ലാൽജോസും സോളമന്റെ തേനീച്ചകളും
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകളിൽ രണ്ടെണ്ണം സംവിധാനം ചെയ്തയാളാണ് ലാൽ ജോസ്. ക്ലാസ്സ്‌മേറ്റ്സ്സും അയാളും ഞാനും തമ്മിലുമാണ് ആ ചിത്രങ്ങൾ. കൂടാതെ ഒരുപിടി നല്ല സിനിമകൾ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിൽ സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി സിനിമാ ലോകത്തേക്ക് കടന്നു വന്ന ലാൽ ജോസ് സ്വതന്ത്ര സംവിധായകനാകുന്നത് 1998 - ലാണ്. ശ്രീനിവാസന്റെ രചനയിൽ മമ്മൂട്ടിയെ നായകനാക്കിയാണ് അദ്ദേഹം ആദ്യ സിനിമയൊരുക്കിയത്. ചിത്രം ഒരു മറവത്തൂർ കനവ്. വിജയത്തുടക്കത്തോടെയാണ് അദ്ദേഹം സംവിധാന ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വർഷം തന്നെ അദ്ദേഹം തന്റെ രണ്ടാമത്തെ സിനിമയും പുറത്തിറക്കി. ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ ദിലീപ്, കാവ്യാ മാധവൻ, സംയുക്ത വർമ്മ, ബിജു മേനോൻ എന്നിവരെയൊക്കെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കിയ ആ സിനിമയുടെ പേരാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. രണ്ടാം സിനിമയും ലാൽ ജോസ് വിജയമാക്കി മാറ്റി. അതിന് ശേഷം രഞ്ജൻ പ്രമോദിന്റെ രചനയിൽ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ രണ്ടാം ഭാവം പരാജയമായി മാറി. പിന്നീട് പക്ഷേ ആ മനോഹര സിനിമ വാഴ്ത്തപ്പെട്ടു എന്നത് മറ്റൊരു സത്യം.
മലയാള സിനിമ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോക്കൊണ്ടിരുന്ന ഒരു സമയത്താണ് ലാൽ ജോസ് തന്റെ നാലാമത്തെ സിനിമ പുറത്തിറക്കുന്നത്. രഞ്ജൻ പ്രമോദ് രചിച്ച് ദിലീപ് നായകനായ മീശമാധവൻ ആയിരുന്നു അത്. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും മറികടന്നു കൊണ്ട് മലയാള സിനിമയിലെ മോശം അവസ്ഥയ്ക്ക് കടിഞ്ഞാണിട്ട ചിത്രമായിരുന്നു മീശമാധവൻ. ഒരു കള്ളൻ മലയാളികളുടെ മനസ്സും കട്ടെടുത്തപ്പോൾ പിറന്നത് മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ഇന്നും പലരുടേം ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് മീശമാധവൻ.
പിന്നീട് തന്റെ ആദ്യ സിനിമയിലെ നായകനായ മമ്മൂട്ടിയെ വെച്ചാണ് അദ്ദേഹം തന്റെ അടുത്ത സിനിമ സംവിധാനം ചെയ്തത്. പട്ടാളം എന്നായിരുന്നു ആ സിനിമയുടെ പേര്. ആ ചിത്രം പരാജയമായി മാറി. അതിന്റെ ബാധ്യത തീർക്കാൻ വേണ്ടിയെടുത്ത ദിലീപ് ചിത്രം രസികനും പരാജയമായി മാറി. ദിലീപിനെ നായകനാക്കി തന്നെ ലാൽ ജോസ് അടുത്ത ചിത്രമൊരുക്കി ബെന്നി. പി. നായരമ്പലം രചന നിർവ്വഹിച്ച ആ സിനിമയുടെ പേരാണ് ചാന്ത്പൊട്ട്. ഇന്ന് വലിയ വിമർശനങ്ങൾ നേരിടുന്ന ചിത്രം അന്ന് പക്ഷേ വിജയമായിരുന്നു. ചാന്ത്പൊട്ടിന് ശേഷം സലിം കുമാറിനെ നായകനാക്കി അച്ഛനുറങ്ങാത്ത വീട് എന്ന മികച്ചൊരു ചിത്രമാണ് ലാൽ ജോസ് ഒരുക്കിയത്. അതിന് ശേഷം സംവിധാനം ചെയ്ത ചിത്രം കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി ഒപ്പം മലയാളത്തിലെ അന്നത്തെ പുതിയ ഇൻട്രസ്ട്രി ഹിറ്റും പിറന്നു. ആ സിനിമയാണ് ക്ലാസ്സ്‌മേറ്റ്സ്. ക്ലാസ്സ്‌മേറ്റ്സ് കേരളത്തിൽ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു.
ക്ലാസ്സ്‌മേറ്റ്സ്സിന് ശേഷം ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത അറബിക്കഥയും വലിയ വിജയമായിരുന്നു. പിന്നീട് സംവിധാനം ചെയ്ത മുല്ലയും, നീലത്താമരയും പരാജയങ്ങളായി മാറി. പിന്നീട് കേരള കഫേയിലെ പുറം കാഴ്ചകൾ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്തത്.
ആൻ അഗസ്റ്റിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടാണ് അതിന് ശേഷം ലാൽ ജോസ് ഒരു സിനിമയൊരുക്കിയത് ചിത്രത്തിന്റെ പേര് എൽസമ്മ എന്ന ആൺകുട്ടി. ആ ചിത്രം വിജയമായിരുന്നു. അതിന് ശേഷം സംവിധാനം ചെയ്ത സ്പാനിഷ് മസാല പക്ഷേ പരാജയമായി. സ്പാനിഷ് മസാലയുടെ പരാജയത്തിന് ശേഷം ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഡയമണ്ട് നെക്ക്ലേസ് വലിയ വിജയമായി മാറി. ഡയമണ്ട് നെക്ക്ലേസിന് ശേഷം കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു സിനിമയുമായിട്ടാണ് ലാൽ ജോസ് വീണ്ടും എത്തിയത് ബോബി സഞ്ജയ് രചന നിർവ്വഹിച്ച ആ സിനിമയാണ് അയാളും ഞാനും തമ്മിൽ. ചിത്രം വിജയമായി എന്ന് മാത്രമല്ല ഏറെ പ്രശംസകളും ആ സിനിമയ്ക്ക് ലഭിച്ചു മികച്ച സംവിധായകനും മികച്ച നടനുമടക്കമുള്ള സംസ്ഥാന അവാർഡുകളുൾപ്പടെ ഒരുപാട് പുരസ്‌കാരങ്ങളും ആ ചിത്രത്തെ തേടിയെത്തി.
അയാളും ഞാനും തമ്മിലിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഇമ്മാനുവലും വിജയമായി.ശേഷം വന്ന പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രവും വിജയമായിരുന്നു. പിന്നീട് സംവിധാനം ചെയ്ത ഏഴ് സുന്ദരരാത്രികൾ വലിയ പരാജയമായി മാറി. അതിന് ശേഷം വന്ന വിക്രമാദിത്യൻ വിജയമായി. പിന്നീട് സംവിധാനം ചെയ്ത നീന നല്ല അഭിപ്രായം നേടിയെങ്കിലും തിയ്യേറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ വെളിപാടിന്റെ പുസ്തകം സാമ്പത്തികമായി രക്ഷപ്പെട്ടെങ്കിലും വളരെ മോശം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. പിന്നീട് വന്ന തട്ടുംപുറത്തെ അച്യുതൻ എല്ലാ അർത്ഥത്തിലും ലാൽ ജോസിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയായിരുന്നു. അതിന് ശേഷം വന്ന നാല്പത്തിയൊന്ന്,മ്യാവൂ തുടങ്ങിയ സിനിമകളും പ്രേക്ഷകർ കൈ വിട്ടു.
ലാൽജോസിന്റെ കരിയർ ഉയർച്ചകളും താഴ്ച്ചകളും കൊണ്ട് സമ്പന്നമാണ്. മീശമാധവൻ പോലൊരു സിനിമ ചെയ്ത് ഞെട്ടിച്ച ആളാണ് രസികൻ പോലൊരു സിനിമ ചെയ്ത് മറ്റൊരു അർത്ഥത്തിൽ ഞെട്ടിച്ചത്. അദ്ദേഹം തന്നെയാണോ ഇദ്ദേഹം എന്നൊരു സംശയം തോന്നും പലർക്കും. ക്ലാസ്സ്‌മേറ്റ്സ് ചെയ്ത ആളാണോ ഏഴ് സുന്ദര രാത്രികൾ ചെയ്തത് എന്ന് തോന്നിപ്പോകും അയാളും ഞാനും തമ്മിൽ പോലൊരു ഗംഭീര സിനിമ സമ്മാനിച്ച ലാൽ ജോസ് ആണ് തട്ടുംപുറത്ത് അച്യുതൻ എടുത്തത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്തരത്തിലാണ് ലാൽജോസിന്റെ ഗ്രാഫ്. ഒന്നുകിൽ ഏറ്റവും ബെസ്റ്റ് അല്ലേൽ ഏറ്റവും മോശം എന്ന അവസ്ഥ.
മീശമാധവൻ,ക്ലാസ്സ്‌മേറ്റ്സ്,അയാളും ഞാനും തമ്മിൽ ഈ മൂന്ന് സിനിമകൾ മാത്രം മതി ലാൽ ജോസ് എന്ന സംവിധായകന്റെ റേഞ്ച് അറിയാൻ. ഏത് ജോണറിലുള്ള സിനിമകളും എടുക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. എന്നിരുന്നാലും മീശമാധവൻ പോലൊരു കംപ്ലീറ്റ് എന്റർടൈനറാണ് അദ്ദേഹത്തിന്റെ ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. കരിയറിലെ അവസാനത്തെ എട്ടോളം സിനിമകൾ അദ്ദേഹമല്ല സംവിധാനം ചെയ്തത് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. വിജയമായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിൽപ്പോലും ഒരു ലാൽ ജോസ് ടച്ച് കാണാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ഗംഭീര തിരിച്ചു വരവ് നന്നായി ആഗ്രഹിക്കുന്നുണ്ട്.
കാവ്യാ മാധവൻ,സംവൃത സുനിൽ,രാധിക, മീരാ നന്ദൻ, അർച്ചന കവി,ആൻ അഗസ്റ്റിൻ, അനുശ്രീ,റീനു മാത്യൂസ്,പാർവതി നമ്പ്യാർ,കൈലാഷ്, അമല പോൾ, ദീപ്തി സതി,ശ്രാവണ തുടങ്ങി ഒരുപാട് നായികാ നായകന്മാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആള് കൂടെയാണ് ലാൽ ജോസ്. ഏറെ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ട് വന്ന അദ്ദേഹം തന്റെ പുതിയ സിനിമയിലേക്ക് നായികാ നായകന്മാരെ തേടിക്കൊണ്ട് നടത്തിയൊരു റിയാലിറ്റി ഷോയായിരുന്നു നായികാ നായകൻ. ആ റിയാലിറ്റി ഷോയിലൂടെ ഒരുപാട് അഭിനയ പ്രതിഭകളാണ് സിനിമയിലെത്തിയത്. വിൻസി അലോഷ്യസ് ഒക്കെ ഒരു ഉദാഹരണം മാത്രം. ആ റിയാലിറ്റി ഷോയിലെ വിജയികളായ ദർശനനേയും ശംഭുവിനേയും നായികയും നായകനുമാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് സോളമന്റെ തേനീച്ചകൾ. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട വിൻസി,ആഡിസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകളും ട്രൈലെറുകളുമെല്ലാം പ്രതീക്ഷക്ക് വക നൽകുന്നവയാണ്. സോളമന്റെ തേനീച്ചകളുടെ മറ്റൊരു പ്രത്യേകത ഒമ്പത് വർഷങ്ങൾക്ക് ശേഷം ലാൽ ജോസും വിദ്യാസാഗറും ഒരുമിക്കുന്നു എന്നതാണ്. സുന്ദരിയേ സുന്ദരിയേ അമ്പാടി പയ്യുകൾ, മായാ ദേവകിക്ക്,ഒരു കുഞ്ഞു പൂവിന്റെ,തെയ് ഒരു തെനവയൽ,ബമ്പാട്ടു ഹുടുകി,മഞ്ഞു പെയ്യണ,മറന്നിട്ടുമെന്തിനോ,എന്റെ എല്ലാം എല്ലാം, കരിമിഴിക്കുരുവി,ചിങ്ങമാസം,വാളെടുത്താൽ,പെണ്ണെ പെണ്ണേ,എലവത്തൂര്,ആരൊരാൾ,ആലിലക്കാവിലെ,വെണ്ണക്കല്ലിൻ, തൊട്ടുരുമ്മി,ഓമനപ്പുഴ,കനലുകൾ,കണ്ണിൻ വാതിൽ, അനുരാഗ വിലോചനനായി,ആരെഴുതിയാവോ,നിലാമലരേ, തൊട്ടു തൊട്ടു തുടങ്ങി പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയുമിലെ ഒറ്റത്തുമ്പി വരെ ഒരുപാട് അതിമനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോൾ സോളമന്റെ തേനീച്ചകൾക്ക് മധുരം കൂടും. ലാൽ ജോസ് - വിദ്യാസാഗർ കൂട്ടുകെട്ട് പാട്ടുകളുടെ കാര്യത്തിൽ ഒരിക്കൽപ്പോലും നിരാശപ്പെടുത്തിയിട്ടില്ല. പരാജയമായ സിനിമകളിൽപ്പോലും ആഘോഷമാക്കിയ അനേകം ഗാനങ്ങൾ ഉണ്ടായിരുന്നു. സോളമന്റെ തേനീച്ചകളും ആ പതിവ് തെറ്റിക്കില്ല എന്ന് തന്നെയാണ് വിശ്വാസം. ചിത്രത്തിലെ പഞ്ചാരക്കോ എന്ന് തുടങ്ങിയ ഗാനമടക്കം പുറത്തിറങ്ങിയ മിക്കതും ഏറെ ഇഷ്ടപ്പെട്ടവയാണ്.
അപ്പൊ എല്ലാ അർത്ഥത്തിലും സോളമന്റെ തേനീച്ചകൾക്ക് പ്രതീക്ഷകൾ ഏറെയാണ്. പുതുമുഖങ്ങളുടെ ഉദയത്തിന് ഒപ്പം Laljose എന്ന സംവിധായകന്റെ ഒരു ഗംഭീര തിരിച്ചു വരവ് കൂടെയാകട്ടെ സോളമന്റെ തേനീച്ചകൾ.
ലാൽജോസ്..... ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ രണ്ടെണ്ണം നിങ്ങളുടെ സിനിമകളാണ് ഒപ്പം ഏറെ ഇഷ്ടപ്പെട്ട ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് നിങ്ങൾ അതുകൊണ്ട് ഒക്കെ തന്നെ നിങ്ങളുടെ ശക്തമായ തിരിച്ചു വരവ് വലിയ ആഗ്രഹമാണ്. സോളമന്റെ തേനീച്ചകൾ വലിയ വിജയമാകട്ടെ എല്ലാവിധ ആശംസകളും. അതോടൊപ്പം തന്നെ മീശമാധവൻ പോലുള്ള ഗംഭീര എന്റർടൈനറുകളും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
-വൈശാഖ്.കെ.എം
ലാൽജോസും സോളമന്റെ തേനീച്ചകളും
Reviewed by
on
09:43
Rating:

No comments: