ആലിംഗനം ഒരു പവർഫുൾ മെഡിസിനാണ്

  ജീവിതത്തിൽ എല്ലാവർക്കും ഒരുപാട് പ്രശ്നങ്ങൾ കാണും, പലരേയും സംബന്ധിച്ച് അതൊരു വലിയ കുഴിയാണ് ആ കുഴിയിൽ നിന്നും കര കയറി വരാൻ പലർക്കും പറ്റാറില്ല അത്തരത്തിൽ കുഴിയിൽ വീണ് കിടക്കുന്ന പലരേയും പലപ്പോഴും വെറുമൊരു ഒറ്റമൂലി കൊണ്ട് നമുക്ക് പുറത്ത് എത്തിക്കാൻ കഴിഞ്ഞേക്കും, പിടിച്ചു കയറാൻ ഒരു കയർ ഇട്ട് കൊടുക്കുന്നത് പോലെ എളുപ്പമാണത്.

നമുക്ക് വളരെ എളുപ്പവും അവർക്ക് അതൊരു വലിയ ആശ്വാസവും അല്ലേൽ അവരുടെ ജീവിതം തിരിച്ചു പിടിക്കലുമായി മാറും പലപ്പോഴും ആ പ്രവർത്തി. അച്ഛനോ, അമ്മയോ, സഹോദരങ്ങളോ, കാമുകിയോ, കാമുകനോ, ഭാര്യയോ, ഭർത്താവോ, കൂട്ടുകാരോ ആരുമായിക്കൊള്ളട്ടെ മനസ്സ് പതറി നില തെറ്റി നിൽക്കുന്ന അവരെ നമുക്ക് വെറുമൊരു ഹഗ്ഗ് കൊണ്ട് തിരികെ കൊണ്ട് വരാൻ സാധിക്കും. ആയിരം വാക്കുകളേക്കാൾ ശക്തിയാണ് ആ ഒരു ആലിംഗനത്തിന്.

ഒറ്റപ്പെട്ടു പോയെന്ന് തോന്നുന്ന നിമിഷത്തിൽ കുറ്റപ്പെടുത്തലുകളും ഉപദേശങ്ങളും അവരുടെ മനസ്സിനെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ അത്തരം അവസരങ്ങളിൽ ഇത്തരമൊരു ചേർത്ത് നിർത്തൽ അവർക്ക് കൊടുക്കുന്ന ഒരു പോസിറ്റീവ് എനർജി വളരെ വലുത് ആയിരിക്കും. ആ ഒരു ഹഗ്ഗിലൂടെ നിങ്ങൾ ഒരുപക്ഷേ അവരെ തിരിച്ചു കൊണ്ട് വരുന്നത് അവരുടെ ജീവിതത്തിലേക്ക് ആയിരിക്കും.


പക്ഷേ അത്തരമൊരു കാര്യം ചെയ്യാൻ മടിക്കുന്ന വലിയൊരു വിഭാഗം തന്നെയാണ് നമുക്ക് ഇടയിലുള്ളത് എന്നുള്ളതാണ് സങ്കടം. അച്ഛനോ, അമ്മക്കോ, സഹോദരങ്ങൾക്കോ, കാമുകിക്കോ, കാമുകനോ, ഭാര്യക്കോ, ഭർത്താവിനോ, കൂട്ടുകാർക്കോ ആർക്കായാലും അത്തരം ഒരു സപ്പോർട്ട് ആവശ്യം വരുമ്പോൾ പല കാരണങ്ങളാലും മടിക്കുന്ന വലിയൊരു വിഭാഗം നമുക്ക് ഇടയിലുണ്ട്. എന്തിനേറെ പറയുന്നു നാളുകൾക്ക് ശേഷം കാണുന്ന ഒരു കൂട്ടുകാരിക്ക് അല്ലേൽ കൂട്ടുകാരന് ഒരു ഹഗ്ഗ് കൊടുക്കാൻ പോലും പലരും മടിക്കും ഇനി അങ്ങനെ സ്നേഹം പ്രകടിപ്പിക്കുകയാണെങ്കിൽ നമ്മുടെ സമൂഹത്തിലെ ചില പാഷാണത്തിൽ കൃമികൾ അതിന് പല ഡെഫനീഷനുകളും നൽകി സദാചാര ആങ്ങളമാർ അല്ലേൽ പെങ്ങന്മാർ ആവും. അത്തരത്തിൽ ഉള്ള ഒരാളേയും വക വെക്കാതെ നിങ്ങളുടെ ഹൃദയത്തിലെ സ്നേഹം നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾ പ്രകടിപ്പിക്കണം. മറ്റാരുടേയും സർട്ടിഫിക്കറ്റ് നോക്കി നിൽക്കരുത്. ആലിംഗനം എന്നത് വലിയ അപരാതമായോ കുറച്ചിലായോ കുറവായോ കാണേണ്ട ഒന്നല്ല.


ഏറ്റവും മോശം അവസ്ഥകളിൽ അത്തരമൊരു ഹഗ്ഗ് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വേണ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ചു കരഞ്ഞു കഴിഞ്ഞാൽ തീരുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും. ആ സമയത്ത് ആ രണ്ട് കൈകൾക്കിടയിലാണ് അത്തരം അവസ്ഥകളിൽ ഉള്ളവർ ഏറ്റവും സുരക്ഷിതർ. അവർക്കുള്ള ഏറ്റവും മികച്ച മരുന്ന് ആണ് അത്.


അത്തരം എത്രയോ സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഏറെ മോശം മാനസികാവസ്ഥയിൽ വിതുമ്പൽ ഉള്ളിലൊതുക്കി അത്തരമൊരു ചേർത്ത് നിർത്തൽ ആഗ്രഹിക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് നിന്നും വരുന്നത് മിക്കപ്പോഴും ഉപദേശങ്ങൾ ആയിരിക്കും. അത്തരം സന്ദർഭങ്ങളിൽ ഉപദേശം എന്ന് പറയുന്നത് മുറിവിൽ എരിവ് പുരട്ടുന്നതിന് തുല്ല്യമാണെന്ന് പലരും മനസ്സിലാക്കില്ല എന്നതാണ് വാസ്തവം. അവിടെ അവര് ആളാവാൻ ശ്രമിക്കുകയാണ് ചെയ്യാറ് പലപ്പോഴും. ആവശ്യമുള്ള സമയത്ത് മാതാപിതാക്കളോ, സഹോദരങ്ങളോ, കൂട്ടുകാരോ ആരും തന്നെ മനസ്സ് വായിച്ച് അത്തരമൊരു ചേർത്തു പിടിക്കൽ നടത്തിയിട്ടില്ല. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. പലപ്പോഴും ഉപദേശങ്ങളും മറ്റും തന്ന് അല്ലേൽ കൂടുതൽ പേടിപ്പിച്ച് അതും അല്ലേൽ ഇതിനേക്കാൾ വലുത് അവര് അനുഭവിച്ചിട്ടുണ്ട് ഇതൊക്കെ എന്ത് എന്നും പറഞ്ഞ് നമ്മുടെ ഫീലിംഗ്സിനെ വില കുറച്ച് കണ്ടു കൊണ്ട് മോട്ടിവേഷൻ എന്ന പേരിൽ തരുന്ന ഒരു തരം സപ്പോർട്ട് (സപ്പോർട്ട് എന്നാണ് അവരുടെ വിചാരം) ഒക്കെയാണ് പലരും ചെയ്തിട്ടുള്ളത്. എരി തീയിൽ നിന്നും വറ ചട്ടിയിലേക്ക് തള്ളിയിടുന്ന പ്രവണതകൾ ആണ് അവയെല്ലാം എന്ന് പലരും മനസ്സിലാക്കില്ല. അല്ലാതെ ചേർത്ത് നിർത്തുന്നവരും ഉണ്ട് ഇല്ലെന്നല്ല പക്ഷേ അതൊക്കെ വിരളമാണെന്ന് മാത്രം.

പലപ്പോഴും ഒരു ഹഗ്ഗ് കൊണ്ട് അവർക്ക് തീർക്കാൻ സാധിക്കുന്ന നമ്മുടെ പ്രശ്നങ്ങളെയാണ് ഇത്തരത്തിൽ അവര് വലിച്ചു നീട്ടുന്നത്.


അപ്പൊ പറഞ്ഞു വന്നത് നിങ്ങളുടെ വേണ്ടപ്പെട്ടവർ ഇത്തരം അവസ്ഥകളിൽ നിൽക്കുമ്പോൾ അവരെ കെട്ടിപ്പിടിച്ചു ചേർത്ത് നിർത്തിയാൽ തന്നെ അവര് ഓക്കേ ആയിരിക്കും അവർക്ക് അത് വലിയൊരു എനർജി ആയിരിക്കും. മറ്റുള്ളവർ അല്ലേൽ അവർ എന്ത് കരുതും എന്നുള്ള ചിന്ത മാറ്റി അവരെ അങ്ങനെ ചേർത്ത് പിടിക്കുക അതിലും വലിയൊരു മരുന്ന് അല്ലേൽ ധൈര്യം അവർക്ക് വേറെ നൽകാനില്ല.

ഹഗ്ഗ് എന്ന് പറയുന്നത് അത്രയ്ക്ക് പവർ ഫുൾ ആയ ഒരു മെഡിസിൻ ആണ് എത്ര മോശം മാനസികാവസ്ഥകളേയും ഞൊടിയിടയിൽ അകറ്റാൻ ശക്തിയുള്ള ഒരു മെഡിസിൻ.

വേണ്ടപ്പെട്ടവരെ അവരുടെ മോശം സമയങ്ങളിൽ ചേർത്ത് പിടിക്കൂ.... സമ്മർദ്ദത്തിലായ അവരുടെ ജീവിതമാണ് നിങ്ങളുടെ കൈകൾക്കുള്ളിൽ എന്ന് തിരിച്ചറിയൂ.

അനുഭവങ്ങളാണ് പലപ്പോഴും പാഠങ്ങൾ എന്നാണല്ലോ അത്തരത്തിൽ ഞാൻ പഠിച്ച പാഠങ്ങളിൽ ഒന്നാണ് ഇത്. എനിക്ക് അത്തരം അവസ്ഥകളിൽ ഏറെ ആഗ്രഹിച്ചിട്ടും പലപ്പോഴും ലഭിക്കാതെ പോയ എന്നാൽ ഞാൻ പലർക്കും അവരുടെ മോശം അവസ്ഥകളിൽ നൽകുന്ന എന്നാൽ കഴിയുന്ന ഏറ്റവും വലിയ സഹായം. ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരി പോലെ തന്നെ മറ്റുള്ളവരുടെ മനസ്സ് തണുപ്പിക്കാൻ സാധിക്കുന്ന ഒരു മരുന്ന് തന്നെയാണ് ആലിംഗനം.

-വൈശാഖ്.കെ.എം
ആലിംഗനം ഒരു പവർഫുൾ മെഡിസിനാണ് ആലിംഗനം ഒരു പവർഫുൾ മെഡിസിനാണ് Reviewed by on 08:34 Rating: 5

No comments:

Powered by Blogger.