ബന്ധങ്ങൾ
ബന്ധങ്ങൾക്ക് ഏറെ വിലകല്പിക്കുന്ന കാലത്ത് നിന്നും വലിയൊരു വിഭാഗം ആളുകളും മാറി തുടങ്ങി എന്നുള്ളത് ഏറെ സങ്കടകരമായ ഒരു വസ്തുതയാണ്. തമ്മിൽ കണ്ടാൽ അല്ലേൽ ഒരു ഒത്തുകൂടൽ വന്നാൽ പരിസരം മറന്ന് ഒരുപാട് സംസാരിച്ചിരുന്ന കാലത്ത് നിന്നും അത് വെറുമൊരു സെൽഫിയിലേക്ക് മാത്രമായി ചുരുങ്ങി പോയിരിക്കുന്നു. ഒത്തുകൂടലുകളിൽ സംസാരത്തെ മൊബൈൽ ഫോണുകൾ കവർന്നെടുത്തു കൊണ്ട് പോയിരിക്കുന്നു. ഇതിലെല്ലാം അപ്പുറം വേദനയുള്ളൊരു കാര്യം പലർക്കും അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ടൂൾ ആയി മാറിയിരിക്കുന്നു മറ്റുള്ളവർ എന്നതാണ്.
ഒരാളെ പരിചയപ്പെട്ടാൽ അല്ലേൽ അയാൾ നമ്മുടെ സൗഹൃദ വലയത്തിലേക്ക് എത്തിച്ചേർന്നാൽ പിന്നെ അയാളും നമ്മുടെ ഫാമിലിയിലെ ഒരു അംഗമാണ്,അങ്ങനെയായിരുന്നു പലർക്കും ഒരു സമയം വരെ സൗഹൃദമടക്കമുള്ള ബന്ധങ്ങൾ, എന്നാൽ ഇന്ന് അതിൽ ഒരുപാട് വ്യത്യാസമുണ്ട്. പണ്ട് ബന്ധങ്ങൾക്ക് ഏറെ ദൃഢതയും കണ്ണെത്താ ദൂരത്തോളം നീളവും ഉണ്ടായിരുന്നു.... എന്നാൽ ഇന്ന് അങ്ങനെയല്ല ദൃഢമല്ലാത്ത രീതിയിൽ വളരെ കുറച്ച് കാലത്തേക്ക് മാത്രമുള്ള ഒന്നായി മാറിയിട്ടുണ്ട് പല ബന്ധങ്ങളും. സ്വന്തം കാര്യം നേടാൻ മാത്രം ആ ബന്ധത്തെ ഉപയോഗിക്കുന്നവരാണ് ഏറെയും. ഒരു പ്രത്യേക സമയത്ത് പലർക്കും ചില കൂട്ടുകൾ വേണം ആ സമയം കഴിഞ്ഞാൽ പിന്നെ ആ സൗഹൃദത്തിന് അല്ലേൽ ആ ബന്ധത്തിന് സ്ഥാനം ചവറ്റു കൊട്ടയാണ് അത് ഇന്നത്തെ കാലത്തെ ടെക്നോളജിയെ തന്നെ ഉദാഹരണമായി എടുത്താൽ നിരന്തരം വരുന്ന മെസ്സേജുകൾ ഇല്ലാതാവുക എന്നതാണ് അതിലൂടെ തന്നെയാണ് ഏറ്റവും ലളിതമായി ആ കാര്യത്തെ വിശേഷിപ്പിക്കാൻ പറ്റുന്നത്.
ഒന്നൂടെ വ്യക്തമാക്കി പറഞ്ഞാൽ ബന്ധങ്ങൾക്ക് കളിപ്പാവയുടെ അവസ്ഥയാണെന്ന് സാരം ആവശ്യം കഴിഞ്ഞാൽ അല്ലേൽ പുതുമ നഷ്ടപ്പെട്ടാൽ എവിടെയേലും ഇട്ടിട്ട് പോകുന്ന കളിപ്പാവയുടെ അവസ്ഥ. വലിയ രീതിയിൽ കൊണ്ടാടിക്കൊണ്ട് ആ ബന്ധത്തെ ആഘോഷമാക്കും, ആ ആഘോഷത്തിന്റെ വ്യാപ്തി ഒരുപക്ഷേ ദിവസങ്ങൾ മാത്രമായിരിക്കും. ഒരു ഭാഗത്ത് ഉള്ളവർ ആ ബന്ധത്തിന് ജീവിതത്തിൽ വലിയ സ്ഥാനം നൽകുമ്പോൾ മറ്റേ അറ്റത്ത് ഉള്ളവർക്ക് അത് വെറുമൊരു ടൂൾ ആയിരിക്കും വലിയ ആഴത്തിൽ ആ ബന്ധത്തെ കാണുന്ന ആ ഒരു ഭാഗം ആവശ്യം കഴിഞ്ഞ് മറ്റേ ഭാഗം ആ ടൂൾ ഒഴിവാക്കുമ്പോൾ ഏറെ വേദനയോടെ തിരിച്ചറിയും ഞാൻ ഉപയോഗിക്കപ്പെട്ട് ഒഴിവാക്കപ്പെട്ട ഒരു ആയുധം മാത്രമായിരുന്നു എന്ന്. എന്തായിരുന്നു ഞാൻ അങ്ങേ തലക്കലുള്ള ആൾക്ക് ജീവിതത്തിൽ നൽകിയ സ്ഥാനം എന്ന് ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേദന വളരെ വലുതായിരിക്കും.
ഇത്തരത്തിലാണ് ഇപ്പൊ പല ബന്ധങ്ങളും എന്നത് വളരെ വേദനയുള്ള വാസ്തവമാണ്. ബന്ധങ്ങളുടെ വിലയൊക്കെ ഒരു കടലാസ് കഷ്ണത്തോളം കട്ടി കുറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ ഉപയോഗിക്കപ്പെടാൻ നിന്ന് കൊടുക്കാതിരിക്കുക എന്നത് മാത്രമാണ് ഒരു വിഭാഗത്തിന് ചെയ്യാനുള്ളത് പക്ഷേ ബന്ധങ്ങൾക്ക് വലിയ വില നൽകുന്ന പലർക്കും അത് തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് പ്രശ്നം. അല്ലേൽ അത്തരത്തിൽ മാറ്റി നിർത്താൻ സാധിക്കില്ല എന്ന് പറയാം.
നിങ്ങളുടെ സൗഹൃദത്തിന് അല്ലേൽ ബന്ധത്തിന് വില നൽകുന്ന ആളുകളെ അവഗണിക്കാതിരിക്കുക എന്നത് വലിയ കാര്യമാണ്. സംസാരിക്കുക പരസ്പരം കാണുമ്പോഴും ഒത്തുകൂടുമ്പോഴുമെല്ലാം ഉള്ളു തുറന്ന് ഏറെ നേരം സംസാരിക്കുക ഒപ്പം നല്ല ഒരു കേൾവിക്കാരനാകുക..... ഇത്രയൊക്കെ ചെയ്‌താൽ തന്നെ പകുതി കാര്യങ്ങൾ ഓക്കേയാണ്.
ബന്ധങ്ങൾക്ക് വില നൽകുക ആവശ്യം കഴിഞ്ഞാൽ അല്ലേൽ പുതുമ നഷ്ടപ്പെട്ടാൽ വലിച്ചെറിയുന്ന ഒന്നാവരുത് സൗഹൃദമടക്കമുള്ള ബന്ധങ്ങൾ. എന്ന് വെച്ച് ടോക്സിക് ആയിട്ടുള്ള ബന്ധങ്ങളെ കൂടെ കൊണ്ട് നടക്കുകയും അരുത്.
കൊട്ടിഘോഷിച്ച് ആരംഭിക്കുന്ന സൗഹൃദമടക്കമുള്ള പല ബന്ധങ്ങളും മേല്പറഞ്ഞത് പോലെ ആവശ്യത്തിന് വേണ്ടി മാത്രമുള്ള ഒരു ടൂൾ ആക്കി പിന്നീട് ഉപേക്ഷിക്കുന്ന കാഴ്ച കണ്മുന്നിൽ അടക്കം ഒരുപാട് കാണുന്നത് കൊണ്ട് ഇതേ പറ്റി എഴുതണമെന്ന് തോന്നി.
-വൈശാഖ്.കെ.എം
ബന്ധങ്ങൾ
Reviewed by
on
02:50
Rating:

No comments: