താങ്ക് യൂ ജുലാൻ ഗോസ്വാമി
ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതിലും ജനപ്രിയമാക്കി മാറ്റിയതിലും പ്രധാന പങ്ക് വഹിച്ച മറ്റൊരു ഇതിഹാസം കൂടെ പടിയിറങ്ങി.
2002-ൽ തന്റെ പത്തൊമ്പതാം വയസ്സിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ഈ വെസ്റ്റ് ബംഗാളുകാരി 20 വർഷമാണ് രാജ്യത്തിന് വേണ്ടി പന്തെറിഞ്ഞത്. വെസ്റ്റ് ബംഗാളിലെ ചക്ദാഹയിൽ ജനിച്ച ജുലൻ ചക്ദ എക്സ്പ്രസ്സ് എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ചെറുപ്പത്തിൽ ഫുട്ബോൾ പ്രേമിയായിരുന്ന ജുലൻ 1992-ലെ ക്രിക്കറ്റ് വേൾഡ് കപ്പ് കണ്ടിട്ടാണ് ക്രിക്കറ്റിനെ ഇഷ്ടപ്പെട്ട് തുടങ്ങുന്നത്. 1997-ലെ വിമൻസ് ക്രിക്കറ്റ് വേൾഡ് കപ്പിൽ ഓസ്ട്രേലിയൻ ഇതിഹാസം ബലിൻഡ ക്ലർക്കിന്റെ പ്രകടനമാണ് ക്രിക്കറ്റിലേക്ക് ജുലാനെ ഒന്നൂടെ അടുപ്പിച്ചത്. ക്രിക്കറ്റ് പരിശീലനത്തിന് യാതൊരു വിധ സൗകര്യങ്ങളും ഇല്ലാത്ത ചക്ദാഹയിൽ നിന്നും അറുപതിലേറെ കിലോമീറ്ററുകൾ താണ്ടി കൊൽക്കത്തയിലെത്തിയാണ് ജുലാൻ ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്. ട്രൈനിങ്ങിന് ശേഷം സ്റ്റേറ്റ് ടീമിലേക്കും അവിടന്ന് നാഷണൽ സൈഡിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജുലാന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തും വിധമായിരുന്നു. 2007-ൽ ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ജുലാനെ രാജ്യം 2010-ൽ അർജുന അവാർഡും 2012-ൽ പത്മശ്രീയും നൽകി ആദരിച്ചു.
മുപ്പത്തി ഒമ്പതാം വയസ്സിൽ ജുലാൻ പടിയിറങ്ങുമ്പോൾ മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത അനേകം റെക്കോർഡുകൾ അവരുടെ പേരിലുണ്ട്. വനിതാ ഏകദിന ക്രിക്കറ്റിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരം, വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മെയ്ഡ്ൻ ഓവറുകൾ എറിഞ്ഞ താരം, ഒരു ടെസ്റ്റ് മാച്ചിൽ 10 വിക്കറ്റുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഇന്റർനാഷ്ണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച രണ്ടാമത്തെ താരം, വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാച്ചുകൾ കളിച്ചവരിൽ രണ്ടാം സ്ഥാനം,വനിതാ ഏകദിന ക്രിക്കറ്റിൽ പതിനായിരം ബൗളുകൾ എറിഞ്ഞ ഏക താരം തുടങ്ങി ഒരുപാട് റെക്കോർഡുകൾ ഉണ്ട് അവരുടെ പേരിൽ.
ഒരു പേസ് ബൗളർ മാത്രമായിരുന്നില്ല ജുലാൻ.... 2006-ലെ ഇംഗ്ലണ്ട് ടൂറിൽ വൈസ് ക്യാപ്റ്റൻ പദവി കൂടെ കിട്ടിയ ജുലാൻ ആദ്യമായി ഇംഗ്ലണ്ടിനോടുള്ള ജയത്തിലും ആദ്യമായി അവിടെ നേടിയ സീരീസ് വിജയത്തിലും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ നൈറ്റ് വാച്ച്മാൻ ആയി ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ ജുലാൻ ആ മത്സരത്തിൽ പന്ത് കൊണ്ടും മികവ് കാണിച്ചു കരിയർ ബെസ്റ്റ് പ്രകടനമായ 78 റൺസ് വഴങ്ങി 10 വിക്കറ്റ് എടുത്തത് ആ ടെസ്റ്റിൽ ആയിരുന്നു. ആദ്യ ഇന്നിങ്സിൽ 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 45 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുമായിരുന്നു ജുലാൻ സ്വന്തമാക്കിയത്. ,രണ്ടാം ടെസ്റ്റിൽ 45 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ അവർ നിർണ്ണായക പങ്കു വഹിച്ചു. ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അവര് തന്നെയായിരുന്നു.
2002-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന മാച്ചിൽ മിതാലി രാജിന്റെ റെക്കോർഡ് ബ്രേക്കിങ്ങ് സ്കോർ ആയ 214 പിറന്ന മാച്ചിൽ അവർക്കൊപ്പം ചേർന്ന് 157 റൺസ് പാർട്ട്ണർഷിപ്പ് ഉണ്ടാക്കിയതും അവരുടെ ബാറ്റിംഗ് മികവ് തെളിയിക്കുന്ന ഒന്നായിരുന്നു. ആ മത്സരത്തിൽ ജുലാൻ നേടിയത് 62 റൺസ് ആയിരുന്നു.
12 ടെസ്റ്റുകളിൽ നിന്നായി 44 വിക്കറ്റുകളും, 204 ഏകദിനങ്ങളിൽ നിന്നായി 255 വിക്കറ്റുകളും, 68 ട്വന്റി ട്വന്റികളിൽ നിന്നായി 56 വിക്കറ്റുകളുമാണ് ജുലാൻ സ്വന്തമാക്കിയത്. വിരമിക്കുമ്പോൾ ഇന്ത്യയുടെ പേസ് ബോളർ എന്നതിലുപരി ബൗളിംഗ് കോച്ച് കൂടെയായിരുന്നു ജുലാൻ.
23 വർഷത്തിനിടെ ഇംഗ്ലണ്ട് മണ്ണിൽ ആദ്യ ഏകദിന പരമ്പര ജയിച്ച് അതും 3-0 ന് തൂത്തുവാരിക്കൊണ്ടാണ് ടീംമേറ്റ്സ് ജുലാന് യാത്രയയപ്പ് നൽകിയത്. 2011-ൽ സച്ചിന് വേണ്ടി കപ്പടിച്ച ഒരു ഫീൽ ആയിരുന്നു ഈ മാച്ചിൽ ജുലാന് വേണ്ടി മറ്റുള്ളവർ പൊരുതി നേടിയ വിജയം കണ്ടപ്പോൾ തോന്നിയത്. സഹകളിക്കാരുടെ തോളിലേറി ഇന്ത്യൻ പതാകയുമായി മൈതാനം വലം വെച്ച് 20 വർഷത്തെ രാജ്യം സേവനത്തിന് ശേഷം ഈ 39 കാരി പടിയിറങ്ങുമ്പോൾ ഒരുപാട് പേർക്ക് അവര് പ്രചോദനമാകുകയാണ്. ഇന്ത്യൻ വുമൺസ് ക്രിക്കറ്റിനെ ഇത്രത്തോളം ജനപ്രിയമാക്കിയതിലും ഒരുപാട് വനിതകളെ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതുലുമൊക്കെ ജുലാൻ വഹിച്ച പങ്ക് വളരെ വലുതാണ്. വനിതാ ക്രിക്കറ്റ് ഇത്രത്തോളം പോപ്പുലർ ആക്കാൻ വേണ്ടി അവര് 20 വർഷമാണ് കഷ്ടപ്പെട്ടത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പതിറ്റാണ്ടുകളാണ് അവർ അതിന് വേണ്ടി നൽകിയത്. ക്രിക്കറ്റ് ആയിരുന്നു ജുലാന് എല്ലാം.
ഒരുപാട് മനോഹരമായ ഓർമ്മകൾ ഒരുക്കി തന്നുകൊണ്ട് പടിയിറങ്ങുന്ന ഇതിഹാസത്തിന് ഹൃദയം നിറഞ്ഞ നന്ദി. തന്റെ വേഗത കൊണ്ടും സ്വിങ് കൊണ്ടും എതിരാളികളെ ഭയപ്പെടുത്തിയിരുന്ന ലോകം കണ്ട ഏറ്റവും മികച്ച വനിതാ പേസർമാരിൽ ഒരാളായ ചക്ദ എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ജുലാൻ നിഷിത് ഗോസ്വാമിക്ക് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ നന്ദി.
Thank You Legend Jhulan Goswami 🙏🏻❤️
വൈശാഖ്.കെ.എം
താങ്ക് യൂ ജുലാൻ ഗോസ്വാമി
Reviewed by
on
21:18
Rating:

No comments: