സംസാരിക്കാൻ ഒന്നും തന്നെയില്ല
"മേജർ ഉണ്ണികൃഷ്ണൻ : എനിക്ക് സ്ത്രീകളോട് സംസാരിക്കാൻ വിഷയം കിട്ടാറില്ല
ഡോക്ടർ ബോസ്സ് : പേടിച്ചിട്ടാണോ..?
മേജർ ഉണ്ണികൃഷ്ണൻ :പേടിയൊന്നുമല്ല, എനിക്ക് അവരോട് ഒന്നും പറയാനില്ല"
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രവും ജോണി ആന്റണി അവതരിപ്പിച്ച ഡോക്ടർ ബോസ്സ് എന്ന കഥാപാത്രവും തമ്മിലുള്ള ഒരു രംഗത്തിലെ സംഭാഷണ ശകലങ്ങളാണ് മുകളിൽ ഉള്ളത്.
ഇത്തരം ഒരു അവസ്ഥ നിങ്ങൾക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ..? ചിലർക്ക് കാണുമായിരിക്കും അല്ലേ..? ഞാൻ എന്തായാലും അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ള അല്ലേൽ പൊക്കോണ്ടിരിക്കുന്ന ഒരാളാണ്. മേജർ ഉണ്ണികൃഷ്ണനെപ്പോലെ എല്ലാ സ്ത്രീകളോടുമല്ല അമ്മയോടോ പെങ്ങന്മാരോടോ ഏറ്റവും അടുത്ത കൂട്ടുകാരികളോടോ ഒന്നുമല്ല അല്ലാതെ പരിചയപ്പെടുന്ന ആളുകളോട് എനിക്ക് സംസാരിക്കാൻ ഒന്നും കാണില്ല ഞാൻ അവിടെ വല്ലാത്തൊരു തരം ഉൾവലിഞ്ഞ പ്രകൃതമായി മാറും പലപ്പോഴും ചില കൂട്ടുകാരികളോട് അടക്കം അങ്ങനെയാണ് എന്നതാണ് വാസ്തവം. പേടിയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് ഉറപ്പിച്ച് പറയാനാകും അല്ലാത്ത എന്തോ ഒരു സ്റ്റാർട്ടിങ് ട്രബിൾ ആണ്.
പ്രണയത്തിലേക്ക് വന്നാൽ എനിക്ക് ഒട്ടും റൊമാന്റിക് ആകാൻ ഇപ്പൊ പറ്റില്ല അല്ലേൽ അറിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, എന്റെ വിശ്വാസം മാത്രമല്ല ചില കൂട്ടുകാരടക്കം ഈയിടെ അങ്ങനെ പറഞ്ഞിട്ടുമുണ്ട്. ജീവിതത്തിലെ എന്ത് കാര്യവും സിനിമയുമായി ഉപമിച്ച് സംസാരിക്കുന്ന ഒരാളാണ് ഞാൻ. ഉദാഹരണം പറഞ്ഞാൽ ജീവിതത്തിൽ ഉദാഹരണം പറയാൻ പോലും സിനിമാ സന്ദർഭങ്ങളും സംഭാഷണങ്ങളുമാണ് ഞാൻ ഉപയോഗിക്കാറുള്ളത് അത് മനഃപൂർവം ചെയ്യുന്നതല്ല ഓട്ടോമാറ്റിക്ക് ആയി വന്ന് പോകുന്നതാണ്. സിനിമ എന്റെ ജീവിതവുമായി അത്രയേറെ ഇടകലർന്നു പോയ ഒന്നാണ്. ഹലോ എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്നത് പോലെ ഞങ്ങള് തമ്മിൽ വിട്ടു പിരിയാൻ പറ്റാത്ത അത്ര ആഴത്തിലുള്ള ബന്ധമാണ് എന്ന് സാരം. അപ്പൊ പറഞ്ഞു വന്നത് കൂട്ടുകാർ പലപ്പോഴും പറയും നീ ഇപ്പൊ ഒരു പ്രണയലേഖനം എഴുതുകയാണേൽ ഇഷ്ടപ്പെട്ട സിനിമയുടെ പേരൊക്കെയാവും അതിൽ ചോദിക്കുക എന്ന്.... കളിയാക്കി തമാശയ്ക്ക് പറയുന്നത് ആണേലും അത് പാടേ തിരസ്കരിക്കാൻ പറ്റാത്തൊരു കാര്യമാണ്.
ഇപ്പൊ ഒരു പ്രണയം ഉണ്ടേൽ അവര് ഭയങ്കര റൊമാന്റിക് ആയി സംസാരിക്കാൻ ഇഷ്ടപ്പെടുന്നിടത്ത് ഞാൻ ചിലപ്പോൾ സിനിമാക്കാര്യം ആവും പറയുന്നത് മറ്റൊരാൾക്ക് മുൻപിൽ അഭിനയിക്കാൻ പറ്റാത്തത് കൊണ്ടോ അല്ലേൽ എന്റെ മോശമെന്ന് എനിക്ക് തോന്നാത്ത ശീലങ്ങളും വ്യക്തിത്വവും മാറ്റാൻ താല്പര്യമില്ലാത്തത് കൊണ്ടോ ഒരുപക്ഷേ ഇതിൽ നിന്നൊരു ചേഞ്ച് ഉണ്ടാവുമോ എന്ന് അറിയില്ല. അത്തരം സംസാരം ഇഷ്ടമല്ലാത്തവരുടെ അടുത്ത് സംസാരം നിർത്തി അവർക്ക് പറയാനുള്ളത് കേൾക്കുന്ന ഒരു കേൾവിക്കാരൻ മാത്രമാവുക എന്നതേ എനിക്ക് ചെയ്യാൻ പറ്റൂ.
ഇത്തരത്തിൽ സിനിമ എന്നുള്ള വിഷയത്തോട് താല്പര്യം എല്ലാവർക്കും കാണണമെന്നില്ല എന്റെ ഭൂരിഭാഗം സുഹൃത്തുക്കളും എന്റെ അതേ ടേസ്റ്റ് ഉള്ളവരാണ് ഏറ്റവും അടുത്ത കൂട്ടുകാരെയെല്ലാം സിനിമ കൊണ്ട് തന്നതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും അത് തന്നെയാണ്. സ്വപ്നം സിനിമയായത് കൊണ്ടും പ്രണയം സിനിമയോടായത് കൊണ്ടും തന്നെ ജീവിതം അത്രമേൽ സിനിമയുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണ്.
ഇത്തരത്തിൽ സിനിമാ ക്രേസ് കാരണമാണ് നിന്റെ പ്രണയങ്ങൾ പരാജയമായത് എന്നൊക്കെ ചിലര് പറഞ്ഞിട്ടുണ്ട് അത് എന്നെ സംബന്ധിച്ച് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ജീവിതത്തിൽ ഓരോ സമയത്തും ഓരോ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് കാഴ്ചപ്പാടുകളിൽ ആയാലും പെരുമാറ്റത്തിൽ ആയാലും അങ്ങനെ എല്ലാത്തിലും..... വിശ്വാസത്തിൽ നിന്ന് എത്തിയിസത്തിലേക്ക് എത്തിച്ചേരുന്നത് മുതൽ പലതും അതിൽപ്പെടും. പക്ഷേ സിനിമയോടുള്ള ആ ഒരു വികാരത്തിൽ മാത്രം ഒരു മാറ്റവും ഇല്ല ദൃഢത കൂടുന്നു എന്നല്ലാതെ കുറയുന്നില്ല.
ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു സമയം ആണ് ഇപ്പൊ.... അങ്ങനെ കൂട്ടുകാരുടെയൊക്കെ നിർബന്ധത്തിന് വഴങ്ങിയാണ് ഈയിടെ ഡേറ്റിങ് ആപ്പുകൾ ഒക്കെ ഉപയോഗിക്കാൻ തുടങ്ങുന്നത്..... അതിൽ മാച്ചുകൾ ഒക്കെ വന്ന് ഇങ്ങോട്ട് മെസ്സേജുകൾ വന്നാൽപ്പോലും ഞാൻ സൈലന്റ് ആണ് എന്താണ് സംസാരിക്കേണ്ടത് എന്നൊരു ഐഡിയ ചിലപ്പോൾ കാണില്ല അല്ലേൽ നമ്മുടെ സംസാരം അവർക്ക് ഇറിറ്റേഷൻ ആകുമോ എന്നൊരു ചിന്തയാണ്. ഒരിക്കലും ഒരു ചായ കൊണ്ട് വന്ന് തന്നതിന്റെ പേരിൽ ഒരു പരിചയവും ഇല്ലാത്ത ഒരാളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ. അതായത് അറേഞ്ച്ഡ് മാര്യേജ് പോലുള്ള സമ്പ്രദായങ്ങളോട് ഒട്ടും താല്പര്യമില്ലെന്ന് സാരം. കല്യാണം കഴിക്കുന്നേൽ അല്ലേൽ ഒരു പാർട്ണറെ കൂടെ കൂട്ടുന്നേൽ അത് പ്രണയിച്ചിട്ട് തന്നെ വേണം അല്ലേൽ നന്നായി മനസ്സിലാക്കിയിട്ട് വേണമെന്ന കാഴ്ചപ്പാടുള്ള ഒരാളാണ് ഞാൻ. സ്റ്റോക്കിങ് നിറഞ്ഞ ആദ്യ പ്രണയത്തിൽ നിന്നും അതിലെ തെറ്റ് മനസ്സിലാക്കി സ്റ്റോക്കിങ് ഒന്നും ഇല്ലാത്ത രണ്ടാം പ്രണയത്തിലുമെല്ലാം ഏറെ പാഠങ്ങളും അനുഭവങ്ങളും ജീവിതത്തിൽ ഉണ്ടായി എന്ന് വേണം പറയാൻ. ഇനിയിപ്പോ ഈയൊരു പ്രായത്തിൽ ഒരാളെ തേടി കണ്ടു പിടിച്ച് നടക്കാൻ വയ്യാത്തോണ്ട് ആണ് കാലത്തിന് അനുസരിച്ച് മാറി ഇന്നിന്റെ ടെക്ക്നോളജികൾ ഉപയോഗിച്ചു കൊണ്ട് ഒരു പാർട്ണറെ തേടി നോക്കുന്നത് പക്ഷേ അവിടേം എന്റെ ഈ കാര്യത്തിലെ കോൺഫിഡൻസ് ഇല്ലായ്മ തന്നെയാണ് വില്ലൻ. ഇതിലൊക്കെ പി എച്ച് ഡി എടുത്ത സുഹൃത്തുക്കൾ അടക്കമുള്ളവരുടെ ക്ലാസ്സ് ഒക്കെ വേണ്ടുവോളം ഉണ്ടേലും എന്തോ ആ ഒരു ലെവലിലേക്ക് ഞാൻ എത്തുന്നില്ല. പിന്നെ സമാധാനിപ്പിക്കാൻ ചിലര് പറയുന്നത് പോലെ നിനക്ക് ഉള്ളത് എവിടോ ഉണ്ട് തേടിയെത്തും എന്നുള്ള വിശ്വാസം ഒന്നും ഇല്ല കിട്ടാനുള്ളത് നമ്മള് തേടി തന്നെ പോകണം എന്നത് ആണല്ലോ അതിന്റെ ഒരു ശരി. അല്പം സെൽഫ് റെസ്‌പെക്ട് കുറഞ്ഞ കാര്യം ആണേലും ഇങ്ങോട്ട് വന്ന് വരി നിൽക്കാൻ മാത്രം വലിയ ഗുണം ഒന്നും ഞാൻ എന്നിൽ കാണുന്നില്ല താനും.
അപ്പൊ പറഞ്ഞു വന്നത് പെൺകുട്ടികളോട് സംസാരിക്കാൻ ഉള്ള ആ ഒരു ചടപ്പിനെ പറ്റിയാണ് ഒന്നാമത് എനിക്ക് അത്ര കംഫർട്ടബിൾ അല്ലാത്ത സ്ഥലത്ത് ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആണ് പ്രത്യേകിച്ച് ആൾക്കൂട്ടങ്ങൾക്ക് നടുവിൽ. അതുകൊണ്ട് ഒക്കെ തന്നെ ബന്ധുക്കളുടെ വിവാഹ സത്കാരങ്ങൾക്ക് പോലും പങ്കെടുക്കുന്നത് കുറവാണ് അങ്ങനെയുള്ള ഞാൻ ഇത്തരം കാര്യങ്ങളിൽ എത്രത്തോളം പിന്നോക്കം ആയിരിക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ.....
സിനിമക്കാര്യം വിട്ടൊരു സംസാരം പോലും ഇല്ലാത്ത എന്റെ ലൈഫിൽ ഞാൻ എന്ത് എടുത്തിട്ടാണ് റൊമാന്റിക് ആവുക എന്നും അല്ലാണ്ട് എന്ത് വിഷയം സംസാരിക്കുമെന്നും എനിക്ക് അറിയില്ല.
വരനെ ആവശ്യമുണ്ട് എന്ന സിനിമ വീണ്ടും കാണാൻ ഇടയായപ്പോൾ സുരേഷ് ഗോപിയുടെ മുകളിൽ പറഞ്ഞ സംഭാഷണം വല്ലാതെ ഇരുത്തി ചിന്തിപ്പിച്ചത് കൊണ്ട് മാത്രം എഴുതിയ കുറിപ്പ് ആണ്. ഇനി ഇതിന് മറ്റ് അർത്ഥങ്ങൾ പകർന്നു നൽകി ചുളുവിൽ സോഷ്യൽ മീഡിയ വഴി പെണ്ണ് നോക്കുകയാണെന്നും, കോഴിത്തരം ആണെന്നും ഒന്നും വ്യാഖ്യാനിക്കരുത് പ്ലീസ്.
മറ്റൊരു വിഭാഗം ഈ കാര്യങ്ങൾ ഒക്കെ പബ്ലിക് ആയി പറയാൻ നാണമില്ലേ എന്ന് ചോദിച്ചു വരുന്നവർ ആയിരിക്കും അവരോടും ദയവ് ചെയ്ത് അകലം പാലിക്കാൻ പറയുകയാണ് ഞാൻ ഒരു കുല പുരുഷൻ ഒന്നും അല്ലാത്തത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ ഒന്നും മറ ഉണ്ടാവില്ല എന്ന് ഓർമ്മിപ്പിക്കാം.
അപ്പൊ പറഞ്ഞു വന്നത് ഇത്തരത്തിൽ സ്റ്റാർട്ടിങ് ട്രബിളും, ഇന്നവരോട് സംസാരിക്കാൻ ഒന്നും ഇല്ലാത്തവരുമായ ഒരുപാട് മേജർ ഉണ്ണികൃഷ്ണന്മാർ ഉണ്ടാവും എന്നറിയാം നിങ്ങൾ നിങ്ങളുടെ അനുഭവങ്ങൾ കൂടെ പറയൂ ഒപ്പം അതിൽ നിന്ന് കര കയറിയിട്ടുണ്ടേൽ അതും. അല്ലാത്തവരുടെ അനുഭവങ്ങൾക്കും ടിപ്സുകൾക്കും സ്വാഗതം.
-വൈശാഖ്.കെ.എം
സംസാരിക്കാൻ ഒന്നും തന്നെയില്ല
Reviewed by
on
02:50
Rating:

No comments: