അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം
ഈയിടെ പൃഥ്വിരാജ് പറഞ്ഞൊരു കാര്യമുണ്ട് മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും ഇൻട്രെസ്റ്റിങ് ഫേസ് ആണ് ഇനി തുടങ്ങാൻ പോകുന്ന ഫേസ് എന്ന്. അത് അക്ഷരാർത്ഥത്തിൽ ശരി വെക്കും വിധമാണ് അദ്ദേഹത്തിന്റെ ഈയിടെ ഇറങ്ങിയ സിനിമകളും ഇറങ്ങാനിരിക്കുന്ന സിനിമകളുടെ ലൈനപ്പും മറ്റും.
എഴുപത്തി ഒന്നാമത്തെ വയസ്സിലും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനേവേശവും നാൾക്ക് നാൾ കൂടി വരുന്ന സിനിമയോടുള്ള പ്രണയവും മമ്മൂട്ടി എന്ന നടനെ നടത്തിക്കുന്നത് പുതിയ വഴികളിലൂടെയാണ്. അഞ്ച് പതിറ്റാണ്ടുകൾക്ക് മേലെയായിട്ടുള്ള തന്റെ സിനിമാ ജീവിതത്തിൽ അദ്ദേഹം പകർന്നാടാത്ത വേഷങ്ങളില്ല. അയാൾക്ക് ഇനി ചെയ്യാൻ ബാക്കിയൊന്നും ഇല്ല എന്ന് ജനങ്ങൾ പറയുമ്പോഴും അല്ല താൻ ഇപ്പോഴും സിനിമയിൽ ഒരു പുതുമുഖമാണെന്ന ചിന്തയിൽ അദ്ദേഹം പുതിയ വഴികൾ തേടി അലയുകയാണ്. തന്നിലെ താരത്തേക്കാൾ തന്നിലെ നടന് പ്രാധാന്യം കൊടുക്കുകയാണ്. താൻ ഒരു തുടക്കക്കാരനാണ് തനിക്ക് ഇനിയും ഏറെ ദൂരം മുൻപോട്ട് പോകാനുണ്ട് എന്നായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലെ തോന്നൽ.
ഈ പ്രായത്തിലും അദ്ദേഹം തന്നിലെ നടന് വെല്ലുവിളിയുയർത്തുന്ന അല്ലേൽ തന്നിലെ നടനെ പുറത്തെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വേഷങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നു എന്നത് അത്ഭുതം തന്നെയാണ്. അതിനൊപ്പം തന്നെ തന്നിലെ താരത്തേയും അദ്ദേഹം മറക്കുന്നില്ല. ഭീഷ്മ പർവ്വം പോലൊരു ചിത്രം ചെയ്തു കൊണ്ട് ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായ ചിത്രത്തിന്റെ അമരത്ത് നിന്നു കൊണ്ട് തന്നിലെ താരമൂല്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് അദ്ദേഹം പറയാതെ പറയുകയാണ്. ഭീഷ്മയിലെ മൈക്കിളിൽ നിന്നും വീണ്ടും തന്നിലെ നടന് പ്രാധാന്യം നൽകിക്കൊണ്ട് പുഴുവിലെ കുട്ടനിലേക്കും റോഷാക്കിലെ ലൂക്ക് ആന്റണിയിലേക്കുമൊക്കെയാണ് മമ്മൂട്ടി എന്ന നടൻ പരകായ പ്രവേശം നടത്തിയത്. വരാനിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കവും, ജിയോ ബേബിയുടെ കാതലുമെല്ലാം മമ്മൂട്ടി എന്ന നടനെ കാണാൻ സാധിക്കുന്ന സിനിമകൾ ആയിരിക്കും എന്നൊരു വിശ്വാസമുണ്ട്.
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗുണമുള്ള സിനിമകൾ ആണ് മമ്മൂട്ടിയിൽ നിന്നും വരുന്നത്. താരം പരാജയപ്പെടുന്നിടത്ത് നടൻ മികച്ചു നിൽക്കും എന്നത് തന്നെയാണ് അതിലെ പ്രത്യേകത. അഭിനത്തോടുള്ള ആ ത്വര തന്നെയാണ് മമ്മൂട്ടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും.
പുഴുവും, റോഷാക്കുമൊന്നും വ്യക്തിപരമായി എന്നിലെ പ്രേക്ഷകനെ സ്വാധീനിക്കാത്ത ചിത്രങ്ങൾ ആയിരുന്നു എങ്കിലും ഭൂരിപക്ഷം ഏറ്റെടുത്തവയായിരുന്നു അവയൊക്കെ. ഇടയ്ക്ക് സി.ബി.ഐ പോലുള്ള ഒരു മോശം സിനിമ പുറത്ത് വന്നത് മാത്രമായിരിക്കും ഈയിടെ കരിയറിലെ ഒരു പോറൽ എന്ന് പറയുന്നത്. വരാനിരിക്കുന്നതിൽ ക്രിസ്റ്റഫറിൽ വലിയ പ്രതീക്ഷയില്ല ബാക്കിയെല്ലാം കാത്തിരിക്കുന്നവയാണ്. മിക്കവരും അഭിനേതാവിന് രണ്ടാം സ്ഥാനവും താരത്തിന് ഒന്നാം സ്ഥാനവും കൽപ്പിക്കുമ്പോൾ മമ്മൂട്ടി അഭിനേതാവിന് ശേഷമാണ് തന്നിലെ താരത്തെ പരിഗണിക്കുന്നത് എന്നത് അഭിനന്ദനാർഹമാണ്. തന്നിലെ നടന് ഒപ്പം താരത്തേയും പരിഗണിക്കുന്ന സിനിമകളും അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നുണ്ട് ബിലാൽ ഒക്കെ അതിന് ഉദാഹരണമാണ്.
സിനിമയുടെ കാര്യത്തിൽ അദ്ദേഹം എത്രത്തോളം അപ്ഡേറ്റഡ് ആണെന്നുള്ളത് ഓരോ ഇന്റർവ്യൂകളിൽ നിന്നും വ്യക്തമാണ്. ഇന്നിന്റെ സിനിമയേയും സിനിമാക്കാരേയും പ്രേക്ഷകരേയും പറ്റി അത്രത്തോളം ധാരണ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൽ കണ്ട മറ്റൊരു ക്വാളിറ്റി എല്ലാ സിനിമകളും കാണും എന്നതാണ്. ഓരോരുത്തർ അതിൽ ചെറുതും വലുതുമായ അഭിനേതാക്കളുണ്ട് അവര് അഭിമുഖങ്ങളിലും മറ്റും പറയുന്നൊരു കാര്യമാണ് ഒരു പരിചയവും ഇല്ലാത്ത അവരെ അവര് ചെയ്ത സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അദ്ദേഹം പരിചയപ്പെടുന്നത്. അത്രത്തോളം അദ്ദേഹം സിനിമയുമായി ഇടപഴകിയാണ് ജീവിക്കുന്നത്. ഒപ്പം പുതുമുഖങ്ങളോടൊത്ത് അല്ലേൽ തുടക്കക്കാരോടൊത്ത് തുടരെ തുടരെ കൈ കോർക്കുന്നതും അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്. സിനിമ സ്വപ്നം കാണുന്ന ആർക്കും മമ്മൂട്ടി എന്ന നടന്റെ അടുത്ത് എളുപ്പം എത്തിപ്പെടാം എന്നതും അത്ഭുതമാണ്. സൂപ്പർസ്റ്റാർ എന്ന മതിൽകെട്ട് ഒന്നും ആ കാര്യത്തിൽ അവിടെയില്ല എന്നത് പലർക്കും പ്രതീക്ഷയാണ്.
എഴുപത്തി ഒന്നാമത്തെ വയസ്സിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെ, പുതുമുഖത്തിന്റെ ആവേശത്തോടെ, തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ ഓടുകയാണ്. തന്നിലെ നടനേയും, താരത്തേയും ഒരുപോലെ പരിഗണിച്ചു കൊണ്ട് യുവത്വത്തേക്കാൾ അപ്ഡേറ്റഡ് ആയി അയാൾ പ്രയാണം തുടരുകയാണ് ഏവർക്കും പ്രചോദനമായിക്കൊണ്ട്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹം അദ്ദേഹത്തിലെ നടനെ തേച്ചു മിനുക്കിക്കൊണ്ടിരിക്കുകയാണ്.
മോഹൻലാലിന്റെ വാക്കുകൾ കടമെടുത്താൽ അദ്ദേഹത്തിന്റെ ഇച്ചാക്ക ഒരു വിസ്മയമാണ്.
Mammootty ❤️🙏🏻
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം
Reviewed by
on
09:59
Rating:

No comments: