രോഹിത് ഗുരുനാഥ് ശർമ്മ
സച്ചിൻ എന്ന മനുഷ്യനിലൂടെയാണ് ക്രിക്കറ്റ് എന്ന വിസ്മയത്തെ അറിഞ്ഞു തുടങ്ങുന്നതും ഇഷ്ടപ്പെട്ടു തുടങ്ങുന്നതും. അതുകൊണ്ട് തന്നെ എന്നും അദ്ദേഹത്തിന്റെ സ്ഥാനം ക്രിക്കറ്റിനും മുകളിൽ ആയിരുന്നു. ഒരു ക്ലീഷേ വാചകത്തിലൂടെ പറഞ്ഞാൽ ക്രിക്കറ്റ് ഒരു ക്ഷേത്രവും സച്ചിൻ അതിലെ ദൈവവും തന്നെ ആയിരുന്നു. അതിന് ശേഷം ഒരുപാട് പ്രിയപ്പെട്ട ക്രിക്കറ്റ് പ്ലയേഴ്സ് വന്ന് പോയെങ്കിലും ആരും ക്രിക്കറ്റിന് മുകളിൽ മനസ്സിൽ സ്ഥാനം പിടിച്ചവർ ആയിരുന്നില്ല.
അങ്ങനെയിരിക്കെയാണ് 2007 ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലൂടെ ഒരു ചെറുപ്പക്കാരനെ ശ്രദ്ധിച്ചു തുടങ്ങുന്നത്.... 2008 - ൽ IPL ന്റെ തുടക്കത്തിൽ സച്ചിൻ ഉള്ളത് കൊണ്ട് പ്രിയപ്പെട്ട ടീം മുംബൈ ആയി. മേല്പറഞ്ഞ ചെറുപ്പക്കാരൻ അന്ന് ഡെക്കാൻ ചാർജേഴ്സിൽ ആയിരുന്നു അയാളോട് തോന്നി തുടങ്ങിയ ഇഷ്ടം കൊണ്ടും ആദം ഗിൽക്രിസ്റ്റ് എന്ന പ്രിയപ്പെട്ട കളിക്കാരിൽ ഒരാൾ ആ ടീമിൽ ഉള്ളത് കൊണ്ടും ഡെക്കാൻ മുംബൈക്ക് ശേഷം പ്രിയപ്പെട്ട ടീം ആയി.
IPL ന്റെ രണ്ടാം സീസണിൽ ആ ചെറുപ്പക്കാരൻ മികവ് കാട്ടി തുടങ്ങി. ബാറ്റുകൊണ്ട് മാത്രമല്ല ബോള് കൊണ്ടും അയാൾ അത്ഭുതങ്ങൾ കാണിച്ചു.
സച്ചിൻ ഉണ്ടായിട്ടും എവിടേം എത്താതിരുന്ന ഒരു ടീം ആയിരുന്നു മുംബൈ. അങ്ങനെയിരിക്കെ ആ പ്രിയപ്പെട്ട ചെറുപ്പക്കാരൻ ഏറ്റവും പ്രിയപ്പെട്ട ടീമിന്റെ ഭാഗമായി വന്നു. ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കാതെ സാക്ഷാൽ റിക്കി പോണ്ടിങ് പോലും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് മാറി നിന്നപ്പോൾ ആ ചെറുപ്പക്കാരൻ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആയി.
2013- ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ അയാളുടെ പ്രായം 26 വയസ്സ്. സച്ചിനും പോണ്ടിങ്ങിനും കഴിയാത്ത ഒന്ന് ആ ചെറുപ്പക്കാരൻ ക്യാപ്റ്റൻ ആയ ആദ്യ സീസണിൽ തന്നെ മുംബൈക്ക് നേടി കൊടുത്തു. അവരുടെ കന്നി IPL കിരീടം. അതിന് ശേഷം 2015,2017,2019,2020 വർഷങ്ങളിൽ അയാൾ ആ കിരീട നേട്ടം ആവർത്തിച്ചു. എവിടേം എത്താതിരുന്ന ആ ടീമിനെ അയാൾ ലീഗിലെ ഏറ്റവും മികച്ച ടീം ആക്കി മാറ്റി.
ആ കാലയളവിൽ ഇന്ത്യൻ കുപ്പായത്തിൽ അയാൾ നേടിയെടുത്ത നേട്ടങ്ങളും ഒരുപാട് ആയിരുന്നു. ഏകദിന ക്രിക്കറ്റിൽ മൂന്ന് ഡബിൾ സെഞ്ച്വറികളും, 2019 ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ച്വറികളും, ട്വന്റി ട്വന്റിയിലെ അഞ്ച് സെഞ്ച്വറികളുമൊക്കെ അതിലെ ഉദാഹരണങ്ങൾ മാത്രം. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനിൽ നിന്നും പതിയെ അയാൾ ഇന്ത്യയുടെ ക്യാപ്റ്റൻ ആയി മാറി.
ICC ഇവന്റ്സുകളിൽ അയാൾ തുടർച്ചയായി ടീമിനെ ഫൈനലിൽ എത്തിച്ചു. പലപ്പോഴും അർഹിച്ച കിരീടങ്ങൾ കൈയ്യകലത്തിൽ നഷ്ടമായി. ട്വന്റി ട്വന്റി ലോകകപ്പും, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പും, ഏകദിന ലോകകപ്പുമൊക്കെ കൈയ്യകലത്തിൽ നഷ്ടമായി. അയാൾ വളർത്തി കൊണ്ട് വന്ന മുംബൈ ഇന്ത്യൻസും ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും അയാളെ നീക്കി.
ഏകദിന ലോകകപ്പ് പരാജയം അയാളെ വല്ലാതെ അലട്ടിയിരുന്നു.... ഉറങ്ങാൻ പോലും പറ്റാതെ ഒരുപാട് ദിവസങ്ങളിലൂടെ അയാൾ കടന്നു പോയി.... ഫോമിന്റെ പേരിൽ ക്രൂശിച്ചപ്പോൾ എല്ലാം അയാൾ ഒരു ഫീനിക്ക്സ് പക്ഷിയെപ്പോലെ ഉയർന്നു വന്നവൻ ആയിരുന്നു. IPL ൽ ക്യാപ്റ്റൻ സ്ഥാനം പോയപ്പോൾ ആ ടീം തകർന്നടിഞ്ഞു. ടീമിലെ ഒത്തൊരുമ പോലും ഇല്ലാതായി.... ആരാധകർ കൂട്ടത്തോടെ ടീം വിട്ടു. അതായിരുന്നു അയാൾ ആ ടീമിൽ ഉണ്ടാക്കിയ ഇമ്പാക്ട്. ആ തകർന്നടിഞ്ഞ സീസണിൽപ്പോലും അയാൾ ആയിരുന്നു ആ ടീമിന്റെ ടോപ് സ്കോറർ.
അവിടെ നിന്നും അടുത്ത ട്വന്റി ട്വന്റി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ വീണ്ടും അയാളെ ക്യാപ്റ്റൻ ആക്കിയതിൽ ഒരുപാട് ആളുകൾ നെറ്റി ചുളിച്ചു. അവനെക്കൊണ്ട് പറ്റില്ല എന്ന് വിധിയെഴുതി. പക്ഷേ അയാൾ എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.
ട്വന്റി ട്വന്റി ലോകകപ്പിന് അമേരിക്കയിൽ തുടക്കമായി..... ടീമിൽ നാല് സ്പിന്നർമാരെ എടുത്തതിന് എല്ലാം അയാൾ പഴി കേട്ട സമയം ആയിരുന്നത്. അന്നും അയാൾ പറഞ്ഞു എനിക്ക് ടീമിൽ നാല് സ്പിന്നർമാർ വേണം അത് എന്തിനാണ് എന്ന് നിങ്ങൾക്ക് പിന്നീട് മനസ്സിലാവും.
ആദ്യ മാച്ച് അയർലൻഡ് ആയിട്ട് ആയിരുന്നു അതിൽ അർധ ശതകം നേടി അയാൾ ടീമിനെ വിജയത്തിൽ എത്തിച്ചു,രണ്ടാമത്തെ മാച്ചിൽ ചെറിയ സ്കോർ ഡിഫന്റ് ചെയ്ത് പാക്കിസ്ഥാനെ തോൽപ്പിച്ചു, പിന്നീട് യു എസ് എ,അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് തുടങ്ങിയവരെ പരാജയപ്പെടുത്തി അയാളും പിള്ളേരും ടേബിൾ ടോപ്പേഴ്സ് ആയി സൂപ്പർ എട്ടിലേക്ക് കടന്നു. അവിടെ തങ്ങളെ ഏകദിന ലോകകപ്പിൽ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയെ അയാൾ ഒറ്റയ്ക്ക് പഞ്ഞിക്കിട്ടു. നൽപ്പത്തിയൊന്ന് പന്തുകളിൽ 92 റൺസ് ആയിരുന്നു അയാളുടെ സംഭാവന. ഓസ്ട്രേലിയൻ ബൗളർമാർ അയാളുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. ഓസ്ട്രേലിയയെ തകർത്ത് സെമി ഫൈനലിൽ ഇംഗ്ലണ്ട് ആയിട്ടുള്ള കടവും അയാൾ തീർത്തു. മറ്റുള്ള ബാറ്റ്സ്മാന്മാർ പാടുപെട്ട പിച്ചിൽ അയാൾ അർധ ശതകവുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിൽ.
അതുവരെ തോൽവി അറിയാത്ത സൗത്ത് ആഫ്രിക്കയായിരുന്നു ഫൈനലിൽ ഇന്ത്യയെ കാത്തിരുന്നത്. വിരാട് കോഹ്ലിയുടെ ഫോമിനെ വിമർശിച്ചവരോട് വിരാടിനെ പിന്തുണച്ച് അയാൾ പറഞ്ഞു വിരാട് ഒരു ക്ലാസ്സ് പ്ലെയർ ആണ് അയാൾ ഫൈനലിൽ നമുക്ക് വേണ്ടി വലിയ ഒരു വിരുന്ന് ഒരുക്കും എന്ന്. അത് അതുപോലെ സംഭവിച്ചു. മറ്റുള്ളവർ പരാജയമായ ഫൈനലിൽ വിരാട് കോഹ്ലി ബാറ്റ്കൊണ്ട് വിമർശകർക്കുള്ള മറുപടി നൽകി ക്യാപ്റ്റന്റെ വാക്കുകളെ ശരി വെച്ചു.
അങ്ങനെ 177 എന്ന ടോട്ടലിൽ ആദ്യ ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായെങ്കിലും ഹെയ്ൻറിച്ച് ക്ലാസൻ എന്ന അപകടകാരിയായ ബാറ്റ്സ്മാൻ ഇന്ത്യയെ ഒന്ന് വിറപ്പിച്ചു. അപ്പൊ അക്സർ പട്ടേലിന് ബോൾ കൊടുത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ഓൺലൈൻ കോച്ചുമാർ വിമർശിച്ചു കൊണ്ടിരുന്നു.....
സൗത്ത് ആഫ്രിക്കക്ക് ജയിക്കാൻ 30 പന്തിൽ 30 റൺസ് മാത്രം..... പിന്നീട് കണ്ടത് ബുമ്രയും,പാണ്ഡ്യയും, അർഷ്ദീപ് സിങ്ങും സൗത്ത് ആഫ്രിക്കയെ വരിഞ്ഞു കെട്ടുന്നതാണ്. ഒപ്പം സൂര്യകുമാർ യാദവ് ബൗണ്ടറി ലൈനിൽ നിന്നും എടുത്ത മില്ലറുടെ ക്യാച്ചും കൂടെയായപ്പോൾ ഇന്ത്യ ട്വന്റി ട്വന്റി ലോകകിരീടം ചൂടി.
സ്പിന്നർമാരെ ടീമിൽ എടുത്തത് എന്തിനാണ് എന്നുള്ളത് വിൻഡീസിലെ മത്സരങ്ങളിൽ കുൽദീപ് യാദവും അക്സർ പട്ടേലും കാണിച്ചു തന്നപ്പോൾ മുൻപ് വിമർശിച്ചവർ ക്യാപ്റ്റന്റെ തീരുമാനത്തിന് കൈയ്യടിച്ചു. അതുപോലെ തന്നെയായിരുന്നു ഫൈനലിലെ അവസാന നിമിഷങ്ങളും.
എങ്ങനെ ബൗളിങ് ചേഞ്ച് കൊണ്ട് വരണമെന്നും, എങ്ങനെ ഫീൽഡ് പ്ലേസ്മെന്റ് നടത്തണമെന്നും, തന്റെ പിള്ളേരുടെ കഴിവ് എന്തൊക്കെയാണ് എന്നും മറ്റുള്ളവരേക്കാൾ നന്നായി അയാൾക്ക് അറിയാം. സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയെ കാഴ്ചക്കാരനാക്കിയാണ് പലപ്പോഴും അയാൾ IPL കിരീടം നേടിയിട്ടുള്ളത്. അതും ചെറിയ സ്കോറുകൾ ഡിഫന്റ് ചെയ്തിട്ട്. അങ്ങനെയുള്ള അയാൾക്ക് ഇത്തരം സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായിട്ട് അറിയാം.
ട്വന്റി ട്വന്റി കിരീടം അയാൾ ഉയർത്തുമ്പോൾ ടൂർണമെന്റിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് അടിച്ചത് അയാൾ ആണ്.... ഏറ്റവും കൂടുതൽ ബൗണ്ടറികൾ അയാളുടെ പേരിൽ ആണ്. ഹിറ്റ്‌മാൻ എന്ന അയാളുടെ ചെല്ലപ്പേരിനെ അന്വർത്ഥമാക്കും വിധമായിരുന്നു അയാളുടെ പ്രകടനം. ക്യാപ്റ്റൻ മുന്നിൽ നിന്ന് തന്നെ പട നയിച്ചു എന്ന് തന്നെ പറയാം. ബാറ്റുകൊണ്ട് മാത്രമല്ല എതിരാളികളെ നിഷ്പ്രഭരാക്കാൻ അയാൾ മെനഞ്ഞ തന്ത്രങ്ങളും അത്തരത്തിൽ വാഴ്ത്തപ്പെടേണ്ടത് തന്നെയാണ്. ക്യാപ്റ്റൻ എന്ന നിലയ്ക്കുള്ള അയാളുടെ മൂന്നാം കണ്ണ് തന്നെയാണ് ഏറ്റവും പ്രധാനം. എന്ത് എപ്പോ എവിടെ എങ്ങനെ ചെയ്യണം എന്നും അത് എങ്ങനെ നടപ്പാക്കണം എന്നും അയാളോളം ഇന്ന് ആർക്കും അറിയില്ല.
ബൊറിവാളിയിലെ ഒരു കൊച്ചു വീട്ടിൽ നിന്നും തുടങ്ങിയ അയാളുടെ ക്രിക്കറ്റ് ജീവിതം ഇന്ന് എത്തി നിൽക്കുന്നത് ലോകത്തിന്റെ നെറുകയിൽ ആണ്. ആ കപ്പ് ഉയർത്താൻ അയാളോളം അർഹതയും യോഗ്യതയും മറ്റാർക്കും ഇല്ല താനും.
ക്രിക്കറ്റിന് മുകളിൽ സച്ചിന് ശേഷം സ്ഥാനം നേടിയ..... അതിരു കവിഞ്ഞ് ആരാധിക്കുന്ന.... അയാളുടെ മോശം സമയത്ത് ഏറെ വിഷമിക്കുന്ന, അയാളുടെ നല്ല സമയങ്ങളിൽ അയാളേക്കാൾ സന്തോഷിക്കുന്ന ഞാനെന്ന കടുത്ത ആരാധകന് ഇത് സ്വപ്ന സാക്ഷാത്കാരമാണ്.
സെക്കന്റ് ഇന്നിങ്സിലെ ഇരുപതാമത്തെ ഓവറിലെ അവസാന പന്തിന് ശേഷം ഗ്രൗണ്ടിൽ കിടന്ന് അയാൾ കരയുമ്പോൾ..... കോഹ്ലിയേയും പാണ്ഡ്യയേയും ദ്രാവിഡിനേയുമെല്ലാം കെട്ടിപ്പിടിച്ച് അയാൾ കരയുമ്പോൾ..... വികാരം അടക്കാൻ വയ്യാതെ അയാൾ വിങ്ങുമ്പോൾ..... കാണികളെ നോക്കി കൈ കൂപ്പി തൊഴുമ്പോൾ..... അദ്ദേഹം ആ കപ്പ് ഉയർത്തുമ്പോൾ അയാളേക്കാൾ പതിന്മടങ് ശബ്ദത്തിൽ ആർപ്പ് വിളിക്കുകയും ഏങ്ങലടിച്ച് കരയുകയും ചെയ്തപ്പോഴാണ് ആ മനുഷ്യൻ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. സച്ചിൻ ഔട്ട് ആയാൽ ടീവി ഓഫ് ചെയ്യുന്ന കാലത്തിൽ നിന്നും അദ്ദേഹം ഔട്ട് ആയാൽ ടീവി ഓഫ് ചെയ്യുന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അയാൾ എനിക്ക് ആരാണ് എന്ന് മനസ്സിലാകുന്നത്......
ഏറ്റവും കൂടുതൽ റൺസും ഏറ്റവും കൂടുതൽ സെഞ്ച്വറികളുമായി പ്രഥമ ട്വന്റി ട്വന്റി കിരീടം നേടിയ ടീമിലെ കളിക്കാരനിൽ നിന്നും മറ്റൊരു ട്വന്റി ട്വന്റി ട്വന്റി കിരീടം നേടിയ നായകനായി അയാൾ അന്താരാഷ്ട്ര ട്വന്റി ട്വിന്റി കരിയറിൽ നിന്നും പടിയിറങ്ങുമ്പോൾ അവിടെ ഇനി കീഴടക്കാൻ ഒന്നും തന്നെയില്ല.
അഹങ്കാരത്തോടെ അല്പം അഭിമാനത്തോടെ തന്നെ പറയുന്നു ഞാൻ ഒരു കടുത്ത രോഹിത് ശർമ്മ ആരാധകനാണ്..... എതിരാളികൾ ഭയക്കുന്ന ഹിറ്റ്‌മാന്റെ..... എതിർ ടീമിന്റെ പേടി സ്വപ്നമായ ക്യാപ്റ്റന്റെ..... ടീം മേറ്റ്സിന്റെ ഷാനയുടെ..... രോഹിത് ഗുരുനാഥ് ശർമ്മയുടെ കടുത്ത ആരാധകൻ.
Thank you My b"RO" 🙏🏻🫂❤️😘
-വൈശാഖ്.കെ.എം
രോഹിത് ഗുരുനാഥ് ശർമ്മ
Reviewed by
on
01:39
Rating:
No comments: