വീണ്ടും ധനുഷ്കൊടി
ഇനിയും ധനുഷ്കൊടിക്കോ..? നിനക്ക് വല്ല ഭ്രാന്തും ഉണ്ടോടാ നാല് ഭാഗവും കടൽ അല്ലാണ്ട് അവിടെ എന്താ ഉള്ളത് ഇത്ര കാണാൻ
ധനുഷ്കൊടിക്ക് എന്ന് കേൾക്കുമ്പോൾ സുഹൃത്തുക്കളുടെ വായിൽ നിന്നും സ്ഥിരം കേൾക്കുന്ന പല്ലവിയാണിത്.
പക്ഷേ ധനുഷ്കൊടി എത്ര കണ്ടാലും എനിക്ക് മടുക്കില്ല. പാമ്പൻ ദ്വീപിലെ രാമേശ്വരത്തെ ഈ മായിക നഗരം എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു സ്ഥലമാണ്.
ഈ കടല് മാത്രം കണ്ടു കൊണ്ടിരിക്കാൻ വട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഉണ്ട് എന്നായിരിക്കും ഉത്തരം. അവിടത്തെ മണൽത്തരികൾക്ക് പോലും ഒരുപാട് കഥകൾ പറയാനുണ്ട്,ആ നഗരത്തെ അടുത്തറിഞ്ഞാൽ മുത്തശ്ശികഥപോലെ മനോഹരമായ അനേകം കഥകൾ അവിടത്തെ ഓരോ മണൽത്തരികളും പറഞ്ഞു കൊണ്ടിരിക്കും ഒരിക്കലും മടുപ്പ് തോന്നാത്ത കഥകൾ.
1964 ഡിസംബർ 22 വരെയുള്ള ആഘോഷപൂർണമായ അവരുടെ ജീവിതവും അതിന് ശേഷമുള്ള ഒറ്റപ്പെടലിന്റെ സങ്കടവും ഒരു സിനിമ കാണുന്നത് പോലെ കാണാൻ പറ്റും. എന്നന്നേക്കുമായി ആ വലിയ പട്ടണത്തെ കാർന്നെടുത്ത പ്രകൃതിക്ഷോഭത്തിന് മുൻപുള്ള ആ മനോഹര നഗരത്തെ മനസ്സിൽ പുനസൃഷ്ടിച്ചു കഴിഞ്ഞാൽ ഏറ്റവും മനോഹരമായ ഒരു നഗരം നമുക്ക് മുൻപിൽ തെളിയും പിന്നീട് പ്രേതനഗരമെന്ന് മുദ്ര കുത്തി എഴുതി തള്ളിയ ആ സ്ഥലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ തന്നെയാവും നമുക്ക് മുൻപിൽ ദൃശ്യമാകുന്നത്.
ഒരു കാലത്ത് സകല പ്രൗഢിയോടും കൂടി ഏറ്റവും വലിയ നഗരമായി ശോഭിച്ചു നിന്നിരുന്ന ആ മായാനഗരത്തോട് പ്രകൃതിക്ക് തോന്നിയ അസൂയയായിരിക്കണം ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പക്ഷേ പിന്നീട് ആ പ്രകൃതി പോലും ആ നഗരത്തെ വേദനിപ്പിക്കാൻ വന്നില്ല എന്നത് ഒരു കൗതുകമാണ് 2004-ലെ പ്രകൃതിക്ഷോഭം ധനുഷ്ക്കൊടിക്ക് ഒരു പോറൽ പോലും ഏൽപ്പിച്ചില്ല. ഇതിലും വലിയ പോറൽ ഇനി എന്ത് എന്നുള്ളത് കൊണ്ടായിരിക്കാം.
ചരിത്രവും, ഐതിഹ്യങ്ങളും മറ്റുമായി ഒരുപാട് കഥകളും സത്യങ്ങളും ഉറങ്ങുന്ന ആ മണ്ണ് എന്നും പ്രിയപ്പെട്ട ഒന്നാണ്. പ്രകൃതി ബാക്കിയാക്കിപ്പോയ ആ നഗരത്തിന്റെ ആവശിഷ്ടങ്ങളിൽ നിന്നും ഞാൻ കെട്ടിപ്പൊക്കിയ ഒരു അതിമനോഹര നഗരമാണ് എന്റെ മനസ്സിലെ ധനുഷ്കൊടി. അവസരം കിട്ടുമ്പോഴെല്ലാം അല്ലേൽ മനസ്സ് അത്രമേൽ കലുഷിതമാകുമ്പോഴുമെല്ലാം ഓടി ചെല്ലുന്ന ആശ്വാസത്തിന്റെ ഒരു മടിത്തട്ട് ആണ് ആ മായിക നഗരം.
സാക്ഷാൽ എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മനഗരം കൂടെയായത് കൊണ്ട് ധനുഷ്കൊടി യാത്രയിൽ അദ്ദേഹത്തിന്റെ വസതിയിലും അല്പ നേരം ചിലവഴിക്കുന്നത് സന്തോഷം ഇരട്ടിയാക്കുന്ന കാര്യമാണ്.
ഒരിക്കൽ കൂടെ പ്രിയപ്പെട്ട ധനുഷ്കൊടിയിൽ അല്പ സമയം ചിലവഴിക്കാൻ സാധിച്ചു എന്നത് എന്നെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്.
എല്ലാ തവണത്തേയും പോലെ യാത്ര പറഞ്ഞു തിരിക്കുമ്പോൾ ശാന്തമായ മനസ്സും കലങ്ങിയ കണ്ണുകളുമായി വീണ്ടും കാണാൻ വരുമെന്ന ഉറപ്പ് ആർക്കെന്നില്ലാതെ കൊടുത്തു കൊണ്ട് തിരിഞ്ഞു നോക്കാതെ ഇത്തവണയും നടന്നു. കണ്ണടച്ചു കൊണ്ട് ഒരിക്കൽ കൂടെ ഞാൻ കെട്ടിപ്പടുത്ത ആ മായിക നഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട്.
ധനുഷ്കൊടി ഓർമ്മകളിൽ നിന്നും പുറത്ത് വന്നപ്പോഴേക്കും വാഹനം രാമേശ്വരം കടന്നിരുന്നു....
-വൈശാഖ്.കെ.എം
വീണ്ടും ധനുഷ്കൊടി
Reviewed by
on
03:17
Rating:

No comments: