പൊന്നിയിൻ സെൽവൻ പാർട്ട് -1
തമിഴ്നാട്ടുകാരുടെ വികാരങ്ങളിലൊന്നായ കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ മണിരത്നമെന്ന ഇതിഹാസ സംവിധായകൻ വെള്ളിത്തിരയിലേക്ക് പകർത്തിയപ്പോൾ പിറന്നത് ഒരു അതിമനോഹര ദൃശ്യാനുഭവമാണ്.
തിരക്കഥ കൊണ്ടും സംവിധാന മികവ് കൊണ്ടും മണിരത്നവും,അഭിനയം കൊണ്ട് അദ്ദേഹം വിശ്വസിച്ച് ഓരോ കഥാപാത്രങ്ങൾ ഏൽപ്പിച്ചവരും, സംഗീതം കൊണ്ട് റഹ്മാനും, ഛായാഗ്രഹണം കൊണ്ട് രവി വർമ്മനും, എഡിറ്റിങ്ങിൽ ശ്രീകർ പ്രസാദും മികവ് പുലർത്തിയപ്പോൾ പൊന്നിയിൻ സെൽവന്റെ ചലച്ചിത്ര ഭാഷ്യത്തിന്റെ ആദ്യ ഭാഗം മികച്ചൊരു തിയ്യേറ്റർ എക്സ്പീരിയൻസ് ആയി മാറി.
ഇത്രേം വലിയൊരു സിനിമയുടെ രണ്ട് ഭാഗങ്ങൾ 150 ദിവസം കൊണ്ട് ഷൂട്ട് ചെയ്തു തീർത്തു എന്ന് കേട്ടപ്പോൾ ഒരു പേടി ഉണ്ടായിരുന്നു കാരണം സമീപ കാലത്ത് കൊട്ടിഘോഷിച്ച് റിലീസ് ആയ ഒരു വലിയ മലയാള സിനിമ മുൻപിൽ ഉള്ളത് തന്നെയായിരുന്നു അതിന് കാരണം. അതിന്റെ തലപ്പത്തും ഇതുപോലൊരു ഇതിഹാസം തന്നെ ആയിരുന്നല്ലോ. ആകെയുള്ള ഒരു ആശ്വാസം ഇതിന് കാമ്പ് ആയിട്ട് ആ നോവൽ ഉണ്ടായിരുന്നു എന്നത് ആയിരുന്നു. എന്തായാലും അത്തരം നെഗറ്റീവ് ആയിട്ടുള്ള ചിന്തകളെയൊക്കെ മണിരത്നം കാറ്റിൽ പറത്തി.
ചരിത്ര സിനിമകൾ വരുന്നു എന്ന് കേൾക്കുമ്പോൾ മുതൽ ബാഹുബലിയെന്ന രാജമൗലിയുടെ വിസ്മയമാണ് പലരും പ്രതീക്ഷിക്കുന്നത് അതൊരു സാങ്കല്പിക കഥ മാത്രമായത് കൊണ്ട് ഏത് തരത്തിൽ വേണേലും ആ സിനിമ ഒരുക്കാം എത്രത്തോളം എന്റർടൈൻമെന്റ് എലമെന്റ് ചേർക്കാൻ പറ്റുമോ അതൊക്കെ ചേർക്കാം അത്തരത്തിൽ മസാലകൾ ഒരിക്കലും പഴശ്ശിരാജയോ മാർത്താണ്ഡ വർമ്മയോ പോലുള്ള സിനിമകൾ എടുക്കുമ്പോൾ ചേർക്കാൻ പറ്റില്ല അല്ലേൽ ഇത് എന്റെ പഴശ്ശി അല്ലേൽ എന്റെ മരക്കാർ ഇതിന് യാതാർഥ്യവുമായി ബന്ധമില്ല എന്നൊക്കെ മേക്കർക്ക് പറയാൻ സാധിക്കണം അങ്ങനെ പറഞ്ഞു കൊണ്ട് അത് മികവോടെ ഒരുക്കാൻ സാധിക്കണം. വികാരം പെട്ടന്ന് വൃണപ്പെടുന്ന ഇന്നത്തെ കാലത്ത് ചരിത്ര കഥകളെ അങ്ങനെ വളച്ചൊടിക്കാൻ ആരും ധൈര്യപ്പെടുകയുമില്ല. അപ്പോൾ പറഞ്ഞു വന്നത് ഒരു ജനതയുടെ വികാരമായ ആ നോവലിനെ സംവിധായകന് മസാല കയറ്റി ഒരു ബാഹുബലിയാക്കാൻ സാധിക്കില്ല പിന്നെ രാജാക്കന്മാർക്ക് സിക്സ്പാക്ക് അടങ്ങിയ ശരീരം വേണം എന്നൊക്കെ വാശി പിടിക്കുന്നവരുടെ അത്തരം സംസാരങ്ങൾ ഒക്കെ അങ്ങറ്റം ബാലിശമാണ്. പറഞ്ഞു വന്നത് പൊന്നിയിൻ സെൽവനിൽ പ്രധാന കഥാപാത്രങ്ങൾക്ക് അത്തരം ആകാര ഭംഗികൾ ഇല്ല എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്നവരോട് ആണ് പ്രേതങ്ങൾക്ക് വെള്ളസാരിയെന്ന പട്ടം ചാർത്തി നൽകിയത് പോലെ ഒന്നാണ് ഇതും. അധികം മസാല ചേരുവകൾ ഒന്നും ഇല്ലാതെ ഒരു ജനതയുടെ വികാരമായ നോവലിനെ മങ്ങലേൽപ്പിക്കാതെ അവതരിപ്പിക്കുക എന്നത് മണിരത്നത്തിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അത് അദ്ദേഹം ഏറ്റെടുത്ത് ഭംഗിയോടെ ചെയ്തിട്ടുണ്ട്.
കൽക്കിയുടെ നോവൽ മുഴുവൻ വായിച്ചിട്ടില്ല സംഗ്രഹം മാത്രമാണ് അറിയാവുന്നത് അത് വെച്ച് നോക്കുമ്പോൾ മണിരത്നം ആ നോവലിനോട് നീതിപുലർത്തി എന്ന് തന്നെയാണ് അഭിപ്രായം.
യുദ്ധ രംഗങ്ങൾ എല്ലാം മികവോടെ തന്നെ എടുത്തിട്ടുണ്ട് പ്രത്യേകിച്ച് കടൽ യുദ്ധമൊക്കെ ഗംഭീരമായിരുന്നു.
കഴിവുള്ള അനേകം അഭിനേതാക്കൾ അണി നിരന്നെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് കാർത്തിയുടെ വന്തിയദേവൻ എന്ന കഥാപാത്രത്തെയാണ് ആദ്യാവസാനം കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിൽ.
മറ്റൊരു പ്രിയ കഥാപാത്രം ആഴ്‌വർകടിയൻ നമ്പിയെന്ന കഥാപാത്രത്തെ മനോഹരമാക്കിയ ജയറാം ആണ്. നിൽപ്പിലും നടത്തത്തിലും ഭാവത്തിലുമെല്ലാം ജയറാം ഒരു പുതുമ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. മികച്ച രീതിയിൽ ആ കഥാപാത്രത്തെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട രംഗം നന്ദിനിയുടേയും (ഐശ്വര്യ റായ് ) കുന്ദവൈയുടേയും (തൃഷ) ഫേസ് ഓഫ് സീൻ ആയിരുന്നു. ഇരുവരുടേയും ഭംഗിയും സ്ക്രീൻ പ്രെസൻസ്സും ഒപ്പം ഏ. ആർ. റഹ്മാന്റെ അതിമനോഹര പശ്ചാത്തല സംഗീതവും കൂടെയായപ്പോൾ ശരിക്കും രോമാഞ്ചം വന്ന അവസ്ഥയായിരുന്നു.
പൊന്നിയിൻ സെൽവൻ പാർട്ട് 1 എന്നിലെ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തിയ സിനിമയാണ്. ആദ്യാവസാനം ഹൈ മൊമന്റ്സോ ലോ മൊമന്റ്സോ ഇല്ലാതെ ഒരേ മീറ്ററിൽ പോകുന്ന എന്നാൽ ഒട്ടും ബോറടിപ്പിക്കാതെ പോകുന്ന ഒരു സിനിമയാണ് എന്നെ സംബന്ധിച്ച് പൊന്നിയിൻ സെൽവൻ പാർട്ട് 1.
ഏറെ ആസ്വദിച്ചു കണ്ട ഒരു അതിമനോഹര ദൃശ്യാനുഭവം. രണ്ടാം ഭാഗത്തിന് അക്ഷമനായി കാത്തിരിക്കുന്നു.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
പൊന്നിയിൻ സെൽവൻ പാർട്ട് -1
Reviewed by
on
07:14
Rating:

No comments: