രോമാഞ്ചം

ആദ്യാവസാനം പരിസരം മറന്ന് ചിരിച്ചു കൊണ്ട് ഒരു മലയാള സിനിമ കണ്ടിട്ട് ഒത്തിരി നാളായിരുന്നു. അതിനൊരു തിരശീല വീഴ്ത്തിയ ചിത്രമാണ് രോമാഞ്ചം. ചിരി ആരോഗ്യത്തിന് നല്ലതാണ് ആയുസ്സ് കൂട്ടും എന്നൊക്കെ പറയുന്നുണ്ടല്ലോ അങ്ങനെ ആണേൽ രോമാഞ്ചം അതിനുള്ള ഒരു മരുന്ന് തന്നെയാണ്. ആദ്യാവസാനം എല്ലാം മറന്നു കൊണ്ട് ചിരിച്ച് ആസ്വദിക്കാൻ പറ്റുന്ന ഒരു കിടിലൻ എന്റർടൈനർ.

തമാശ സിനിമകൾ അന്യം നിന്നുകൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക് മികച്ച എന്റർടൈനറുകൾ ഒരുക്കാൻ പുതിയ ഒരാൾ എത്തിയത് ഏറെ ആശ്വാസമുള്ള കാര്യമാണ്. പറഞ്ഞു വന്നത് രോമാഞ്ചം എന്ന ചിത്രം രചിച്ച് സംവിധാനം ചെയ്ത ജിതു മാധവൻ എന്നയാളെ പറ്റിയാണ്. വളരെ മികച്ച രീതിയിലാണ് ജിതു രോമാഞ്ചം എഴുതിയിരിക്കുന്നത്. എഴുതിയ ഒരൊറ്റ കൗണ്ടറുകൾ പോലും പാളിപ്പോയില്ല എന്നതും തമാശ രംഗങ്ങൾ ഏച്ചു കെട്ടൽ ഇല്ലാതെ സന്ദർഭത്തിനനുസരിച്ച് ഉപയോഗിച്ചതുമെല്ലാം ജിതുവിന്റെ കഴിവ് തന്നെയാണ്.

സനു താഹിറിന്റെ മനോഹരമായ ഛായാഗ്രഹണവും,കിരൺ ദാസിന്റെ ചടുലമായ എഡിറ്റിങ്ങും,സുഷിൻ ശ്യാമിന്റെ ഗംഭീര സംഗീതവും രോമാഞ്ചത്തിൽ രോമാഞ്ചമുളവാക്കിയ വിഭാഗങ്ങളാണ്. ആർട്ട് ഡിപ്പാർട്ട്മെന്റും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

രോമാഞ്ചത്തിന്റെ നട്ടെല്ല് അഭിനേതാക്കൾ തന്നെയാണ്. അസാധ്യ പ്രകടനവുമായി ഒരുപറ്റം ചെറുപ്പക്കാർ ആടിത്തിമിർത്ത ചിത്രമാണ് രോമാഞ്ചം.

രോമാഞ്ചത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഗംഭീരമായി തോന്നിയ പെർഫോമൻസും നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവിന്റേതാണ്. എന്ത് ഗംഭീരമായാണ് അദ്ദേഹം ആ റോൾ കൈകാര്യം ചെയ്തിരിക്കുന്നത് പലപ്പോഴും ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒക്കെ അസാധ്യമായിരുന്നു.

മറ്റൊരു പ്രിയ കഥാപാത്രം സിജു സണ്ണി അവതരിപ്പിച്ച മുകേഷ് ആണ്. കക്ഷിയുടെ അഴിഞ്ഞാട്ടമായിരുന്നു ചിത്രത്തിലുടനീളം.

കരിക്കുട്ടനായെത്തിയ അഫ്സലും,ഷിജപ്പനായെത്തിയ അബിൻ ബിനോയെന്ന നത്തും,സോമനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജഗദീഷ് കുമാറും, ഡിജെ ബാബുവിനെ അവതരിപ്പിച്ച ജോമോൻ ജ്യോതിറും, അനന്തരാമാന്റെ റിവിനും,ശ്രീജിത്തിന്റെ മത്തിയും,സൗബിന്റെ ജിബിയുമെല്ലാം ചിത്രത്തിലുടനീളം മികച്ചു നിന്നവരാണ്. ഏറെ ചിരിപ്പിച്ചവരാണ്.


ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടിയതും ദൈർഖ്യം കുറവ് ആണേലും ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും അർജുൻ അശോകന്റെ സിനു എന്ന കഥാപാത്രമാണ്. വളരെ വൈകിയാണ് എൻട്രി എങ്കിലും അർജുൻ സ്‌ക്രീനിൽ വന്നത് മുതൽ ചിരിയുടെ പള്ളിപ്പെരുന്നാൾ ആയിരുന്നു വളരെ മനോഹരമായി ഒട്ടും ബോർ ആക്കാതെ അർജുൻ ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.

രോമാഞ്ചം തിയ്യേറ്ററിൽ നിന്ന് തന്നെ കണ്ട് ആസ്വദിക്കേണ്ട ഒരു എന്റർടൈനറാണ്. ആടും, അടി കപ്യാരെ കൂട്ടമണിയുമൊക്കെപ്പോലെ കൾട്ട് സ്റ്റാറ്റസ് വരാൻ സാധ്യതയുള്ള ഒരു ട്രെൻഡ് ആവാൻ ചാൻസ് ഉള്ള ഒരു ചിത്രമാണ് രോമാഞ്ചം. ചിത്രത്തിലെ ഡയലോഗുകൾ മിക്കതും യുവാക്കൾക്കിടയിൽ തരംഗമാകാൻ പോകുന്നത് ആയിരിക്കും. ഒരു കിടിലൻ തിയ്യേറ്റർ എക്സ്പീരിയൻസ് തന്നെയാണ് രോമാഞ്ചം. നിറഞ്ഞ സദസ്സിനൊപ്പമിരുന്ന് എല്ലാ ടെൻഷനുകളും മറന്ന് ആസ്വദിക്കാൻ പറ്റുന്ന ഒരു കിടിലൻ എന്റർടൈനർ.

ഇത്തരമൊരു ചിത്രമൊരുക്കാനും തിയ്യേറ്ററിൽ എത്തിക്കാനും പരിശ്രമിച്ച ജോൺ പോൾ ജോർജ്ജും, ഗിരീഷ് ഗംഗാദരനും അഭിനന്ദനങ്ങൾ അർഹിക്കുന്നവരാണ്.


രോമാഞ്ചം എന്നെ സംബന്ധിച്ച് ഒരു കിടിലൻ എന്റർടൈനറാണ് പരിസരം മറന്ന് ചിരിച്ച് ആസ്വദിച്ചു കണ്ട ഒരു കിടിലൻ എന്റർടൈനർ.


(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
രോമാഞ്ചം രോമാഞ്ചം Reviewed by on 08:45 Rating: 5

No comments:

Powered by Blogger.