ശോഭന ഈസ് എ ജെം
തിരുച്ചിട്രമ്പലം എന്ന സിനിമയുടെ ആത്മാവാണ് ശോഭന എന്ന കഥാപാത്രമെന്ന് സിനിമ കണ്ടപ്പോൾ പറഞ്ഞിരുന്നു. ഒരിക്കൽ കൂടെ അതേപറ്റി പറയാൻ കാരണം അത്തരമൊരു വ്യക്തിയെ ജീവിതവുമായി ബന്ധിപ്പിച്ചു കൊണ്ട് ആലോചിച്ചു നോക്കിയപ്പോൾ വല്ലാത്തൊരു കൗതുകവും അതിലേറെ സന്തോഷവുമൊക്കെ തോന്നി. ഒരു സിനിമയിലെ കഥാപാത്രം വെറുമൊരു ചിന്തയിൽക്കൂടെ ലൈഫിൽ സന്തോഷം തന്നത് എങ്ങനെയാണെന്നല്ലേ..?
ശോഭനയെപ്പോലൊരു സുഹൃത്ത് ജീവിതത്തിൽ ഇല്ലാത്തത് കൊണ്ട് ഉണ്ടാകുന്നത് വരെ ഇതൊക്കെ സ്വപ്നം കാണാൻ മാത്രമല്ലേ പറ്റൂ സ്വപ്‌നത്തിന് ടാക്ക്സ്സും ബില്ലുമൊന്നും അടക്കേണ്ടാത്തത് കൊണ്ട് തന്നെ അതിന് പരിമിതികൾ ഒന്നും ഇല്ലല്ലോ. അങ്ങനെ ശോഭനയെ ഏറ്റവും അടുത്ത സുഹൃത്ത് ആയി സങ്കൽപ്പിച്ച് ജീവിതത്തിലെ ഒരുപാട് കാര്യങ്ങളുമായി കൂട്ടിയിണക്കി ബന്ധിപ്പിച്ചു നോക്കി. അതിൽ ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും തോന്നി. ആദ്യത്തെ കാര്യം ലൈഫിൽ ഉണ്ടായിട്ടുള്ള ഒരുപാട് നഷ്ടങ്ങൾ അല്ലേൽ എടുത്ത് ചാട്ടങ്ങൾ മൂലമുണ്ടായ പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാവുമായിരുന്നു എന്നതാണ്. ജീവിതത്തിലെ ഒരു ഘട്ടത്തിൽ അത്തരത്തിലുള്ള സുഹൃത്തുക്കൾ ഇല്ലാതിരുന്ന സമയത്ത് പ്രായത്തിന്റെ പക്വതക്കുറവ് കൊണ്ടും മറ്റും ഉണ്ടായിട്ടുള്ള ഒരുപാട് പ്രശ്നങ്ങളുണ്ട് തുറന്ന് സംസാരിക്കാൻ ഒരാളില്ലാതെ ഉള്ളിൽ ഒതുക്കി പിടിച്ചു നടന്നതും അങ്ങനെ നെല്ലും പതിരും വേർ തിരിച്ചു തരാൻ ഒരാളില്ലാത്തത് കൊണ്ടും ഉണ്ടായ അനേകം പ്രശ്നങ്ങളുണ്ട് ഇത്തരം ഒരു സുഹൃത്ത് കൂടെ ഉണ്ടായിയുന്നേൽ ഒരുപക്ഷേ അതിൽ നിന്നെല്ലാം പുഷ്പം പോലെ പുറത്തു വന്നേനെ. അങ്ങനൊരു കൂട്ട് ഉണ്ടായിരുന്നേൽ എങ്ങനെ ആകുമായിരുന്നു ഭാവി എന്നുള്ളത് മനസ്സിൽ ചിത്രം വരച്ചു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി റിയാലിറ്റിയിലേക്ക് തിരിച്ചു വന്നപ്പോൾ അത്തരമൊരു കൂട്ട് ഇല്ലാത്തതിന്റെ സങ്കടവും. അതാണ് മുകളിൽ ഇരു വികാരങ്ങളും ഒരുമിച്ച് വന്നു എന്ന് പറഞ്ഞതിന്റെ കാരണം.
ഒരിക്കൽ എന്റെ അടുത്ത ഒരു കൂട്ടുകാരിയോട് ഞാൻ ചോദിച്ചു ഡോ ലൈഫിൽ സീരിയസ് ആയി ഉണ്ടായിരുന്ന രണ്ട് പ്രണയ ബന്ധങ്ങളും തകർന്നു. അവർക്ക് അതിന്റേതായ കാരണങ്ങൾ ഉണ്ടായിരിക്കും എന്നേക്കാൾ അവർക്ക് ബെറ്റർ എന്ന് തോന്നിയ ഓപ്ഷൻ അവര് തിരഞ്ഞെടുത്തു അതിന് ഒരിക്കലും അവരെ പഴിക്കുന്നില്ല പക്ഷേ എന്നിൽ എന്തോ ഒരു കുറവ് ഉണ്ട് അത് എന്താണ് എന്ന് എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല അത്തരമൊരു തിരിച്ചറിവ് ഉണ്ടായിരുന്നേൽ ആ നെഗറ്റീവ് ഷേഡിൽ നിന്നും എനിക്ക് പുറത്ത് വരാമായിരുന്നു. ഞാൻ ഒട്ടും റൊമാന്റിക് അല്ല എന്നൊരു തോന്നൽ എനിക്കുണ്ട് അതാവുമോ ഈ കാര്യത്തിൽ എന്റെ മോശം വശം..? അതോ എന്റെ സിനിമാ ഭ്രാന്ത് ആകുമോ കാരണം..? ആരോടൊക്കെ എന്തൊക്കെ സംസാരിച്ചാലും അവസാനം എത്തുന്നത് സിനിമയിൽ ആണല്ലോ അത് ഇഷ്ടപ്പെടാത്തവരും കാണുമല്ലോ ഇനി അതൊക്കെ ആവുമോ..?
കൂട്ടുകാരിയുടെ ഉത്തരം എന്നെ സമാധാനിപ്പിക്കാൻ എന്നോണം ഞാനും അങ്ങനെ തന്നെയാണ് റൊമാൻസ് പോലുള്ള വികാരങ്ങൾ ഒന്നും നിനക്ക് വരില്ല എന്ന് എല്ലാവരും പറയും അതൊക്കെ ഓരോരുത്തർക്കും ഓരോ പോലെയല്ലേ അതിൽ ഒന്നും കാര്യമില്ല എന്നൊക്കെ ആയിരുന്നു. പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ മേല്പറഞ്ഞ ആ നഷ്ടങ്ങളും ശോഭനയെപ്പോലൊരാൾ ഉണ്ടായിരുന്നേൽ ഒരുപക്ഷേ സംഭവിക്കില്ലായിരുന്നു.
എല്ലാ പ്രണയങ്ങളും വിജയിക്കണമെന്നോ പ്രണയ ബന്ധങ്ങൾ വിവാഹത്തിലോട്ട് നീങ്ങണമെന്നോ ഒന്നും നിർബന്ധം പിടിക്കാൻ പറ്റില്ല. തമ്മിൽ ഉള്ള വിശ്വാസം അല്ലേൽ പരസ്പരമുള്ള മനസ്സിലാക്കലുകൾ ഒക്കെ ഇല്ലാണ്ട് ആയാൽ അത്തരം ബന്ധങ്ങൾ അതിപ്പോ പ്രണയം ആയാലും വിവാഹശേഷം ആയാലുമൊക്കെ (വിവാഹ ശേഷവും പ്രണയം തന്നെയാണ് ഉദ്ദേശിച്ചത് അതിന് മുൻപുള്ള സമയമാണ് ) അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതായാൽ നിർത്തുന്നത് തന്നെയാവും നല്ലത്. പ്രണയം ലിവിങ് ടുഗെതർ റിലേഷൻ ഷിപ്പിലൂടെയാണ് മുൻപോട്ട് കൊണ്ട് പോകാൻ താല്പര്യമെങ്കിൽ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് നോക്കാതെ അത്തരത്തിൽ ജീവിക്കുക എന്നത് തന്നെയാണ് അതിന്റെ ശരി. നമ്മുടെ സന്തോഷങ്ങൾക്ക് മറ്റുള്ളവർ മാർക്ക് ഇടുന്നത് നോക്കേണ്ടത് ഇല്ലല്ലോ.
പറഞ്ഞു വന്നത് എന്നെ സംബന്ധിച്ച് ശോഭനയെപ്പോലൊരു കൂട്ട് വല്ലാണ്ട് ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും അത് സൗഹൃദം ആയാലും പ്രണയം ആയാലും ഏത് തരത്തിൽ ആയാലും അത്തരമൊരു വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്നേൽ ജീവിതം ഒരുപാട് വർണ്ണശബളമായേനെ. അത്തരത്തിൽ നമ്മെ മനസ്സിലാക്കാൻ പറ്റുന്നൊരാൾ ജീവിതത്തിൽ ഉണ്ടേൽ എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ഒരാൾ ജീവിതത്തിൽ ഉണ്ടേൽ അത് വല്ലാത്തൊരു ധൈര്യമാണ്. എല്ലാവരുടേം കാര്യം അറിയില്ല എന്നെ സംബന്ധിച്ച് അത് വല്ലാത്തൊരു ധൈര്യം തന്നെയാണ്.
പരസ്പരം അത്രത്തോളം മനസ്സിലാക്കി കൊണ്ട് സ്വാതന്ത്ര്യങ്ങൾക്ക് മേൽ യാതൊരു നിയന്ത്രണവും വെക്കാതെ ഏത് അവസരങ്ങളിലും ഏത് തരം അവസ്ഥകളിലും എല്ലാ ഘട്ടങ്ങളിലും താങ്ങായി അത്തരമൊരു കൂട്ട് കൂടെയുണ്ടേൽ ഒരു പരിധി വരെ ജീവിതം കളർ ആണ് എന്നാണ് എന്റെ വിശ്വാസം. അത്തരമൊരു ശോഭനയുടെ അഭാവം തന്നെയാണ് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇരുട്ടുകൾക്ക് കാരണവും. ആ ഇരുട്ടിനെ വകഞ്ഞു മാറ്റി കൊണ്ട് വെളിച്ചം പകർന്ന് അത്തരമോരാളുടെ കടന്നു വരവ് തന്നെയാവും ഒരു പക്ഷേ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും.
തിരുച്ചിട്രമ്പലം എന്ന സിനിമയിൽ ആ നായക കഥാപാത്രത്തോട് തോന്നുന്ന അസൂയ എന്ന് പറയുന്നത് ശോഭനയെന്ന കൂട്ടിന്റെ കാര്യത്തിലാണ്. ജീവിതവുമായി വലിയ ബന്ധം ഒന്നും ഇല്ലാത്ത കഥാപാത്രയിട്ട് പോലും ശോഭനയെന്ന കഥാപാത്രം അത്രത്തോളം മനസ്സിനെ കീഴ്പ്പെടുത്തിയെങ്കിൽ അത്രത്തോളം അങ്ങനൊരു കൂട്ട് ജീവിതത്തിൽ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ്.
ശോഭന ഒരു രത്നമാണ് വിലമതിക്കാനാകാത്ത രത്നം. ജീവിതത്തിൽ കണ്ട സിനിമകളിലെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്. ശോഭനയെ സൃഷ്‌ടിച്ച മിത്രൻ ജവഹറിനോടും ശോഭനയ്ക്ക് ജീവൻ പകർന്ന നിത്യയോടും ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ്.
ശോഭന ഈസ് എ ജെം. ❤️❤️
-വൈശാഖ്.കെ.എം
ശോഭന ഈസ് എ ജെം
Reviewed by
on
00:03
Rating:

No comments: