പൊന്നിയിൻ സെൽവൻ 2
പ്രായമാകുന്തോറും വീര്യം കൂടുന്ന ഒരു പറ്റം കലാകാരന്മാർ ഒരുമിച്ചപ്പോൾ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിന്റെ രണ്ടാം ഭാഗം ഒരു സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടിയായി മാറി.
മണിരത്നം എന്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ അതികായരിൽ ഒരാളായി നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ് ഗംഭീരമാണ് രണ്ടാം ഭാഗം എന്നതാണ് PS 2 വിന്റെ ആദ്യത്തെ പ്രത്യേകത. വലിയ ഹൈ മൊമന്റ്സ് ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രം പക്ഷേ ഭയങ്കര എൻഗേജിങ് ആയി കഥ പറയുന്നുണ്ട്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചിത്രം മുന്നോട്ട് പോകുന്നുണ്ട്. മണിരത്നത്തിന്റെ മേക്കിങ് മികവ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
രവി വർമ്മന്റെ ഛായാഗ്രഹണം പൊന്നിയിൻ സെൽവനെ ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് ആക്കി മാറ്റുന്നുണ്ട്. ചിത്രത്തിന്റെ ഏതൊരു രംഗം സ്‌ക്രീൻ ഷോട്ട് എടുത്താലും അത് അത്രമേൽ മനോഹരമായിരിക്കും എന്ന് സാരം.
സംഗീതം കൊണ്ട് മായാജാലം തീർക്കുന്ന ഏ. ആർ. റഹ്മാന്റെ സമീപകാലത്തെ ഏറ്റവും മികച്ച വർക്ക് ആണ് പൊന്നിയിൻ സെൽവൻ 2. പശ്ചാത്തല സംഗീതം സിനിമയിലുടനീളം തരുന്നൊരു രോമാഞ്ചമുണ്ട്, വല്ലാത്തൊരു ഫീൽ ആയിരുന്നത്. ഗാനങ്ങളും അതിമനോഹരം.
ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മികവ് മൂന്ന് മണിക്കൂറിനടുത്തുള്ള ചിത്രത്തെ ചടുലമാക്കി നിർത്തുന്നു എന്ന് മാത്രമല്ല അനേകം കഥാപാത്രങ്ങളുള്ള,പ്രേക്ഷകർക്ക് ഏറെ ആശയക്കുഴപ്പങ്ങൾ വരാൻ സാധ്യതയുള്ള ചിത്രത്തെ യാതൊരു സംശയവും വരാത്ത തരത്തിൽ ഷാർപ്പ് ആയി കൂട്ടി ചേർത്ത് വെച്ചിട്ടുണ്ട്.
എടുത്ത് പറയേണ്ട മറ്റൊരു വിഭാഗം ആർട്ട് ആണ്. ഓരോ സെറ്റുകളും അത്രമേൽ ഗംഭീരമായിരുന്നു. ബ്രഹ്മാണ്ഡവും അതോടൊപ്പം അതിമനോഹരവുമായ കാഴ്ചകൾ.
അണിയറ വിട്ട് അരങ്ങിലേക്ക് വന്നാൽ അധിത്ത കരികാലനും നന്ദിനിയുമായിരുന്നു പ്രകടനം കൊണ്ട് ഞെട്ടിച്ചത്. വിക്രവും ഐശ്വര്യ റായിയും തമ്മിലുള്ള മത്സരിച്ചുള്ള അഭിനയം തന്നെയാണ് അരങ്ങിൽ ഏറ്റവും മികച്ചു നിന്നത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ അത്രയ്ക്ക് ഗംഭീരമായിരുന്നു. കാർത്തി, തൃഷ, ജയം രവി, ജയറാം, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, പ്രകാശ് രാജ്,റഹ്മാൻ, ഐശ്വര്യ ലക്ഷ്മി,ഷോബിത ദുലിപാല തുടങ്ങിയ കഥാപാത്രങ്ങളെല്ലാം തന്നെ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചെങ്കിലും വിക്രത്തിനും , ഐശ്വര്യ റായ്ക്കും മുൻപിൽ അവയുടെ തിളക്കം അല്പം കുറഞ്ഞു എന്ന് തന്നെ പറയാം. കാരണം ഇരുവരും അത്രമേൽ ഗംഭീരമായാണ് അവരുടെ കഥാപാത്രങ്ങളെ പകർന്നാടിയത്.
ആദ്യത്തെ പതിനഞ്ച് മിനുട്ട് കൊണ്ട് തന്നെ മണിരത്നം പ്രേക്ഷകനെ തന്റെ മായാലോകത്തിൽ തളച്ചിടുന്നുണ്ട്. ചിത്രത്തിന്റെ ആദ്യത്തെ പതിനഞ്ച് മിനുട്ട് മറ്റൊരു തലത്തിലുള്ള മേക്കിങ് ആയിരുന്നു. പ്രണയ രംഗങ്ങൾ ഒരുക്കാൻ തന്നേക്കാൾ മികച്ചൊരാളില്ല എന്നൂടെ മണിരത്നം പൊന്നിയിൻ സെൽവനിലൂടെയും അടിവരയിട്ട് പറയുന്നുണ്ട്.
മണിരത്നവും, രവി വർമ്മനും, ഏ.ആർ.റഹ്മാനും, ശ്രീകർ പ്രസാദും തങ്ങളുടെ ഭാഗം ഏറ്റവും മികച്ചതാക്കാൻ മത്സരിക്കുമ്പോൾ വിക്രവും, ഐശ്വര്യ റായ്യും അടക്കമുള്ള അഭിനേതാക്കളും ആ മത്സരത്തിൽ പങ്കു ചേർന്നപ്പോൾ ലഭിച്ചത് ഒരു ക്ലാസിക് ആണ്. ഇതിഹാസ നോവലിനെ ഗംഭീരമായി തിരശീലയിലേക്ക് പറിച്ചു നട്ട ഒരു ക്ലാസിക്ക്.
പൊന്നിയിൻ സെൽവൻ എന്നെ സംബന്ധിച്ച് ഒരു അതിഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ്. ആദ്യ ഭാഗം കണ്ടപ്പോൾ പറഞ്ഞത് പോലെ തന്നെ പറയുന്നു ഒരു ബാഹുബലി പ്രതീക്ഷിച്ച് അല്ലേൽ ഒരു മാസ്സ് സിനിമ പ്രതീക്ഷിച്ച് ആരും പൊന്നിയിൻ സെൽവനെ സമീപിക്കരുത്. പൊന്നിയിൻ സെൽവൻ അത്തരത്തിൽ ഒരു ചിത്രമല്ല തിയ്യേറ്റർ എക്സ്പീരിയൻസ് മസ്റ്റ് ആയ ഒരു ക്ലാസ്സ് സിനിമയാണ്..... ഒരു വിഷ്വൽ ട്രീറ്റ് ആണ്.
സിനിമ കാണുന്നതിന് മുൻപ് പൊന്നിയിൻ സെൽവൻ എന്ന നോവൽ വായിക്കുന്നത് നന്നായിരിക്കും അറ്റ്ലീസ്റ്റ് കഥാപാത്രങ്ങളെ പറ്റി അറിഞ്ഞു വെക്കുന്നത് എങ്കിലും നന്നായിരിക്കും.
പൊന്നിയിൻ സെൽവൻ എന്നെ സംബന്ധിച്ച് ഒരു ദൃശ്യവിസ്മയം തന്നെയാണ്. ഒരു കൾട്ട് ക്ലാസിക് സിനിമ.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
പൊന്നിയിൻ സെൽവൻ 2
Reviewed by
on
03:16
Rating:
No comments: