലൈൻസ് ഒക്കെ. ഒരിക്കൽ കൂടെ പറയുന്നു ഹൃദയത്തിന്റെ ആത്മാവ് അതിന്റെ ഗാനങ്ങൾ തന്നെയാണ്. പ്രേക്ഷകനെ പുറത്ത് കടക്കാനാകാത്ത വിധം തളച്ചിടാൻ അവയ്ക്ക് സാധിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ എന്ന ക്യാപ്റ്റനിലേക്ക് വന്നാൽ.....

വിനീത് ഒരു പാഠപുസ്തകമാണ് ഒരു സംവിധായകന്റെ വളർച്ച എങ്ങനെയാകണം എന്നതിനുള്ള പാഠപുസ്തകം. ഓരോ സിനിമകൾ കഴിയുന്തോറും അതാണ് അയാളുടെ ബെസ്റ്റ് അത് തന്നെയാണ് അയാളുടെ വിജയവും. പ്രേക്ഷകനെ എങ്ങനെ പിടിച്ചിരുത്തണമെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. എല്ലാ തരം ഓഡിയൻസിന്റേയും പൾസ് കൃത്യമായി അറിയാം. സിനിമ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നും പലർക്കും അദ്ദേഹത്തിനെ കണ്ടു പഠിക്കാം. റിലീസിന് മുൻപ് വാതോരാതെ തന്റെ സിനിമയെ പൊക്കിയടിക്കാതെ എല്ലാം പ്രേക്ഷകർക്ക് വിട്ടു കൊടുത്തു കൊണ്ട് പേര് പോലെ തന്നെ അങ്ങറ്റം വിനീതനായി തന്റെ സിനിമയെ പറ്റി അദ്ദേഹം സംസാരിക്കുന്നത് ഒക്കെ കേട്ടിരിക്കാൻ എന്ത് രസമാണ്. ഒരു മുഷിപ്പും ഇല്ലാതെ സമയം പോകുന്നത് അറിയാതെ കേട്ടിരുന്നു പോകും അദ്ദേഹത്തിന്റെ ഇന്റർവ്യൂസ് എല്ലാം. ഹൃദയം പോലെ തന്നെ മനോഹരമാണ് അവയും. തട്ടത്തിൻ മറയത്തിൽ നിന്നും ഹൃദയത്തിലേക്ക് എത്തുമ്പോൾ വിനീത് ഒരു സംവിധായകൻ എന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും എഴുത്തുകാരൻ എന്ന നിലയ്ക്കും ഒരുപാട് വളർന്നിട്ടുണ്ട്..... അതിൽ ഏറ്റവും വലിയ മാറ്റമായി തോന്നിയത് ഹൃദയത്തിലൂടെ അദ്ദേഹം പങ്കു വെച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയാണ്. സംവിധായകൻ എന്ന നിലയ്ക്ക് നോക്കിയാലും മേല്പറഞ്ഞ മാറ്റം ഹൃദയം കണ്ട ഏതൊരാൾക്കും പെട്ടന്ന് മനസ്സിലാകും..... മുൻപത്തെ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഹൃദയത്തിൽ കാണുന്ന മാറ്റങ്ങൾ എ ടു സെഡ് കാറ്റഗറികൾക്കും ക്വാളിറ്റിയിൽ അങ്ങറ്റം മാറ്റങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ആണ് ഹൃദയം. വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ വളർച്ച തന്നെയാണത്. വിനീത് ശ്രീനിവാസൻ എന്ന പേര് ഇന്നൊരു ബ്രാൻഡ് തന്നെയാണ്.

ഹിഷാമിനൊപ്പം വിനീത് ഹൃദയത്തിലൂടെ കൊണ്ട് വന്ന മറ്റൊരു അത്ഭുതം വിശ്വജിത് എന്ന ഛായാഗ്രാഹകനാണ്. എന്ത് ഭംഗിയാണ് അദ്ദേഹത്തിന്റെ ഓരോ ഫ്രേമുകൾക്കും.... പുതുമയുള്ള അനേകം കാഴ്ചകൾ അദ്ദേഹത്തിന്റെ ക്യാമറയിലൂടെ കാണാനായി.

ഒരു സിനിമയുടെ എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നൊരു കാര്യമാണ്. അങ്ങനെ സംഭവിച്ച ഒരു ദൃശ്യാനുഭവമാണ് ഹൃദയം.

കണ്ടിട്ടും കണ്ടിട്ടും മടുക്കാത്ത..... വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഈ ചലച്ചിത്രകാവ്യം ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിലേക്കാണ് കടന്നു കൂടിയിരിക്കുന്നത്.

അരുൺ നീലകണ്ഠന്റെ ജീവിതം അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.....

"മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കൂ.... മനസ്സേ മായാ മറയത്ത് ദൂരെ..... മറന്നേ പോയാൽ ഞാൻ എന്ത് ചെയ്യും..... തിരികെ വരാമോ ഇതിലേ....

വീണ്ടും വീണ്ടും എന്തിനു വെറുതേ ഓർമ്മയിലൂടെ ഒഴുകുന്നു.....

വീണ്ടും വീണ്ടും എന്തിന് വെറുതേ നോവിൻ കടലായ് മാറുന്നു

മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കൂ.... മനസ്സേ മായാ മനസ്സേ കേൾക്കൂ......"

ഹൃദയം ഒരു വിനീത് ശ്രീനിവാസൻ മാജിക്ക്. മുൻപ് പറഞ്ഞത് പോലെ ഒരു പഴയ ഗാനം കടമെടുത്ത് ചെറിയ മാറ്റം വരുത്തിയാൽ അദ്ദേഹം ഹൃദയം കൊണ്ട് എഴുതിയ കഥ പ്രണയാമൃതം അതിൻ ഭാഷ.

ഓരോ കാഴ്ചയിലും പുതുമയേറുന്ന ഇത്തരമൊരു അതിമനോഹര ദൃശ്യാനുഭവം ഒരുക്കി തന്നതിന് Vineeth Sreenivasan ഉം കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️🙏🏻

-വൈശാഖ്.കെ.എം
"ഹൃദയം" ഓരോ കാഴ്ചയിലും അത്ഭുതമാകുന്ന കാവ്യം "ഹൃദയം" ഓരോ കാഴ്ചയിലും അത്ഭുതമാകുന്ന കാവ്യം Reviewed by on 17:28 Rating: 5

No comments:

Powered by Blogger.