Operation Java

 മലയാളത്തിന് അന്യഭാഷകളുടെ മുൻപിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ലക്ഷണമൊത്ത സൈബർ ക്രൈം ത്രില്ലർ.

കൊച്ചി സൈബർ സെല്ലിന് കീഴിൽ വരുന്ന പല തരത്തിലുള്ള കേസുകളും അത് അന്വേഷിക്കുന്ന ഒരു പറ്റം ഉദ്യോഗസ്ഥരേയും അവരുടെ വ്യക്തി ജീവിതവുമെല്ലാം കൂട്ടിയിണക്കിയ കഥയാണ് ഓപ്പറേഷൻ ജാവ പറയുന്നത്.

ചിത്രത്തിന്റെ കപ്പിത്താനിലേക്ക് തന്നെ ആദ്യം വരാം. Tharun Moorthy..... ഈ സിനിമ കണ്ടതിന് ശേഷം തരുൺ മൂർത്തി ഒരു നവാഗത സംവിധായകനാണെന്ന് വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ട് ആയിരിക്കും. പ്രേക്ഷകന് അങ്ങറ്റം സംശയങ്ങൾ വരാൻ സാധ്യതയുള്ളൊരു വിഷയമാണ് തരുൺ തിരഞ്ഞെടുത്തത് സൈബർ ലോകത്തെ പറ്റിയും അവിടത്തെ അക്രമങ്ങളെ പറ്റിയുമൊക്കെ സാധാരണക്കാരനിലേക്ക് സംശയമേതുമില്ലാതെ എത്തിക്കുക എന്നത് വലിയൊരു ചുമതല തന്നെയാണ്. അവിടെയാണ് തരുൺ മൂർത്തിയെന്ന എഴുത്തുകാരന്റെ മിടുക്ക്. കാണുന്ന ഏതൊരു തരം പ്രേക്ഷകനും സംശയത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിക്കാത്ത തരത്തിലാണ് തരുൺ ഓപ്പറേഷൻ ജാവ രചിച്ചിട്ടുള്ളത്. ശക്തമായ വിഷയത്തെ ക്രിസ്റ്റൽ ക്ലിയർ ആയി തന്നെ അദ്ദേഹം എഴുതി വെച്ചിട്ടുണ്ട്. തരുൺ മൂർത്തിയെന്ന സംവിധായകനിലേക്ക് വന്നാൽ ശക്തമായ അദ്ദേഹത്തിന്റെ രചനയെ അതിലും മികച്ച രീതിയിൽ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. സസ്പെൻസുകളോ ട്വിസ്റ്റുകളോ ഒന്നും ഇല്ലാതിരുന്നിട്ടും ആദ്യവസാനം പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ചൊരു സ്ക്രിപ്പ്റ്റിനെ എത്രത്തോളം മികവുറ്റ രീതിയിൽ മേക്ക് ചെയ്യാൻ പറ്റുമോ അതിന്റെ അങ്ങേയറ്റം മികവുറ്റ രീതിയിൽ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. ഒരു നവാഗത സംവിധായകനാണ് എന്ന് വിശ്വസിക്കാൻ പാടാണ് എന്ന് പറയാൻ ഇതൊക്കെ തന്നെയാണ് കാരണങ്ങൾ. ഒരുപാട് അത്ഭുതങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം.

ചിത്രത്തിന്റെ മറ്റൊരു നട്ടെല്ല് ആണ് പശ്ചാത്തല സംഗീതം. തെലുങ്കിൽ തമനും തമിഴിൽ അനിരുധും തകർത്തടുക്കുന്നത് പോലെ മലയാളികൾക്കുമുണ്ട് ഒരു എക്സ്ട്രാ ഓർഡിനറി മ്യൂസിക് ഡയറക്ടർ. ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ Jakes Bejoy. ഓപ്പറേഷൻ ജാവ കാണുന്നവരിൽ ജനിപ്പിച്ച ആവേശത്തിൽ ജേക്ക്സിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ജേക്ക്സിന്റെ മികച്ച വർക്കുകളിൽ ഒന്ന് തന്നെയാണ് ഓപ്പറേഷൻ ജാവ.

ജേക്ക്സിനെ പറ്റി പറയുമ്പോൾ മറന്നു പോകാൻ പറ്റാത്ത രണ്ടുപേരുണ്ട് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർമാരായ വിഷ്ണു ഗോവിന്ദും, ശ്രീ ശങ്കറും. ഗംഭീരമായിരുന്നു വർക്ക്‌.

