ഗോൾഡ്
ഒരു വീട് പണിയുമ്പോൾ അതിന് ആദ്യം വേണ്ടത് അടിത്തറയാണ് അതില്ലാതെ വീട് പണിയാൻ പോയാൽ എന്തായിരിക്കും അവസ്ഥ അതാണ് ഗോൾഡ് എന്ന സിനിമയ്ക്കും സംഭവിച്ചത്. അതായത് അൽഫോൺസ് പുത്രൻ എഡിറ്റിങ്ങിൽ കാണിച്ച ഉത്സാഹം അതിന് മുൻപ് ചെയ്യേണ്ട എഴുത്തിൽ കാണിച്ചില്ല. രചന അങ്ങറ്റം ദുർബലമായ ചിത്രത്തെ തന്റെ എഡിറ്റിംഗ് മികവുകൾ കൊണ്ട് അൽഫോൺസ് ഉയർത്താൻ ശ്രമിക്കുമ്പോൾ സംഭവിച്ചത് ചില്ല് ഇല്ലാത്ത പുട്ട് കുറ്റിയിൽ പുട്ട് പൊടി നിറക്കുന്നത് പോലാണ്.
ഗോൾഡിലെ പോസിറ്റീവ് വശങ്ങൾ അൽഫോൺസ് പുത്രന്റെ എഡിറ്റിങ്ങും അഭിനേതാക്കളുമാണ്. താരബാഹുല്യം പല സ്ഥലങ്ങളിലും സിനിമയ്ക്ക് തുണയാകുന്നുണ്ട്. ചെറിയ സീനുകളിൽ പോലും വലിയ അഭിനേതാക്കളെ കൊണ്ട് വന്ന് സ്ക്രീൻ നിറച്ചത് പലപ്പോഴും സിനിമയ്ക്ക് ഗുണം ചെയ്തു. പൃഥ്വിരാജ് സുകുമാരന്റെ ഡീസന്റ് പെർഫോമൻസ് സിനിമയ്ക്ക് ജീവൻ നൽകിയ ഒന്നാണ്.
നയൻതാരക്ക് ഒട്ടും മാച്ച് ആവാത്ത ശബ്ദം കൊടുത്തത് മുതൽ എടുത്ത് പറഞ്ഞാൽ തീരാത്ത ഒരുപാട് പോരായ്മകൾ ഉള്ള ഒരു സിനിമയാണ് ഗോൾഡ്. അൽഫോൺസിന്റെ കോൺഫിഡൻസ് ഓവർ കോൺഫിഡൻസ് ആയപ്പോൾ സംഭവിച്ച ഒരു അബദ്ധം എന്നൊക്കെ പറയാം.
അരമണിക്കൂറിൽ പറഞ്ഞു തീർക്കാവുന്ന ഒരു ചെറുകഥയെ രണ്ടേമുക്കാൽ മണിക്കൂർ ഇഴഞ്ഞു നീങ്ങുന്ന സിനിമയാക്കി അൽഫോൺസ് മാറ്റിയപ്പോൾ എന്നിലെ പ്രേക്ഷകനെ ഉറക്കം വരാതെ പിടിച്ചിരുത്തിയത് പൃഥ്വിരാജും രാജേഷ് മുരുകേശനും ആണെന്ന് പറയാം. അഭിനേതാക്കളിൽ ലാലു അലക്സ് ചില സ്ഥലങ്ങളിൽ നന്നാക്കിയും ചില സ്ഥലങ്ങളിൽ വളരെ മോശമാക്കിയുമാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഷമ്മി തിലകന്റെ വേഷം നന്നായിരുന്നു. മറ്റുള്ളവർക്ക് ഒന്നും അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു എന്ന് പറയാം. എന്നിരുന്നാലും അവരുടെയൊക്കെ പ്രെസൻസ് വലിയ ആശ്വാസമായിരുന്നു.
വല്ലാത്ത നിരാശയാണ് ഗോൾഡ് സമ്മാനിക്കുന്നത് കാരണം പ്രേമം എന്നൊരു വണ്ടറിന് ശേഷം അൽഫോൺസ് ഏഴ് വർഷം ഗ്യാപ്പ് എടുത്ത് ചെയ്യുന്ന ഒരു സിനിമയായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷകളായിരുന്നു അതിനെയെല്ലാം തവിടുപൊടിയാക്കി കൊണ്ടാണ് അൽഫോൺസ് ഗോൾഡ് ഒരുക്കി വെച്ചിരിക്കുന്നത്. ഒരു വർഷത്തിന് മേലെ ഈയൊരു സാധനം വേവിക്കാൻ വേണ്ടിയാണ് അദ്ദേഹം സമയമെടുത്തത് എന്നത് അത്ഭുതമാണ്. ഇത്രേം സമയം കാത്തിരുന്ന പൃഥ്വിരാജിനേയും,സുപ്രിയയേയും, ലിസ്റ്റിൻ സ്റ്റീഫനേയും നമിച്ചേ പറ്റൂ അവരുടെ ക്ഷമയ്ക്ക് കൊടുക്കണം അവാർഡ്.
എന്തായാലും മൂന്ന് മണിക്കൂറിനടുത്ത് ഒരു സിനിമയെടുക്കാൻ തീരുമാനിച്ചു എന്നാൽ പ്രാധാന കഥാപാത്രങ്ങൾക്ക് എങ്കിലും ഡീറ്റെയിലിങ് കൊടുക്കാമായിരുന്നു ജോഷി എങ്ങനെ ഡേഞ്ചർ ജോഷി ആയി എന്നതൊക്കെ ഗണിച്ചു കണ്ടു പിടിച്ചോളൂ എന്നുള്ള ലൈൻ ആണ് അൽഫോൺസിന് എന്ന് തോന്നുന്നു.
ഒരിക്കൽ കൂടെ പറയുന്നു പ്രിയ അൽഫോൺസ് എഡിറ്റിങ് മാത്രം മികച്ചു നിന്നാൽ ഒരു സിനിമ മികച്ചു നിൽക്കില്ല എന്നത് എല്ലാരേക്കാളും നന്നായി താങ്കൾക്ക് അറിയാം എന്ന് തന്നെയാണ് വിശ്വാസം. കുറവുകൾ മനസ്സിലാക്കി മികച്ചൊരു സിനിമയുമായി കൂടുതൽ വേവിക്കാൻ സമയം എടുക്കാതെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.
ഗോൾഡ് നിരാശ മാത്രം സമ്മാനിച്ച ഒരു സിനിമാനുഭവം
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
ഗോൾഡ്
Reviewed by
on
03:23
Rating:

No comments: