നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

  കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു അതുല്യ പ്രതിഭയായിരുന്നു പി.പത്മരാജൻ, പെരുവഴിയമ്പലം മുതൽ ഞാൻ ഗന്ധർവ്വൻ വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഈ കാര്യത്തിൽ ഉദാഹരണമായി എടുക്കാം.

പ്രണയം പത്മരാജനോളം മികവിൽ സിനിമയിലൂടെ സംസാരിക്കാൻ മലയാളത്തിൽ മറ്റാർക്കും സാധിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. മഴയോട് മലയാളികൾക്ക് ഇത്രമേൽ പ്രണയം തോന്നാൻ വലിയൊരു കാരണം പത്മരാജൻ സിനിമകളാണ്. തന്റെ സിനിമയിൽ ഭാഗമാകുന്ന ഒരു കരിങ്കൽ കഷ്ണത്തിന് പോലും ജീവൻ തോന്നിപ്പിക്കുന്ന ഒരു പ്രത്യേക മാജിക് പത്മരാജന്റെ രചനക്കുണ്ടായിരുന്നു.

ക്ലാരയും ജയകൃഷ്ണനും തൂവാനത്തുമ്പികളായി ഇന്നും പുതുമ നഷ്ടപ്പെടാതെ മലയാളികൾക്കിടയിൽ പാറിപ്പറന്നു നടക്കുന്നുവെങ്കിൽ പത്മരാജന്റെ പേനയുടെ ശക്തി അത്രത്തോളമായിരുന്നു എന്ന് മനസ്സിലാക്കാമല്ലോ. ജയകൃഷ്ണനും ക്ലാരയും,നിമ്മിയും സാലിയും,മായയും,നരേന്ദ്രനും,ശരത്തും തുടങ്ങി ഒരുപാട് പ്രണയാതുരരായ കഥാപാത്രങ്ങളെ പത്മരാജൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ സോളമനും സോഫിയയുമാണ്. പത്മരാജൻ സിനിമകളിൽ ഏറ്റവും പ്രിയം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന എവെർഗ്രീൻ ക്ലാസിക്കിനോടാണ്.

കെ. കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം എന്ന നോവലിനെ പത്മരാജൻ തിരശീലയിലേക്ക് പറിച്ചു നട്ടപ്പോൾ പിറവിയെടുത്ത ഒരു അത്ഭുതമാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. പത്മരാജന്റെ മികച്ച രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജോൺസൺ മാഷിന്റെ അതിമനോഹരമായ സംഗീതവും മോഹൻലാലും ശാരിയും അടക്കമുള്ളവരുടെ അഭിനയ മികവും കൂടെ ചേർന്ന ക്ലാസ്സിക്കിൽ ആ ടാങ്കർ ലോറി പോലും ജീവനുള്ള കഥാപാത്രമാണ്.

സോളമന്റേയും സോഫിയുടേയും പ്രണയം അത്രമേൽ ഹൃദ്യവും മനോഹരവും ദൃഢവുമാണ് അതിന്റെ ഫീൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പത്മരാജന് വേണ്ടി വന്നത് ഒരേയൊരു രംഗം മാത്രമാണ് സോളമൻ സോഫിയയോട് പറയുന്ന ഒരൊറ്റ ഡയലോഗിൽ അവരുടെ പ്രണയത്തിന്റെ കാതൽ എത്രത്തോളമെന്നുള്ളത് കാണുന്നവരിലേക്ക് വ്യക്തമായി പകർന്നു തരാൻ പത്മരാജന് സാധിച്ചു. "ശലോമോന്റെ സോങ് ഓഫ് സോങ്‌സിൽ പറയുന്നത് പോലെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽപ്പോയി മുന്തിരി വള്ളി തളിർത്ത് പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോന്ന് നോക്കാം അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും" ഡയലോഗ് പറയുമ്പോഴുള്ള മോഹൻലാലിന്റെ സൗണ്ട് മോഡുലേഷനും ജോൺസൺ മാഷിന്റെ അതിമനോഹരമായ പശ്ചാത്തല സംഗീതവും കൂടെ ചേർന്നപ്പോൾ ആ രംഗം കാണുന്നവരുടെ മനസ്സിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങി എന്നതാണ് വാസ്തവം. ഒരു സിനിമ മുഴുവൻ കൊണ്ട് പറയാനുദ്ദേശിച്ച പ്രണയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ പെടാപ്പാട് പെടുന്ന കാലമാണ് ഇത്. അപ്പോഴാണ് ഒരാൾ വെറുമൊരു രംഗം കൊണ്ട് അന്നത്തെ കാലത്ത് പ്രേക്ഷകനെ സിനിമയിലേക്ക് അലിയിപ്പിച്ചത്. സോഫിയയുടെ മറുപടിയും അത്രയ്ക്ക് മനസ്സിൽ തട്ടി നിൽക്കുന്ന ഒന്നാണ്. "ഞാനെന്റെ പ്രിയന് വേണ്ടി വാതിൽ തുറന്നു എന്റെ പ്രിയനോ പോയ്കളഞ്ഞിരുന്നു,അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു,ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല,ഞാനവനെ വിളിച്ചു അവൻ ഉത്തരം പറഞ്ഞില്ല,നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു,അവരെന്നെ അടിച്ചു,മുറിവേൽപ്പിച്ചു..... മതിൽകാവൽക്കർ എന്റെ മൂടുപടം എടുത്തു കളഞ്ഞു,ജെറുസലേം പുത്രിമാരേ.... നിങ്ങളെന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമ പരവശയായിരിക്കുന്നുവെന്ന് അവനോട് അറിയിക്കേണം എന്ന് ഞാൻ നിങ്ങളോട് ആണയിടുന്നു." ബൈബിൾ വചനങ്ങളൊക്കെ കൊണ്ട് ഇത്രേം ഫീൽ തരാൻ അദ്ദേഹത്തിന് സാധിച്ചു. 

കന്യകാത്വമാണ് ഒരു പെൺകുട്ടിയുടെ വിശുദ്ധി എന്ന് വിശ്വസിച്ചിരുന്ന കാലത്താണ് ഇത്തരമൊരു പ്രണയകഥകൊണ്ട് പത്മരാജൻ വിപ്ലവം സൃഷ്ടിക്കുന്നത്. മലയാളികളുടെ പല തെറ്റായ ചിന്തകളേയും സദാചാര കുരുക്കളേയുമെല്ലാം അന്നേ പല രീതിയിൽ തന്റെ എഴുത്തുകളിലൂടേയും,സിനിമകളിലൂടേയുംമെല്ലാം പൊളിച്ചെഴുതിയ പത്മരാജൻ വല്ലാത്തൊരു ഇതിഹാസമാണ്. ഇന്നിന്റെ യുവത്വത്തിനിടയിൽ ട്രെൻഡ് ആയിട്ടുള്ള പല വാക്കുകളും അന്ന് തന്റെ സിനിമകളിലൂടെ അദ്ദേഹം പറഞ്ഞു പോയിട്ടുണ്ട് എന്നുള്ളത് മറ്റൊരു അത്ഭുതമാണ്.

സോളമന്റേയും സോഫിയയുടേയും പ്രണയകഥയിലേക്ക് വന്നാൽ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ശരിക്കും ഒരു പ്രചോദനം തന്നെയാണ്. എന്താണ് പ്രണയം എന്നുള്ളത് വളരെ വ്യക്തമായി വരച്ചു കാണിക്കുന്ന പത്മരാജൻ മാജിക്കുകളിൽ ഒന്ന്.

സച്ചിയുടെ വിയോഗം മലയാള സിനിമയ്ക്ക് ഒപ്പം പൃഥ്വിരാജിനും വലിയ നഷ്ടമാണെന്ന് പറയുന്നത് പോലെ തന്നെയാണ് പത്മരാജന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒപ്പം മോഹൻലാലിനും തീരാനഷ്ടമായിരുന്നു. മോഹൻലാലിലെ അഭിനേതാവിനെ അത്രയ്ക്ക് ഉപയോഗിച്ച ഒരാളാണ് പത്മരാജൻ. തൂവാനത്തുമ്പികളും, സീസണും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുമെല്ലാം അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണല്ലോ.

ഇതൊന്നും ഞാൻ പറഞ്ഞിട്ട് വേണ്ട മറ്റുള്ളവർക്ക് അറിയാൻ എന്നുള്ളതിനെ പറ്റി നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയും പത്മരാജനെന്ന അനശ്വര കലാകാരനും എന്നിൽ ചെലുത്തിയ സ്വാധീനം അത്രമേൽ വലുതായത് കൊണ്ട് മാത്രം പറഞ്ഞതാണ് ഇതൊക്കെ. പ്രണയത്തിന്റെ കാര്യത്തിൽ സോളമനും സോഫിയയും മാതൃകകൾ തന്നെയാണ്.

ആന്റണി പൈലോക്കാരനെ അടിച്ചു വീഴ്ത്തി സോഫിയയേയും കൊണ്ട് സോളമൻ ടാങ്കർ ലോറിയിൽ പോകുമ്പോൾ കിട്ടുന്ന ഒരു തരം രോമാഞ്ചമുണ്ട് മാസ്സ് പടങ്ങളിലെ നായകന്മാരുടെ മാസ്സ് സീനുകൾക്ക് പോലും തരാൻ പറ്റാത്ത ഒരു തരം രോമാഞ്ചം. ഒപ്പം വല്ലാത്തൊരു അനുഭൂതിയും സന്തോഷവുമൊക്കെയാണ് ആ ക്ലൈമാക്സ്‌ ഓരോ കാഴ്ചയിലും തന്നുകൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെ വല്ലാത്തൊരു തരം വേർഷൻ ആണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. എത്ര തവണ കണ്ടെന്ന് ഒരു നിശ്ചയവും ഇല്ലാത്ത സിനിമ. ഒരിക്കലും മടുപ്പ് ഉളവാക്കാത്ത ചിത്രം..... ഓരോ കാഴ്ചയിലും ഇഷ്ടം കൂടി കൂടി വരുന്ന ഒരു വിസ്മയം.


മലയാളത്തിന്റെ പപ്പേട്ടനും , ജോൺസൺ മാഷും, മോഹൻലാലും ശാരിയുമെല്ലാം ചേർന്ന് ഒരുക്കിയ ഒരു അതിഗംഭീര പ്രണയകാവ്യം. ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത അത്ഭുതം.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ചോദ്യോത്തര വേളയിൽ ഒരാളോട് തൂവാനത്തുമ്പികളാണോ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളാണോ ഇഷ്ടം എന്നുള്ള ഒരു ചോദ്യം ചോദിച്ചത് മുതൽ സോളമനും സോഫിയയും മനസ്സിൽ വീണ്ടും ഇങ്ങനെ തെളിഞ്ഞു വന്നു കൊണ്ടിരുന്നു (അയാൾക്ക് ഇഷ്ടക്കൂടുതൽ ജയകൃഷ്ണനോടും ക്ലാരയോടും ആയിരുന്നു) അങ്ങനെ ഒരിക്കൽ കൂടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് വീണ്ടും ഒറ്റയിരുപ്പിന് കണ്ട് തീർത്തപ്പോൾ ഓരോ തവണത്തേയും പോലെ ഇത്തവണയും പുതിയ ഓരോ പാഠങ്ങൾ ആണ് ഈ സിനിമ പകർന്നു തന്നത്. ഏറെ ചിന്തിക്കാനുള്ള പുതിയ പാഠങ്ങൾ.


പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊന്മുകളം പോൽ...... ❤️❤️

-വൈശാഖ്.കെ.എം
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ Reviewed by on 06:42 Rating: 5

No comments:

Powered by Blogger.