വേലായുധന്റെ പ്രണയം

   മലയാള സിനിമയിൽ പ്രണയിക്കാൻ മോഹൻലാലിനോളം ആരും വരില്ല എന്നത് ഒരു സത്യമാണ്.... ഒരുപാട് കാമുക വേഷങ്ങളും പ്രണയരംഗങ്ങളും മോഹൻലാൽ മറ്റാർക്കും സാധിക്കാത്ത വിധം പകർന്നാടിയിട്ടുണ്ട് അതിൽ ഏറ്റവും നിഷ്കളങ്കമെന്ന് തോന്നിയ ഒരു പ്രണയം വേലായുധന്റേതാണ്.

അമാനുഷികനല്ലാത്ത ഒരേയൊരു സൂപ്പർഹീറോയുടെ..... മുള്ളൻകൊല്ലി മഹാരാജാവിന്റെ.... വലിയ നമ്പ്യാരുടെ വിസ്മയമായ വേലായുധന്റെ പ്രണയം.

വൃതമെടുത്ത ശേഷം കടവത്ത് വെച്ച് വലിയ സങ്കടത്തോടെ അഹമ്മദിക്കയോട് വേലായുധൻ സംസാരിക്കുന്ന ഒരു രംഗമുണ്ട് ചെറിയൊരു സംഭാഷണം. അത് ഇങ്ങനെയാണ്....

"കുട്ടിക്കാലത്ത് ഒരു മിഠായിക്ക് പോലും മോഹിച്ചിട്ടില്ല, കിട്ടില്ല.... കിട്ടാതാവുമ്പോൾ സങ്കടാവും. ഊരും പേരും അറിയാത്ത അനാഥ ചെക്കന് മിഠായി കൊതിപോലൊരു മോഹം.... അതായിരുന്നു ജാനകി. ജാനകിയെ കല്യാണം കഴിക്കുന്നത് ഒന്നും ഒരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. ഒരിക്കൽ അവൾ കൈ നീട്ടി തന്നപ്പോൾ ആ കൈയ്യിൽ ഒരു മുത്തം കൊടുത്തു... അതിന് കിട്ടിയ ശിക്ഷ ആരൊക്കെയോ മുൻജന്മത്തിലെ പക തീർക്കുമ്പോലെ തല്ലി."

സെക്കന്റുകൾ കൊണ്ട് വേലായുധൻ തന്റെ പ്രണയം വിവരിക്കുകയാണ്. എത്ര നിഷ്കളങ്കമാണ് വേലായുധന്റെ ആ പ്രണയം. ഒന്നും പ്രതീക്ഷിക്കാതെ അയാൾ ജാനകിയെ സ്നേഹിച്ചിരുന്ന ആ കാലം നാല് വാക്കുകളിലൂടെ ആ ഡയലോഗ് ഡെലിവറിയിലൂടെ മാത്രം അങ്ങറ്റം ഫീലോടെ കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും അത് ഒരു മോഹൻലാൽ മാജിക് ആണ്.

പറഞ്ഞു വന്നത് വേലായുധന്റെ പ്രണയത്തെ പറ്റിയാണ് ആ കുഞ്ഞു പ്രായത്തിൽ തോന്നിയ ഇഷ്ടത്തെ പ്രണയം എന്ന് പേരിട്ട് വിളിക്കാമോ എന്ന് അറിയില്ല അട്രാക്ഷൻ ആയാലും എന്ത് തന്നെ ആയാലും വികാരം എല്ലാം ഒന്ന് തന്നെയാണല്ലോ.....

വേലായുധനെ ഒരുപക്ഷേ അവിടെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ ഒരാൾ ജാനകി തന്നെ ആയിരിക്കും കാരണം ലീല ഒരിക്കൽ വേലായുധനെ പറ്റി ജാനകിയോട് ചോദിക്കുന്നുണ്ട്

"ലീല: ജാനകി ഏടത്തിക്ക് വേലായുധേട്ടനെ ഇഷ്ടമായിരുന്നല്ലേ..? പണ്ട്.... ഇഷ്ടമായിരുന്നുല്ലേ.... പിന്നെ എന്താ നിങ്ങള് കല്യാണം കഴിക്കാതിരുന്നേ..?

ജാനകി : അതൊക്കെ കുട്ടിക്കാലത്തുള്ള ഒരോ കാര്യങ്ങളെന്നല്ലാണ്ട് ഞാൻ അത് അങ്ങനൊന്നും ആലോചിച്ചിട്ടില്ല.

ലീല : വേലായുധേട്ടൻ ആള് ഒരു പാവാല്ലേ ജാനകി ഏടത്തീ..?

ജാനകി : എന്തായാലും ഒരു കാര്യത്തിൽ നിനക്ക് അയാളെ വിശ്വസിക്കാം ഏത് പാതിരാക്ക് ഇറങ്ങി നടന്നാലും വേലായുധന്റെ പെണ്ണിനോട് ഒരാളും അനാവശ്യം പറയില്ല,ആരും നിന്റെ മാനത്തിന് വില പറയില്ല."

കുന്നുമ്മൽ ശാന്തയുടെ വീട്ടിലെ കിടപ്പും മറ്റുമൊക്കെയായി പല കാര്യങ്ങളിലും നാട്ടുകാർക്കിടയിൽ ചീത്തപ്പേരുള്ള വേലായുധനെ പക്ഷേ ജാനകിക്ക് അറിയാമായിരുന്നു.... വേലായുധനെ പേടിയോടും അറപ്പോടും വെറുപ്പോടും കൂടെ നോക്കാത്ത ഒരാളും കൂടെയായിരുന്നു ജാനകി.

തേങ്ങ മുഴുവൻ കുറുപ്പ് കൊണ്ട് പോകുന്ന സങ്കടത്തിൽ നിൽക്കുമ്പോൾ വേലായുധൻ വരുമ്പോൾ അവരുടെ മുഖത്ത് വരുന്ന ഒരു തെളിച്ചമുണ്ട്.... ഒരു സന്തോഷമുണ്ട്.... ഇനി എനിക്ക് പേടിക്കാനില്ല എന്ന ധൈര്യമുണ്ട്.... വേലായുധൻ കാലും കൈയ്യും പൊട്ടി തോണിക്കടവിൽ ഇരിക്കുന്നത് കാണുമ്പോൾ ജാനകിയുടെ മുഖത്ത് പെട്ടന്ന് മിന്നി മറയുന്ന ഒരു ഞെട്ടൽ ഉണ്ട് ഒപ്പം എന്താണ് പറ്റിയത് എന്ന് അറിയാൻ അഹമ്മദ് ഇക്കയെ ഒരു നോട്ടം നോക്കുന്നുണ്ട്.... മകൾ അയാളുടെ കൈയ്യിലുള്ള കത്തി ആളെ കൊല്ലാൻ ഉള്ളതല്ല എന്ന് പറയുമ്പോൾ അവളെ തലോടി അയാളെ നോക്കുന്ന ഒരു നോട്ടമുണ്ട്..... അതൊക്കെ തന്നെ ധാരാളമായിരുന്നു അവർക്ക് വേലായുധനോടുള്ള ചെറുപ്പത്തിലെ ഇഷ്ടം എത്രത്തോളമായിരുന്നു എന്നറിയാൻ.

ജാനകിയുടെ ഭർത്താവ് കൃഷ്ണൻ ജാനകിയെക്കുറിച്ച് അപവാദം പറയുമ്പോൾ അയാളെ വേലായുധൻ അടിക്കുന്നുണ്ട്. അതേപോലെ കൃഷ്ണൻ മരിച്ചു കഴിഞ്ഞ് ഒറ്റപ്പെട്ട് പോകുന്ന ജാനകിക്കും കുട്ടിക്കും വേലായുധൻ ഒരു കാവൽക്കാരനും ആകുന്നുണ്ട്. ചെറിയ നമ്പ്യാരിൽ നിന്നും അവരെ വേലായുധൻ രക്ഷിക്കുന്നുണ്ട്. ജാനകിയെ ചെറിയ നമ്പ്യാർ നോട്ടമിട്ടതും വേലായുധൻ ആദ്യം തന്നെ മനസ്സിലാക്കുന്നുണ്ട്. അമ്പലപ്പറമ്പിൽ നിന്ന് ഒരു നോട്ടം കൊണ്ട് വേലായുധൻ അത് കാണിച്ചു തരുന്നുണ്ട്.

ജാനകി മരിച്ചു കിടക്കുമ്പോൾ കാണാൻ ചെന്ന് തളർന്ന് ഇരിക്കുന്ന വേലായുധനെ കേളപ്പേട്ടൻ ആശ്വസിപ്പിക്കാൻ ചെല്ലുമ്പോൾ ലീല തടയുന്നുണ്ട്. ലീലക്ക് അറിയാമായിരുന്നു വേലായുധന് ആരായിരുന്നു ജാനകി എന്ന്.

സിനിമകളിലെ പല പ്രണയങ്ങളും വാഴ്ത്തപ്പെടുന്ന ഈ കാലത്ത് ആരും അങ്ങനെ പറഞ്ഞു കേൾക്കാത്ത ഒന്നാണ് വേലായുധന്റെ പ്രണയം. സ്റ്റോക്കിങ് മുതൽ യാതൊരു ബുദ്ധിമുട്ടും ജാനകിക്ക് വേലായുധനിൽ നിന്നും നേരിടേണ്ടി വരുന്നില്ല. അവരെ കാണുമ്പോൾ അയാൾ തല കുനിച്ച് മാറി നിൽക്കുകയാണ് ചെയ്യുന്നത്. ചുംബനം പോലും അയാൾ അവരുടെ സമ്മതത്തോടെ നൽകി എന്നാണ് പറയുന്നത്. ചെറുപ്പത്തിലും അല്ലാത്തപ്പോഴും അയാളേക്കാൾ ജെന്റിൽമാൻ ആയ ഒരാളും ആ നാട്ടിൽ ഇല്ല.

സ്ത്രീകൾക്ക് യാതൊരു ചട്ടക്കൂടുകളും പതിച്ചു നൽകാത്ത.... അവരെ അങ്ങറ്റം ബഹുമാനിക്കുന്ന.... ഒരു നായകൻ ആണ് വേലായുധൻ. അമാനുഷികനല്ലാത്ത എന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ ആ കാര്യത്തിലും ഒരു വിസ്മയം തന്നെയാണ്.

വേലായുധൻ പ്രണയം പറയുമ്പോൾ മിന്നടി മിന്നടി മിന്നാമിനുങ്ങേ എന്ന ഗാനത്തിന്റെ വയലിൻ വേർഷൻ പശ്ചാത്തല സംഗീതമായി വരുന്നുണ്ട്. അതും ലാലേട്ടന്റെ ആ ഡയലോഗും കൂടെയാകുമ്പോൾ മനസ്സിൽ താനേ വേലായുധൻ - ജാനകിമാരുടെ ബാല്യത്തിലെ ആ പ്രണയം കണ്മുന്നിൽ ദൃശ്യമാകും. എന്ത് മനോഹരമാണത്.

കാണുന്നവരെ പ്രണയാതുരരാക്കാൻ മോഹൻലാൽ എന്ന മജീഷ്യന് പ്രേമിക്കുന്ന രംഗങ്ങൾ ഒന്നും ആവശ്യമില്ല രണ്ടേ രണ്ട് ഡയലോഗുകൾ മാത്രം മതി. ആ രണ്ട് വരി സംഭാഷണം കൊണ്ട് തന്നെ ഒരു അതിമനോഹര മുഴുനീള പ്രണയ സിനിമ കണ്ട ഫീൽ തരാൻ അയാൾക്ക് സാധിക്കും. ഇതുകൊണ്ട് ഒക്കെ തന്നെ ആയിരിക്കും പ്രണയത്തിന്റെ രാജാവ് ആയ കാസനോവയുടെ കഥ പറയുന്ന സിനിമയുടെ ചിന്ത മനസ്സിൽ വന്നപ്പോൾ കാസനോവയുടെ മുഖമായി റോഷൻ ആൻഡ്രൂസിന്റെ മനസ്സിൽ മോഹൻലാൽ തെളിഞ്ഞു വന്നതും. ആ സിനിമ മോശം ആയിരുന്നിരിക്കാം വേർഡിക്ട് നെഗറ്റീവ് ആയിരുന്നിരിക്കാം പറഞ്ഞത് ഇത്രയേയുള്ളൂ പ്രണയത്തിന്റെ രാജാവിന്റെ കഥ മലയാളത്തിൽ പറയുമ്പോൾ മോഹൻലാൽ അല്ലാതെ മറ്റൊരു ഓപ്ഷൻ അയാൾക്ക് തോന്നാത്തതിൽ റോഷനെ കുറ്റം പറയാൻ പറ്റില്ല. അത്രയേറെ വേറിട്ട പ്രണയങ്ങൾ അല്ലേ അയാൾ പകർന്നാടി വെച്ചിരിക്കുന്നത്. ജയകൃഷ്ണനും സോളമനും മുതൽ ദേ ഈ വേലായുധൻ അടക്കം എത്രയെണ്ണം.....

പ്രണയദിനം എന്നൊക്കെ കേട്ടപ്പോൾ എന്തോ പെട്ടന്ന് ഈ രംഗം മനസ്സിൽ കടന്ന് വന്നപ്പോൾ അതേപറ്റി പറയണം എന്ന് തോന്നി. അല്ലേലും എന്റെ വേലായുധൻ എത്ര പറഞ്ഞാലും മതിവരാത്ത ഒരു വിസ്മയം തന്നെയാണല്ലോ.... ❤️❤️

-വൈശാഖ്.കെ.എം
വേലായുധന്റെ പ്രണയം വേലായുധന്റെ പ്രണയം Reviewed by on 10:05 Rating: 5

No comments:

Powered by Blogger.