ഇരട്ട
വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് ഒരു സിനിമയുടെ സമസ്ഥ മേഖലകളും മികച്ചു നിൽക്കുക എന്നത്. അത്തരത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു സിനിമയാണ് രോഹിത് എം. ജി. കൃഷ്ണന്റെ ഇരട്ട.
ക്ലീഷേകളെ പൊളിച്ചെഴുതി ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അണിയിച്ചൊരുക്കിയ ഒരു ത്രില്ലർ ആണ് ഇരട്ട. സിനിമയുടെ അവസാനം പ്രേക്ഷകനിൽ അനുഭവപ്പെടുന്ന ഷോക്ക് തന്നെയാണ് ഇരട്ടയുടെ ശക്തി. അതിഗംഭീരമായ ഒരു രചനയാണ് ഇരട്ടയുടേത് സ്ക്രിപ്റ്റിലെ പുതുമയും അതിനുള്ളിലെ കാതലും ചിത്രത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ആ രചനയുടെ വീര്യം ഒട്ടും ചോരാതെ തന്നെ അതിനോട് കിട പിടിക്കുന്ന രീതിയിൽ രോഹിത് ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട്. ഇരട്ടയുടെ നെടുംതൂണുകളായ രചനയും സംവിധാനവും രോഹിത്തിന്റെ കൈയ്യിൽ അത്രത്തോളം ഭദ്രമായിരുന്നു.
വിജയ് ഛായാഗ്രഹണവും, മനു ആന്റണി എഡിറ്റിങ്ങും, ജേക്ക്സ് ബിജോയ് സംഗീത വിഭാഗവും മനോഹരമാക്കിയ ഇരട്ടയുടെ ടെക്ക്നിക്കൽ സൈഡുകൾ എല്ലാം തന്നെ മികച്ചു നിന്നിട്ടുണ്ട്.
അഭിനേതാക്കളിൽ ഇരട്ട വേഷത്തിൽ എത്തിയ ജോജു ജോർജ്ജ് തന്നെയായിരുന്നു സ്കോർ ചെയ്തത് ആദ്യവസാനം അദ്ദേഹത്തിന്റെ തോളിലൂടെ തന്നെയാണ് ചിത്രം മുൻപോട്ട് പോയത്. പ്രമോദ് - വിനോദ് എന്നീ ഇരട്ട സഹോദരരായി ജോജു ഗംഭീര പകർന്നാട്ടമാണ് ചിത്രത്തിൽ നടത്തിയിട്ടുള്ളത്. ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം വിനോദ് എന്ന കഥാപാത്രമായുള്ളതാണ് ഒരുപാട് ലെയറുകൾ ഉള്ള വിനോദിനെ അത്രയ്ക്ക് ഗംഭീരമായാണ് ജോജു അവതരിപ്പിച്ചിട്ടുള്ളത്. വിനോദിൽ നിന്നും പ്രമോദിലേക്ക് എത്തുമ്പോൾ ഒട്ടും സാമ്യത തോന്നാത്ത തരത്തിൽ തന്നെ ജോജു അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.
മാലിനി എന്ന കഥാപാത്രമായി എത്തിയ അഞ്ജലിയും, പോലീസ് വേഷങ്ങളിൽ എത്തിയ ശ്രീകാന്ത് മുരളിയും,അഭിറാം രാധാകൃഷ്ണനും തുടങ്ങി ചെറിയ സീനുകളിൽ വന്നു പോയ ശ്രുതി സത്യൻ അടക്കം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിട്ടുള്ളത്. പക്ഷേ ജോജുവിന്റെ പ്രകടനത്തിന് ശേഷം ഏറ്റവും പ്രിയപ്പെട്ടത് ആര്യ സലീമിന്റെ എസ് പി സവിത സത്യൻ എന്ന കഥാപാത്രമാണ്. അതി ഗംഭീരമായി ആര്യ ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ശരത് സഭ, ശ്രിന്ദ,കിച്ചു ടെല്ലസ്, സാബു മോൻ, ഷെബിൻ ബെൻസൺ,മീനാക്ഷി,ജെയിംസ്, ത്രേസ്യാമ്മ,ജിത്തു അഷറഫ്, മനോജ്, ശ്രീജ തുടങ്ങിയ മറ്റുള്ള അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയവരാണ്.
മേല്പറഞ്ഞത് പോലെ ഒരു സിനിമയുടെ എല്ലാ മേഖലകളും ഒരുപോലെ മികച്ചു നിൽക്കുമ്പോഴാണ് ആ സിനിമ എക്സ്ട്രാ ഓർഡിനറിയാകുന്നത് അത്തരത്തിൽ ഒരു അനുഭവമാണ് ഇരട്ട. ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രേക്ഷകരുടെ ചിന്തകൾക്കുമപ്പുറം ഒരു അതിഗംഭീര പര്യവസാനമാണ് രോഹിത് ഇരട്ടയ്ക്ക് നൽകിയിരിക്കുന്നത്. ആ ഷോക്കിൽ നിന്നും മുക്തരാകാൻ കുറച്ച് സമയമെടുക്കും അത്രയും സമയം ആ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ പറ്റില്ല. തിയ്യേറ്റർ വിട്ട് ഇറങ്ങുമ്പോഴും ഇരട്ടകൾ വേട്ടയാടിക്കൊണ്ടിരിക്കും.
തിയ്യേറ്ററിൽ നിന്ന് തന്നെ കണ്ട് അനുഭവിക്കേണ്ട ഒരു സിനിമയാണ് ഇരട്ട. ഒരു മസ്റ്റ് വാച്ച് മൂവി. തിയ്യേറ്റർ എക്സ്പീരിയൻസ് മസ്റ്റ് ആയ ഒരു ചിത്രം. കാണാൻ ആഗ്രഹിക്കുന്നവർ മറ്റുള്ളവർ സ്പോയ്ലറുകൾ നിറക്കുന്നതിന് മുൻപ് തന്നെ കാണാൻ ശ്രമിക്കുക.
ഇരട്ട എന്നെ സംബന്ധിച്ച് അങ്ങറ്റം സംതൃപ്തി നൽകിയ ഒരു അതിഗംഭീര ദൃശ്യാനുഭവമാണ്.... എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന വല്ലപ്പോഴും സംഭവിക്കുന്ന ഒരു അതിഗംഭീര ദൃശ്യാനുഭവം.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
ഇരട്ട
Reviewed by
on
08:42
Rating:

No comments: