റാം c/o ആനന്ദി
എല്ലാ ചേരുവകളും നിറഞ്ഞ എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്ന ഒരു ഗംഭീര സിനിമ കണ്ടിറങ്ങുമ്പോൾ കിട്ടുന്ന സംതൃപ്തിയുടെ ഇരട്ടി തന്ന ഒരു നോവൽ.
കൂട്ടുകാരൊക്കെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം കടന്നു വരുന്ന പേരുകൾ ഗോവയും, കശ്മീരുമൊക്കെയാവും പക്ഷേ എന്റെ മനസ്സിൽ എന്നും കയറി വരാറുള്ളത് ഒരൊറ്റ സംസ്ഥാനത്തിന്റെ പേര് മാത്രമാണ്.... തമിഴ്നാട്.
എന്തോ തമിഴ് ഭാഷയോടും ആ നാടിനോടും എന്തെന്നില്ലാത്ത ഒരു ഇഷ്ടമാണ് പണ്ട് മുതലേ.... ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ള സ്ഥലവും അത് തന്നെയാവും. മനസ്സൊക്കെ അല്പം ഡൗൺ ആയി ഇരിക്കുന്ന സമയത്ത് കുറച്ച് വസ്ത്രങ്ങളും എടുത്ത് ഒരു ഭാഗും തൂക്കി ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റുകളിൽ തൂങ്ങി പിടിച്ച് നിന്നും , കെ. എസ്. ആർ. ടി. സി ബസ്സുകളിലും മറ്റുമായി ഒരു യാത്ര നടത്തും, അതൊക്കെ പലപ്പോഴും ചെന്നെത്തുന്നത് മധുര, രാമേശ്വരം,ധനുഷ്കൊടി,കന്യാകുമാരി, ട്രിച്ചി,ഊട്ടി, കൊടൈക്കനാൽ, പഴനി, തെങ്കാശി, കുട്രാലം, കമ്പം, തേനി, ചിദംബരം, തഞ്ചാവൂർ, മേട്ടുപ്പാളയം, ശിവകാശി, കോയമ്പത്തൂർ,കുംഭകോണം, ശ്രീരംഗം,ചെങ്കൽപേട്ട്, സേലം, ഡിൻഡിഗൽ,കാഞ്ചിപുരം, ഈരോട്,തിരുനൽവേലി, തൂത്തുക്കുടി,ചെന്നൈ തുടങ്ങി തമിഴ്നാടിന്റെ ഏതേലും മുക്കിലും മൂലയിലും ആയിരിക്കും.
ഒരിക്കലും മടുക്കാത്ത ഒന്നാണ് തമിഴ്നാട് ചുറ്റിക്കാണുക എന്നുള്ളത്. ട്രെയിനിൽ അവർക്ക് ഒപ്പം അവരിൽ ഒരാളായി സിനിമ കണ്ട് മാത്രം പഠിച്ച മുറി തമിഴുമായി യാത്ര ചെയ്യുന്നത് ഒക്കെ എന്നും വലിയ സന്തോഷം തരുന്ന കാര്യമാണ്. ഒരോ നാടുകളിലും പോയി ചായ കടകളിലും മറ്റും ഇരുന്ന് അവരുടെ നാടിന്റെ കഥ അവരോട് തന്നെ ചോദിച്ചറിഞ്ഞും മറ്റുമൊക്കെ ഒരുപാട് കറങ്ങി നടന്നിട്ടുണ്ട് ചെന്നൈ പോലുള്ള സിറ്റിയിൽ നിന്ന് തുടങ്ങി മേഘമലൈ പോലുള്ള ഹൈറേഞ്ച് ഏരിയകളിൽ നിന്ന് വരെ കിട്ടിയത് അവരുടെ സ്നേഹം മാത്രമായിരുന്നു. അവരുടെ ഭാഷ ഇഷ്ടപ്പെടുന്ന.... അവരുടെ കഥകൾ ഒരു കൊച്ചു കുട്ടിയെപ്പോലെ ചോദിച്ചറിയുന്ന.... അറിയുന്ന തമിഴിൽ അവരുടെ ഭാഷയിൽ മാത്രം സംസാരിക്കാൻ ശ്രമിക്കുന്ന..... അവരുടെ നാടിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് പലപ്പോഴും ഒരുപാട് സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെയാണ് ആ നാട്ടുകാർ പെരുമാറിയിട്ടുള്ളത്. അവരുടെ വിശേഷം പറഞ്ഞാൽ അത് ഒരിക്കലും തീരില്ല.
അസുഖം വന്ന് കിടക്കുന്ന ഈ സമയത്ത് പോലും മനസ്സിൽ പ്ലാൻ ചെയ്യുന്ന യാത്രകളിൽ എല്ലാം തമിഴ്നാട് മാത്രമാണ്. അപ്പൊ പറഞ്ഞു വന്നത് ആ നാടിനോടുള്ള ഇഷ്ടമാണ്. അത്തരത്തിൽ തമിഴിനെ, തമിഴ്നാടിനെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ തമിഴ് സ്നേഹം ഏറെയുള്ള അതിമനോഹരമായ ഒരു നോവൽ ആണ് റാം c/o ആനന്ദി.
ചെന്നൈ, നുങ്കമ്പാക്കം തുടങ്ങി അമ്മ ഉണവകം വരെ അയാളുടെ ആ നാടിനോടുള്ള പ്രണയം ഏറ്റവും ഭംഗിയോടെ പറഞ്ഞു പോകുന്ന ഒരു അതിമനോഹര നോവൽ.
ചില സിനിമകൾ കാണുമ്പോൾ ഇത് കഴിയരുതേ എന്നൊരു ആഗ്രഹം തോന്നും.... മണിചിത്രത്താഴ് ഒക്കെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്തരത്തിൽ ഒരു ഫീൽ ആയിരുന്നു റാമിന്റേയും ആനന്ദിയുടേയും കഥയ്ക്കും. കാരണം കഥയാണ് നോവൽ ആണ് എന്നതൊക്കെ മറന്ന് അതൊരു ജീവിതമായി കണ്ട് പോയി എന്നത് കൊണ്ട് തന്നെയാണ്. റാമിനും,ആനന്ദിക്കും,മല്ലിക്കും,വെട്രിക്കും,രേഷ്മക്കും,പാട്ടിക്കുമൊപ്പം ഞാൻ അറിയാതെ തന്നെ അവരിൽ ഒരാളായി മാറിയിരുന്നു. അവരുടെ സന്തോഷങ്ങളിൽ ചിരിച്ചും,സങ്കടങ്ങളിൽ കണ്ണ് നിറഞ്ഞും, പ്രശ്നങ്ങളിൽ അവരെപ്പോലെ തന്നെ ടെൻഷൻ അടിച്ചും ഞാനും അവരിൽ ഒരാളായി മാറി. എന്നെ സംബന്ധിച്ച് ഒരു നോവൽ വായിച്ച് ഇത്രേം വികാരങ്ങൾ ഒക്കെ ഒരുമിച്ച് വരുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്.
പ്രണയം,വിരഹം,സസ്പെൻസ്,ത്രില്ല്,തമാശ,സൗഹൃദം തുടങ്ങി ഒരു ബ്ലോക്ക്‌ബസ്റ്റർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും വേണ്ടുവോളം നിറഞ്ഞ ഒരു നോവൽ ആണ് റാം c/o ആനന്ദി.
ഒരോ കഥാപാത്രങ്ങൾക്കും ഒരോ മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞിരുന്നു. വായിച്ച് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും പ്രണവ് മോഹൻലാലിന്റെ മുഖമാണ് റാം ആയി തെളിഞ്ഞു വന്നത്. ഒരു വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ ഇതിനൊരു ചലച്ചിത്രഭാഷ്യം ഉണ്ടായി കാണാൻ അതിയായ ആഗ്രഹമുണ്ട്. അത് സംഭവിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
പ്രിയപ്പെട്ട അഖിൽ പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട് ഇത്രേം മികച്ച ഒരു അനുഭവം ഒരുക്കി തന്നതിന്..... നിങ്ങൾ കാരണം എന്റെ തമിഴ് സ്നേഹം ഒന്നൂടെ ഇരട്ടിയായി..... നിങ്ങളുടെ മനസ്സിൽ എന്ത് തന്നെ ആയാലും ക്ലൈമാക്സ് ഞാൻ എനിക്ക് ഇഷ്ടപ്പെട്ട തരത്തിൽ ചിന്തിച്ചു കൂട്ടി വെച്ചിട്ടുണ്ട് അവരിൽ ഒരാളായി മാറിപ്പോയത് കൊണ്ട് തന്നെ അതിനേ എനിക്ക് പറ്റൂ.
കടിച്ചാൽ പൊട്ടാത്ത സാഹിത്യം ഒന്നും ഇല്ലാത്ത.... ഒരു അതിമനോഹരമായ സിനിമ കാണുന്ന ഫീലോടെ ഒറ്റയിരുപ്പിന് ഇന്റർവെൽ പോലും ഇല്ലാതെ വായിച്ചു തീർക്കാവുന്ന ഒരു അതിമനോഹര നോവൽ ആണ് റാം c/o ആനന്ദി.
"നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾകൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല എന്നുമാത്രം. അതുപോലെ തന്നെ നമ്മളും രഹസ്യമായി ആരെയൊക്കെയോ പ്രണയിക്കുന്നുണ്ട്. നമ്മളും അതവരോട് വെളിപ്പെടുത്തുന്നില്ല. ഈ കാണുന്ന മനുഷ്യന്മാരൊക്കെ എന്തിനാണ് പെട്ടന്ന് മുന്നിൽ ഒരു കണ്ണാടി കണ്ടാൽ അതിൽ തങ്ങളുടെ മുഖം നോക്കാൻ ശ്രമിക്കുന്നത്. എന്തിനാണ് കണ്ണിൽ കണ്ട ഏതെങ്കിലും ഒരു വസ്ത്രം ധരിക്കാതെ തങ്ങൾക്ക് യോജിച്ച നല്ല ഭംഗിയുള്ള വസ്ത്രങ്ങൾ മാത്രം നോക്കി ധരിക്കുന്നതും മുഖം ഭംഗിയിൽ കൊണ്ട് നടക്കുന്നതുമൊക്കെ. എല്ലാത്തിനും കാരണം ഒന്നേയുള്ളൂ. ഉള്ളിലുള്ള ആ രഹസ്യ പ്രണയം."
"പാട്ടീ,വെട്രീ,രേഷ്മേ,പിന്നെ എന്റെ പ്രിയപ്പെട്ട റാം. സ്നേഹപൂർവ്വം,നിങ്ങളുടെയൊക്കെ ആനന്ദി."
ഒരിക്കൽ കൂടെ പ്രിയപ്പെട്ട അഖിൽ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം ഈ നോവൽ എഴുതാൻ നിങ്ങൾ എടുത്ത പരിശ്രമങ്ങളോടും കഷ്ടപ്പാടുകളോടും ഒരുപാട് ബഹുമാനം മാത്രം. എഴുത്തിനെ സ്നേഹിക്കുന്ന,വായനയെ ഇഷ്ടപ്പെടുന്ന.... സിനിമയെ പ്രണയിക്കുന്ന എന്നെപ്പോലുള്ളവർക്ക് വലിയൊരു പ്രചോദനം തന്നെയാണ് അതെല്ലാം. ഒപ്പം വായിക്കാൻ അല്പം താമസിച്ചു പോയതിന് ക്ഷമയും ചോദിക്കുന്നു.
റാം c/o ആനന്ദി
Reviewed by
on
01:32
Rating:
No comments: