മോഹൻലാലും വസന്ത വിഷ വലയങ്ങളും
ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ സിനിമയുടെ അനൗൺസ്‌മെന്റ് ആളുകൾ ഇത്രയേറെ ആഘോഷമാക്കാൻ കാരണം മോഹൻലാൽ ഇപ്പോഴത്തെ സർക്കിളിൽ നിന്ന് പുറത്ത് വരണമെന്ന് അവര് അത്രയേറെ ആഗ്രഹിക്കുന്നത് കൊണ്ടാണ്.
മോഹൻലാൽ ഇപ്പൊ ഒരു പാരലൽ വേൾഡിലാണ് നിൽക്കുന്നത് അതിനുള്ളിൽ നിന്ന് അദ്ദേഹത്തിനൊരു മോചനം അനിവാര്യമാണ്. അതിന് പുറത്തുള്ള ലോകത്ത് എന്തൊക്കെ നടക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കണമെങ്കിൽ ഈ പറഞ്ഞ മാറ്റം മസ്റ്റ് ആണ്.
കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് മോഹൻലാൽ തുടരെ മോശം സിനിമകളുടെ ഭാഗമാകുന്നത് അതും ഇട്ടിമാണി,ബിഗ് ബ്രദർ, മരക്കാർ, ആറാട്ട്, മോൺസ്റ്റർ തുടങ്ങിയ ഷിറ്റ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രങ്ങൾ. കേട്ടാൽ അറക്കുന്ന ഏതൊരാളും നെറ്റിച്ചുളിക്കും വിധമുള്ള ഡബിൾ മീനിങ് നിറഞ്ഞ സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ നിറഞ്ഞു നിൽക്കുന്ന ആറാട്ടും, മോൺസ്റ്ററുമെല്ലാം ഈ കാലത്ത് ഇത്രയും വലിയ ഒരു അഭിനേതാവ് ചെയ്യുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അദ്ദേഹം ഇന്നിന്റെ പ്രേക്ഷകരെ പറ്റി ഒന്നും മനസ്സിലാക്കിയിട്ടില്ല അല്ലേൽ അവരെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്.
അദ്ദേഹത്തിന് ചുറ്റുമുള്ള വലയം ഒട്ടും അപ്ഡേറ്റഡ് അല്ലാത്ത ഒരു വിഭാഗമായിട്ടാണ് തോന്നിയിട്ടുള്ളത്. സൗഹൃദം മോഹൻലാലിന്റെ ബലഹീനതയാണെന്ന് അറിയുന്ന അവരൊക്കെ പല പേരും പറഞ്ഞ് ആ സൗഹൃദം മുതലെടുത്ത് അദ്ദേഹത്തെ കുഴിയിൽ ചാടിക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. സിനിമകൾ പരാജയമായാലും തുടർച്ചയായി ചിലർക്ക് ഡേറ്റ് കൊടുക്കുന്നത് ഒക്കെ അങ്ങനെയാവും എന്നാണ് ഒരു നിഗമനം.
അപ്ഡേറ്റഡ് അല്ലാത്ത കാലത്തിന് അനുസരിച്ച് മാറാത്ത അത്തരം ആളുകളിൽ നിന്നും പുറത്ത് വന്ന് ഇന്നിന്റെ സിനിമകളെ നയിക്കുന്ന ആളുകളിലേക്ക് മോഹൻലാൽ എത്തണം എന്നാണ് ആഗ്രഹം. മോഹൻലാലിന്റെ ഡേറ്റ് കിട്ടിയാൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിവുള്ള ബേസിൽ ജോസഫ്, അൽഫോൺസ് പുത്രൻ, അമൽ നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ തുടങ്ങി എത്രയോ ആളുകളുണ്ട് നമ്മുടെ ഇൻട്രസ്ട്രിയിൽ. പലരും അദ്ദേഹത്തിന്റെ ഫാൻ ബോയ്സ് ആണ് താനും. പൃഥ്വിരാജ് ഇപ്പൊ ലിജോ ഇവരെ മാറ്റി നിർത്തിയാൽ ഇപ്പോഴും മോഹൻലാലിനൊപ്പം സഞ്ചരിക്കുന്നത് പ്രേക്ഷകരുടെ ക്ഷമ തുടർച്ചയായി പരീക്ഷിക്കുന്നവരാണ്.
ആറാട്ടും, മോൺസ്റ്ററുമൊക്കെ സ്ക്രിപ്റ്റ് വായിച്ചിരുന്നേൽ ഒരുപക്ഷേ മോഹൻലാൽ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കാരണം ഇത്രയേറെ പരിചയ സമ്പത്തുള്ള ഒരു അഭിനേതാവിന് ആ സിനിമയൊക്കെ എന്താവും എന്നറിയാനുള്ള ബോധം എന്തായാലും ഉണ്ടാവും. കോവിഡ് സമയത്ത് ആളുകൾക്ക് ജോലി കൊടുക്കാൻ വേണ്ടിയാണ് ഈ പലതും ചെയ്തത് എന്ന ന്യായീകരണം പറഞ്ഞാലും തിരിച്ചു ചോദിക്കാനുള്ളത് ഇദ്ദേഹത്തെപ്പോലെ ഒരു നടന് നല്ല തിരക്കഥകൾക്ക് ഇത്രെയേറെ ക്ഷാമമുണ്ടോ എന്നാണ്.
പഴയ മോഹൻലാലിനെ വേണം എന്നൊന്നും പറയില്ല കാരണം പഴയത് അവിടെ കഴിഞ്ഞു അത് പിന്നീട് സംഭവിക്കില്ല അതിപ്പോ മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും ആരായാലും. ഇപ്പൊ ഉള്ള മോഹൻലാലിന് അത്ഭുതങ്ങൾ കാണിക്കാൻ കഴിയില്ല എന്നുള്ള ഒരു തോന്നൽ പലർക്കും ഉണ്ട് അതൊക്കെ തെറ്റാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് മാത്രേ കഴിയൂ. അഭിനയ സാധ്യതകളുള്ള സിനിമകൾ ഇല്ലേൽ വേണ്ട അതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം പക്ഷേ ബിസിനസ് മുന്നിൽ കണ്ട് ചെയ്യുന്ന മസാല സിനിമകൾ എങ്കിലും നന്നാക്കിക്കൂടേ എന്നൊരു ചോദ്യമേയുള്ളൂ.
മോഹൻലാലിന്റെ ചുറ്റുമുള്ള വിഷ വലയം കാരണം പലർക്കും അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിപ്പെടാൻ പറ്റുന്നില്ല എന്നത് സത്യമായ ഒരു കാര്യമാണ് പലരും അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇൻട്രസ്ട്രിയിൽ കാലങ്ങളായുള്ള മികച്ച സിനിമകളുടെ ഭാഗമായ വലിയൊരു സംവിധായകന് ഒപ്പം ഇദ്ദേഹത്തിനോട് ഒരു കഥ പറയാൻ പോയ കൂട്ടുകാരന് ഉണ്ടായ അനുഭവം അടക്കം അതിൽപ്പെടും. ഈയിടെ മികച്ച സിനിമകൾ എടുത്ത അതിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ പോലും ഉള്ള വലിയൊരു നിർമ്മാതാവും നിരാശയോടെ തിരിച്ചു പോന്ന കൂട്ടത്തിൽ ഉള്ളതാണ്. കൂടെയുള്ള എർത്തുകൾ കാരണം അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ സംവിധായകർക്കും എഴുത്തുകാർക്കും വലിയ നിർമ്മാതാക്കൾക്ക് പോലും കഴിയുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. അപ്പൊ പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടല്ലോ.
പൃഥ്വിരാജ് പറഞ്ഞത് പോലെ "സ്ക്രിപ്റ്റ് കേൾക്കാൻ ഒരു മാനേജരെ വെച്ചാൽ അയാൾക്ക് ഇഷ്ടമുള്ളത് മാത്രമേ എന്റെ അടുത്ത് എത്തുകയുള്ളൂ അപ്പൊ എനിക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഒരുപാട് സിനിമകൾ മിസ്സ് ആവും അതുകൊണ്ട് ആണ് ഞാൻ മാനേജരെ വെക്കാത്തത്. ഇതിന് ഒരു നെഗറ്റീവ് വശം കൂടെയുണ്ട് സ്ക്രിപ്റ്റ് ഞാൻ മാത്രം കേൾക്കുമ്പോൾ പലതും ഒരുപാട് വൈകും." ശരിയാണ് മറ്റൊരാളെ ഈ കാര്യത്തിന് ഒക്കെ ഏൽപ്പിച്ചാൽ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും. എന്നിരുന്നാലും മോഹൻലാലിനെപ്പോലെ ഒരാൾക്ക് ഒറ്റയ്ക്ക് എല്ലാം കേൾക്കുക എന്നത് ഒരുപക്ഷേ ഒട്ടും പോസിബിൾ ആയ കാര്യമായിരിക്കില്ല അപ്പൊ പിന്നെ ഇങ്ങനെ ഒരു ആളെ നിയമിക്കുമ്പോൾ അത് അത്യാവശ്യം സെൻസ് ഉള്ള ഒരാൾ ആയാൽ തന്നെ ഒരുമാതിരിപ്പെട്ട ചവറുകൾ ഒന്നും ചെയ്യേണ്ടി വരില്ല. ഒപ്പം ഈ ഫിൽറ്റർ ചെയ്തു വരുന്നത് പുള്ളി കേൾക്കുകയും കൂടെ വേണം.
മോഹൻലാൽ സിനിമകൾ കാണുന്നത് വളരെ കുറവ് ആണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അതും അദ്ദേഹത്തിന് പ്രേക്ഷകരുടെ ടേസ്റ്റും ഇന്നിന്റെ സിനിമകളെ പറ്റി അറിയാനും സാധിക്കാത്തതിൽ വലിയൊരു കാരണമായിരിക്കാം. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നത് പോലെയാണ് മോഹൻലാലിന്റെ കാര്യം അദ്ദേഹത്തിന് അദ്ദേഹത്തെ പറ്റി അറിയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഇത്രയേറെ കഴിവുകളുള്ള ഈ മനുഷ്യന്റെ ഇപ്പോഴത്തെ പോക്ക് കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളതാണ് ഇത്.
എൺപതുകളിലും മറ്റും ദശരഥവും, നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളും, തൂവാനത്തുമ്പികളും പോലുള്ള ഒരുപാട് സിനിമകൾ ചെയ്ത മോഹൻലാൽ ആണ് ഇന്നത്തെ കാലത്ത് ഇട്ടിമാണിയും, ആറാട്ടും, മോൺസ്റ്ററുമെല്ലാം ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടമാണ് അറ്റ്ലീസ്റ്റ് ഇത്തരം ചിത്രങ്ങളിൽ താൻ പറയുന്ന സംഭാഷണങ്ങളെപ്പറ്റിയെങ്കിലും അദ്ദേഹത്തിന് ഒരു ബോധം വേണ്ടതാണ്.
കൂടെയുള്ള വസന്തങ്ങളുടെ വലയത്തിൽ നിന്നും മോഹൻലാൽ പുറത്ത് വന്നാൽ മോഹൻലാൽ എന്ന നടനിൽ നിന്നും താരത്തിൽ നിന്നും ഒരുപാട് വിസ്മയങ്ങൾ ഇനിയും കാണാനാകും. അത് അദ്ദേഹത്തിനൊഴിച്ച് മറ്റെല്ലാർക്കും അറിയാം എന്നതാണ് സങ്കടം. ആ തിരിച്ചറിവ് അദ്ദേഹത്തിനും ഉണ്ടാകട്ടെ.
മോഹൻലാൽ മലയാളികൾക്ക് വെറുമൊരു അഭിനേതാവ് മാത്രമല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ നല്ല സിനിമകൾ മറ്റെല്ലാത്തിനും അപ്പുറം അവര് ഉത്സവമാക്കുന്നതും മോശം സിനിമകളെ അത്രയേറെ വിമർശിക്കുന്നതും. പ്രേക്ഷകർ അദ്ദേഹത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിനും പ്രതീക്ഷക്കും വില കല്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഈയടുത്ത കാലത്ത് വരെ പ്രേക്ഷകർ തന്നെയായിരുന്നു അദ്ദേഹത്തിന് രാജാവ്, പക്ഷേ ഈയിടെ അതിൽ ഒരു മാറ്റം ഉണ്ടായത് പോലെയാണ് ചില വിവാദ ഇന്റർവ്യൂകൾ ഒക്കെ അതിന് ഉദാഹരണം ആണല്ലോ.
തന്നെ വിശ്വസിച്ച് സമയവും കാശും മുടക്കി വരുന്ന പ്രേക്ഷകർക്ക് നല്ല സദ്യ വിളമ്പേണ്ടത് അദ്ദേഹത്തിന്റെ കടമയാണ് അത് അദ്ദേഹം ഈയിടെ മറന്നു പോകുന്നു അല്ലേൽ കൂടെയുള്ള കുറേ ഗ്രഹങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു എന്നതാണ് പ്രശ്നം.
തന്റെ സോഷ്യൽ മീഡിയ പി ആറുകൾ മുതൽ കൂടെയുള്ള പലരും ഔട്ട്‌ഡേറ്റഡ് ആയെന്ന ബോധം അദ്ദേഹത്തിന് ഉണ്ടാവണം അത്തരം തിരിച്ചറിവുകൾ അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്നിട്ട് മോശം കൂട്ടുകെട്ടിൽ നിന്നും പുറത്ത് വന്ന് ഇന്നിന്റെ പിള്ളേരുടെ കൂടെ കൂടി അനേകം മികച്ച സിനിമകളുടെ ഭാഗമാകട്ടെ. ലിജോ ജോസ് പെല്ലിശ്ശേരി സിനിമ അതിനൊരു തുടക്കമാകട്ടെ.
മോഹൻലാലാലിനെ പഠിപ്പിക്കാൻ നീയാരാടാ, ലാലേട്ടന് ക്ലാസ്സ് എടുക്കാൻ ഒന്നും നീ ആയിട്ടില്ല, അദ്ദേഹം എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന്റെ ഇഷ്ടം എന്നൊക്കെ പറഞ്ഞു വരുന്നവരോട് ആയി പറയുകയാണ് പുള്ളിയെ പഠിപ്പിക്കാനോ മറ്റോ വന്നതല്ല മറിച്ച് ഇതിഹാസമായ ഒരു നടന്റെ കരിയറിലെ അവസ്ഥ കണ്ട് സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണ്. അദ്ദേഹം എന്ത് ചെയ്യണം എന്നൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം തന്നെയാണ് പക്ഷേ സിനിമ ഞാനും കൂടെ കാണുന്ന ഒന്നായത് കൊണ്ടും ആ മനുഷ്യന്റെ കഴിവുകളെ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും പറഞ്ഞു പോകുന്നതാണ് ഇതൊക്കെ. ഭൂരിഭാഗം പേരും ഇതേ അഭിപ്രായമുള്ളവർ ആയിരിക്കും അതാണ് തന്റെ വലയം വിട്ട് മോഹൻലാൽ പുറത്ത് വരുമ്പോൾ എല്ലാം എല്ലാവരും അതൊരു ആഘോഷമാക്കുന്നതും. അങ്ങനെ വന്നപ്പോൾ എല്ലാം വലിയ വിജയങ്ങളും നല്ല സിനിമകളും പിറന്നിട്ടുമുണ്ട്.
ഒരിക്കൽ കൂടെ പറയുന്നു നോ പറയേണ്ട സ്ഥലത്ത് നോ പറഞ്ഞു കൊണ്ട്, അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തിക്കൊണ്ട് ആ പാരലൽ വേൾഡിൽ നിന്നും അദ്ദേഹം പുറത്ത് വരട്ടെ മികച്ച ഒരുപാട് സിനിമകൾ സംഭവിക്കട്ടെ. ലിജോ ജോസ് പെല്ലിശ്ശേരി സിനിമ അതിനൊരു തുടക്കമാകട്ടെ.
മോഹൻലാലും മോഹൻലാൽ സിനിമകളും മലയാളിക്കും മലയാള സിനിമക്കും വെറും വിനോദ ഉപാധികൾ മാത്രമല്ലെന്നുള്ള ബോധം അദ്ദേഹത്തിന് ഉണ്ടാവട്ടെ. സിനിമ ആളുകളിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു മീഡിയമാണ് അത്തരത്തിൽ നോക്കുമ്പോൾ അയാൾ ഒരു ജനതയുടെ നായകൻ ആണ് അത്തരത്തിൽ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരാളിൽ നിന്നും മികച്ചത് മാത്രമേ പുറത്ത് വരാവൂ.
എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും നിങ്ങളോടുള്ള ഇഷ്ടം കുറയുന്നില്ല ലാലേട്ടാ.... കാരണം അത്രയേറെ നിങ്ങൾ മനസ്സിൽ പതിഞ്ഞു പോയിട്ടുണ്ട്. നിങ്ങൾ മേല്പറഞ്ഞ വലയങ്ങൾ എല്ലാം ഭേധിച്ച് പുറത്ത് വരും എന്ന പ്രതീക്ഷയോടെ ഒരു ആരാധകൻ.
മോഹൻലാലും വസന്ത വിഷ വലയങ്ങളും
Reviewed by
on
06:13
Rating:

No comments: