Thiruchitrambalam

  ശോഭനയുടെ/നിത്യയുടെ, അനിരുദ്ധിന്റെ തിരുച്ചിത്രമ്പലം

ഒരു ഫ്രഷ് സബ്ജെക്ട് എടുത്ത് സിനിമയാക്കി പ്രേക്ഷകപ്രീതി നേടുന്നതിലും എത്രയോ പ്രയാസമാണ് വിരസമായിത്തീർന്ന കഥകൾ എടുത്ത് പ്രേക്ഷകരെക്കൊണ്ട് കൈയ്യടിപ്പിക്കുക എന്നത്. അത്തരമൊരു ഉദ്യമം വളരെ മനോഹരമായി ചെയ്തവരാണ് തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ.

കണ്ടും കേട്ടും വിരസമായി തീർന്ന വിഷയത്തെ അതും ചിത്രത്തിലെ നായകൻ തന്നെ മുൻപ് അഭിനയിച്ചിട്ടുള്ള സിനിമകളെ ഓർമ്മിപ്പിക്കും വിധമുള്ള വിഷയത്തെ തന്നെ എടുത്ത് മിത്രൻ ജവഹർ ഒരു സിനിമയാക്കിയിട്ടുണ്ടേൽ അതിൽ അദ്ദേഹത്തിന്റെ കോൺഫിഡൻസ് അത്രത്തോളമായിരുന്നിരിക്കണം. സാധാരണക്കാരായ യുവത്വത്തിന്റെ ജോലി ഇല്ലായ്മ മുതൽ പ്രണയം വരെ എത്രയൊക്കെ തവണ സിനിമയാക്കിയാലും എന്നും അതിന് പ്രേക്ഷകരുടെ ഇടയ്ക്ക് ഒരു സ്വീകാര്യതയുണ്ട് ആവർത്തന വിരസമായ അത്തരം വിഷയങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് പോലെയിരിക്കും അതിന്റെ റിസൾട്ട്‌. അവിടെയാണ് മിത്രൻ ജവഹർ എന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും മിടുക്ക്. പ്രേക്ഷകനെ എത്രത്തോളം സിനിമയുമായി ഓരോ സീൻ കഴിയുന്തോറും അടുപ്പിക്കാൻ പറ്റുമോ അത്രത്തോളം അടുപ്പിച്ച് സിനിമയുടെ അവസാനം അതിലേക്ക് ലയിപ്പിക്കുന്ന ഒരു മാജിക് അയാൾ അവിടെ ചെയ്തു വെച്ചിട്ടുണ്ട്. ആ മാജിക് നടത്താൻ മിത്രൻ ഉപയോഗിച്ച രണ്ട് ആയുധങ്ങൾ ഉണ്ട് ഒരെണ്ണത്തെ നിത്യ മെനൻ എന്നും മറ്റൊരെണ്ണത്തെ അനിരുദ്ധ് രവിചന്ദർ എന്നും വിളിക്കാം. നിത്യയുടെ ശോഭന സിനിമയുടെ ആത്മാവ് ആണെങ്കിൽ അനിരുദ്ധിന്റെ സംഗീതം സിനിമയുടെ നട്ടെല്ല് ആണ്.

മേല്പറഞ്ഞത് പോലെ കേട്ടു പഴകിയ ഒരു വിഷയത്തെ മിത്രൻ അതിമനോഹരമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അതിലേറെ ഭംഗിയുള്ള സംഭാഷണങ്ങൾ രചിച്ച് മനോഹരമായി അണിയിച്ചൊരുക്കിയപ്പോൾ ഓം പ്രകാശ് മിത്രന്റെ കഥാപാത്രങ്ങളെ ഏറെ മികവോടെ ക്യാമറയിൽ പകർത്തി, പ്രസന്ന അവയെല്ലാം കൂടെ ഒരിക്കൽപ്പോലും ബോറടിക്കാത്ത തരത്തിൽ ചേർത്തു വെച്ചു കൊണ്ട് അവരുടെ ഭാഗങ്ങൾ മികവുറ്റതാക്കി.

അണിയറ വിട്ട് അരങ്ങിലേക്ക് വന്നാൽ പഴം അഥവാ തിരുച്ചിത്രമ്പലം എന്ന കഥാപാത്രത്തെ Dhanush ഏറെ മികവോടെ അവതരിപ്പിച്ചു എന്ന് പറയാം. അദ്ദേഹത്തിന് ചലഞ്ചിങ് ആയിട്ടുള്ള റോൾ ഒന്നും അല്ലായിരുന്നു അത്. വളരെ അനായാസമായി ധനുഷ് ആ കഥാപാത്രത്തെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

ഇൻസ്‌പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായി പ്രകാശ് രാജ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് പ്രത്യേകിച്ച് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അദ്ദേഹത്തിന് സ്കോർ ചെയ്യാൻ ഒരുപാട് രംഗങ്ങൾ ഉണ്ടായിരുന്നു അതെല്ലാം മനോഹരമായി തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്.

സീനിയർ പഴം അഥവാ തിരുച്ചിത്രമ്പലം സീനിയർ എന്ന കഥാപാത്രമായി ഭാരതിരാജ ചിത്രത്തിലുടനീളം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഓരോ സംഭാഷണങ്ങൾക്കും നിറഞ്ഞ കൈയ്യടികൾ ആയിരുന്നു ലഭിച്ചത്.

മറ്റുള്ള കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നുവെങ്കിലും ആരും തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ മോശമാക്കിയിട്ടില്ല. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, ശ്രീരഞ്ജിനി, VJ പപ്പു തുടങ്ങി ഒരുപാട് അഭിനേതാക്കളുണ്ട് ചിത്രത്തിൽ. ചെറിയ കഥാപാത്രങ്ങളിൽ മനസ്സിൽ നിൽക്കുന്നത് റാംദോസിന്റെ അമ്മാവൻ കഥാപാത്രമാണ്.

അരങ്ങിൽ നിന്നും അണിയറയിലേക്ക് തന്നെ തിരിക്കാം കാരണം അവിടെയാണ് ഈ സിനിമയുടെ നട്ടെല്ല് ഉള്ളത്. മറ്റാരുമല്ല സാക്ഷാൽ Anirudh Ravichander. ഓരോ രംഗങ്ങളും കാണുന്ന പ്രേക്ഷകന്റെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിച്ചതിൽ ഏറ്റവും വലിയ പങ്ക് അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതത്തിനാണ്. ഓരോ രംഗങ്ങളുമായി പ്രേക്ഷകനെ അത്രത്തോളം ഇഴുകി ചേരാൻ സഹായിക്കുന്നത് പലപ്പോഴും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് അത്ര മികവോടെയാണ് അനിരുദ്ധ് ബിജിഎം ഒരുക്കിയിരിക്കുന്നത്. ഒപ്പം അതിമനോഹരമായ കുറച്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്. ലയിച്ചിരുന്ന് പോകുന്ന മനോഹരമായ ഗാനങ്ങൾ. പ്രേക്ഷകനെ ഇമോഷണലി സിനിമയുമായി കണക്ട് ചെയ്യാൻ സഹായിച്ച ഏറ്റവും വലിയ ഘടകം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം.

അണിയറ വിട്ട് ഒരിക്കൽ കൂടെ അരങ്ങിലേക്ക് വരാം കാരണം അവിടെയാണ് സിനിമയുടെ ആത്മാവ് ഉള്ളത്. സിനിമയുടെ ആ ആത്മാവ് ആണ് ശോഭന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Nithya Menen. തിരുച്ചിത്രമ്പലം എന്ന സിനിമ ശോഭനയുടെയാണ്.... നിത്യയുടേതാണ്. ആദ്യാവസാനം മുന്നിൽ നിൽക്കുന്ന സകല ആർട്ടിസ്റ്റുകളേയും പുറകിലാക്കി കിട്ടുന്ന എല്ലാ സ്‌പേസിലും സ്കോർ ചെയ്ത കഥാപാത്രമാണ് ശോഭന. സിനിമയുടെ ആത്മാവ് അല്ലേൽ തിരുച്ചിത്രമ്പലം എന്ന സിനിമയെ പ്രേക്ഷകനിലേക്ക് ലയിപ്പിക്കുന്നത് ശോഭനയെന്ന കഥാപാത്രത്തിലൂടെയാണ് ആ കഥാപാത്രമായുള്ള നിത്യയുടെ പ്രകടനത്തിൽ നാടകീയതയോ മറ്റോ മുഴച്ചു നിന്നിരുന്നേൽ സിനിമയുടെ സ്വഭാവം തന്നെ മൊത്തത്തിൽ മാറിപ്പോയേനെ. പക്ഷേ ഒരു സ്ഥലത്ത് പോലും അത്തരത്തിലുള്ള പാളിച്ചകൾ ഇല്ലാതെ നിത്യ ശോഭന എന്ന കഥാപാത്രത്തെ അതിഗംഭീരമായി പകർന്നാടിയിട്ടുണ്ട്. അവരുടെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട പ്രകടനങ്ങളിൽ ഒന്നാണ് ചിത്രത്തിലേത്. എന്നെ സംബന്ധിച്ച് തിരുച്ചിത്രമ്പലം ഒരു നിത്യ മെനൻ സിനിമയാണ്.

സിനിമയോട് പ്രണയം തോന്നുന്നതും അവര് അഭിനയിച്ച കഥാപാത്രങ്ങളുടെ പേരിൽ അഭിനേതാക്കളോട് പ്രണയം തോന്നുന്നതുമെല്ലാം സ്വാഭാവികമാണ് പക്ഷേ ഈ സിനിമയുടെ കാര്യത്തിൽ എന്റെ ജീവിതത്തിൽ വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ സിനിമയോടോ അഭിനേതാവിനോടോ അല്ല മറിച്ച് ശോഭന എന്ന കഥാപാത്രത്തോട് ആണ് വല്ലാത്തൊരു പ്രണയം തോന്നുന്നത്. ഞാനടക്കമുള്ള പലരുടേം ജീവിതത്തിൽ സാധ്യമല്ലാത്ത ഒരു കാര്യമായിരുന്നിരിക്കാം അത്തരം ഒരു സുഹൃത്ത് എന്നത്, പക്ഷേ ശോഭന ഒരു വല്ലാത്ത ഇമോഷൻ ആണ് പറഞ്ഞറിയിക്കാനാകാത്ത ഒരു പ്രണയമാണ് ആ കഥാപാത്രത്തോട്. അങ്ങനെയുള്ളൊരു കഥാപാത്രത്തെ സൃഷ്ടിച്ച മിത്രൻ ജവഹറിനോടും ആ കഥാപാത്രമായി മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റാത്ത വിധം ഗംഭീര പ്രകടനം നടത്തിയ നിത്യ മെനനോടും വല്ലാത്തൊരു ആരാധന തോന്നുന്നു. ഏതൊരാളും ജീവിതത്തിൽ കൂടെ വേണമെന്ന് അല്ലേൽ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നൊരു സുഹൃത്ത് ആണ് ശോഭന.

തിരുച്ചിത്രമ്പലം പറഞ്ഞു പഴകിയ ഒരു വിഷയമായിട്ട് പോലും ഏറെ ആസ്വദിച്ച് കാണാൻ സാധിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങളിലൊരാളായി രണ്ടേകാൽ മണിക്കൂറിലധികം യാത്ര ചെയ്യാനും,തിരിച്ചിറങ്ങുമ്പോൾ ആ കഥാപാത്രങ്ങളെ കൂടെ കൂട്ടാനും സാധിച്ചു എന്നതാണ് ആ ചിത്രം എനിക്ക് എത്രത്തോളം കണക്ട് ആയി എന്നതിന് ഉദാഹരണമായി പറയാൻ സാധിക്കുന്ന കാര്യം. എവിടെയൊക്കെയോ തിരുച്ചിത്രമ്പലമെന്ന കഥാപാത്രത്തിൽ സ്വന്തം പ്രതിബിംബത്തെ തന്നെ കാണാൻ സാധിച്ചു എന്നതും ചിത്രത്തോടുള്ള അടുപ്പം കൂടാൻ ഒരു കാരണമാണ്.

എത്രയൊക്കെ ക്ലീഷേ ആയാലും സിനിമ പറയുന്ന രീതിയിലാണ് കാര്യമെന്ന് മിത്രൻ ജവഹർ തെളിയിച്ചിരിക്കുകയാണ് തിരുച്ചിത്രമ്പലത്തിലൂടെ.

ഒരുപാട് ഇഷ്ടപ്പെട്ടു ശോഭനയുടെ /നിത്യയുടെ, അനിരുദ്ധിന്റെ തിരുച്ചിത്രമ്പലത്തെ. ❤️❤️

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
Thiruchitrambalam Thiruchitrambalam Reviewed by on 07:54 Rating: 5

No comments:

Powered by Blogger.