പന്നൈയാരും പദ്മിനിയും
ചില സിനിമകൾ കാണാൻ മാറ്റി വെച്ച് വെച്ച് ഒരുപാട് വൈകാറുണ്ട് അത്തരത്തിൽ ഒരു എട്ട് വർഷം വൈകിയൊരു സിനിമയുണ്ട്. കാണണം എന്ന് ആഗ്രഹിച്ച് എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഇത്രേം വൈകിപ്പോയ ഒരു സിനിമയാണ് പന്നൈയാറും പദ്മിനിയും. സത്യം പറഞ്ഞാൽ ഇങ്ങനൊരു സിനിമയെക്കുറിച്ച് മറന്നു പോയിരുന്നു. അങ്ങനെയാണ് ഈയിടെ കൊറിയൻ സിനിമകളെ പറ്റി മാത്രം സ്റ്റാറ്റസ് ഇടുന്ന ഒരു സുഹൃത്ത് ഈ സിനിമയിലെ ഒരു ഗാനശകലം പങ്കു വെച്ച് കൊണ്ട് മനോഹരം എന്നൊക്കെ സിനിമയെ വർണ്ണിച്ചു കണ്ടത്. അപ്പോഴാണ് വീണ്ടും ഈ ചിത്രം എന്നിലേക്ക് കടന്നു വരുന്നതും ചിത്രം കാണാനുള്ള ആഗ്രഹം വീണ്ടും ഉദിക്കുന്നതും.
പിന്നീട് ഒട്ടും സമയം കളയാതെ തന്നെ ആമസോൺ പ്രൈമിൽ നിന്ന് ചിത്രം കണ്ടു. അതിന് ശേഷം നല്ലൊരു സിനിമ തിയ്യേറ്ററിൽ നിന്നും മിസ്സ് ആയ സങ്കടം മാത്രമല്ല ഇത്രേം വൈകിയതിൽ സ്വയം പഴിക്കുകയും കൂടെ ചെയ്തു. അത്രയ്ക്ക് ഇഷ്ടപ്പെട്ടൊരു കൊച്ചു സിനിമ.
സ്വന്തം നാട്ടുകാരെ കുടുംബം പോലെ കാണുന്ന പന്നൈയാരും ഭാര്യ ചെല്ലമ്മയും അത്രയേറെ മനോഹരമായ കഥാപാത്രങ്ങളായിരുന്നു. തന്റെ കൂട്ടുകാരൻ വഴി പന്നൈയാരുടെ കുടുംബത്തിലേക്ക് എത്തിപ്പെടുന്ന ഒരു പ്രീമിയർ പദ്മിനി കാർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ആ കാറിനോട് പന്നൈയാർക്കും ചെല്ലമ്മക്കും ഡ്രൈവർ മുരുകേശനും ആ ഗ്രാമത്തിൽ ഉള്ള കൊച്ചു കുട്ടികൾക്ക് അടക്കം തോന്നുന്ന വല്ലാത്തൊരു അടുപ്പമാണ് ചിത്രത്തിന്റെ ഒരു ഇതിവൃത്തം.
പന്നൈയാർ എന്ന കഥാപാത്രമായി ജയപ്രകാശ് മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. ചെല്ലമ്മയെ തുളസിയും മനോഹരമാക്കി. പന്നൈയാർ - ചെല്ലമ്മ ദമ്പതികൾക്കിടയിലെ പരസ്പര ബഹുമാനവും പ്രണയവുമെല്ലാം എന്തൊരു ഭംഗിയായിട്ടാണ് കാണിച്ചിരിക്കുന്നത്.
മുരുകേശൻ എന്ന ഡ്രൈവർ കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് സേതുപതിയുടെ പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അല്പം സ്വാർത്ഥതയും പൊങ്ങച്ചവുമൊക്കെ കലർന്ന മുരുകേശനെ സേതുപതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മുരുകേശന്റെ പ്രണയിനിയായി എത്തിയ ഐശ്വര്യ രാജേഷും നിലവാരമുള്ള പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
പീഡയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാല ശരവണൻ സുജയെന്ന കഥാപാത്രമായെത്തിയ നീലിമ റാണി അഥിതി കഥാപാത്രങ്ങളായെത്തിയ ദിനേശ്, സ്നേഹ തുടങ്ങിയവരെല്ലാം തന്നെ മനസ്സിൽ തങ്ങി നിൽക്കുന്നവരാണ്.
ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഗാനങ്ങളും അതിമനോഹരമായിരുന്നു.
സ്നേഹം കൊണ്ടാണ് പന്നൈയാരും ചെല്ലമ്മയും ഏവരുടേയും മനസ്സിൽ സ്ഥാനം പിടിക്കുന്നത്. പദ്മിനിയെന്ന കാറിനോടുള്ള ഇഷ്ടക്കൂടുതലും ജോലി നഷ്ടപ്പെടുമെന്ന ഭയവുമൊക്കെ കാരണം പന്നൈയാരുടെ ഏറ്റവും വലിയ ആഗ്രഹമായ ഡ്രൈവിംഗ് പഠനത്തെ പലവിധത്തിലും മുരുകേശൻ മുടക്കുന്നുണ്ട്. വെറും ഡ്രൈവർ ആയാണ് അവര് തന്നെ കാണുന്നത് എന്നും ആവശ്യം കഴിഞ്ഞാൽ തന്നെ പുറന്തള്ളുമെന്നുമുള്ള ഭയത്തിൽ മുരുകേശൻ പന്നൈയാരുടെ ആഗ്രഹം മുടക്കാൻ തന്നേക്കൊണ്ട് ആവുന്നത് പലതും ചെയ്യുന്നുണ്ട്. ഒരിക്കൽ ഈ കാര്യം ദേഷ്യത്തോടെ പന്നൈയാരോട് ചോദിക്കുന്നുമുണ്ട്. തന്റെ ഭാര്യ കാറിൽ കയറണേൽ താൻ ഡ്രൈവിംഗ് പഠിക്കണം എന്ന ചെല്ലമ്മയുടെ വാശിയാണ് പന്നൈയാരെ ഡ്രൈവിംഗ് പഠിക്കുക എന്നൊരു കാര്യത്തിലേക്ക് നയിക്കുന്നത്. തങ്ങളുടെ വിവാഹവാർഷിക ദിനത്തിൽ അവരേയും കയറ്റി ക്ഷേത്രത്തിൽ പോകാനാണ് പന്നൈയാർ ഡ്രൈവിംഗ് പഠിക്കുന്നത് തന്നെ. നിങ്ങൾ ഡ്രൈവിംഗ് പഠിച്ചാൽ പിന്നെ എന്നെ പുറത്താക്കില്ലേ അതിന് വേണ്ടിയല്ലേ എന്നൊക്കെ മുരുകേശൻ ചോദിക്കുമ്പോൾ അയ്യയ്യോ ഇതൊക്കെയാണോ നിന്റെ മനസ്സിൽ എന്നും ചോദിച്ചു കൊണ്ട് പന്നൈയാർ പറയുന്നുണ്ട് ആ ദിവസം ഒരേയൊരു തവണ മാത്രമേ ഞാൻ വണ്ടി ഓടിക്കൂ പിന്നെ തൊടില്ല സത്യം എന്നൊക്കെ പറഞ്ഞു കൊണ്ട് മുരുകേശനിൽ ഒരു വിശ്വാസം ഉണ്ടാക്കി എടുക്കുന്നുണ്ട്. പിന്നീട് ചെല്ലമ്മയും തന്റെ ഭർത്താവിന്റെ ആ വലിയ ആഗ്രഹം നടത്താൻ വേണ്ടി മുരുകേശനോട് അപേക്ഷിക്കുമ്പോൾ മനസ്സലിവ് തോന്നി മുരുകേശൻ അദ്ദേഹത്തെ ഡ്രൈവിംഗ് പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നുണ്ട്. അതിനിടയ്ക്ക് വെച്ച് സംഭവിക്കുന്ന ഒരു അപകടത്തിൽ കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കാൻ എത്തുന്ന മെക്കാനിക്കിനോട് മുരുകേശൻ കയർത്ത് സംസാരിക്കുമ്പോൾ ഇറങ്ങിപ്പോകാൻ തുനിയുന്ന അയാളെ പന്നൈയാർ തിരിച്ചു വിളിച്ചു കൊണ്ട് വരുമ്പോൾ ഡ്രൈവറെയൊക്കെ നിർത്തേണ്ട സ്ഥാനത്ത് നിർത്തണം എന്ന് മെക്കാനിക്ക് പറയുമ്പോൾ ആ നിമിഷം തന്നെ പന്നൈയാർ അയാളെ അവിടന്ന് അടിച്ചു പുറത്താകുന്നുണ്ട്. അപ്പോഴാണ് എങ്ങനെയാണ് തന്നെയടക്കമുള്ളവരെ പന്നൈയാർ കാണുന്നതെന്ന് മുരുകേശന് മനസ്സിലാകുന്നത്.
സ്വാർത്ഥതയുടെ പര്യായമായ തങ്ങളുടെ ഒരേയൊരു മകൾ ഇടയ്ക്ക് ഇടയ്ക്ക് വന്ന് വീട്ടിലെ ഓരോ സാധനങ്ങളും എടുത്ത് കൊണ്ട് പോകുമ്പോൾ സന്തോഷത്തോടെ മാത്രം അതൊക്കെ നോക്കി കണ്ടിരുന്ന ആളാണ് പന്നൈയാർ ഒരിക്കൽ കാറും മകൾ കൊണ്ട് പോകും. ഭാര്യയുടെ വാക്ക് കേൾക്കാതെ വലിയ വേദനയോടെയാണെങ്കിലും അതും പന്നൈയാർ മകൾക്ക് കൊടുക്കും. അതിന് ശേഷം ചെറിയൊരു പിണക്കം മൂലം ആ വീട്ടിലേക്ക് വരാതെ മാറി നടക്കുന്ന മുരുകേശനെ ചെല്ലമ്മ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നുണ്ട്. കാറ് ഇല്ലെന്ന് വെച്ച് ഇങ്ങോട്ട് വരാതിരിക്കരുത് എന്ന് ഈ മുഖം കണ്ടില്ലേൽ ഈ അമ്മയ്ക്ക് ഉറക്കം വരില്ല എന്നും നിനക്ക് വേണ്ടി ഉടനെ തന്നെ നമുക്ക് പുതിയൊരു കാർ വാങ്ങാമെന്നുമൊക്കെ സ്വന്തം മകനോടെന്ന പോലെ ചെല്ലമ്മ പറയുമ്പോൾ മുരുകേശനൊപ്പം കാണുന്നവരുടെ കണ്ണും നിറയും.
വിവാഹവാർഷിക ദിവസം പന്നൈയാർക്ക് കാർ ഓടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് മുരുകേശൻ പറയുമ്പോൾ സാരമില്ല അദ്ദേഹത്തെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി നീ അടുത്ത് ഇരുന്ന് ആ സ്റ്റിയറിങ് ഒക്കെ പിടിച്ചു കൊടുത്താൽ മതി എന്നും ഞാൻ പുറകിൽ ഇരുന്ന് അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാം എന്നും അങ്ങനെയെങ്കിലും അദ്ദേഹത്തിന് ആഗ്രഹം പൂർത്തീകരിച്ചു എന്ന നിലയ്ക്ക് സന്തോഷം ഉണ്ടാകട്ടെ എന്നും പറയുന്ന ചെല്ലമ്മയും, നീ അടുത്തിരുന്ന് സ്റ്റിയറിങ് പിടിച്ചു തന്നാൽ മതി അവൾക്ക് അതൊന്നും മനസ്സിലാകില്ല ഞാനാണ് ഓടിക്കുന്നത് എന്ന് കരുതി അവള് സന്തോഷിക്കുമെന്നും പന്നൈയാരും പറയുമ്പോൾ അവർക്ക് ഉള്ളിലെ ആ സ്നേഹവും മനസ്സിലാക്കലുമെല്ലാം വളരെ ആഴത്തിൽ കാണുന്നവരിൽ പതിയും.
പീഡയുടെ വാക്കും കേട്ട് കാറിന്റെ മുൻ സീറ്റിൽ ഇരിക്കാൻ കൊതിച്ച് അഞ്ച് രൂപ ചേർത്തു വെച്ച് വരുന്ന ഒരു കൊച്ചു കുട്ടിക്ക് തന്റെ ആഗ്രഹം സാധിക്കാൻ കഴിയാതെ പോകുന്നതും വലുതായി സ്വന്തം കാർ ഒക്കെയായിട്ടും ആ ആഗ്രഹം സാധിക്കാൻ നാട്ടിലേക്ക് വരുന്ന അവൻ പദ്മിനിയുടെ മുൻസീറ്റിൽ തന്നെ ഇരുന്ന് യാത്ര ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.
ഇത്തരത്തിൽ ഒരുപാട് അതിമനോഹര രംഗങ്ങളുള്ള ഒരു അതിമനോഹര സിനിമയാണ് പന്നൈയാറും പദ്മിനിയും.
കാണാത്തവർ വിരളമായിരിക്കുമെന്ന് അറിയാം. ചിത്രം കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിൽ പറഞ്ഞു പോയതാണ് ഇതൊക്കെ.
എസ്. യു.അരുൺ കുമാർ ഒരുക്കിയ മികച്ചൊരു ചിത്രമാണ് പന്നൈയാറും പദ്മിനിയും.
ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് പന്നൈയാറും ചെല്ലമ്മയും എത്ര മനോഹരമായാണ് ആ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്ത് ഭംഗിയായിട്ടാണ് ജയകുമാറും, തുളസിയും ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വല്ലാതെ ഇഷ്ടപ്പെട്ടുപോയ രണ്ട് കഥാപാത്രങ്ങളും പ്രകടനങ്ങളും.ഒപ്പം ഒനക്കാക പുറന്തേനെ എന്ന ഗാനവും.
ആ ഒന്നൂടെ പറയാൻ മറന്നു ചിത്രം കണ്ടു കഴിഞ്ഞതിന് ശേഷം അതേപറ്റി ഗൂഗിളിൽ കുറേ കാര്യങ്ങൾ ചികഞ്ഞു നടന്നപ്പോൾ ചിത്രം ഇതേ ടീമിന്റെ തന്നെ ഒരു ഷോർട് ഫിലിമിൽ നിന്നും ഉണ്ടായതാണ് എന്ന് കണ്ടു. അതിൽ മുരുകേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സിനിമയിൽ പീഡയ് എന്ന കഥാപാത്രമായെത്തിയ ബാല ശരവണൻ ആയിരുന്നു. മറ്റൊരു കാര്യം ചിത്രത്തിലെ അഭിനയത്തിന് തുളസിക്ക് മികച്ച സപ്പോർട്ടിങ് ആർട്ടിസ്റ്റിനുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.
വല്ലാത്തൊരു തരം പോസിറ്റീവ് വൈബ് പകർന്നു തന്ന ഒരു അതിമനോഹര ദൃശ്യാനുഭവമാണ് എന്നെ സംബന്ധിച്ച് പന്നൈയാറും പദ്മിനിയും.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
പന്നൈയാരും പദ്മിനിയും
Reviewed by
on
08:04
Rating:

No comments: