ഡിപ്രഷൻ

  ഡിപ്രഷൻ കാരണമുള്ള ആത്മഹത്യകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്.... നാലാൾ അറിയുന്നവരുടെ കാര്യം മാത്രമാണ് വാർത്തയായി വരുന്നത് അതിന്റെ ഇരട്ടി കാണും ആരും അറിയാതെ പോകുന്നത്.

ഡിപ്രഷൻ എന്ന അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളവർക്ക് അറിയാം എത്രത്തോളം ഭയാനകമാണ് ആ അവസ്ഥയെന്ന്. ഒരിക്കൽ ആ നൂൽ പാലത്തിലൂടെ കടന്നു പോയവർ മറ്റൊരാളും ആ അവസ്ഥയിലേക്ക് എത്തരുതേ എന്നേ വിചാരിക്കൂ അത്രത്തോളം ഭീകരമാണത്.

നിങ്ങൾക്ക് അറിയുന്നവർ അതിപ്പോ കൂട്ടുകാരോ സഹോദരങ്ങളോ പങ്കാളിയോ കാമുകിയോ കാമുകനോ രക്ഷിതാക്കളോ കുട്ടികളോ ആരുമാകട്ടെ ഇത്തരമൊരു അവസ്ഥയിലേക്ക് അവര് പോകുന്നു എങ്കിൽ അവരെ താങ്ങി നിർത്താൻ നിങ്ങൾക്ക് കഴിയും.

അവരെ ഒറ്റയ്ക്ക് വിട്ട് ചിന്തകളിലേക്ക് തള്ളി വിടാതെ അവരുടെ ഏകാന്തതയ്ക്ക് ഒരു അന്ത്യം കൊണ്ട് വരിക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എന്തും തുറന്ന് സംസാരിക്കാനുള്ള ഒരു സ്‌പേസ് ഉണ്ടാക്കണം.

അവിടെ പോയി മല മറിച്ചുള്ള ഉപദേശങ്ങൾ ഒരിക്കലും അരുത്.... അവരുടെ വിഷമങ്ങൾ പറയുമ്പോൾ ഇതൊക്കെ എന്ത് ഇതിലും വലുത് ഞാൻ അനുഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അതിനെ വില കുറച്ച് കാണാതെ അവരുടെ ഭാഗത്ത്‌ നിന്ന് കൊണ്ട് ചിന്തിക്കുക. അതിപ്പോ പ്രണയമോ സാമ്പത്തിക പ്രശ്നമോ വർക്ക് പ്രഷറോ പഠന സംബന്ധമോ എന്തുമാകട്ടെ.... അവരുടെ പ്രശ്നങ്ങൾക്ക് അല്ലേൽ വിഷമങ്ങൾക്ക് വില നൽകുക നല്ലൊരു കേൾവിക്കാരനാകുക. അവരെ ഒരാൾ കേൾക്കാൻ തയ്യാറായാൽ തന്നെ ഒരു വലിയ ഭാരം അവർക്ക് ഇറക്കി വെക്കാൻ സാധിക്കും.

മാക്സിമം പിന്തുണ കൊടുത്ത് കൊണ്ട് അവരുടെ സന്തോഷങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കി കൊണ്ട് അവരെ ആക്റ്റീവ് ആക്കി നിർത്തുക.... നിങ്ങളുടെ കൈയ്യിൽ ഒതുങ്ങുന്നില്ല എന്ന് കണ്ടാൽ കൗൺസിലിങ്ങിന് വിധേയമാക്കുക.

ദയവ് ചെയ്ത് ആ സമയത്ത് അവരുടെ പ്രശ്നങ്ങളെ വില കുറച്ച് കാണുകയും ഉപദേശങ്ങളുമായി പോകുകയും അരുത്... അത് മുറിവിൽ മുളക് പുരട്ടുന്നതിന് തുല്യമാണ്. കരയാൻ ആഗ്രഹിക്കുന്നേൽ കരയാൻ വിടുക. പ്രത്യേകിച്ച് ആൺകുട്ടികൾ ആണേൽ കരയാൻ പാടില്ല എന്നൊരു വല്ലാത്ത തരം ചിന്താഗതിയൊക്കെയുള്ള ആളുകൾ ഉണ്ട് അവരുടെ ഇമോഷൻസ് കടിച്ചു പിടിക്കാതെ മാക്സിമം പ്രകടമാക്കാൻ എങ്കിലും വിടുക. ഒരുപാട് ഭാരം അപ്പൊ ഒഴിഞ്ഞു പോകും.

പറഞ്ഞു വന്നത് ഒരോ ജീവനും വിലപ്പെട്ടതാണ് കൂടെയുള്ളവരെ കുറച്ചെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരു വിലപ്പെട്ട ജീവൻ നിങ്ങളെക്കൊണ്ടും രക്ഷിക്കാൻ സാധിക്കും.

വാട്സ്ആപ്പ് സ്റ്റാറ്റസ്സുകളിൽ കാണുന്നത് പോലെയൊന്നും അല്ല ചിന്തിക്കാവുന്നതിനും അപ്പുറം ഭീകരമായൊരു അവസ്ഥയാണത്. ഇത്തരത്തിലുള്ള പിരിമുറുക്കങ്ങളിലൂടെ കടന്നു പോകുന്നവരെ മനസ്സിലാക്കി ചേർത്ത് നിർത്താൻ സാധിച്ചാൽ അത് വലിയൊരു കാര്യമാണ്.

ഇതിന്റെ ശാസ്ത്രീയ വശങ്ങൾ ഒന്നും പറയാൻ ആളല്ല പക്ഷേ ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നു പോയത് കൊണ്ട് അറിയാം അതിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും.

നിങ്ങളുടെ കുറച്ച് സമയം മതിയാകും അവരുടെ ഇരുട്ടിലായ ജീവിതത്തിന് വെട്ടം പകരാൻ. അതുകൊണ്ട് ഡിപ്രഷൻ അനുഭവിക്കുന്നവർ ഉണ്ടേൽ അവർക്ക് ഒരു താങ്ങാകാൻ ശ്രമിക്കുക. ഒരിക്കൽ കൂടെ പറയുന്നു സപ്പോർട്ട് എന്നത് അവരുടെ ഇമോഷൻസിനെ വില കുറച്ച് കാണലും ഉപദേശവും അല്ല.

നല്ലൊരു കേൾവിക്കാരായി അവരെ അറിഞ്ഞ് അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് അവർക്ക് വേണ്ടി നില കൊള്ളാൻ ശ്രമിക്കുക. ഇതിന് പ്രായബേധമില്ല എന്നത് കൂടെ ഓർമ്മിപ്പിക്കുന്നു.... പഠിക്കുന്ന കുട്ടിക്ക് ഒക്കെ എന്ത് ഡിപ്രഷൻ എന്ന് ചോദിക്കുന്നവർ ഉണ്ട് ഇതിന് കുട്ടി എന്നോ മുതിർന്നവർ എന്നോ ഒന്നും ഇല്ല.

ഇത്തരം അവസ്ഥകളിലൂടെ കടന്നു പോയിരുന്ന സമയത്ത് മേല്പറഞ്ഞ പിന്തുണയൊന്നും തന്നെ കിട്ടിയിരുന്നില്ല ആരും മനസ്സിലാക്കിയിരുന്നതുമില്ല നമ്മുടെ ഇമോഷൻസിനെ വില കുറച്ച് കാണുകയും ഒപ്പം ഒരു ലോഡ് ഉപദേശങ്ങളുമായിരുന്നു പലപ്പോഴും കിട്ടിയിരുന്നത്. കെട്ടിപ്പിടിച്ചു കരയാൻ ഒരാള് ഉണ്ടായിരുന്നേൽ എന്ന് വരെ വല്ലാണ്ട് ആഗ്രഹിച്ചു പോകുന്ന ഒരു സമയമാണത്. എങ്ങനെ അതിൽ നിന്നും പുറത്ത് വന്നു എന്ന് ചോദിച്ചാൽ രണ്ട് കുഞ്ഞ് കുട്ടികൾ ആയിരുന്നു അതിന് കാരണം. അവര് പോലും അറിയാതെ അവര് എനിക്ക് രക്ഷകരായതാണ്..... അവരുടെ സാമീപ്യമാണ് എന്നെ കര കയറ്റിയത്.

അപ്പൊ ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നവരെ മനസ്സിലാക്കി ചേർത്ത് നിർത്തിയാൽ അവര് എന്നും നിങ്ങളുടെ കൂടെ കാണും. കുറഞ്ഞ പക്ഷം മുൻവിധികൾ മാറ്റി നിർത്തി അടുത്തുള്ളവരെ അറിയാനും മനസ്സിലാക്കാനും എങ്കിലും ശ്രമിച്ചു നോക്കൂ.

- വൈശാഖ്.കെ.എം
ഡിപ്രഷൻ ഡിപ്രഷൻ Reviewed by on 04:44 Rating: 5

No comments:

Powered by Blogger.