ട്രസ്റ്റ്

   ഏറ്റവും പ്രിയപ്പെട്ടവരാലും ഒരുപാട് വിശ്വാസം അർപ്പിച്ചവരാലും പറ്റിക്കപ്പെട്ട ഉണങ്ങാത്ത മുറിവുകളുമായി കഴിയുന്ന ഒരുപാട് പേര് നമുക്ക് ചുറ്റും ഉണ്ടാവും. അവരിലേക്ക് മറ്റൊരാൾക്ക്‌ പിന്നീട് എത്തിപ്പെടാൻ പറ്റുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പഴഞ്ചൊല്ല് കടമെടുത്താൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും.

പറ്റിക്കപ്പെട്ടതിന്റെ അല്ലേൽ ചതിക്കപ്പെട്ടതിന്റെ ട്രോമ എന്ന് പറയുന്നത്  വല്ലാത്ത ഒരു തരം വേദനയാണ്. അത് പല അർത്ഥത്തിലും ആകാം. പ്രണയം, സൗഹൃദം, സാഹോദര്യം തുടങ്ങി എന്തും ആവാം. ഇത്തരത്തിൽ ഒരു ആഘാതമേറ്റ ആളുകളിലേക്ക് പിന്നീട് കടന്നു ചെല്ലുന്നവരാണ് ശരിക്കും വലിയ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുന്നത്. യാതൊരു മോശം ചിന്തകളോ ദുരുദ്ദേശങ്ങളോ ഇല്ലാതെ ശരിക്കും ആത്മാർത്ഥമായി അവരിലേക്ക് കടന്നു ചെല്ലുന്നവരായിരിക്കും അവരിൽ പലരും. പക്ഷേ മുൻപിൽ വലിയൊരു അനുഭവം ഉള്ളത് കൊണ്ട് തന്നെ എത്രയൊക്കെ ആത്മാർത്ഥമായി പിന്നീട് വരുന്നവർ ഇടപഴകിയാലും അവര് അത് ഉൾകൊള്ളണം എന്നില്ല. അത്രയ്ക്ക് വേദന അനുഭവിച്ചത് കൊണ്ട് തന്നെ വല്ലാത്തൊരു തരം പേടി കാണും അവരിൽ. അടുക്കണം, ഇടപഴകണം എന്നൊക്കെ അവരുടെ മനസ്സ് പറഞ്ഞാൽ പോലും അവര് അകന്ന് തന്നെ നിൽക്കും. അതാണ് പ്രിയപ്പെട്ടവർ പറ്റിച്ചു കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ആഘാതത്തിന്റെ വ്യാപ്തി എന്ന് പറയുന്നത്.

പുതിയതായി വന്നവർ ഒരുപക്ഷേ ചങ്ക് തുറന്ന് കാണിച്ചു കൊടുത്താൽപ്പോലും അവർക്ക് അത് ഉൾക്കൊള്ളാൻ പറ്റണം എന്നില്ല. അവിടെ വേദന അനുഭവിക്കുന്നത് രണ്ട് പേരാണ്. ഒരെണ്ണം ആദ്യത്തെ ട്രോമയിൽ നിന്ന് പുറത്ത് കടക്കാത്തയാളും രണ്ടാമത്തേത് അതുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരാളും. രണ്ട് കൂട്ടരുടേം അവസ്ഥ ഒന്ന് തന്നെ ആയിരിക്കും.

അതായത് ഒരാൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നതും വേദനിക്കുന്നതും വ്യത്യസ്ഥ ധ്രുവങ്ങളിൽപ്പെട്ട രണ്ട് പേര് ആയിരിക്കും എന്ന് സാരം.

ആദ്യത്തെയാളുടെ ട്രോമ പോലെ തന്നെ രണ്ടാമത്തെ ആളുടെ കാര്യവും ഒന്ന് ആലോചിച്ചു നോക്കിയേ.... വലിയ സന്തോഷത്തോടെ ഒരു സൗഹൃദം അല്ലേൽ പ്രണയം അല്ലേൽ സഹോദര്യം ഒക്കെ പ്രതീക്ഷിച്ച് വരുമ്പോൾ യാതൊരു തെറ്റും ചെയ്യാതെ ഇരുന്നിട്ടും അവരിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ ഇരിക്കുന്നതും എത്തിപ്പെട്ടിട്ടും അവരുടെ ഗുഡ് ബുക്കിലേക്ക് പേരെഴുതി ചേർക്കാൻ പറ്റാത്തതുമൊക്കെ എത്ര വേദന നിറഞ്ഞ കാര്യമാണ്.

ആരൊക്കെ വന്നാലും ആദ്യത്തെയാളിൽ നിന്നും ഉണ്ടായ ആ ട്രോമ അങ്ങനെ പെട്ടന്ന് മാറില്ല.... ചിലർക്ക് ഒരിക്കലും മാറില്ല. പുതിയ കൂട്ടുകെട്ട് ഒക്കെ ആഗ്രഹിച്ചാൽ പോലും ഒരു ഉൾവലിവ് അതിൽ കാണും. അതായത് എത്രയൊക്കെ അടുത്താലും ഒരു അകൽച്ച കാണും എന്നർത്ഥം.

അവിടെയാണ് മനുഷ്യന് പരസ്പരമുള്ള വിശ്വാസവും സ്നേഹവും എല്ലാം നഷ്ടപ്പെട്ട് തുടങ്ങുന്നത് പിന്നെ എല്ലാം ഒരു സംശയത്തിന്റെ.... പേടിയുടെ നിഴലിൽ മാത്രമേ നോക്കി കാണാൻ സാധിക്കൂ.

കഴിവതും പ്രിയപ്പെട്ടവരായി കൊണ്ട് നടക്കുന്നവരെ അല്ലേൽ നിങ്ങളെ അങ്ങനെ കാണുന്നവരെ ഇത്തരത്തിൽ വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുക അത് അവരെ കൊണ്ട് ചെന്ന് എത്തിക്കുന്നത് ഏറ്റവും മോശം അവസ്ഥയിൽ ആയിരിക്കും. അവരെ മാത്രമല്ല മറ്റൊരു വിഭാഗത്തേയും. വിശ്വാസവും സ്നേഹവുമൊക്കെ ആളുകളെ പറ്റിക്കാനും ചതിക്കാനും സ്വന്തം കാര്യം നേടാനും വേണ്ടി ഉപയോഗിക്കുന്നതിൽപ്പരം ചീപ്പ് ആയ സ്വഭാവം വേറെയില്ല.

ഇത്തരം മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ഉറങ്ങാനോ ഉണ്ണാനോ പറ്റാതെ കഴിയുന്ന ഒരുപാട് ആളുകൾ. അത്തരത്തിലുള്ള അവസ്ഥയിലേക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ തള്ളിയിടാതിരിക്കുക. അത് അവർക്ക് മാത്രമല്ല അവരെ യാതൊരു കളങ്കവും ഇല്ലാതെ സ്നേഹിക്കുന്നവർക്കും വലിയ വേദനയാണ്. അവര് പോലും അറിയാത്ത കാര്യത്തിനാണ് അവര് അവഗണന അനുഭവിക്കുന്നത്.

ഒരിക്കൽ തെറ്റിയ അല്ലേൽ മായ്ച്ചു കളഞ്ഞ വര നേരെയേക്കാൻ അല്ലേൽ വീണ്ടും വരക്കാൻ അല്പം പാടാണ്.

-വൈശാഖ്.കെ.എം
ട്രസ്റ്റ് ട്രസ്റ്റ് Reviewed by on 11:45 Rating: 5

No comments:

Powered by Blogger.