പിന്നീട് എടുത്ത് പറയേണ്ട ഒന്നാണ് ഛായാഗ്രഹണം.... മനോഹരമായ ഫ്രയ്മുകളുമായി ചടുലമായി ക്യാമറ ചലിപ്പിച്ച ഫൈസ് സിദ്ദിഖ്‌ അങ്ങറ്റം അഭിനന്ദനം അർഹിക്കുന്നു.

ഏറ്റവും മികച്ച രീതിയിലാണ് നിഷാദ് യൂസഫ് ചിത്രത്തെ വെട്ടിയൊതുക്കി വെച്ചിരിക്കുന്നത്. മികവുറ്റ എഡിറ്റിങ്.

അഭിനേതാക്കളിലേക്ക് വന്നാൽ....

ഏറ്റവും ഇഷ്ടം Binu Pappuവിന്റെ കഥാപാത്രത്തോട് ആണ് അത്രയ്ക്ക് മികച്ച രീതിയിൽ അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വല്ലാത്തൊരു തരം ഇഷ്ടം തോന്നുന്ന കഥാപാത്രം. ക്ലീഷേ ആണേലും അദ്ദേഹം ഒരു പോലീസുകാരനായി ജീവിച്ചു എന്ന് തന്നെ പറയാം. ആ റോൾ അത്രയ്ക്ക് പെർഫെക്ട് ആയിരുന്നു അദ്ദേഹത്തിന്റെ കൈകളിൽ.

Alexander Prasanth..... കാണുന്നവർക്ക് ദേഷ്യം തോന്നുന്നൊരു കഥാപാത്രം. കാണുന്നത് സിനിമയാണെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും പലപ്പോഴും കരണം പുകയ്ക്കാൻ തോന്നിയ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. അത് തന്നെയാണ് ആ കലാകാരന്റെ ഏറ്റവും വലിയ വിജയവും.

ആന്റണി എന്ന കഥാപാത്രം Balu Vargheseന്റെ കരിയറിലെ ഏറ്റവും മികച്ച വേഷവും പ്രകടനവും എന്ന് വേണേൽ വിശേഷിപ്പിക്കാം. ഇന്നിന്റെ യുവത്വം നേരിടുന്ന പല പ്രശ്നങ്ങളും ഒരു പ്രതിഭിംബത്തിലെന്നോണം നോക്കി കണ്ട ഫീൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ.

Lukman Avaran.... നല്ല കഴിവുള്ള അഭിനേതാവ് ആണ് അദ്ദേഹം. ദാസൻ എന്ന കഥാപാത്രം പുള്ളിയുടെ കൈകളിൽ ഭദ്രമായിരുന്നു. ഇമോഷണൽ സീനുകളിൽ ഒക്കെ മികച്ച പ്രകടനമായിരുന്നു കക്ഷി. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട പ്രകടനം. നിരവധി മികവുറ്റ വേഷങ്ങൾ ആ കൈകളിൽ എത്തിച്ചേരട്ടെ.

Mamitha Baijuവിന്റെ പ്രകടനവും എടുത്ത് പറയേണ്ടുന്ന ഒന്നാണ്.... കഥാപാത്രം ആവശ്യപ്പെടുന്ന ഫീൽ മാത്രം നൽകി ഒട്ടും ഓവർ ആക്കാതെ പക്വതയോടെ അവര് അഭിനയിച്ചിട്ടുണ്ട്. അവരുടേയും കരിയർ ബെസ്റ്റ് റോൾ എന്ന് തന്നെ പറയാം. ഭയങ്കര മിതത്വമുള്ള പ്രകടനം.

Irshad Ali , Vinayakan , Shine Tom Chacko , Sminu Sijo തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. ഡയലോഗ് ഒന്നും ഇല്ലെങ്കിലും Dhanya Ananyaയും പ്രകടനം കൊണ്ട് മികച്ചു നിന്നിട്ടുണ്ട്. ജോണി ആന്റണിയടക്കം ഓരോ സീനുകളിൽ വന്നവർ പോലും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിനായകൻ - ധന്യ അനന്യ എന്നിവരുടെ മകളുടെ കഥാപാത്രമായെത്തിയ കുട്ടിയുടെ പ്രകടനം. (സൈബർ സെൽ ഓഫീസർമാരായി എത്തിയ എല്ലാവരും മികവുറ്റ പ്രകടനമായിരുന്നു. പലരുടേയും പേര് അറിയില്ല )

ത്രില്ലടിപ്പിക്കുക മാത്രമല്ല പലപ്പോഴും നന്നായി ചിരിപ്പിക്കുകയും, കണ്ണ് നനയിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ചിത്രം.

സൈബർ ലോകത്തിന് അടിമകളായി ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ചൊരു കണ്ണാടിയാണ് ഓപ്പറേഷൻ ജാവ. സിനിമ പൈറസി മുതൽ സൈബർ ലോകത്ത് നടക്കുന്ന പല തട്ടിപ്പുകളും ക്രൂരതകളും നമുക്ക് മുന്നിൽ വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട് ചിത്രം. ഒരു സിനിമ എന്നതിനപ്പുറം ഒരു ഓർമ്മപ്പെടുത്തലും മുന്നറിയിപ്പുമൊക്കെയായി ഒരുപാട് അറിവ് പകർന്നു തരുന്നുമുണ്ട് ഓപ്പറേഷൻ ജാവ.

ചിത്രത്തിലെ സംഭാഷണങ്ങൾക്ക് ഒക്കെ വല്ലാത്തൊരു ശക്തിയായിരുന്നു. സൈബർ സെല്ലും അന്വേഷണവും ത്രില്ലടിപ്പിക്കലും മാത്രമല്ല. ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. അതിലെല്ലാം ഉപരി ഇന്നിന്റെ യുവത്വം അനുഭവിക്കുന്ന തൊഴിലില്ലായ്മയിലേക്കും അതിലൂടെ അവർക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും,അപമാനങ്ങളുമൊക്കെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വിദ്യാഭ്യാസമുണ്ടായിട്ടും ഒരുപാട് പരിശ്രമിച്ചിട്ടും ജോലി നേടാനാകാതെ പോകുന്നവരും, തെറ്റായ മാർഗ്ഗങ്ങളിലൂടെ ജീവിതം ആഡംബരമായി മുന്നോട്ട് നയിക്കുന്നവരും തുടങ്ങി നമുക്ക് മുൻപിൽ കാണുന്ന പല തരത്തിലുള്ളവരേയും ഓപ്പറേഷൻ ജാവയിലൂടെ തരുൺ മൂർത്തിയും സംഘവും വരച്ചു കാണിച്ചിട്ടുണ്ട്.അതിലെല്ലാമുപരി സർക്കാർ വകുപ്പുകളിലും മറ്റും താൽക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവരുടെ കഷ്ടപ്പാടുകൾ ഗംഭീരമായി തന്നെ ചിത്രം പറയുന്നുണ്ട്. കാണുന്നവരിൽ നല്ല രീതിയിൽ വേദനയുണ്ടാക്കും വിധം അവരത് പറഞ്ഞിട്ടുണ്ട്. ദിവസ വേതനത്തിനും മറ്റും രാപ്പകലോളം ചോര നീരാക്കി അധ്വാനിച്ച് മേലാളന്മാരുടെ ആട്ടും തുപ്പും കേട്ട് ഉപയോഗം കഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയപ്പെടുന്ന വലിയൊരു വിഭാഗത്തിന് വേണ്ടി ശക്തമായി ശബ്‌ദിക്കുന്ന ചിത്രം കൂടെയാണ് ഓപ്പറേഷൻ ജാവ. അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ചിത്രം സമർപ്പിക്കുന്നതും.

പറയാനുദ്ദേശിച്ച കാര്യങ്ങൾ എല്ലാ അർത്ഥത്തിലും വളരെ വ്യക്തമായും ശക്തമായും ചിത്രം പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. എല്ലാം വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ദൃശ്യാനുഭവങ്ങൾ അപൂർവമായേ ലഭിക്കുകയുള്ളൂ അത്തരത്തിലുള്ളൊരു ഗംഭീര ദൃശ്യാനുഭവമാണ് ഓപ്പറേഷൻ ജാവ.

ഇത്തരമൊരു ചിത്രം ഒരുക്കി തന്ന അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.

ഓപ്പറേഷൻ ജാവ..... എല്ലാ മേഖലയും ഒരുപോലെ മികച്ചു നിന്ന ഗംഭീര ദൃശ്യാനുഭവം. മലയാളത്തിന് അന്യഭാഷകളുടെ മുൻപിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ലക്ഷണമൊത്ത സൈബർ ക്രൈം ത്രില്ലർ.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
Operation Java Operation Java Reviewed by on 20:20 Rating: 5

No comments:

Powered by Blogger.