പാച്ചുവും അത്ഭുതവിളക്കും

  സമീപ കാലത്ത് ആസ്വദിച്ചു കണ്ട മലയാള സിനിമകൾ തന്നെ കുറവാണ് അപ്പൊ ആലോചിക്കാമല്ലോ ഏറെ ആസ്വദിച്ചു കണ്ട സിനിമകൾ അതിലും വിരളമായിരിക്കുമെന്ന്. അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു അനുഭവമാണ് എന്നെ സംബന്ധിച്ച് പാച്ചുവും അത്ഭുതവിളക്കും. ഈ അടുത്ത കാലത്ത് ഏറെ ആസ്വദിച്ചു കണ്ട സിനിമ എന്ന് മാത്രമല്ല പൂർണ സംതൃപ്തി നൽകിയ മനസ്സിനെ അത്രമേൽ ശാന്തമാക്കിയ ഒരു ദിവസം മനോഹരമാക്കിയ അതിമനോഹര സിനിമ അല്ലേൽ അതിഗംഭീര സിനിമ എന്നൊരു ടാഗ് കൂടെ ഞാൻ പാച്ചുവും അത്ഭുതവിളക്കിനും നൽകും.

നമുക്ക് അത്രമേൽ പരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തിലൂടെ കഥ പറഞ്ഞു പോകുന്ന പിന്നീട് പരിചതമായ പശ്ചാത്തലത്തിലേക്ക് പുതിയ രീതിയിൽ പറിച്ചു നടുന്ന ഒരു ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ഒന്നൂടെ വ്യക്തമാക്കിയാൽ ഒരു ഫ്രഷ്നെസ്സ് ഉള്ള പശ്ചാത്തലമെന്ന് സാരം.

സിറ്റുവേഷണൽ കോമഡികളാൽ സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യപകുതി മനവും പരിസരവും മറന്ന് ആസ്വദിച്ചു ചിരിച്ച രംഗങ്ങളാണ് ആദ്യപകുതി മുഴുവനും. എല്ലാ തമാശകളും വർക്ക് ആയി എന്നത് വലിയൊരു കാര്യമാണ്. രണ്ടാം പകുതി അല്പം ഇമോഷണൽ ആയാണ് ചിത്രം കഥ പറയുന്നത്. അത് പക്ഷേ പലരും വിചാരിക്കുന്നത് പോലെ സെന്റി സീനുകളാൽ സമ്പന്നമൊന്നുമല്ല പ്രേക്ഷകർക്ക് അത്രമേൽ കണക്ട് ആവുന്ന അല്ലേൽ ഹൃദയത്തിൽ തൊടുന്ന രീതിയിലാണ് ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുന്നത്. ഓരോ സംഭാഷണങ്ങൾക്കും അത്രമേൽ ശക്തിയുണ്ട്.

നവാഗതനായ Akhil Sathyan ഇരുത്തം വന്നൊരു സംവിധായകനെന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരിക്കലും ഒരു പുതുമുഖ സംവിധായകനാണ് അഖിൽ എന്ന് ചിത്രം കണ്ടാൽ പറയില്ല അത്രയ്ക്ക് ഗംഭീരമാണ് മേക്കിങ്‌. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചനയും,എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്. എന്ത് മനോഹരമായ രീതിയിലാണ് അഖിൽ ചിത്രത്തിന് പേന ചലിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളുടെയൊക്കെ ക്വാളിറ്റി എടുത്ത് പറയേണ്ടതാണ്. ഒപ്പം മൂന്ന് മണിക്കൂറിനടുത്തുള്ള ചിത്രത്തെ ഒരു തരത്തിലും ബോർ അടിപ്പിക്കാതെ അതിമനോഹരമായി അഖിൽ കൂട്ടി ചേർത്ത് വെച്ചിട്ടുണ്ട്. എഡിറ്റിങ് മികവ് ചിത്രത്തിന് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.

ശരൺ വേലായുധന്റെ ഫ്രേമുകളും അതിമനോഹരമാണ് ഗോവയുടേയും മുംബൈയുടേയുമെല്ലാം സൗന്ദര്യം ശരൺ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.

ജസ്റ്റിൻ പ്രഭാകരന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അതിമനോഹരമായ ഗാനങ്ങളും ചിത്രത്തോട് ഏറെ ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതവും ഒരുക്കി കൊണ്ട് ജസ്റ്റിൻ തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

Manu Manjith ന്റെ വരികളും ഏറെ ഇഷ്ടപ്പെട്ടവയാണ്. "നിൻ കൂടെ ഞാനില്ലയോ" എന്ന ഗാനം തിയ്യേറ്ററീന്ന് വിടാതെ കൂടെ കൂടിയ ഒന്നാണ്.

അഭിനേതാക്കളിലേക്ക് വന്നാൽ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് അവരാണ്. പരസ്പരമുള്ള അഭിനേതാക്കളുടെ മത്സരമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. Fahadh Faasil പ്രശാന്ത് അഥവാ പാച്ചു എന്ന ടൈറ്റിൽ റോൾ മികവുറ്റതാക്കിയപ്പോൾ നായിക Anjana Jayaprakash അഭിനേതാക്കളിൽ എല്ലാവർക്കും ഒരുപടി മുൻപിൽ പ്രകടനം കാഴ്ചവെച്ചു കൊണ്ട് അത്ഭുതപ്പെടുത്തി. എന്ത് മനോഹരമായാണ് ഹംസധ്വനി എന്ന കഥാപാത്രത്തെ അവര് അവതരിപ്പിച്ചത്. ഇമോഷണൽ സീനുകളെല്ലാം യാന്ത്രികമായി കൈയ്യടിച്ചു പോകും വിധമാണ് അവതരിപ്പിച്ചിട്ടുള്ളത് ശരിക്കും ഞെട്ടിച്ച പ്രകടനം. ആ കഥാപാത്രത്തോട് ഒരു പ്രണയം തോന്നത്തക്ക വിധത്തിലുള്ള ഗംഭീര പ്രകടനം.

പ്രകടനം കൊണ്ട് ഞെട്ടിച്ച മറ്റൊരാൾ വിജി വെങ്കടേഷാണ്. ലൈല എന്ന കഥാപാത്രമായി ഗംഭീരമായാണ് അവര് പെർഫോം ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ മർമ്മപ്രധാനമായ രംഗങ്ങളിലെ അവരുടെ പെർഫോമൻസ് എടുത്ത് പറയേണ്ട ഒന്നാണ്.

നിധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധ്വനി, മുകേഷ്, അൽത്താഫ് സലിം, ഇന്നസെന്റ്, ശാന്തി കൃഷ്ണ, അഭിറാം രാധാകൃഷ്ണൻ, ഇന്നസെന്റ്, ഗോവിന്ദ്, Vineeth Radhakrishnan തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളെല്ലാം തന്നെ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയവരാണ്.

ചിത്രത്തിന്റെ കഥാപാശ്ചാത്തലം പോലെ തന്നെ ഏറെ ഫ്രഷ് ആയ ഒന്നാണ് കാസ്റ്റിങ്. കാസ്റ്റിംഗ് പൂർത്തിയായപ്പോൾ തന്നെ അഖിൽ പാതി വിജയിച്ചു എന്ന് പറയാം. അത്രയ്ക്ക് പെർഫെക്ട് ആയിരുന്നു ഓരോ വേഷങ്ങളിലേക്കും അഖിൽ തിരഞ്ഞെടുത്തവർ.

പാച്ചുവും അത്ഭുത വിളക്കും നർമ്മത്തിൽ ചാലിച്ച് കഥ പറഞ്ഞ് ഇമോഷണൽ ആക്കുന്ന എന്നാൽ കഥാന്ത്യത്തിൽ പുഞ്ചിരിയുമായി തിയ്യേറ്റർ വിടാൻ സാധിക്കുന്ന ഒരു ചിത്രമാണ്. ഒരു തമാശ സിനിമയാണോ എന്ന് ചോദിച്ചാൽ അതെ, ഇമോഷണൽ മൂവി ആണോ എന്ന് ചോദിച്ചാൽ അതെ. ഒരു ഫീൽഗുഡ് ചിത്രമാണോ എന്ന് ചോദിച്ചാൽ അതെ. ഒരു ജോണറിൽ ഈ സിനിമയെ തളച്ചിടാൻ താല്പര്യമില്ല കാരണം അങ്ങനെയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്. 

പാച്ചു ഏച്ചു കെട്ടൽ ഇല്ലാത്ത രീതിയിൽ ഒട്ടും ഡ്രാമാറ്റിക്ക് അല്ലാതെ കഥ പറയുന്ന ഒരു സ്ത്രീപക്ഷ സിനിമ കൂടെയാണ്. ഫെമിനിസം പറയുന്ന അല്ലേൽ സ്ത്രീപക്ഷ സിനിമകൾ എന്ന് അവകാശ വാദവുമായി വരുന്ന പല ചിത്രങ്ങളിലും അത്തരം സീനുകളും സംഭാഷണങ്ങളും കഥയുമായി ചേർന്ന് പോകാതെ അതിന് വേണ്ടി മാത്രം എടുത്ത് വെച്ചൊരു കല്ലുകടി ഫീൽ ആണ് തരാറുള്ളത് അവിടെ പാച്ചു തികച്ചും വ്യത്യസ്തമാണ്. കഥയോട് ചേർന്ന് ഒട്ടും ഏച്ചു കെട്ടൽ ഇല്ലാതെ തന്നെ അത്തരം കാര്യങ്ങൾ ചിത്രം മനോഹരമായി സംസാരിക്കുന്നുണ്ട്. ഒപ്പം അതിമനോഹരമായാണ് ഇമോഷണൽ സീനുകൾ എല്ലാം പറഞ്ഞു പോകുന്നത് നന്നായി പ്രേക്ഷകർക്ക് കണക്ട് ആവുന്ന തരത്തിലാണ് തമാശ ആയാലും മറ്റുള്ള രംഗങ്ങൾ ആയാലും എടുത്തിരിക്കുന്നത്. ഫീൽഗുഡ് എന്ന് പറഞ്ഞു പുട്ടിന് പീരയെന്നോണം വരുന്ന ചിത്രങ്ങളെപ്പോലെയല്ല ഇതിന് ശക്തമായ കാതൽ ഉണ്ട്. റിയലസ്റ്റിക്ക് ആയും സിനിമാറ്റിക്ക് ആയുമെല്ലാം അത് വളരെ ആഴത്തിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്.

