അന്വേഷിപ്പിൻ കണ്ടെത്തും

  മനസ്സിനേയും ചിന്തകളേയും എങ്ങും സഞ്ചരിക്കാൻ വിടാതെ രണ്ടര മണിക്കൂർ പിടിച്ചു കെട്ടിയിട്ട ഒരു സിനിമ. സിനിമയിൽ അലിഞ്ഞു ലയിച്ചു ചേർന്ന് ഇരുന്ന് പോകുക എന്നൊക്കെ പറയില്ലേ അങ്ങനെ ഒരു അനുഭവമായിരുന്നു എന്നെ സംബന്ധിച്ച് അന്വേഷിപ്പിൻ കണ്ടെത്തും.

ജിനു എബ്രഹാമിന്റെ കരിയറിലെ ഏറ്റവും മികച്ച സ്ക്രിപ്റ്റ് ആണ് എന്റെ അഭിപ്രായത്തിൽ അന്വേഷിപ്പിൻ കണ്ടെത്തും. ആ മികച്ച സ്ക്രിപ്റ്റിനെ മനോഹരമായി തന്നെ നവാഗതനായ ഡാർവിൻ കുര്യാക്കോസ് അണിയിച്ചൊരുക്കിയിട്ടുണ്ട്. സന്തോഷ് നാരായണന്റെ സംഗീതവും, ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും,സൈജു ശ്രീധരന്റെ എഡിറ്റിങ്ങും,രാജേഷ് മേനോന്റെ ആർട്ടും എല്ലാം തന്നെ സിനിമയെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്.

ആനന്ദ് എന്ന പോലീസ് ഉദ്യോഗസ്ഥനായുള്ള Tovino Thomas ന്റെ തന്മയത്വമുള്ള പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ചിത്രത്തിലേത്.

ഭയങ്കര റിയലസ്റ്റിക്ക് ആയി കഥ പറയാതെ എന്നാൽ അങ്ങറ്റം സിനിമാറ്റിക്കും ആക്കാതെ രണ്ടും കൂടെ സമം ചേർത്ത് കഥ പറഞ്ഞ രീതി തന്നെയാണ് സിനിമയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. മാരകമായ സസ്പെൻസുകൾ ഒന്നും അല്ലേൽപ്പോലും കാണുന്നവരിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അവയ്ക്ക് സാധിക്കുന്നുണ്ട്.

ടോവിനോക്ക് ഒപ്പം തന്നെ കോട്ടയം നസീറിന്റെ മികച്ച പ്രകടനവും ചിത്രത്തിൽ കാണാം.

സിദ്ദിഖ്,വിനീത് തട്ടിൽ, അസീസ് നെടുമങ്ങാട്, മധുപാൽ,മാനുഷി,അനഘ മായ രവി,രാഹുൽ രാജഗോപാൽ,ബാബുരാജ്, ഷമ്മി തിലകൻ,വെട്ടുകിളി പ്രകാശ്,വിജിലേഷ്,രമ്യ സുവി,ഹരിശ്രീ അശോകൻ, പ്രമോദ് വെളിയനാട്, നിഷാന്ത് സാഗർ,അശ്വതി മനോഹരൻ,അർത്ഥന ബിനു Etc തുടങ്ങിയ അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയവരാണ്.

തിയ്യേറ്ററിൽ വിജയമാകേണ്ട.... തിയ്യേറ്ററിൽ നിന്ന് തന്നെ കണ്ട് എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു മികച്ച സിനിമ തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
അന്വേഷിപ്പിൻ കണ്ടെത്തും അന്വേഷിപ്പിൻ കണ്ടെത്തും Reviewed by on 10:13 Rating: 5

No comments:

Powered by Blogger.