കണ്ണൂർ സ്‌ക്വാഡ്

  ഈയടുത്ത കാലത്ത് കണ്ട ഡീസന്റ് ഇൻവസ്റ്റിഗേഷൻ ത്രില്ലർ

ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു സിനിമ തയ്യാറാക്കുമ്പോൾ അത് പ്രേക്ഷകർക്ക് ദഹിക്കുന്ന രീതിയിൽ എങ്ങനെ എടുക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കണ്ണൂർ സ്‌ക്വാഡ്.

എന്താണ് കണ്ണൂർ സ്‌ക്വാഡ് എന്നുള്ളത് വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഏറ്റവും ഇമ്പാക്ടോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ആ ടീമിന്റെ ഏറ്റവും വലിയ വിജയം. കണ്ണൂർ സ്‌ക്വാഡ് എന്ന ടൈറ്റിൽ എഴുതി കാണിക്കുമ്പോഴേക്കും അവരിൽ ഒരു വിശ്വാസവും പ്രതീക്ഷയും പ്രേക്ഷകരിലും ജനിപ്പിക്കാൻ എഴുത്തുകാർക്കും സംവിധായകനും സാധിച്ചിട്ടുണ്ട്.

മമ്മൂട്ടി എന്ന താരത്തെ ഗംഭീരമായി അവതരിപ്പിച്ച ഒരു സിനിമ കൂടെയാണ് കണ്ണൂർ സ്‌ക്വാഡ്. ആക്ഷൻ സീനുകൾ ഇത്ര മികവോടെ അദ്ദേഹം ഈയടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല. ആക്ഷൻ സീനുകളിൽ മമ്മൂട്ടി എന്ന താരത്തെ മാക്സിമം യൂസ് ചെയ്യാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹം സ്‌ക്രീനിൽ വന്ന് നിൽക്കുമ്പോൾ കിട്ടുന്ന ഒരു രോമാഞ്ചമുണ്ട് അത് വല്ലാത്തൊരു ഫീൽ ആയിരുന്നു.

അതുപോലെ തന്നെ അസീസ് നെടുമങ്ങാട് എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു വേഷമാണ് ചിത്രത്തിൽ ഉള്ളത്. ഗംഭീര പ്രകടനം എന്ന് തന്നെ പറയാം.

ഒപ്പം റോണി, ശബരീഷ്, വിജയരാഘവൻ, കിഷോർ തുടങ്ങിയ അഭിനേതാക്കൾ എല്ലാം തന്നെ മിതത്വം പാലിച്ച് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇടയ്ക്ക് പലപ്പോഴും പലയിടങ്ങളിലായി വരുന്ന നാടകീയ സംഭാഷണങ്ങളും മറ്റും മാറ്റി നിർത്തിയാൽ പെർഫെക്ട് സ്ക്രിപ്റ്റ് തന്നെയായിരുന്നു സിനിമയുടേത്. റോണിയും ഷാഫിയും മികച്ച രീതിയിൽ തന്നെ രചന നിർവ്വഹിച്ചിട്ടുണ്ട്.

റോബിയുടെ സംവിധാന മികവും രഹിലിന്റെ ഛായാഗ്രഹണ മികവും പ്രവീണിന്റെ എഡിറ്റിങ്ങും ചിത്രത്തെ മികച്ചു നിർത്താൻ സഹായിച്ച ഘടകങ്ങളാണ്.

ഇവർക്കൊക്കെ മുകളിൽ സ്കോർ ചെയ്ത് ചിത്രത്തിലെ നായകനായത് സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. ചെറിയ രംഗങ്ങളെപ്പോലും തന്റെ പശ്ചാത്തല സംഗീതം കൊണ്ട് എലവേറ്റ് ചെയ്ത് സുഷിൻ മറ്റൊരു തലത്തിലാണ് കൊണ്ട് വെക്കുന്നത്. ഭയങ്കര ലൗഡ് അല്ലാത്ത എന്നാൽ കാണുന്നവരിൽ വലിയ രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തിലുള്ള സ്കോർ ആണ് സുഷിൻ ചെയ്ത് വെച്ചിട്ടുള്ളത്.

തേച്ചാൽ ഇനിയും മിനുങ്ങുമെന്ന മമ്മൂക്കയുടെ വാക്കുകളെ അക്ഷരംപ്രതി ശരി വെക്കും വിധമുള്ള പ്രകടനം തന്നെയാണ് ചിത്രത്തിൽ മമ്മൂക്കയുടേത്. ഈ എഴുപത്തി രണ്ടാം വയസ്സിലും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾ ഒക്കെ ശരിക്കും ഞെട്ടിക്കുന്നത് തന്നെയാണ്. കണ്ണൂർ സ്‌ക്വാഡിലേക്ക് വന്നാൽ മമ്മൂട്ടി എന്ന അഭിനേതാവിന് അഭിനയിച്ചു ഫലിപ്പിക്കാൻ മാത്രം ഒന്നും ഇല്ലേൽപ്പോലും തന്നിലെ താരത്തെ അദ്ദേഹം മാക്സിമം ഉപയോഗിച്ച സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. അത്യാവശ്യം നന്നായി തന്നെ അദ്ദേഹം ഈ സിനിമയിൽ അധ്വാനിച്ചിട്ടുണ്ട്.

ഒപ്പം മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിനും ഒരു വലിയ കൈയ്യടി നൽകുന്നു. തുടർച്ചയായി വിവിധ ജോണറുകളിലുള്ള മികച്ച സിനിമകളാണ് അവരിൽ നിന്നും പുറത്ത് വരുന്നത്.

തീരൻ അധികാരം ഒൻട്രു എന്നൊരു സിനിമ സൃഷ്ടിച്ച ഒരു ബെഞ്ച്മാർക്ക് കണ്മുന്നിൽ ഉള്ളത് കൊണ്ട് തന്നെ കണ്ണൂർ സ്‌ക്വാഡ് ഒരു എക്സ്ട്രാ ഓർഡിനറി അനുഭവം ആയി തോന്നിയില്ല പക്ഷേ ഈയടുത്ത കാലത്ത് കണ്ട ഒരു ഡീസന്റ് ഇൻവസ്റ്റിഗേഷൻ ത്രില്ലർ തന്നെയാണ് കണ്ണൂർ സ്‌ക്വാഡ്. അത്യാവശ്യം നന്നായി ആസ്വദിച്ചു കണ്ട ഒരു സിനിമ. മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ്.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
കണ്ണൂർ സ്‌ക്വാഡ് കണ്ണൂർ സ്‌ക്വാഡ് Reviewed by on 01:42 Rating: 5

No comments:

Powered by Blogger.