പാച്ചുവും അത്ഭുതവിളക്കും അഖിൽ സത്യന്റെ ഒരു ഗംഭീര തുടക്കമാണ് പ്രേക്ഷകന്റെ പൾസ് അറിയുന്ന ഒരു സംവിധായകനാണ് അഖിൽ. വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഇപ്പൊ നല്ല പ്രതീക്ഷയുണ്ട്.

പാച്ചുവും അത്ഭുതവിളക്കും എന്നെ സംബന്ധിച്ച് ഏറെ ആസ്വദിച്ചു കണ്ട.... മതിമറന്ന് ചിരിച്ച.... അല്പം ചിന്തിപ്പിച്ച.... ഒരുപാട് സന്തോഷം പകർന്നു നൽകിയ.... ഏറെ മോട്ടിവേറ്റ് ചെയ്ത.... ഹൃദയത്തിൽ തൊട്ട..... ഒരു അതിമനോഹര ചലച്ചിത്രമാണ്. ഈ മേഡ് മൈ ഡേ എന്നൊക്കെ പറയുന്നത് പോലെ എന്റെ ഒരു സാധാരണ ദിവസം ധന്യമാക്കിയ കെട്ടുറപ്പുള്ള ഒരു അതിഗംഭീര സിനിമ. ഇത്തരമൊരു അതിമനോഹരമായ അനുഭവം ഒരുക്കി തന്ന അഖിലിനും കൂട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത്രയും മികച്ചൊരു സിനിമയൊരുക്കിയ അണിയറപ്രവർത്തകരോട് ഒരു അപേക്ഷയുണ്ട്.... വളരെ റെയർ ആയിട്ടാണ് ഇപ്പൊ മലയാളത്തിൽ ഒരു നല്ല സിനിമ വരുന്നത് തിയ്യേറ്ററിൽ നിന്നും അകന്ന് നിൽക്കുന്ന കുടുംബപ്രേക്ഷകരെ തിരികെ കൊണ്ട് വരാൻ ത്രാണിയുള്ള അവര് തീർച്ചയായും ഏറ്റെടുത്ത് വലിയ വിജയമാക്കുമെന്ന് ഉറപ്പുള്ള ഈ സിനിമ റിലീസ് ചെയ്തത് പലർക്കും അറിയില്ല എന്നത് വളരെ സങ്കടകരമായ ഒരു വസ്തുതയാണ്. സംവിധായകന്റെ നാല് ഇന്റർവ്യൂ ഒഴിച്ചാൽ പ്രമോഷൻ എന്ന് പറയുന്ന ഒന്നും തന്നെ കാണാത്തത് വലിയ സങ്കടകരമായ കാര്യമാണ്. ഇന്നത്തെ കാലത്ത് പ്രമോഷന്റെ പങ്ക് എത്രത്തോളം വലുതാണ് എന്നുള്ളത് മറ്റുള്ളവർ പറഞ്ഞിട്ട് വേണ്ട നിങ്ങൾക്ക് അറിയാൻ എന്ന് വിചാരിക്കുന്നു. ദയവ് ചെയ്ത് ഇത്തരം ചിത്രങ്ങളുടെയൊക്കെ വിവരങ്ങൾ മാക്സിമം ആളുകളിലേക്ക് എത്തിക്കൂ. ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞാൽ ഒ ടി ടി റിലീസ് വരുന്ന ഈ കാലത്ത് മൗത്ത് പബ്ലിസിറ്റി മാത്രം പ്രതീക്ഷിച്ച് ഇരിക്കരുത് എന്ന് അപേക്ഷിക്കുന്നു.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
പാച്ചുവും അത്ഭുതവിളക്കും പാച്ചുവും അത്ഭുതവിളക്കും Reviewed by on 05:00 Rating: 5

No comments:

Powered by Blogger.