ജയ ജയ ജയ ജയ ഹേ

  പെൺകുട്ടികളെ ഭാരമായി കാണുന്ന മാതാപിതാക്കൾക്കും, അടുക്കളയിൽ തളച്ചിടുന്ന അടിമകളായി കാണുന്ന ഭർത്താക്കന്മാർക്കും പിന്തിരിപ്പൻ ചിന്താഗതിയുള്ള സമൂഹത്തിനും നേരെയുള്ള നർമ്മത്തിൽ ചാലിച്ച പ്രഹരമാണ് ജയ ജയ ജയ ജയ ഹേ.

ഇത്തരം പ്രമേയങ്ങളിൽ ഈയിടെ കുറച്ച് സിനിമകൾ പുറത്ത് വന്നിട്ടുണ്ട് അവയിൽ നിന്നും ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത് ചിത്രം അല്പം കൂടെ ഒരു എന്റർടൈനിങ് മൂഡിലാണ് കഥ പറയുന്നത് എന്നതാണ്. തമാശരൂപേണ കൊള്ളേണ്ടവർക്ക് കൃത്യമായി കൊള്ളിച്ചു കൊണ്ടാണ് ചിത്രം കഥ പറയുന്നത്. കുല പുരുഷന്മാരേയും , കുല സ്ത്രീകളേയും, സദാചാര സമൂഹത്തിനേയും, അന്ധവിശ്വാസങ്ങളേയും, മതങ്ങളുടെ ചട്ടക്കൂടുകളിൽ പെൺകുട്ടികകളെ തളച്ചിടുന്നവരേയുമെല്ലാം ചിത്രം കണക്കിന് പ്രഹരിക്കുന്നുണ്ട്.

ഒരു ഒഴുക്കിൽ പോകുന്ന ചിത്രം പല സന്ദർഭങ്ങളിലും സഡൻ ബ്രേക്ക് ഇട്ടത് പോലെ നിന്ന് പിന്നീട് വലിപ്പിച്ച് കിതക്കുന്നത് ഒരു കല്ലുകടി ആയിരുന്നു. തിരക്കഥയിലെ ആ പോരായ്മകൾ ഒരു പരിധിവരെ പരിഹരിച്ചത് അഭിനേതാക്കളുടെ പ്രകടനമാണ്. പ്രധാന കഥാപാത്രങ്ങളായ ദർശന രാജേന്ദ്രന്റേയും Basil Joseph ന്റേയും പ്രകടന മികവ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒപ്പം പേരറിയാത്ത ഒന്ന് രണ്ട് കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. ബേസിലിന്റെ അമ്മ, പെങ്ങൾ വേഷങ്ങളിൽ അഭിനയിച്ചവർ ആയിരുന്നു അത്. അതിമനോഹരമായി അവര് ആ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒരേ സമയം സിനിമാറ്റിക്ക് ആയും റിയലസ്റ്റിക്ക് ആയും കഥ പറയുന്ന ചിത്രത്തിൽ തമാശ രംഗങ്ങൾ എല്ലാം തന്നെ വർക്ക് ഔട്ട്‌ ആയിട്ടുണ്ട് എന്നത് തന്നെയാണ് അതിന്റെ വിജയം.

ഇത്തരമൊരു വിഷയത്തെ കൂടുതൽ ആളുകളിലേക്ക് എത്തുന്ന തരത്തിൽ തമാശ ചേർത്ത് അവതരിപ്പിച്ചതിൽ അണിയറപ്രവർത്തകർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

സമൂഹത്തിൽ കാണുന്ന സകല ചൊറിയൻ പുഴുക്കളേയും ഒന്നിനെപ്പോലും വിടാതെ തിരഞ്ഞു പിടിച്ചു കൊണ്ട് മണ്ടക്ക് ഇട്ട് കൊട്ടുന്നുണ്ട് Vipin Das . വീട്ടിലെ വസന്തങ്ങളായ അമ്മാവന്മാർ മുതൽ സോഷ്യൽ മീഡിയയിലെ ന്യൂജൻ കലിപ്പൻ മാരേയും കാന്താരികളേയും നല്ല രീതിയിൽ പ്രഹരിക്കുന്നുണ്ട് ചിത്രം. അതോടൊപ്പം തന്നെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളേയും, സ്ത്രീധന സമ്പ്രദായത്തേയും അടക്കം നർമ്മത്തിലൂടെ ശക്തമായി വിമർശിക്കുന്നുണ്ട് ജയ ജയ ജയ ജയ ഹേ.

സ്ത്രീക്ക് വേണ്ടത് അന്തസ്സും, ആഭിജാത്യവും, സംസ്കാരവും, അടക്കവും ഒതുക്കവും, ആണുങ്ങളോട് ബഹുമാനവും, അനുസരണയും കൈപ്പുണ്യവുമാണ് എന്ന് പറയുന്ന സമൂഹത്തോട് സ്ത്രീക്ക് വേണ്ടത് സമത്വവും, നീതിയും, സ്വാതന്ത്ര്യവുമാണെന്ന് പറയുകയാണ് ചിത്രം.

പലരാലും കഷ്ടതകൾ അനുഭവിക്കുന്ന സ്ത്രീകളോട് അതേ നാണയത്തിൽ മറുപടി നൽകാനും ചിത്രം പഠിപ്പിക്കുന്നുണ്ട്. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട എല്ലാം തികഞ്ഞ ഒരു ചിത്രമാണ് എന്നൊന്നും പറയുന്നില്ല എന്നാലും ഇത്തരം അവസ്ഥകളിലൂടെ പോകുന്ന പെൺകുട്ടികൾക്ക് ഒക്കെ ഒരു പ്രചോദനവും ഇത്തരം അഹന്തകളും, അഹങ്കാരവും കൊണ്ട് നടക്കുന്ന ആണുങ്ങൾ അടക്കമുള്ളവർക്ക് ഒരു പാഠവും പ്രഹരവും കൂടെയാണ് ചിത്രം. മാതാപിതാക്കളുടെ അടുത്തായാലും ഭർത്താവിന്റെ അടുത്തായാലും ജയയോളം ശബ്ദമില്ലാത്തവളായി താഴരുത് എന്നും പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചും അഭിപ്രായം പറയേണ്ടിടത്ത് പറഞ്ഞും മുന്നേറണമെന്ന് പറഞ്ഞു വെക്കുന്നു ചിത്രം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റേയും, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുന്നതിന്റെ ആവശ്യകതകളേയും ചിത്രം പറഞ്ഞു പോകുന്നുണ്ട്.

ഇത്തരം വിഷയങ്ങൾ സിനിമയാക്കുമ്പോൾ സിനിമയെ വിനോദോപാധി മാത്രമായി കാണുന്ന ഭൂരിപക്ഷം പ്രേക്ഷകർക്കും ദഹിക്കുന്ന തരത്തിൽ അല്പം എന്റർടൈനിങ് ആയി പറഞ്ഞാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തും എന്ന ബോധം അണിയറപ്രവർത്തകർക്ക് ഉണ്ടായത് വലിയ കാര്യമാണ്. ഇതൊക്കെ കൂടുതൽ ആളുകളിലേക്ക് എത്തുക തന്നെ വേണം.

കാണുന്നവർക്ക് കൈ വെക്കാൻ തോന്നും വിധത്തിൽ രാജേഷ് എന്ന കഥാപാത്രത്തെ Basil Joseph  ഗംഭീരമാക്കിയിട്ടുണ്ട്. ഇപ്പൊ കിട്ടിയിരുന്നേൽ ഒരെണ്ണം പൊട്ടിക്കാമായിരുന്നു എന്ന് തോന്നും വിധത്തിൽ ബേസിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Darshana Rajendran ഈ സിനിമയ്ക്ക് വേണ്ടിയെടുത്ത എഫേർട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്. അതി ഗംഭീരമായി ജയ എന്ന കഥാപാത്രത്തെ അവര് അവതരിപ്പിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ വളർന്നു വന്ന മകളേയും, അടിമയായി കഴിയേണ്ടി വരുന്ന ഭാര്യയേയും, ഒറ്റപ്പെടലിൽ നിന്നും ദ്രോഹങ്ങളിൽ നിന്നും ക്ഷമയുടെ നെല്ലിപ്പലകയിളകി പ്രതികരിക്കാൻ ഇറങ്ങുന്ന സ്ത്രീകളുടെ പ്രതിനിധിയായുമെല്ലാം ദർശന മികച്ചു നിന്നു. അത്തരം ഇമോഷനുകൾ എല്ലാം അവരിൽ ഭദ്രമായിരുന്നു.

ഇവർക്ക് ഒപ്പം തന്നെ അങ്കിത് മേനോന്റെ സംഗീതവും ചിത്രത്തിൽ മികച്ചു നിന്ന വിഭാഗമാണ്.

Aju Varghese , അസീസ് നെടുമങ്ങാട്,സുധീർ പറവൂർ, ആനന്ദ് മന്മദൻ,മഞ്ജു പിള്ളൈ തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയവരാണ്.

പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിൽ അടിക്ക് തിരിച്ചടിയെന്നോണമുള്ള കഥ പറച്ചിൽ തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അവരുടെ ആ ആഗ്രഹ സഫലീകരണത്തിന്റെ സന്തോഷമാണ് അവസാനം തിയ്യേറ്ററിൽ ഉയരുന്ന കരഘോഷങ്ങൾ.

തിരക്കഥയിലും മറ്റുമുള്ള പോരായ്മകൾ അഭിനേതാക്കളുടെ പ്രകടനമികവ് കൊണ്ട് മറക്കാവുന്ന..... രണ്ടര മണിക്കൂർ മുഷിപ്പ് ഇല്ലാതെ അത്യാവശ്യം ചിരിച്ച് ആസ്വദിക്കാവുന്ന..... കുറേ ചിന്തിക്കാവുന്ന..... ഒരു കൊച്ചു സിനിമയാണ് ജയ ജയ ജയ ജയ ഹേ. ശക്തമായൊരു വിഷയം നർമ്മത്തിൽ ചാലിച്ച് പറയുന്ന ഒരു ക്ലീൻ ഫാമിലി എന്റർടൈനർ.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
ജയ ജയ ജയ ജയ ഹേ ജയ ജയ ജയ ജയ ഹേ Reviewed by on 04:21 Rating: 5

No comments:

Powered by Blogger.