എന്താല്ലേ.....
നാളെ റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രമാണ് തല്ലുമാല. അതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ആ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഒരുപാട് ഇന്റർവ്യൂസ് ഒക്കെ കൊടുത്തിട്ടുണ്ടായിരുന്നു, അവയെ പറ്റിയാണ് പറയാൻ പോകുന്നത്.
തല്ലുമാല എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ അറ്റൻഡ് ചെയ്ത ഇന്റർവ്യൂകളുടെ സ്ക്രീൻഷോട്ടുകൾ ആണ് താഴെയുള്ളത്. അതിൽ ഒരെണ്ണത്തിൽ കൂളിംഗ് ഗ്ലാസ്സും തൊപ്പിയും ഒന്നും ഇല്ലാതെ ഇരിക്കുന്ന കല്യാണിയെ കാണാം മറ്റൊന്നിൽ ടോവിനോ, ഷൈൻ തുടങ്ങിയവർക്കൊപ്പം തന്നെ ഈ പറഞ്ഞ കൂളിംഗ് ഗ്ലാസ്സും തൊപ്പിയും വെച്ച കല്യാണിയേയും കാണാം. ആദ്യമേ പറഞ്ഞു കൊള്ളട്ടെ എന്തൊക്കെ ധരിക്കണം എന്നുള്ളത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അപ്പൊ മേല്പറഞ്ഞ കാര്യം ചൂണ്ടി കാണിച്ചത് ആ ഇന്റർവ്യൂകളിൽ കല്യാണിയെ മാത്രം ടാർഗറ്റ് ചെയ്തു നടക്കുന്ന കളിയാക്കലുകളേയും വ്യക്തിഹത്യയേയും പറ്റി പറയാനാണ്.
ഈ ഇന്റർവ്യൂകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത ഓൺലൈൻ മീഡിയകളുടെ കമന്റ് ബോക്ക്സ്സ് നോക്കിയാൽ ഏറ്റവും കൂടുതൽ കണ്ട കമന്റ്സ് ദേ ഈ പറയുന്നവയാണ്.
"നീ ആരാന്ന് ആടി നിന്റെ വിചാരം, അവളുടെ ഒരു കണ്ണട, എന്ത് ജാഡയാടി നിനക്ക്, പാടത്ത് കണ്ണ് തട്ടാതിരിക്കാൻ കോലം വെക്കാൻ കൊള്ളാം, അവളുടെ ഒരു കണ്ണാടിയും തൊപ്പിയും, ഏതാ ഈ മദാമ്മ, എന്തൊരു ഓവർ ആടി, ഇത്രേം അഹങ്കാരം പാടില്ല, എന്ത് ഡ്രസ്സ് ആടി ഇത്" തുടങ്ങി അവർക്ക് നേരെ ഇത്തരം കമന്റുകൾ ഇട്ടുകൊണ്ട് ഓർഗാസം കണ്ടെത്തുകയാണ് പലരും. അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. എന്തൊക്കെ ധരിക്കണം എന്നുള്ളത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ് അതിൽ കൈ കടത്തി ഇത്തരം തരം താണ സംസാരമൊക്കെ എന്തിനാണാവോ. പിന്നെ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും കല്യാണി മാത്രമല്ല കൂടെയുള്ള ടോവിനോയും, ഷൈനും ഈ പറഞ്ഞ കണ്ണാടിയും തൊപ്പിയും ഒക്കെ വെച്ചാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുള്ളത്. അത് അവരുടെ സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷന്റെ ഭാഗമായ ഒരു കാര്യമാണ് ഇനി അത് അല്ലേലും അത് അവരുടെ ഇഷ്ടമാണ്. പറഞ്ഞു വന്നത് മേല്പറഞ്ഞ മൂന്ന് പേരും അത്തരത്തിലുള്ള വേഷങ്ങളിൽ വന്നപ്പോൾ കളിയാക്കലുകൾ കല്യാണിക്ക് നേരെ മാത്രമാണ് തൊപ്പിയും കണ്ണാടിയും വെച്ച ടോവിനോക്കും ഷൈനിനും ഈ പറഞ്ഞ തെറിവിളികൾ അവിടെ ഇല്ല അത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല തെറി വിളിക്കണം എന്നല്ല പറയുന്നത് പക്ഷേ അത് ഒരാളെ മാത്രം ടാർഗറ്റ് ചെയ്യുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. കല്യാണി ഒരു സ്ത്രീ ആയത് കൊണ്ട് അവർക്ക് ഇന്നതേ പറ്റൂ എന്ന പഴഞ്ചൻ കാഴ്ചപ്പാട് ആണോ അതോ വേറെ എന്തേലും ആണോ എന്നുള്ളത് അറിയില്ല. എന്തായാലും ആ വേർതിരിവ് ഒക്കെ നല്ല അസ്സൽ തോന്ന്യാസം ആണ്. അവര് അവർക്ക് ഇഷ്ടമുള്ള അവർക്ക് കംഫർട്ട് ആയിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചു വരുന്നതിൽ ബാക്കി ഉള്ളവർക്ക് എന്തിനാ ഇത്രേം ചൊറി എന്ന് മനസ്സിലാകാത്ത കാര്യമാണ്. ആ ഇന്റർവ്യൂകളിൽ ഒന്നിൽ ഇതൊന്നും ഇല്ലാതെ ഇരിക്കുന്ന കല്യാണിയെ കാണാം അവിടെ പക്ഷേ മറ്റവർക്ക് ട്രോൾ ഇല്ല അവിടേയും കല്യാണിയെ മറ്റൊരു തരത്തിലാണ് ആക്രമിക്കുന്നത്. അതിലേക്ക് വരാം.
കല്യാണി പഠിച്ചതും വളർന്നതുമൊക്കെ പുറത്താണ് ചെറുപ്പകാലം ചെന്നൈയിലും പിന്നീട് സിംഗപ്പൂർ, ന്യൂയോർക്ക് തുടങ്ങി സ്ഥലങ്ങളിലുമൊക്കെയായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർക്ക് മലയാളം അത്ര കണ്ട് വഴങ്ങില്ല. സംസാരിക്കുമ്പോൾ ഇംഗ്ലീഷ് ആണ് പലപ്പോഴും വരുന്നത്. അതിന്റെ പേരിലാണ് ബാക്കി ആക്രമണം. "ഇവള് സായിപ്പിന് ഉണ്ടായതാണോ, മലയാളി ആയിട്ടും മലയാളം പറയാതെ ഇംഗ്ലീഷ് ഛർദിക്കുന്ന പരിഷ്കാരി, ഇംഗ്ലീഷ് പറഞ്ഞാൽ എന്തോ വലിയ സംഭവം ആണെന്നാണ് വിചാരം, പോയി മലയാളം പഠിക്കെടി" തുടങ്ങിയുള്ള ക്ലാസുകൾ ആണ് അവർക്ക് നേരെ.
ജീവിതത്തിലെ വലിയൊരു സമയവും പുറത്ത് ചിലവഴിച്ച അവർക്ക് മലയാളം അത്ര കണ്ട് വഴങ്ങാത്തത് ഒക്കെ സ്വാഭാവികം ആണ് അതേപോലെ ഏത് ഭാഷ സംസാരിക്കണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടമാണ്. നോർത്തിൽ ഉള്ളവർ ഹിന്ദി പഠിപ്പിക്കാൻ വന്നപ്പോൾ എതിർത്ത് സ്വാതന്ത്ര്യം പ്രസംഗിച്ചവർ ആണ് ഇവർക്ക് എതിരെ വാളോങ്ങുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അറിയാത്ത ഭാഷ പറയുന്നതിലും എത്രയോ നല്ലത് അല്ലേ അറിയുന്ന ഭാഷയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അവര് പറ്റുന്നത് പോലെയൊക്കെ മലയാളത്തിൽ സംസാരിക്കുന്നുണ്ട് താനും. പിന്നീട് അവരുടെ സംസാര ശൈലിക്കാണ് കളിയാക്കലുകൾ. ചിലരുടെ സംസാരം വളരെ സ്പീഡിൽ ആയിരിക്കും ചിലരുടേത് പതിയെ ആയിരിക്കും. ചിലർക്ക് സംസാരിക്കുമ്പോൾ പലപ്പോഴും ഒരു ഗ്യാപ്പ് ഒക്കെ ഉണ്ടാവും ചിലർക്ക് അത് ഉണ്ടാവില്ല. ചിലർക്ക് വാക്കുകൾ പെട്ടന്ന് കിട്ടിയെന്ന് വരില്ലല്ല. അത്തരത്തിൽ വളരെ സ്പീഡിൽ സംസാരിക്കുന്ന സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് വാക്കുകൾക്ക് ഇടർച്ച വരുന്ന ഒരു സംസാരശൈലിയാണ് കല്ല്യാണിയുടേത് അതിന് കൂടെ ഇരിക്കുന്ന ഷൈനിന്റെ കൈയ്യിൽ നിന്ന് മരുന്ന് വാങ്ങി കിളി പോയതാണ് എന്നും അടിച്ച ബ്രാൻഡ് ഏതാണ് എന്നുമൊക്കെ ചോദിച്ച് അതിക്ഷേപിക്കുന്നത് ഒക്കെ വളരെ തരം താണ പ്രവർത്തിയാണ്. വളരെ മോശമാണ്.
ഒരേ പോലെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്ന മൂന്നുപേരിൽ ഒരാളെ മാത്രം സെലക്ട് ചെയ്ത് ഇത്തരത്തിൽ അവഹേളിക്കുന്നത് ഒക്കെ എന്ത് തരം അസുഖം ആണെന്ന് അറിയില്ല. അവര് ഒരു സ്ത്രീ ആയതാണോ പ്രശ്നം അതോ പുറത്ത് പഠിച്ചു വളർന്നത് ആണോ പ്രശ്നം എന്നൊന്നും അറിയില്ല എന്തായാലും ഈ കൂട്ടർ ഒന്നും എവിടെ നിന്നോ ബസ്സ് കിട്ടാതെ നിൽക്കുന്നവർ ആണെന്നുള്ളത് വ്യക്തം. ഇതിൽ വിദ്യാഭ്യാസത്തിനൊന്നും സ്ഥാനമില്ലെന്ന് ആ കമന്റ് ബോക്ക്സ്സിൽ ഉള്ളവരുടെ ചിലരുടെയൊക്കെ പ്രൊഫൈലുകളിൽ കൊടുത്തിട്ടുള്ള ഡിഗ്രികൾ നോക്കിയപ്പോൾ മനസ്സിലായി. ഒപ്പം പ്രായത്തിലും കാര്യമില്ല കാരണം പതിനെട്ട് മുതൽ അറുപത് കഴിഞ്ഞവർ വരെ അവിടെ ഇത്തരം ഛർദിക്കലുകൾ നടത്തുന്നുണ്ട്.
പറയുമ്പോൾ പല സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി മുറവിളി കൂട്ടുന്നവർ ആണ് നമ്മൾ പക്ഷേ ഇങ്ങനെ പല കാര്യങ്ങളിലും മറ്റുള്ളവർക്ക് അത് നിഷേധിക്കുകയും ചെയ്യും ഒരേ കാര്യത്തിൽ തന്നെ പല നിലപാടുകൾ എന്നൊക്കെ പറയാം.
ഇത്തരം സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിച്ചിട്ട് അപ്പുറത്ത് പോയി അവർ പറയുകയാണ് "ഇത് എന്ത് തൊലിഞ്ഞ വസ്ത്രം ആടി, നീയാരാ സായിപ്പിന്റെ മോളോ മലയാളത്തിൽ പറയെടി, കൊട്ടും സ്യൂട്ടും കണ്ണാടിയും തൊപ്പിയും ഒക്കെ വെക്കാൻ നീ ആരാടി ജാഡ തെണ്ടി " എന്നൊക്കെ.
എന്താല്ലേ......
-വൈശാഖ്.കെ.എം
എന്താല്ലേ.....
Reviewed by
on
07:06
Rating:

No comments: