അഭിനവ് സുന്ദർ നായകിന്റെ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്
ഒരു സിനിമയിൽ എല്ലാ മേഖലകളിലും സംവിധായകന്റെ കൈയ്യൊപ്പ് വളരെ വ്യക്തമായി പതിയുന്നത് വിരളമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് ഒരു റെയർ സിനിമയാണ്. എല്ലാ മേഖലകളിലും സംവിധായകന്റെ വ്യക്തമായ ആധിപത്യമുള്ള നൂറ് ശതമാനം സംവിധായകന്റെ സിനിമ.
മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിലുടനീളമുള്ള പുതുമ തന്നെയാണ്. ഇത്തരമൊരു ചിത്രം ഇതിന് മുൻപ് ഉണ്ടായിട്ടില്ല.
രചനയിലും എഡിറ്റിങിലും സംവിധായകന്റെ സംഭാവനകൾ കൂടെ നിറഞ്ഞത് കൊണ്ട് ആ രണ്ട് മേഖലയും അത്രയ്ക്ക് ചടുലമായിരുന്നു. സിനിമ കൊണ്ട് എത്തിച്ച ആസ്വാദനത്തിന്റെ മറ്റൊരു തലത്തിന് രചനക്കും എഡിറ്റിങ്ങിനും വലിയ പങ്കുണ്ട്.
സംഗീതത്തിലേയും ഛായാഗ്രഹണത്തിലേയും മികവ് മുകുന്ദൻ ഉണ്ണിയുടെ തീവ്രത എന്നിലെ പ്രേക്ഷകനിലേക്കെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ 2.0
സിനിമയിൽ ഓൾ റൗണ്ടർ പദവി അലങ്കരിക്കുന്ന വിനീത് ശ്രീനിവാസനെന്ന ബഹുമുഖ പ്രതിഭയുടെ കാര്യത്തിൽ ഞാനെന്ന പ്രേക്ഷകനെ അല്പം പിന്നോട്ട് വലിക്കുന്ന ഒന്നായിരുന്നു വിനീതിന്റെ അഭിനയം. അരവിന്ദന്റെ അഥിതികൾ പോലുള്ള ചില ചിത്രങ്ങൾ മാറ്റി നിർത്തിയാൽ വിനീത് ശ്രീനിവാസൻ എന്ന അഭിനേതാവ് എന്നിലെ പ്രേക്ഷകന് വലിയ മതിപ്പ് ഉണ്ടാക്കാത്ത ഒരു അഭിനേതാവായിരുന്നു. പക്ഷേ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിലൂടെ വിനീത് ആ മേഖലയിലും എന്നെ ഞെട്ടിച്ചിരിക്കുകയാണ്. അസാധ്യ പ്രകടനം എന്നൊക്കെ പറയാവുന്ന ഒന്നാണ് മുകുന്ദൻ ഉണ്ണിയിലെ വിനീതിന്റെ പ്രകടനം. എല്ലാ അർത്ഥത്തിലും പുതിയൊരു വിനീത് ശ്രീനിവാസനെ കാണാനായ ചിത്രം അല്ലേൽ വിനീത് ശ്രീനിവാസനെ കാണാൻ പറ്റാതിരുന്ന ചിത്രം എന്ന് പറയുന്നതാവും ഉചിതം അവിടെ മുകുന്ദൻ ഉണ്ണി മാത്രമാണുള്ളത്. ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ അല്ലേൽ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ഇത്തരത്തിൽ ഒരു കഥാപാത്രത്തെ പകർന്നാടുക എന്നത്. പ്രിയപ്പെട്ട വിനീതേട്ടാ ഇപ്പൊ നിങ്ങളിലെ അഭിനേതാവിനേയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
ഏറെ കാലങ്ങൾക്ക് ശേഷം സുരാജ് വെഞ്ഞാറമൂടിനെ ഒരു ഹാസ്യ വേഷത്തിൽ കാണാൻ സാധിച്ചു എന്നത് ഏറെ സന്തോഷം തരുന്നൊരു കാര്യമാണ്. ചില ഭാവങ്ങളിലൂടെയൊക്കെ അദ്ദേഹം നന്നായി ചിരിപ്പിച്ചു ഞെട്ടിച്ചു.
സുധി കോപ്പ, തൻവി റാം, ജഗദീഷ്, സുധീഷ്, മണികണ്ഠൻ പട്ടാമ്പി, റിയ സൈറ, നോബിൾ ബാബു തോമസ് ,ബിജു സോപാനം,ജോർജ്ജ് കോര, അൽത്താഫ് സലിം,രഞ്ജിത്ത് ബാലകൃഷ്ണൻ, Etc തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ ഏറെ മനോഹരമായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചവരാണ്.
വിനീത് ശ്രീനിവാസന്റെ ഗംഭീര പ്രകടനം മാറ്റി നിർത്തിയാൽ പിന്നീട് ഏറ്റവും കൂടുതൽ കൈയ്യടിച്ചത് ആർഷ ബൈജുവിന്റെ പ്രകടനത്തിനാണ്. മീനാക്ഷിയെന്ന കഥാപാത്രമായുള്ള അവരുടെ ഒരു അഴിഞ്ഞാട്ടം തന്നെയാണ് ചിത്രത്തിൽ ഉള്ളതെന്ന് പറയാം. ഗംഭീര പ്രകടനമായിരുന്നു ആർഷ.
തിരിച്ച് അഭിനവ് സുന്ദർ നായകിലേക്ക് തന്നെ വരാം. ആദ്യ സിനിമ തന്നെ ഒരു ടെക്സ്റ്റ് ബുക്ക് ആക്കുക എന്നതൊക്കെ അങ്ങനെ അധികമാർക്കും സാധിക്കാത്ത ഒരു കാര്യമാണ്. ചിത്രം കാണുന്നതിന് മുൻപ് അഭിനവിന്റെ ഇന്റർവ്യൂസും അതിലെ സംസാരവും ആറ്റിട്യൂടുമൊക്കെ കണ്ടപ്പോൾ ഒരിക്കലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല അയാളുടെ സിനിമയിൽ അയാൾക്കുള്ള കോൺഫിഡൻസ് ആണ് ആ മുഖത്തെ ധൈര്യം എന്ന്. രചനയിലേയും, സംവിധാനത്തിലേയും, എഡിറ്റിങിലേയുമെല്ലാം കണിശതയും, ബലവും ചടുലതയുമെല്ലാം എങ്ങനെ വേണമെന്നും അഭിനേതാക്കളെ മാക്സിമം ഊറ്റിയെടുത്ത് കൊണ്ട് എങ്ങനെ അഭിനയിപ്പിക്കണമെന്നതുമെല്ലാം ഏതൊരു തുടക്കക്കാരനും അഭിനവിനെ മാതൃകയാക്കാം..
നന്ദി അഭിനവ് ഇത്തരമൊരു അതിഗംഭീര ദൃശ്യാനുഭവം ഒരുക്കി തന്നതിന്. ഓഹ്.... സോറി സോറി സോറി നന്ദി എന്ന വാക്ക് മുകുന്ദൻ ഉണ്ണിയുടെ ഡിക്ഷണറിയിൽ ഇല്ലല്ലോ......
ആകെ ഒരു സങ്കടം അല്ലേൽ ദേഷ്യം തോന്നിയത് ഈ നാട്ടിൽ എത്രയൊക്കെ നല്ല സിനിമ ഇറങ്ങിയാലും ചില തിയ്യേറ്ററുകാർ അത് ക്വാളിറ്റിയിൽ കാണിക്കില്ല അല്ലേൽ മുഴുവൻ കാണിക്കില്ല. അത്തരത്തിൽ ഒന്ന് ഇവിടേം സംഭവിച്ചു ടൈറ്റിൽ കാർഡ് കഴിയുന്നതിന് മുൻപേ സ്ക്രീൻ ഓഫ് ചെയ്തു. അത് മാത്രമായിരുന്നു ഒരു കല്ലുകടി.
എല്ലാ അർത്ഥത്തിലും പുതുമ നില നിർത്തിയ ഒരു പുത്തൻ ദൃശ്യാനുഭവമാണ് എന്നെ സംബന്ധിച്ച് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ടൈറ്റിൽ കാർഡ് മുതൽ എന്തിന് വോയിസ്സ് ഓവർ വരെ ഒരു അത്ഭുതമായി തോന്നിയ ഒരു പുത്തൻ ദൃശ്യാനുഭവം. ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
അഭിനവ് സുന്ദർ നായകിന്റെ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്
Reviewed by
on
09:19
Rating:

No comments: