എല്ലാത്തിലും ഭാഗമാകുന്ന സിനിമ

  പ്രായം കൂടുന്നതിനനുസരിച്ച് നഷ്ടപ്പെട്ടു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട് ജീവിതത്തിൽ..... അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആഘോഷങ്ങൾ. പക്വതയ്ക്ക് ശേഷം നഷ്ടപ്പെടുന്ന സൗഹൃദങ്ങളാണ് നിഷ്കളങ്കതയും, കുട്ടിത്തവുമെല്ലാം.... അതിന് ശേഷം കൂടെ കൂടുന്ന പ്രാരാബ്ദങ്ങളും, പിരിമുറുക്കങ്ങളുമെല്ലാം എല്ലാറ്റിൽ നിന്നും ഓടിയൊളിക്കാൻ പ്രേരിപ്പിക്കും. പതിയെ ഉൾവലിയുന്ന ഒരു പ്രകൃതമായി മാറും. പ്രണയവും, സൗഹൃദങ്ങളും,സ്വയം മറന്നുള്ള സന്തോഷ നിമിഷങ്ങളും തുടങ്ങി  ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചു കൊണ്ടിരുന്ന എല്ലാം പതിയെ നോക്കെത്താ ദൂരത്തേക്ക് മറയും. നാളെകളെക്കുറിച്ചുള്ള ചിന്തകൾ വന്ന് തുടങ്ങുന്നത് മുതൽ ശരിക്കും എല്ലാവരും രോഗികൾ ആയി മാറി തുടങ്ങുകയാണെന്ന് തന്നെ പറയാം.

ഏതൊരു യുവത്വത്തേയും പോലെ ഞാനും ഇത്തരം അവസ്ഥകളിലൂടെ തന്നെയാണ് കടന്നു പോകുന്നത് അത്തരം ഇരുട്ടിൽ നിന്നും പലപ്പോഴും വെട്ടം പകരുന്നത് ഓർമ്മകൾ ആണ്. ഒരുപാട് പിരിമുറുക്കങ്ങളുമായി ജീവിതത്തോട് പൊരുതുമ്പോൾ ഓർമ്മകളിലൂടെ ഇന്നലെകളെ തിരികെ കൊണ്ട് വരിക എന്നുള്ളത് നടക്കാത്ത ഒരു കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ഒരു മരുന്ന് ആയി മാറി ആശ്വാസം പകരുന്ന ഒന്നാണ് സിനിമകൾ. സിനിമകൾ എന്ന് പറയുമ്പോൾ എല്ലാ സിനിമകളുമല്ല എന്നുള്ളതാണ് അതിന്റെ പ്രത്യേകത.

ജീവിതത്തിന്റെ വസന്തകാലം എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് 2005 മുതൽ 2009 വരെയുള്ള കാലഘട്ടമാണ് അതിൽ 2007 ആയിരിക്കും ഏറ്റവും മനോഹരമായി ഞാനെന്ന വ്യക്തിയെ കൊണ്ടാടിയത്. അതിനാൽ തന്നെ ഈ പറഞ്ഞ കാലയളവിൽ സംഭവിച്ച എല്ലാം തന്നെ എനിക്ക് സന്തോഷം പകരുന്ന കാര്യങ്ങളാണ്. ആദ്യമായി ജീവിതത്തിൽ മൊട്ടിട്ട പ്രണയം.... ആ പ്രണയം വിരിഞ്ഞ് പൂവിട്ട് അതിലൂടെ കടന്നു പോയ മനോഹര നിമിഷങ്ങൾ.... ജീവിതത്തിലേക്ക് കടന്നു വന്ന ഏറ്റവും പ്രിയപ്പെട്ട സഹപാഠികൾ, സ്കൂൾ, അധ്യാപകർ, കായിക വിനോദങ്ങൾ, സിനിമ എന്ന് തുടങ്ങി നാളെ എന്ത് എന്ന ചിന്തയില്ലാതെ സ്വയം മറന്ന് ജീവിതം ആഘോഷമാക്കിയ ഫെയർവെൽ ദിനങ്ങൾ.

പക്ഷേ ഇന്നത്തെ അവസ്ഥയിൽ അങ്ങോട്ടേക്കുള്ള തിരിച്ചു പോക്ക് എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ല.... കൗമാരത്തിലേക്കുള്ള തിരിച്ചു പോക്ക് പലപ്പോഴും സാധ്യമാകാറില്ല. അങ്ങനെ വരുമ്പോൾ ആണ് മേല്പറഞ്ഞ മരുന്ന് സഹായകമാകുന്നത്. ഏറ്റവും പ്രിയപ്പെട്ട 2005 മുതൽ 2009 വരെയുള്ള കാലഘട്ടത്തിലെ സിനിമകളാണ് ആ പറഞ്ഞ മെഡിസിനുകൾ.

2005 കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഉദയനാണ് താരം,അച്ചുവിന്റെ അമ്മ,തൊമ്മനും മക്കളും കൊച്ചിരാജാവ്,ചന്ദ്രോത്സവം,ബെൻ ജോൺസൺ, രാപ്പകൽ,പാണ്ടിപ്പട, ഭരത് ചന്ദ്രൻ ഐ പി എസ്,ചാന്തുപൊട്ട്, നരൻ,അനന്തഭദ്രം,രാജമാണിക്യം,തന്മാത്ര,ചന്ദ്രമുഖി,സച്ചിൻ,അന്ന്യൻ,ഗജിനി, Etc. തുടങ്ങിയ സിനിമകൾ എല്ലാം തന്നെ ഓരോ ഓർമ്മകൾ കൊണ്ട് വന്ന് മുന്നിൽ നിർത്തുന്നവയാണ്. ഇന്നും ഇവയൊക്കെ കാണുമ്പോൾ അല്ലേൽ പാട്ടുകൾ കേൾക്കുമ്പോൾ പലപ്പോഴും ശ്രമിച്ചിട്ട് തിരിച്ചു കൊണ്ടുവരാൻ പറ്റാതെ പോകുന്ന ഓർമ്മകൾ ഞൊടിയിടയിലാണ് കണ്മുന്നിൽ എത്തുക.

2006 ലേക്ക് വന്നാൽ ലക്ഷ്മി, ആര്യ,ലയൺ,ചിന്താമണി കൊലക്കേസ്,രസതന്ത്രം, തുറുപ്പുഗുലാൻ,പച്ചക്കുതിര,വടക്കുംനാഥൻ, നോട്ടം,പ്രജാപതി,അശ്വാരൂഢൻ,ചെസ്സ്,കീർത്തിചക്ര,മഹാസമുദ്രം, ക്ലാസ്സ്‌മേറ്റ്സ്,ദി ഡോൺ, പോത്തൻവാവ, ഫോട്ടോഗ്രാഫർ,ബഡാദോസ്ത്,ചക്കരമുത്ത്, വാസ്തവം, യെസ് യുവർ ഹോണർ,കറുത്ത പക്ഷികൾ,ബാബാകല്യാണി, നോട്ട്ബുക്ക്‌,ചിത്തിരം പേസുതേടി,വേട്ടയാട് വിളയാട്,സില്ല്ന് ഒരു കാതൽ,വല്ലവൻ,വെയിൽ,ധൂം2, ഡോൺ,ഫനാ,ഗോൽമാൽ,കഭി അൽവിധ നാ കെഹ്‌ന,കൃഷ്,രംഗ് ദേ ബസന്തി,Etc. തുടങ്ങി ചിത്രങ്ങൾ എല്ലാം തന്നെ ഒരുപാട് ഓർമ്മകളെ തിരിച്ചു കൊണ്ട് വന്ന് തരുന്നവയാണ്.

2007..... ഏറ്റവും പ്രിയപ്പെട്ട.... ഏറ്റവും ആഘോഷമാക്കിയ ദിനങ്ങൾ.... മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞ വർഷം..... പ്രണയാതുരനായി പരിസരം മറന്ന് പ്രേമിച്ചു നടന്ന സമയം..... സഹപാഠികൾക്കൊപ്പം ജീവിതം ഏറ്റവും ആഘോഷമാക്കി കൊണ്ട് നടന്ന സമയം. സിനിമയും, ക്രിക്കറ്റും, പ്രണയവും, സൗഹൃദവുമെല്ലാം ജീവിതത്തെ അതിമനോഹരമായി നയിച്ച വർഷം.

ഹലോ, ഛോട്ടാമുംബൈ,ചോക്ലേറ്റ്, മായാവി, ബിഗ്ബി, വിനോദയാത്ര,കൈയ്യൊപ്പ്, ഇൻസ്പെക്ടർ ഗരുഡ്,രാക്കിളിപ്പാട്ട്,സ്പീഡ് ട്രാക്ക്,പന്തയക്കോഴി,ഗോൾ,പ്രണയകാലം,ജൂലൈ 4, അറബിക്കഥ,നാദിയ കൊല്ലപ്പെട്ട രാത്രി,അലിഭായ്, നിവേദ്യം,ഒരേ കടൽ, പരദേശി,നസ്രാണി,റോക്ക് ൻ റോൾ,റോമിയോ, കഥ പറയുമ്പോൾ,ഹാപ്പി ബീ ഹാപ്പി,ഹാപ്പി ഡേയ്‌സ്,പോക്കിരി,താമിരഭരണി,ദീപാവലി,മൊഴി, പരുത്തിവീരൻ,ചെന്നൈ 600028,ശിവാജി,വേൽ,ബില്ല,ചക്ക്ദേ ഇന്ത്യ,ഗുരു,ഓം ശാന്തി ഓം,സാവരിയാ,താരെ സമീൻ പർ,Etc. ഒരുപാട് പ്രിയപ്പെട്ട സിനിമകൾ ഇറങ്ങിയ വർഷം.

പ്രത്യേകിച്ച് ഹലോ,ഛോട്ടാമുംബൈ, ചോക്ലേറ്റ്, മായാവി, ജൂലൈ4,ചക്ക്ദേ ഇന്ത്യ,ഹാപ്പിഡേയ്‌സ് തുടങ്ങിയ സിനിമകളെല്ലാം ഇപ്പൊ കാണുമ്പോഴും കിട്ടുന്ന ഒരു ഫീൽ ഉണ്ട്. സിനിമയോടുള്ള ഇഷ്ടം എന്നതിലുപരി ആ കാലത്തോടുള്ള അടുപ്പമാണ് മുന്നിൽ നിൽക്കുക. പ്രണയകാലത്തിലെ ഒരു വേനൽ പുഴയിൽ തെളിനീരിൽ എന്നുള്ള ഒരൊറ്റ ഗാനം മതി ഒരു സെക്കന്റ് കൊണ്ട് ഹൈസ്കൂൾ വിദ്യാർത്ഥിയായി മാറാൻ. അത്രയേറെ ജീവിതത്തിൽ ആ വർഷം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹലോ, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ അത്രയേറെ മധുരമുള്ള ഓർമ്മകളാണ് തിരികെ കൊണ്ട് തരാറുള്ളത്. ചെല്ലത്താമാരേ, ഇഷ്ടമല്ലേ തുടങ്ങിയ പാട്ടുകൾ ഒക്കെ എപ്പോ കേട്ടാലും ഏത് തരം മോശം മാനസികാവസ്ഥയേയും പെട്ടന്ന് ആട്ടിയകറ്റും അവ. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു തരം അനുഭൂതിയാണത്.

2008.... ഇത്രേം കാലം കണ്ട സിനിമകളിൽ തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ചിത്രം പിറന്ന വർഷം..... ട്വന്റി ട്വന്റി. ഒരു മോഹൻലാൽ ആരാധകനായ ഞാൻ വീട്ടിലും നാട്ടിലും, സ്കൂളിലും തുടങ്ങി സകല സ്ഥലത്തും ആറാടിയ ഒരു സമയമായിരുന്നത്. അതുപോലെ രൗദ്രം,കൽക്കട്ട ന്യൂസ്‌, സൈക്കിൾ,ഇന്നത്തെ ചിന്താവിഷയം, അണ്ണൻതമ്പി,മുല്ല,മാടമ്പി,വെറുതെ ഒരു ഭാര്യ,കുരുക്ഷേത്ര, മായാബസാർ,ക്രേസി ഗോപാലൻ,കൃഷ്ണ,ലോലിപോപ്പ്,ഭീമ,അഞ്ചാതെ,യാരടി നീ മോഹിനി,സന്തോഷ്‌ സുബ്രഹ്മണ്യം,ദശാവതാരം,സുബ്രഹ്മണ്യപുരം,സരോജ,കാതലിൽ വിഴുന്തേൻ,വാരണം ആയിരം,ജോദാ അക്ബർ,സിംഗ് ഈസ് കിംഗ്,ബച്ച്നാ ഏ ഹസീനോ,ദോസ്താന,രബ്നേ ബനാദി ജോഡി, Etc തുടങ്ങിയ അനേകം നല്ല ഓർമ്മകൾ തരുന്ന സിനിമകൾ.

2009..... വസന്തകാലത്തിന്റെ ക്ലൈമാക്സ്‌..... ആഘോഷമാക്കി നടന്ന കാലത്തിന്റെ ക്ലൈമാക്സ്‌ ഇവിടെയാണ്.... 2009-ലെ പന്ത്രണ്ട് മാസങ്ങൾ ആയിരുന്നിരിക്കണം ജീവിതത്തിൽ സന്തോഷം മാത്രം നിറഞ്ഞു നിന്ന ആ മനോഹര കാലത്തിന്റെ ക്ലൈമാക്സ്‌ ദിനങ്ങൾ.

മകന്റെ അച്ഛൻ, ലവ് ഇൻ സിംഗപ്പൂർ,റെഡ് ചില്ലീസ്,സാഗർ ഏലിയാസ് ജാക്കി,2 ഹരിഹർ നഗർ,ബനാറസ്,ഭാഗ്യദേവത,പാസഞ്ചർ, ഇവർ വിവാഹിതരായാൽ,ഭ്രമരം,പുതിയമുഖം,റോബിൻ ഹുഡ്, കേരള വർമ്മ പഴശ്ശിരാജ,നീലത്താമര,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ഇവിടം സ്വർഗമാണ്, ചട്ടമ്പിനാട്,അയൻ,നാടോടികൾ,ആദവൻ,വേട്ടയ്ക്കാരൻ,ലവ് ആജ് കൽ,വേക്ക് അപ്പ് സിദ്,3 ഇഡിയറ്റ്സ്, Etc. തുടങ്ങി കുറേയേറെ സിനിമകൾ നല്ല ഓർമ്മകൾ സമ്മാനിക്കുന്നവയാണ്.

ഹയർസെക്കന്ററി വിദ്യാഭ്യാസ കാലം മുതൽ ജീവിതത്തിലെ കയ്പ്പുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത് കൊണ്ട് തന്നെ അന്ന് മുതലുള്ള ലൈഫ് മേല്പറഞ്ഞ രീതിയിൽ ആഘോഷമാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ 2005 മുതൽ 2009 വരെയുള്ള കാലഘട്ടം എന്നെ സംബന്ധിച്ച് സുവർണ കാലഘട്ടമാണ്. വസന്തകാലം കഴിഞ്ഞ് ഇലകളും പൂക്കളും കൊഴിഞ്ഞ് ഉണങ്ങിയ ചില്ലകൾ മാത്രമായി മറ്റൊരു വസന്തകാലത്തിന് കാത്തിരിക്കുന്ന വൃക്ഷങ്ങളെപ്പോലെയുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നീടങ്ങോട്ട്.

സിനിമകളോടുള്ള പ്രണയം കൊണ്ട് എന്ത് കിട്ടി എന്ന് ചോദിക്കുന്നവരോട് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സൗഹൃദങ്ങളെ കാണിച്ചായിരുന്നു ഞാൻ മറുപടി കൊടുത്തിരുന്നത്. ഇത്രത്തോളം ഞാൻ സിനിമയെ പ്രണയിക്കുമ്പോൾ അതും തിരിച്ച് ഒന്നും തരാതെ ഇരിക്കില്ലല്ലോ.... സൗഹൃദങ്ങൾക്ക് ഒപ്പം തന്നെ അവ പലപ്പോഴായി എനിക്ക് കൊണ്ട് വന്ന് തരുന്ന സന്തോഷമാണ് ഈ അതിമനോഹര ഓർമ്മകൾ. ഇന്നിന്റെ പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാൻ വേണ്ടി ഇന്നലെകളെ തിരികെ കൊണ്ട് വരാൻ പെടാപ്പാട് പെട്ട് പരാജയപ്പെടുന്ന എന്റെ മുന്നിലേക്ക് ഒരു പാട്ടിന്റെ രൂപത്തിലോ അല്ലേൽ ഒരു രംഗത്തിന്റെ രൂപത്തിലോ കടന്നു വന്ന് ഞൊടിയിടയിൽ കഴിഞ്ഞു പോയ കാലങ്ങളെ കണ്മുന്നിൽ പ്രത്യക്ഷപ്പെടുത്തി ആശ്വാസം പകരുന്ന ഒരു മാജിക് കൂടെയാണ് സിനിമ.

ജീവിതത്തിന്റെ എല്ലാ നല്ല സമയങ്ങളിലും അറിഞ്ഞോ അറിയാതെയോ ഭാഗമായിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണ്. ഗൃഹാതുരത്വം മുതൽ എല്ലാത്തിലും സിനിമ ഭാഗമാണ്. അതുകൊണ്ട് ഒക്കെ തന്നെയാണ് സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നതും.

-വൈശാഖ്.കെ.എം
എല്ലാത്തിലും ഭാഗമാകുന്ന സിനിമ എല്ലാത്തിലും ഭാഗമാകുന്ന സിനിമ Reviewed by on 07:31 Rating: 5

No comments:

Powered by Blogger.