ആഘോഷിക്കപ്പെടാതെ പോകുന്ന ഇതിഹാസം

  1986-ൽ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്നയാളാണ് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയമെന്ന ഗാനം മലയാളി ഒരു കാലത്തും മറക്കാനിടയില്ല. അവിടന്നിങ്ങോട്ട് മലയാളികൾ മൂളി നടക്കുന്ന അനവധി ഗാനങ്ങൾ ആ തൂലികയിൽ നിന്നും പിറന്നു. ആര്യനിലെ പൊന്മുരളിയൂതും കാറ്റേ,വരവേൽപ്പിലെ ദൂരെ ദൂരെ സാഗരം,കിരീടത്തിലെ കണ്ണീർപൂവിന്റെ, ഒരു വടക്കൻ വീരഗാഥയിലെ ഇന്ദുലേഖ കൺ തുറന്നു, മഴവിൽകാവടിയിലെ പള്ളിത്തേരുണ്ടോ, തങ്കത്തോണി,മൈനാകപ്പൊന്മുടിയിൽ, ഹിസ്ഹൈനസ്സ് അബ്‌ദുള്ളയിലെ നാഥരൂപിണി,ദേവസഭാതലം,ഗോപികാ വസന്തം,പ്രമഥവനം,സാന്ത്വനത്തിലെ സ്വരകന്യകമാർ,ഉണ്ണീ വാവാവോ,വിഷ്ണുലോകത്തിലെ കസ്തൂരി,മിണ്ടാത്തതെന്തേ,മൂക്കില്ലാ രാജ്യത്തിലെ കാശിത്തുമ്പക്കാവായ്,പൂക്കാലം വരവായിയിലെ ഏതോ വാർമുകിലിൻ, അമരത്തിലെ അഴകേ,വികാരനൗകയുമായ്,ഭരതത്തിലെ ഗോപാങ്കനേ, രാമകഥ,കേളിയിലെ താരം വാൽകണ്ണാടി നോക്കി,അഭിമന്യുവിലെ കണ്ടു ഞാൻ, രാമായണക്കാറ്റേ,ഉള്ളടക്കത്തിലെ പാതിരാമഴയേതോ,അന്തിവെയിൽ,ഞാൻ ഗന്ധർവ്വനിലെ പാലപ്പൂവേ,ദേവാങ്കണങ്ങൾ,ദേവി ആത്മരാഗം,ആയുഷ്ക്കാലത്തിലെ മൗനംസ്വരമായ്,കൗരവരിലെ കനകനിലാവേ,മുത്തുമണിത്തൂവൽ,സൂര്യമാനസത്തിലെ തരളിത രാവിൽ,കമലദളത്തിലെ പ്രേമോധാരനായ്,ആനന്ദനടനം,സായന്തനം,അദ്വൈതത്തിലെ മഴവിൽകൊതുമ്പിലേറി,അമ്പലപ്പുഴെ,നീലക്കുയിലെ,ഗാന്ധർവ്വത്തിലെ മാലിനിയുടെ തീരങ്ങൾ,പൈതൃകത്തിലെ വാൽക്കണ്ണെഴുതിയ,പാഥേയത്തിലെ ചന്ദ്രകാന്തംകൊണ്ട്,വാത്സല്ല്യത്തിലെ അലയും കാറ്റിൻ,താമരക്കണ്ണൻ,ചെങ്കോലിലെ മധുരം ജീവാമൃത ബിന്ദു,പാതിരാ പാൽക്കടവിൽ, ചമയത്തിലെ രാജഹംസമേ,മഴയത്തും മുൻപേയിലെ ആത്മാവിൻ പുസ്തകത്താളിൽ,ദേശാടനത്തിലെ കളിവീടുറങ്ങിയല്ലോ, അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണം, പ്രണയമണിത്തൂവൽ,സല്ലാപത്തിലെ ചന്ദനച്ചോലയിൽ,പൊന്നിൽ കുളിച്ചു നിന്നു,ഇരട്ടക്കുട്ടികളുടെ അച്ഛനിലെ കണ്ണനെന്ന് പേര്,കളിയാട്ടത്തിലെ എന്നോടെന്തിനീ പിണക്കം,വണ്ണാത്തി പുഴയുടെ,വേളിക്ക് വെളുപ്പാൻകാലം,കളിയൂഞ്ഞാലിലെ വർണ്ണവൃന്ദാവനം,കല്ല്യാണപ്പല്ലക്കിൽ,മണിക്കുട്ടിക്കുറുമ്പുള്ള,എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ അമ്പിളിപൂവട്ടം,അയാൾ കഥയെഴുതുകയാണിലെ ഏതോ നിദ്രതൻ, ഹരികൃഷ്ണൻസിലെ പോന്നാമ്പൽ, സമയമിതപൂർവ്വ സായാഹ്നം,പൂജാബിംബം,ഫ്രണ്ട്സിലെ കടൽകാറ്റിൻ നെഞ്ചിൽ,വീണ്ടും ചില വീട്ടുകാര്യങ്ങളിലെ പിൻനിലാവിൻ,മഴവില്ലിലെ രാവിൻ നിലാക്കായൽ, ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്ളിലെ വാലിട്ടെഴുതിയ ഇനിയെന്തു നൽകണം,കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ഗനശ്യാമ,ദേവദൂതനിലെ എൻ ജീവനേ, കരളേ നിൻ കൈ പിടിച്ചാൽ,പൂവേ പൂവേ പലപ്പൂവേ,ശാന്തത്തിലെ ആറ്റുനോട്ടുണ്ടായൊരുണ്ണി,തെങ്കാശിപ്പട്ടണത്തിലെ ഒരു സിംഹമലയും കാട്ടിൽ, ഗോൽമാൽ,കടമിഴിയിൽ,സത്യം ശിവം സുന്ദരത്തിലെ വാക്കിങ് ഇൻ ദി മൂൺ ലൈറ്റ്,ഇഷ്ടത്തിലെ കണ്ടു കണ്ടു കണ്ടില്ല,സുന്ദരപുരുഷനിലെ തങ്കമനസ്സിൻ,വൺമാൻ ഷോയിലെ പവിഴമലർ പെൺകൊടി, റോസാപൂ,രാക്കടമ്പിൽ,ഉത്തമനിലെ പാലാഴി തീരം,കല്ല്യാണരാമനിലെ കഥയിലെ, രാക്കടൽ,കൈ തുടി താളം, തിങ്കളെ,തുമ്പി കല്യാണത്തിന്,താണ്ഡവത്തിലെ ഹിമഗിരി നിരകൾ തുടങ്ങി ക്രോണിക്ക് ബാച്ചിലർ,വെള്ളിത്തിര,അമ്മക്കിളിക്കൂട്,കസ്തൂരിമാൻ,പുലിവാൽകല്ല്യാണം, തിളക്കം,വിസ്മയത്തുമ്പത്ത്,പെരുമഴക്കാലം, വേഷം,കാഴ്ച,മകൾക്ക്,നോട്ടം, തന്മാത്ര,ഉദയനാണ് താരം,രാപ്പകൽ,ബോഡിഗാർഡ്,പോക്കിരിരാജ,കാര്യസ്ഥൻ, മേക്കപ്പ്മാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഉറുമി പോലുള്ള ഒരുപാട് സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ കൈതപ്രത്തിന്റെ തൂലികയിൽ നിന്നും പിറന്നവയായിരുന്നു. ഒട്ടുമിക്ക ഗാനങ്ങളും മലയാളികളുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ പലതുമായി മാറി. മറ്റു പലതും അതാത് സമയങ്ങളിലെ ട്രെൻഡ് സെറ്ററുകളായി മാറി.

എൺപതുകളിലെ യുവത്വം മുതൽ ഈ 2022ലെ ബാല്യം വരെ മൂളി നടക്കുന്ന പുതുമ നഷ്ടപ്പെടാത്ത അനേകം ഗാനങ്ങൾ അദ്ദേഹം രചിച്ചു. മെലഡികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരാളാണ് കൈതപ്രം എന്നൊരു ധാരണ പലർക്കും ഉണ്ടായിരുന്നു പക്ഷേ അദ്ദേഹത്തെ നന്നായി അറിയുന്നവർക്ക് അറിയാം ഒരു സ്ഥലത്ത് മാത്രമായി ഒതുങ്ങി നിന്നിരുന്ന ഒരു എഴുത്തുകാരൻ അല്ല അനർഗനിർഗളമായി ഒഴുകി നടന്നിരുന്ന ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തെ കണക്ക് എടുത്ത് നോക്കിയാൽ കേരളത്തിൽ ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളിൽ ഒന്നാമത് നിൽക്കുന്ന പാട്ടാണ് 2004-ൽ പുറത്തിറങ്ങിയ ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന് തുടങ്ങുന്ന ഗാനം. കല്ല്യാണ വീടുകൾ മുതൽ കേരളത്തിന്റെ അങ്ങോളമിങ്ങോളം രാവിലെ മുതൽ മുഴങ്ങി കേട്ടിരുന്ന മലയാളികൾ മുഴുവൻ ഒരു വലിയ ആഘോഷമാക്കി മാറ്റിയ ഗാനം. അന്നത്തെ യുവത്വത്തിന് അറിയാം അല്ലേൽ അന്നത്തെ ബാല്യങ്ങൾക്ക് അതായത് ഇന്നത്തെ യുവത്വത്തിന് വരെ അറിയാം ആ ഗാനം കേരളത്തിൽ ഉണ്ടാക്കിയ ഓളം എന്തായിരുന്നു എന്ന്. ആ പാട്ടിന്റെ രചയിതാവ് കൈതപ്രം ആണെന്നുള്ള അറിവ് അന്ന് പലർക്കും ഒരു അത്ഭുതമായിരുന്നു. ലജ്ജാവതി മാത്രമല്ല നമ്മൾ എന്ന ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ, വെള്ളിനക്ഷത്രത്തിലെ പൈനാപ്പിൾ പെണ്ണെ,ബെൻ ജോൺസണിലെ സോനാ സോനാ, സ്വപ്നക്കൂടിലെ കറുപ്പിനഴക് തുടങ്ങി ഒരുപിടി അടിച്ചു പൊളി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചവയായിരുന്നു. ഇവയ്ക്ക് എല്ലാം തന്നെ അന്നത്തെ വലിയ തലമുറയുടെ ഭാഗത്ത് നിന്നും അത്യാവശ്യം നല്ല രീതിയിൽ വിമർശനങ്ങൾ കേട്ടിരുന്നു.... ഇതൊക്കെ എന്ത് പാട്ടാണ്എന്ത് വരികളാണ് കൈതപ്രം ഇങ്ങനെ അധഃപതിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ് പലരും സംസാരിച്ചിരുന്നു പക്ഷേ അന്നത്തെ യുവത്വം അവയെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ആഘോഷമാക്കി. ഓരോ ഇടവേളകളിലും യൂത്തിന് ആഘോഷമാക്കാനുള്ള ഗാനങ്ങൾ അദ്ദേഹം ഒരുക്കി കൊണ്ടിരുന്നു. അതിലെല്ലാമുപരി ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത.... ഇന്നും ഗാനമേളകളിലും, സ്കൂൾ, കോളേജ് ആഘോഷങ്ങളിലും, കല്ല്യാണ വീടുകളിലും തുടങ്ങി ആഘോഷത്തിന്റെ അവസാന വാക്കായി മാറിയ അല്ലേൽ ആഘോഷങ്ങളുടെ മറ്റൊരു വാക്കായ നരൻ എന്ന ചിത്രത്തിലെ വേൽമുരുകാ എന്ന് തുടങ്ങുന്ന ഗാനവും ആ മനുഷ്യന്റെ സംഭാവനയാണ്. അത്തരത്തിൽ പലതരത്തിലുള്ള എത്രയെത്ര ഗാനങ്ങളാണ് ആ ഇതിഹാസം രചിച്ചത്.

ഇപ്പൊ കേരളം കൊണ്ടാടുന്ന ഹൃദയം എന്ന ചിത്രത്തിലെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ച മിക്ക ഗാനങ്ങളും ആ മനുഷ്യന്റെ പേനയിൽ നിന്നും ജനിച്ചവയാണ്. ഹൃദയത്തിന്റെ ഹൃദയമായ മനസ്സേ എന്ന് തുടങ്ങുന്ന ഗാനം മുതൽ മുകിലിന്റെ,താതക തെയ്താരെ,മിന്നൽക്കൊടി, പുതിയൊരു ലോകം,പൊട്ടു തൊട്ട പൗർണമി തുടങ്ങിയ ഗാനങ്ങൾ അദ്ദേഹം രചിച്ചതാണ്. ഹൃദയം എന്ന സിനിമയുടെ ആത്മാവ് ആണ് അതിലെ ഗാനങ്ങൾ.... ആ ആത്മാവിന്റെ ആത്മാവ് ആണ് അതിന്റെ വരികൾ. സിനിമ കണ്ടവർക്ക് അറിയാം ആ വരികളുമായി സിനിമയ്ക്ക് ഉള്ള ബന്ധം എത്രത്തോളമാണെന്ന്. Vineeth Sreenivasan ന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു കൈതപ്രത്തെപ്പോലൊരു ഗാനരചയിതാവിനെ ഹൃദയത്തിലെ ഗാനങ്ങൾ എഴുതാൻ ഏൽപ്പിച്ചത്. ഹണീബീയിലെ ഇന്നലകളെ എന്ന ഗാനത്തിന് ശേഷം മലയാളി മൂളി നടക്കുന്ന കൈതപ്രം രചിച്ച ഗാനങ്ങൾ ഹൃദയത്തിലേതാണ്. ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചു വരവ് എന്ന് തന്നെ പറയാം.

ഹൃദയം എന്ന സിനിമ പലരുടേയും ഉദയമാണ് അതിനൊപ്പം കൈതപ്രം ദാമോദരൻ നമ്പൂതിരിയെന്ന ഗാനരചയിതാവിന്റെ ശക്തമായ തിരിച്ചു വരവും. ഹൃദയം പ്രേക്ഷകന് അത്രമേൽ ഹൃദ്യമാകാൻ കാരണം അതിലെ ഗാനങ്ങൾ തന്നെയാണ്. എന്നും ഹൃദയത്തിൽ കൊണ്ട് നടക്കാൻ പറ്റിയ അതിമനോഹരമായ വരികൾ ഒരുക്കിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഹൃദയത്തിന്റെ വിജയത്തിൽ വലിയ പങ്കു വഹിക്കുന്നയാളാണ്. കൈതപ്രത്തെപ്പോലൊരാളെ തിരികെ കൊണ്ട് വന്നതിന് Vineeth Sreenivasan ന് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ നന്ദി.

പ്രായത്തിന് ഒരിക്കലും അദ്ദേഹത്തിലെ രചയിതാവിലെ ചെറുപ്പം നഷ്ടപ്പെടുത്താനോ പേനയുടെ ശക്തി കുറയ്ക്കാനോ സാധിച്ചിട്ടില്ല പ്രായത്തെ അദ്ദേഹം തോൽപ്പിക്കുകയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹൃദയത്തിലെ ഗാനങ്ങൾ. വലുപ്പ ചെറുപ്പമില്ലാതെ ഏതൊരാൾക്കും ആസ്വദിക്കാൻ പറ്റുന്ന.... ആഘോഷമാക്കാൻ പറ്റുന്ന നിരവധി ഗാനങ്ങളാണ് അദ്ദേഹത്തിൽ നിന്നും ഉദയം കൊണ്ടിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരി മുതൽ ഇന്നിന്റെ വിനായക് ശശികുമാറും, മനു മൻജിത്തും അടക്കം ആഘോഷമാകുന്ന സമയത്ത് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പലരും പലപ്പോഴും മറക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. പ്രിയപ്പെട്ട ഗാനരചയിതാക്കളിൽ ഒരാൾ തന്നെയാണ് അദ്ദേഹം. ഇതിഹാസമെന്ന് നിസ്സംശയം വിളിക്കാൻ സാധിക്കുന്ന എഴുത്തുകാരൻ.

ഞാൻ ജനിച്ച കോഴിക്കോട് തിരുവണ്ണൂർ ആണ് അദ്ദേഹം കാലങ്ങളായി താമസിക്കുന്നത് എന്നത് എന്നെ സംബന്ധിച്ച് ഏറെ അഭിമാനവും സന്തോഷവും നൽകുന്നൊരു കാര്യമാണ്.

കൈതപ്രം ദാമോദരൻ നമ്പൂതിരി.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷ ഗാനങ്ങളുടെ ചക്രവർത്തി.

-വൈശാഖ്.കെ.എം
ആഘോഷിക്കപ്പെടാതെ പോകുന്ന ഇതിഹാസം ആഘോഷിക്കപ്പെടാതെ പോകുന്ന ഇതിഹാസം Reviewed by on 17:30 Rating: 5

No comments:

Powered by Blogger.